Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഴയതോ, പുതിയതോ: മികച്ച സ്വിഫ്റ്റ് ഏത്?

old-swift-vs-new-3 Swift

മുന്‍ഗാമികളെ പിന്നിലാക്കുന്ന ചന്തവും സൗകര്യങ്ങളും ആധുനികതയുമായി പുതിയ സ്വിഫ്റ്റ് എത്തിക്കഴിഞ്ഞു. മികച്ച കാഴ്ചയും ഡ്രൈവും യാത്രസുഖവും ഫീച്ചറുകളുമെല്ലാം മൂന്നാം തലമുറയില്‍ ഒരുമിക്കുന്നു എന്നാണ് മാരുതിയുടെ അവകാശവാദം. 2004 ല്‍ വിപണിയിലെത്തിയതു മുതല്‍ ജനപ്രിയ ഹാച്ചായി തുടരുന്ന സ്വിഫ്റ്റിന്റെ മൂന്നാം തലമുറയും സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് പാതയില്‍ തന്നെ. വില പ്രഖ്യാപിക്കുമുമ്പേ തന്നെ ബുക്കിങ്ങുകളുടെ ബാഹുല്യമാണ് ഡീലര്‍ഷിപ്പുകളില്‍. രണ്ടാം തലമുറയുമായി താരതമ്യം ചെയ്യുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളാണ് പുതിയ സ്വിഫ്റ്റിന് വന്നിട്ടുള്ളത്.

Maruti Suzuki Swift 2018 | Fasttrack | Manorama Online

ഡിസൈന്‍

നിരത്തിലിറങ്ങിയതില്‍ ഏറ്റവും സ്‌റ്റൈലിഷ് ഡിസൈന്‍ എന്നാണ് പുതിയ സ്വിഫ്റ്റിനെ മാരുതി വിശേഷിപ്പിക്കുന്നത്. സൂപ്പര്‍മിനി ഡിസൈന്‍ കണ്‍സെപ്റ്റിലേക്ക് പുതിയ കാറിനെ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. ക്ലാസി ഡിസൈനായിരുന്നു പഴയ സ്വിഫ്റ്റിനെങ്കില്‍ പുതിയത് സ്‌പോര്‍ട്ടിയാണ്. രണ്ടാം തലമുറയുടെ ചെറിയ ഹണികോംപ് ഗ്രില്‍ ഹെക്‌സഗണല്‍ ഗ്രില്ലിനായി വഴിമാറി. ഡിസയറിലും ഇതേ ഗ്രില്‍ തന്നെയാണ് ഉപയോഗിക്കുന്നതെങ്കിലും അതില്‍നിന്നു വിഭിന്നമായി ചുറ്റുമുള്ള ക്രോം വലയം ഒഴിവാക്കിയിട്ടുണ്ട്. ഒപ്പം എല്‍ ഇ ഡി പ്രൊജക്ടര്‍ ഹെഡ് ലാംപുകളും കൊത്തിവച്ചതുപോലെയുള്ള ഫോഗ് ലാംപുകളും. റീഡിസൈന്‍ ചെയ്ത ബംബറാണ് മുന്നില്‍. രണ്ടാം തലമുറയില്‍ ഫോഗ് ലാമ്പ് കണ്‍സോളില്‍ സില്‍വര്‍ ഫിനിഷുണ്ടായിരുന്നെങ്കില്‍ മൂന്നാം തലമുറയില്‍ അതില്ല. എന്നാല്‍ അല്‍പ്പം വലിപ്പം കൂടുതലുള്ള ഫോഗ് ലാമ്പാണ്. മുന്‍വശത്തെ പരിപൂര്‍ണ്ണമായും മാറ്റാതെ സ്വിഫ്റ്റിന്റെ ഐഡന്റിറ്റി നിലനിര്‍ത്തിയിട്ടുണ്ട്.

old-swift-vs-new

വശങ്ങളില്‍ പ്രധാനമാറ്റം ഫ്‌ളോട്ടിങ് കണ്‍സെപ്റ്റിലുള്ള റൂഫാണ്. അലോയ് വീലുകളുടെ ഡിസൈന്‍ പുതിയതാണ്. കൂടാതെ സി പില്ലറിനോട് ചേര്‍ത്ത് ഒളിച്ചുവെച്ചിരിക്കുന്ന പിന്‍ ഡോര്‍ ഹാന്‍ഡിലും പുതുമ തന്നെ. പഴയ സ്വിഫ്റ്റുമായി താരതമ്യം ചെയ്യുമ്പോള്‍ സ്‌റ്റൈലിഷാണ് പിന്‍ഭാഗം. രണ്ടാം തലമുറയില്‍ ക്ലിയര്‍ ലെന്‍സ് ടെയില്‍ ലാമ്പായിരുന്നെങ്കില്‍ പുതിയതില്‍ എല്‍ഇഡി ടെയില്‍ ലാമ്പ് ക്ലസ്റ്ററാണ്. കൂടുതല്‍ വലിപ്പമുണ്ട് ബൂട്ട് ഡോറുകള്‍ക്ക്. നമ്പര്‍ പ്ലേറ്റുകളുടെ സ്ഥാനവും മാറിയിട്ടുണ്ട്.

