Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോയൽ എൻഫീൽഡ് തണ്ടർബേഡിനെക്കാൾ മികച്ചതോ ബജാജ് ഡോമിനർ?

Thunderbird, Dominar Thunderbird, Dominar. Photo: Lenin S Lankayil

സമൂഹമാധ്യമങ്ങളിൽ ഈയടുത്ത് ഏറെ ചർച്ചാവിഷയമായ പരസ്യമായിരുന്നു ബജാജ് ഡോമിനറിന്റേത്. വിപണിയിൽ എതിരാളിയായ റോയൽ എൻഫീൽഡ് മോഡലുകളെ കളിയാക്കുന്ന തരത്തിൽ ചിത്രീകരിച്ചതാണ് പരസ്യം വൈറലാകാൻ കാരണം. പേരു പറഞ്ഞില്ലെങ്കിലും പരസ്യത്തിൽ ഉദ്ദേശിച്ചിരിക്കുന്നത് തങ്ങളുടെ ഇഷ്ടവാഹനമായ എൻഫീൽഡിനെ ആണെന്നു മനസ്സിലാക്കിയതോടെ ചുട്ട മറുപടിയുമായി എൻഫീൽഡ് ആരാധകരും രംഗത്തെത്തി. അതോടെ സമൂഹമാധ്യമങ്ങളിൽ എൻഫീൽഡും ഡോമിനറും ഹിറ്റായി. സത്യത്തിൽ എൻഫീൽഡ് മോഡലുകളും ഡോമിനറും തമ്മിലൊരു താരതമ്യമുണ്ടോ? ഉണ്ടെന്നാണ് ബജാജ് ഭാഷ്യം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന ക്ലാസിക് ക്രൂസർ ബൈക്കുകളെ പരസ്യമായി വെല്ലുവിളിക്കുമ്പോൾ അതിലെന്തെങ്കിലും കാമ്പില്ലാതിരിക്കുമോ? അതുകൊണ്ടു എൻഫീൽഡിന്റെ ക്രൂസർ മോഡലായ തണ്ടർബേഡിനെയും ബജാജ് ഡോമിനറിനെയും തമ്മിലൊന്നു താരതമ്യം ചെയ്തു നോക്കാം..

re-thunderbird-vs-dominar-1 Thunderbird, Dominar

ഡിസൈൻ

റോയൽ എൻഫീൽഡ് തണ്ടർബേഡിനെ  അധികം വർണിക്കേണ്ട കാര്യമുണ്ടോ? ക്ലാസിക് നിര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിൽപനയുള്ള മോഡൽ. ദീർഘദൂരയാത്രയെ പ്രണയിക്കുന്ന, സുഖസവാരി ഇഷ്ടപ്പെടുന്നവർ കൂടെക്കൂട്ടുന്ന മോഡൽ. റോയൽ എൻഫീൽഡ് നിരകളിൽ ഫിറ്റ് ആൻഡ് ഫിനിഷിന്റെ കാര്യത്തിൽ മുൻപന്തിയിലാണ് തണ്ടർബേഡ് മോഡലുകൾ. ക്രൂസർ ശൈലിയിലുള്ള ഹെഡ്‌ലൈറ്റും വലിയ ടാങ്കും ഹാൻഡിൽബാറും വീതിയേറിയ കുഴിഞ്ഞ സീറ്റും നീളമേറിയ സൈലൻസറുമൊക്കെ തണ്ടർബേഡിനെ ക്ലാസിക് ക്രൂസറിന്റെ രൂപഭംഗി തണ്ടർബേഡിനു നൽകുന്നു. 

