Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരുതി ബലേനൊ ഓട്ടമാറ്റിക്കിനെ വെല്ലുമോ ഇവർ

Baleno, Polo, Jazz Baleno, Polo, Jazz, Photos: Lenin S Lankayil

ഒാട്ടമാറ്റിക് കാറുകൾക്കു പ്രിയമേറി വരികയാണ്. പ്രീമിയം, ലക്‌ഷ്വറി കാറുകളിൽ മാത്രമുണ്ടായിരുന്ന ഈ സംവിധാനം ഇന്നു ചെറു ഹാച്ചുകളിൽ വരെയെത്തിയത് ഇവയുടെ സ്വീകാര്യത വർധിപ്പിച്ചു. ഒാടിക്കാനുള്ള സൗകര്യം തന്നെയാണ് എല്ലാവരെയും ഒാട്ടമാറ്റിക് കാറുകളിലേക്ക് അടുപ്പിക്കുന്നത്. ഒാട്ടമാറ്റിക് കാറുകളിലെ വിലകൂടിയ താരങ്ങളെയാണ് കംപാരിസണിനായി ഇറക്കുന്നത്. മാരുതിയുടെ ബെസ്റ്റ് സെല്ലറായിക്കൊണ്ടിരിക്കുന്ന ബെലീനോയും ഹോണ്ടയുടെ തുറുപ്പു ചീട്ടായ ജാസും പ്രീമിയം സ്പോർട്ടി ഹാച്ച് എന്നു വിശേഷിപ്പിക്കുന്ന പോളോയും. 

ഡിസൈൻ

സ്പോർട്ടി ഫീൽ നൽകുന്ന ഡിസൈൻ പോളോയുടെയും ബെലീനോയുടെയുമാണ്. അതായത്, ചെറുപ്പക്കാർക്ക് ഇഷ്ടപ്പെടുന്ന ചുറുചുറുക്കുള്ള ഡിസൈൻ. ആഢ്യത്വമുള്ള ഡിസൈനാണ് ജാസിന്റേത്. തറവാടി ലുക്ക്. 16 ഇഞ്ച് അലോയ് വീലുകളാണ് മൂന്നുപേർക്കും. കാണാൻ സ്പോർട്ടിയായത് പോളോയുടേതാണ്. ബെലീനോയുടെ അലോയ് കണ്ടാൽ വീൽ കപ്പാണെന്നേ തോന്നൂ. ബോഡി പാർട്ടുകളുടെ നിർമാണ നിലവാരത്തിലും ഫിനിഷിലും ജാസും പോളോയും തന്നെയാണ് മുന്നിൽ. നല്ല ഉറപ്പു തോന്നുന്ന ബോഡിയാണ്. 

polo-jazz-baleno-3 Baleno, Polo, Jazz

ഇന്റീരിയർ / സ്പെയ്സ്

ബെലീനോ – ബെലീനോയുടെ  കറുപ്പു നിറത്തിലുള്ള ഇന്റീരിയർ പ്രീമിയം ഫീലാണ നൽകുന്നത്. നിലവാരമുള്ള പ്ലാസ്റ്റിക് ഘടകങ്ങൾ. നല്ല കുഷനുള്ള സീറ്റുകൾ സപ്പോർട്ടീവാണ്. മൂന്നു പേരിലും നല്ല സീറ്റ് ബെലീനോയുടേതെന്നു നിസംശയം പറയാം.  പിൻനിരയിൽ ഇഷ്ടം പോലെ ഇടമുണ്ട്. മാത്രമല്ല, സീറ്റിനു നല്ല തൈ സപ്പോർട്ടുമുണ്ട്. പിൻനിരയിൽ 12 വോൾട്ട് പവർ സോക്കറ്റ് നൽകിയിട്ടുണ്ട്. റിയർ എസി വെന്റില്ല. 