re-thunderbird-vs-dominar-2 Thunderbird

ചെറിയ ഡിജിറ്റൽ ഡിസ്പ്ലേ അടങ്ങിയ ഇരട്ട അനലോഗ് മീറ്റർ കൺസോളാണ്. കാലത്തിനൊത്തു മാറിയിട്ടില്ല എന്ന് എൻഫീൽഡ് മോഡലുകളെക്കുറിച്ചു പരക്കെ അഭിപ്രായമുണ്ട്. എബിഎസ്, സ്ലിപ്പർ ക്ലച്ച്, എന്നിങ്ങനെ പുതിയ സംവിധാനങ്ങൾ ഇനിയും എൻഫീൽഡ് മോഡലുകളിൽ എത്തിയിട്ടില്ല. എന്നിരുന്നാലും ഇപ്പോഴും രണ്ടും മൂന്നും മാസം ഈ മോഡലുകൾക്കുവേണ്ടി കാത്തിരിക്കാൻ യുവാക്കാൾ തയാറാണ് എന്നതു എൻഫീൽഡ് മോഡലുകളുടെ സ്വീകാര്യതയാണു വെളിവാക്കുന്നത്. 

re-thunderbird-vs-dominar-4 Dominar

ഹൈപ്പർ ടൂറർ, സ്പോർട്സ് ടൂറർ എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങളുമായാണ് ബജാജ് ഡോമിനറിനെ രംഗത്തിറക്കിയിരിക്കുന്നത്. ഒരു കാര്യം പറയാതെ വയ്യ. ഡോമിനർ ബജാജിന്റെ മോഡലാണെന്നു ഒറ്റനോട്ടത്തിൽ പറയില്ല.  ഡിസൈൻ, നിർമാണ മികവ് ഇവയിലെല്ലാം ഡോമിനർ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. എൽഇഡി ഹെഡ്‌ലാംപ്, മസ്കുലർ ടാങ്ക്, ഫുള്ളി ഡിജിറ്റൽ കൺസോൾ, സ്റ്റൈലിഷ് അലോയ്‌വീൽ, പെരിമീറ്റർ ഫ്രെയിം, ദൃഢതയേറിയ സ്വിങ് ആം, വീതിയേറിയ സീറ്റുകൾ, എൽഇഡി ടെയിൽ ലാംപ്, സ്പോർട്ടി ലുക്കുള്ള സൈലൻസർ, മസിൽ ഫീൽ പകരുന്ന ടെയിൽ സെക്‌ഷൻ എന്നിങ്ങനെ കാഴ്ചയിൽ ഒരു വിദേശിയാണെന്നു തോന്നിപ്പിക്കും ഡോമിനർ. 

എൻജിൻ/ പെർഫോമൻസ്

സിംഗിൾ സിലിണ്ടർ എൻജിനാണ് രണ്ടു പേർക്കും. 19.8 ബിഎച്ച്പി പവറും 28 എൻഎം ടോർക്കുമുള്ള 346.0 സിസി എൻജിനാണ് തണ്ടർബേഡിലുള്ളത്. ഡോമിനറിലെ 373.3 സിസി എൻജിൻ 34.5 ബിഎച്ച്പി പവറും 35 എൻഎം ടോർക്കും പുറത്തെടുക്കും. എൻജിൻ കരുത്തിലും ടോർക്കിലും ഡോമിനർ തന്നെയാണു മുന്നിൽ. ഡോമിനറിന്റെ ലിക്വിഡ് കൂൾഡ് എൻജിന്റെ സ്മൂത്ത്നെസ് റൈഡിൽ കൃത്യമായി അറിയാൻ കഴിയും. എയർ കൂൾഡ് എൻജിനാണ് തണ്ടർബേഡിന്റേത്. 