baleno Baleno

ജാസ്– കൂട്ടത്തിൽ വലിയ കാബിൻ ജാസിന്റെതാണ്. ബീജ് നിറം കൂടുതൽ വിശാലത  ഇന്റീരിയറിനു നൽകുന്നു. നിലവാരമുള്ള ഇന്റീരിയർ. പ്ലാസ്റ്റിക് ഘടകങ്ങളുടെ നിലവാരം ഉഗ്രൻ. പുഷ്ബട്ടൻ സ്റ്റാർട്ടല്ല. ലെതർ സ്റ്റിയറിങ്ങാണ്. ടിൽറ്റ് ചെയ്യാം. ചെറിയ എൽഇഡി ഡിസ്പ്ലേയോടുകൂടിയ മ്യൂസിക് സിസ്റ്റമാണ്. എസി ക്രമീകരണം ടച്ച് ആണ്. ഒാട്ടോ ക്ലൈമറ്റ് കൺട്രോൾ സംവിധാനമാണ്. ഡ്രൈവർ സീറ്റിന്റെ ഉയരം ക്രമീകരിക്കാം. 50 എംഎം ഉയരം കൂട്ടാം. വിശാലമായ പിൻസീറ്റാണ്. മൂന്നു പേർക്കിരിക്കാം. ഉയരം കൂടിയവർക്കും കാൽ നീട്ടിയിരിക്കാൻ പാകത്തിൽ ലെഗ് സ്പെയ്സുണ്ട്.  

jazz Jazz

പോളോ – ക്ലാസ് ഇന്റീരിയറാണ് പോളോയുടേത്. മൂവരിലും ഇന്റീരിയർ ക്വാളിറ്റിയിൽ മുൻപൻ പോളോ തന്നെ. എൽസിഡി ടച്ച് ഡിസ്പ്ലേയുള്ളത് പോളോയിൽ മാത്രമാണ്. ഡ്രൈവർ സീറ്റിന്റെ ഉയരം ക്രമീകരിക്കാം. സപ്പോർട്ടീവായ മുൻ സീറ്റുകളാണ്. പൊതിഞ്ഞു പിടിക്കുന്ന ഫീലുണ്ട്. തുകൽ പൊതിഞ്ഞ ഫ്ലാറ്റ്ബോട്ടം സ്റ്റിയറിങ് വീലാണ്. ഉയരവും അകലവും ക്രമീകരിക്കാം. ക്രൂസ് കൺട്രോൾ, അലൂമിനിയം പെഡലുകൾ, തണുപ്പിക്കാവുന്ന ഗ്ലൗ ബോക്സ്, ഒാട്ടമാറ്റിക് എയർ കണ്ടീഷൻ, റെയിൻ സെൻസർ ഒാട്ടമാറ്റിക് വൈപ്പർ എന്നിവ സവിശേഷതകൾ. 

polo Polo

പോളോയുടെ പിൻസീറ്റ് നിരാശപ്പെടുത്തും. മറ്റു രണ്ടു പേരെയും വച്ചു നോക്കുകയാണെങ്കിൽ തീരെ ഇടമില്ല എന്നു പറയേണ്ടിവരും. കുഴിഞ്ഞ സീറ്റും അത്ര കംഫർട്ടായി തോന്നില്ല. ഇഷ്ടം പോലെ സ്റ്റോറേജ് സ്പെയ്സുണ്ട്. വലിയ കുപ്പികൾ വരെ വയ്ക്കാം. 

മൂന്നു പേർക്കും പിൻനിരയിൽ എസി വെന്റില്ല. യുഎസ്ബി ഒാക്സ് ഇൻപുട്ടുള്ള മ്യൂസിക് സിസ്റ്റമുണ്ട്. പോളോയിൽ മെമ്മറി കാർഡ് ഇടാം. മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേയോടു കൂടിയ മീറ്റർ കൺസോളാണ് മൂന്നു പേർക്കുമുളളത്. സ്പോട്ടിയായത് ബെലീനോയുടെയും പോളോയുടെയുമാണ്. 

എൻജിൻ/ഡ്രൈവ്

1.2 ലീറ്റർ എൻജിനാണ് മൂന്നു പേർക്കും. ഒപ്പം സിവിടി ട്രാൻസ്മിഷനും. ബെലീനോ– 1197 സിസി 4 സിലിണ്ടർ വിവിടി എൻജിനാണ്. മികച്ച ലോ എൻഡ് ടോർക്കുള്ള എൻജിനാണിത്. കൂടിയ കരുത്ത് 6000 ആർപിഎമ്മിൽ 83.1 ബിഎച്ച്പി. ടോർക്ക് 115 എൻഎം. 

polo-jazz-baleno-2 Baleno, Polo, Jazz

നല്ല കംഫർട്ടായ ഡ്രൈവിങ് സീറ്റാണ്. സുഖമായ ഇരിപ്പു കിട്ടുന്ന പൊസിഷൻ ഡ്രൈവ് സുഖകരമാക്കും. പുഷ് ബട്ടൺ സ്റ്റാർട്ടുണ്ട്. താഴ്ന്ന ആർപിഎമ്മിൽ മോശമല്ലാത്ത പവർ കിട്ടുന്നുണ്ട്. ആർപിഎം കയറുന്നതോടെ മികച്ച കരുത്ത പുറത്തെടുക്കുന്നുണ്ട് ബെലീനോ. വലിയ ലാഗില്ലാതെ ഗീയറുകൾ മാറുന്നുണ്ട്. ഒാവർ ടേക്കിങ്ങിൽ പമ്മാതെ കയറിപ്പോകും. കുത്തുകയറ്റങ്ങളിൽ എൽ മോഡിലേക്കു മാറ്റിയാൽ കുതിച്ചു കയറിക്കോളും. സ്റ്റിയറിങ് ഫീഡ്ബാക്ക് കൊള്ളാം. 

polo-1 Polo

ജാസ്– 1197 സിസി 4 സിലിണ്ടർ എൻജിനാണ് ജാസിനും. 6000 ആർപിഎമ്മിൽ 60 ബിഎച്ച്പിയാണ് കൂടിയ കരുത്ത്. ടോർക്ക് 4800 ആർപിഎമ്മിൽ 110 എൻഎമ്മും. സപ്പോർട്ടീവായ ഡ്രൈവർ സീറ്റാണ്. കൃത്യതയുള്ള സ്റ്റിയറിങ്. താഴ്ന്ന ആർപിഎമ്മിൽ അൽപം പമ്മലുണ്ട്. കാലുകൊടുത്താൽ ഇരമ്പിക്കേറാൻ തെല്ലുമടിയുള്ളപോലെ. മിഡ് റേഞ്ചിലെ പ്രകടനമാണു മികച്ചത്. ഡ്രൈവ് മോഡിൽ ഒാടിക്കുന്നതിനെക്കാളും രസം സ്പോർട് മോഡാണ്. ഈ മോഡിൽ പാഡിൽ ഷിഫ്റ്റു ഉപയോഗിക്കാം. ഡ്രൈവ് ആസ്വദിക്കുന്നവർക്കു പറ്റിയ മോഡിതാണ്. ബെലീനോയുടെ അത്ര സ്പോർട്ടിയല്ല ജാസിലെ ഡ്രൈവ്. ഗീയർ മാറ്റങ്ങൾ അത്ര ത്വരിതമല്ല. 

jazz-1 Jazz

പോളോ– 105 ബിഎച്ച്പി കരുത്തു പകരുന്ന 1197 സിസി നാലു സിലിണ്ടർ എൻജിനാണ് പോളോയ്ക്കു നൽകിയിരിക്കുന്നത്. 1500–4000 ആർപിഎമ്മിൽ 175 എൻഎം ടോർക്ക്. കൂട്ടത്തിൽ കിടിലൻ പെർഫോമൻസ് കാഴ്ചവച്ചതു പോളോയാണ്. ഏഴു സ്പീഡ് ഡിഎസ്ജി ഗീയർബോക്സിന്റെ ഗീയർ മാറ്റം അറിയുക പോലുമില്ല. കാലു കൊടുത്താൽ മിന്നലുപോലെ പോളോ പറക്കും. സ്പോർട്ടി ഡ്രൈവാണ് പോളോ നൽകുന്നത്. ഉയർന്ന വേഗത്തിനും നല്ല നിയന്ത്രണം സാധ്യമാക്കുന്ന സ്റ്റിയറിങ്ങും സസ്പെൻഷനും.താഴ്ന്ന ആർപിഎമ്മിലും ഗംഭീര കുതിപ്പാണ്. ഒാവർടേക്കിങ് പുഷ്പം പോലെ നടക്കും. ഒട്ടും ലാഗ് ഇല്ല എന്നതാണ് പോളോയുടെ ഗീയർബോക്സിന്റെ ഗുണം. ഉയർന്ന വേഗത്തിൽ വളവുകളിൽ നല്ല നിയന്ത്രണമുണ്ട്. നേർരേഖാ സ്ഥിരതയും മികച്ചത്. 