re-thunderbird-vs-dominar-8 Thunderbird, Dominar

സ്പോർട്സ് ടൂറർ എന്ന വിശേഷണം ശരിവയ്ക്കുന്ന പ്രകടനമാണു ഡോമിനർ പുറത്തെടുക്കുന്നത്. ചെറിയ ത്രോട്ടിൽ തിരിവിനോടുപോലും തൽക്ഷണം പ്രതികരിക്കുന്നു. നല്ല പുള്ളിങ്ങുണ്ട്. തണ്ടർബേഡിനെ അപേക്ഷിച്ച് പവർബാൻഡ് കൂടുതലുള്ളതിനാൽ ഹൈവേ ക്രൂസിങ്ങിൽ സ്പോർട്ടി പെർഫോമൻസ് കാഴ്ചവയ്ക്കുന്നു. കെടിഎം ഡ്യൂക്ക് 390 ,ആർസി 390 എന്നീ മോഡലുകളുടെ എൻജിൻ ഘടകങ്ങളാണ് ഡോമിനറിലും ഉപയോഗിച്ചിരിക്കുന്നത്. മികച്ച ലോ എൻഡ് ടോർക്കും ടോപ് എൻഡ് പവർ ഡെലിവറിയും കിട്ടത്തക്ക രീതിയിലാണ് എൻജിന്റെ ബോറും സ്ട്രോക്കും തമ്മിലുള്ള അനുപാതം. 

re-thunderbird-vs-dominar-6 Thunderbird

സ്പോർട്ടി റൈഡിങ് പൊസിഷനാണ്. എന്നാൽ പക്കാ സ്പോർട്സ് ബൈക്കുകളുടേതുപോലല്ല. ടൂറിങ്ങിനും ഇണങ്ങുന്ന തരത്തിലാണ് ഹാൻഡിൽബാർ, ഫുട്പെഗ്, സീറ്റ് ഇവ തമ്മിലുള്ള അനുപാതം.  സ്റ്റെബിലിറ്റിയിൽ ഡോമിനർ മികച്ചു നിൽക്കുന്നു. 80-90 കിലോമീറ്റർ വേഗത്തിൽ പോലും വളരെ കൂളാണ് ഡോമിനർ. ഒട്ടും ആയാസം കൂടാതെ മൂന്നക്കവേഗത്തിൽ കയറും. കൂടിയ വേഗം മണിക്കൂറിൽ 148 കിലോമീറ്ററാണ്. ഉയർന്ന ആർപിഎമ്മിലും വൈബ്രേഷനില്ലെന്നത് എടുത്തു പറയട്ടെ. കോർണറിങ്ങിലും നേർരേഖയിലും ഡോമിനർ എതിരാളികളെ കാതങ്ങൾ പിന്നിലാക്കുന്നു. പെരിമീറ്റർ ഫ്രെയിം, ദൃഢതയേറിയ സ്വിങ് ആം, മോണോ ഷോക്ക്, തടിച്ച ഗ്രിപ്പ് കൂടിയ ടയറുകൾ ഇവയെല്ലാം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.  ആറു സ്പീ‍ഡ് ഗിയറിന്റെ മാറ്റങ്ങൾ ലളിതം. സ്ലിപ്പർ ക്ലച്ചാണ്. ഉയർന്ന വേഗത്തിലും ധൈര്യത്തോടെ ഗിയർ ഡൗൺ ചെയ്യാം. വീൽ ലോക്കാകുമെന്നു പേടിക്കണ്ട. 

re-thunderbird-vs-dominar-5 Thunderbird

ഇനി തണ്ടർബേഡിലേക്കു കയറാം. 195 കിലോഗ്രാം ഭാരമുണ്ട് (ഡോമിനർ 182 കിലോഗ്രാം). പക്ഷേ, താഴ്ന്ന സീറ്റായതിനാൽ ഉയരം കുറഞ്ഞവർക്കുപോലും ഈസിയായി കൈകാര്യം ചെയ്യാം. റിലാക്സായി ഇരിക്കാവുന്ന സീറ്റിങ് പൊസിഷൻ. വലിയ സീറ്റാണ്. ലോങ് റൈഡിനു അനുയോജ്യം. പിന്നിലിരിക്കുന്നവർക്കു സപ്പോർട്ടായി ബാക്ക്റെസ്റ്റുമിണ്ട്.   മുന്നോട്ടു കയറിയ ഫുഡ്പെഗും ഉയർന്ന വീതിയേറിയ ഹാൻഡിൽബാറും അനായാസ യാത്ര നൽകും. ലോങ് സ്ട്രോക്ക് എൻജിന്റെ വൈബ്രേഷൻ ഹാൻഡിൽബാറിലറിയുന്നുണ്ട്. മികച്ച ലോ എൻഡ് ടോർക്കാണ് തണ്ടർബേഡിന്റെ ഹൈലൈറ്റ്. 4000 ആർപിഎമ്മിൽ മാക്സിമം ടോർക്ക് പുറത്തെടുക്കും. സിറ്റിയിലും ചെറുവേഗത്തിലും താഴ്ന്ന ഗിയറിലേക്കു അധികം ഷിഫ്റ്റ് ചെയ്യേണ്ടി വരില്ല. കുത്തു കയറ്റം രണ്ടുപേരുമായി നൈസായിട്ടു കയറും. ഹൈവേയിൽ മിന്നിക്കാമെങ്കിലും 70-80 കിലോമീറ്റർ വേഗമാണ് ഉചിതം. ടോപ് എൻഡ് പവർഡെലിവറി അത്ര പോരാ. മിഡ് റേഞ്ചിലെ പെർഫോമൻസാണു മികച്ചത്. അഞ്ചു സ്പീഡ് ട്രാൻസ്മിഷന്റെ മാറ്റങ്ങൾ ഡോമിനറിന്റെ അത്ര സ്മൂത്തല്ല. 

re-thunderbird-vs-dominar-3 Dominar

മികച്ച യാത്രാസുഖം നൽകുന്ന സസ്പെൻഷനാണ് തണ്ടർബേഡിലേത്. മുന്നിൽ 41 എം എം ഫോർക്കും പിന്നിൽ ഗ്യാസ് ചാർജ്ഡ് ഷോക്കും. ഡിസ്ക് ബ്രേക്കാണു മുന്നിലും പിന്നിലും. എങ്കിലും ബ്രേക്കിങ് ക്ഷമത കൂട്ടേണ്ടിയിരിക്കുന്നു എബിഎസ് അടക്കമുള്ള സംവിധാനങ്ങൾ കൂട്ടിച്ചേർക്കേണ്ട കാലം കഴിഞ്ഞു. 

ടെസ്റ്റേഴ്സ് നോട്ട്

വിപണിയിൽ സ്പോർട് ടൂററുകൾക്കു പ്രിയമേറി വരുന്നതേയുള്ളൂ എന്നു വേണം കണക്കാക്കാൻ. കാരണം, പെർഫോമൻസിലും ലുക്കിലും സ്റ്റെബിലിറ്റിയിലുമെല്ലാം തണ്ടർബേഡിനെക്കാൾ ഒരുപാടു മുന്നിലാണ് ഡോമിനർ. പക്ഷേ, ബജാജ് പ്രതീക്ഷിച്ച തുടക്കം കിട്ടിയില്ല. പതിയെ ക്ലച്പിടിച്ചു വരുന്നതേയുള്ളൂ. റോയൽ എൻഫീൽഡ് മോഡലുകൾ കത്തിക്കയറി നിൽക്കുന്ന സമയമാണ്. എതിരാളികൾ നന്നേ വിയർക്കേണ്ടിവരും. 

re-thunderbird-vs-dominar-9 Thunderbird, Dominar

തണ്ടർബേഡുമായി തട്ടിച്ചാൽ വില കൂടുതലാണ് ഡോമിനറിന്. മാത്രമല്ല, ഇന്ധനക്ഷമതയും കുറവ് (ഡോമിനർ– 25 കിലോമീറ്റർ / ലീറ്റർ, തണ്ടർബേഡ്– 53 കിലോമീറ്റർ / ലീറ്റർ). വേഗത്തോടു താൽപര്യമില്ലാത്ത, എന്നാൽ നടുവൊടിയാതെ ദീർഘദൂരയാത്ര നടത്തണം എന്നാഗ്രഹിക്കുന്നവർക്ക് തണ്ടർബേഡ് ഉത്തമ സഹചാരിയാണ്.