baleno-1 Baleno

സുരക്ഷ

ബെലീനോ – എബിഎസും (ആന്റിബ്രേക്ക് ലോക്കിങ് സിസ്റ്റം) ഇബിഡിയും (ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ ) രണ്ട് എയർ ബാഗുകളും. ഒപ്പം റിവേഴ്സ് പാർക്ക് സെൻസറും ജാസ്– എബിഎസ്, ഇബിഡി, രണ്ട് എയർബാഗ്. മൾട്ടി വ്യൂ റിവേഴ്സ് ക്യാമറയുണ്ട്. പോളോ– ഇഎസ്പി (ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം), എബിഎസ്, ഹിൽഹോൾഡ്, രണ്ട് എയർബാഗ്. റിവേഴ്സ് പാർക്ക് സെൻസർ

Baleno, Polo, Jazz Baleno, Polo, Jazz

മൈലേജ്

ബെലീനോ– 21.4 കിലോമീറ്റർ/ ലീറ്റർ, 

ജാസ് – 19 കിലോമീറ്റർ/ലീറ്റർ

പോളോ– 17.2 കിലോമീറ്റർ/ലീറ്റർ

ടെസ്റ്റേഴ്സ് നോട്ട്

മൂന്നു പേരിലും വിലക്കുറവ് ബെലീനോയ്ക്കാണ്; 7.83 ലക്ഷം. ജാസ് – 8.50 ലക്ഷം, പോളോ ജിടിെഎ ടിഎസ്െഎ – 9.28. നിർമാണ നിലവാരത്തിൽ പോളോയും ജാസും ഒപ്പത്തിനൊപ്പമാണ്. ബോഡി പാർട്ടുകളുടെ കനക്കുറവ് ബെലീനോയുടെ പോരായ്മയാണ്. ഇന്റീരിയർ ഫിനിഷിന്റെ കാര്യത്തിൽ മൂവരും ഒപ്പത്തിനൊപ്പം നിൽക്കുന്നെങ്കിലും പ്രീമിയം ഫീൽ പോളോയ്ക്കാണ്. പിന്നാലെ ജാസ്. സ്പോർട്ടി ഫീലാണ് ബെലീനോയുടെ ഇന്റീരിയറിന്. ഇന്റീരിയർ സ്പെയ്സിന്റെ കാര്യത്തിൽ ജാസാണ് കേമൻ. ഇഷ്ടം പോലെ ഇടമുണ്ട്. തൊട്ടടുത്ത് ബെലീനോയെ നിർത്താം. 

സീറ്റിന്റെ നിലവാരവും കുഷനും ഇരിപ്പുസുഖവുമെല്ലാം കൂടുതൽ ബെലീനോയ്ക്കു. പ്രത്യകിച്ച് പിൻസീറ്റിന്റെ കാര്യത്തിൽ. രണ്ടാം സ്ഥാനം ജാസിന്. പോളോയുടെ മുൻസീറ്റ് കിടുവാണ്. പക്ഷേ, പിൻനിര നിരാശപ്പെടുത്തും.ഡ്രൈവിൽ ഏറ്റവും തൃപ്തി നൽകുന്നത് പോളോയാണ്. ശരിക്കും പറഞ്ഞാൽ മൂവരിൽ ഡ്രൈവേഴ്സ് കാർ പോളോയാണ്. കിടിലൻ സ്റ്റെബിലിറ്റിയും നല്ല നിയന്ത്രണവും. തൊട്ടു പിന്നിൽ ബെലീനോയും ജാസും. ഡ്രൈവ് ആസ്വദിക്കുന്നവർക്ക് പോളോ. ഇന്റീരിയർ സ്പെയ്സും പ്രീമിയം ഫീലും ഒപ്പം മാന്യമായ ഡ്രൈവുമാണ് ഇഷ്ടപ്പെടുന്നതെങ്കിൽ ജാസ് തിരഞ്ഞെടുക്കാം. സ്പോർട്ടി ഡ്രൈവ്,  കുറഞ്ഞ വില, മികച്ച ഇന്ധനക്ഷമത, കംഫർട്ട്, പെർഫോമൻസ് എന്നിവയെല്ലാം കണക്കിലെടുത്താൽ വാല്യു ഫോർ മണി ബെലീനോയാണ്.