അളവുകള്‍

നീളത്തിന്റെ കാര്യത്തില്‍ പഴയ സ്വിഫ്റ്റിനെക്കാള്‍ 10 എംഎം കുറവാണ് പുതിയത്. പഴയതിന്റേത് 3850 എംഎമ്മും പുതിയതിന്റേത് 3840 എംഎമ്മും. എന്നാല്‍ വീതി രണ്ടാം തലമുറയുടേത് 1695 എംഎമ്മാണെങ്കില്‍ പുതിയതിന്റേത് 40 എംഎം വര്‍ദ്ധിച്ച് 1735 ആയി മാറി. ഉയരം രണ്ടിനും ഒരുപൊലെ തന്നെ, 1530 എംഎം. വീല്‍ബെയ്‌സ് 2430 എംഎമ്മില്‍ നിന്ന് 2450 എംഎമ്മായി മാറി. ഗ്രൗണ്ട് ക്ലിയറന്‍സ് അല്‍പ്പം കുറഞ്ഞ് 170 ല്‍ നിന്ന് 163 ആയി മാറി. ബൂട്ട് സ്‌പെയ്‌സ് 58 ലീറ്റര്‍ വര്‍ദ്ധിച്ച് 268 ലീറ്ററായി മാറി. പുതിയ പ്ലാറ്റ്‌ഫോമിലാണ് സ്വിഫ്റ്റിന്റെ നിര്‍മാണം. അതുകൊണ്ടു തന്നെ പെട്രോള്‍ പതിപ്പിന് 85 കിലോഗ്രാമും ഡീസല്‍ പതിപ്പിന് 75 കിലോഗ്രാമും കുറവുണ്ട്.

old-swift-vs-new-2

എന്‍ജിന്‍

എന്‍ജിനുകളില്‍ മാറ്റമില്ല. 81 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കുമുള്ള 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും 74 ബിഎച്ച്പി കരുത്തും 190 എന്‍എം ടോര്‍ക്കുമുള്ള 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിനും നിലനിര്‍ത്തിയിരിക്കുന്നു. പെട്രോളിലും ഡീസലിലും എഎംടി ഗിയര്‍ബോക്‌സ് വന്നു എന്നതാണ് പുതിയ സ്വിഫ്റ്റിന്റെ പ്രധാന സവിശേഷത. പെട്രോളിലും ഡീസലിലുമായി 12 വേരിയന്റുകള്‍. വി എക്‌സ്‌ഐ, വിഡിഐ, ഇസഡ് എക്‌സ്‌ഐ, ഇസഡ് വിഡിഐ മോഡലുകള്‍ക്ക് മാനുവലും ഓട്ടമാറ്റിക്കും. ഏറ്റവും കുറഞ്ഞ മോഡലുകള്‍ക്കും ഏറ്റവും കൂടിയ പ്ലസ് മോഡലുകള്‍ക്കും മാനുവല്‍ മാത്രം.

ഇന്റീരിയര്‍

രണ്ടാം തലമുറ സ്വിഫ്റ്റുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ പ്രീമിയം ഇന്റീരിയറാണ്. കറുപ്പും സാറ്റിന്‍ ക്രോമും സങ്കലിക്കുന്ന ട്രിമ്മുകള്‍. ക്രോമിയം വലയിതമായ മീറ്റര്‍ കണ്‍സോളുകള്‍. ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയിലെല്ലാം പുതുമയുണ്ട്. ഉരുണ്ട എസി വെന്‌റുകളാണ്. സ്‌പോര്‍്ട്ടി മീറ്റര്‍ കണ്‍സോള്‍. പഴയ സ്വിഫ്റ്റുമായി താരതമ്യം ചെയ്യമ്പോള്‍ കൂടുതല്‍ സ്‌റ്റോറേജ് സ്‌പെയ്‌സുകള്‍. മികച്ച രീതിയിലാണ് സീറ്റുകളുടെ ഡിസൈന്‍. രണ്ടാം തലമുറ സ്വിഫ്റ്റില്‍ പിന്‍വശം അല്‍പ്പം ഇടുങ്ങിയതായിരുന്നെങ്കില്‍ മൂന്നാം തലമുറ ആ പോരായ്മ പരിഹരിച്ചു. അളവുകളിലുള്ള വര്‍ദ്ധനവ് ക്യാബിന്‍ ഇടം കൂട്ടി. പിന്‍ ലെഗ് റൂമില്‍ മാത്രം 70 എംഎം വരെ വര്‍ധന. ഹെഡ് റൂം കൂടിയത് 24 എംഎം.

old-swift-vs-new-1

പെര്‍ഫോമന്‍സ് കാര്‍ എന്ന പേരു പോകാതെ പ്രായോഗികത എങ്ങനെ കൊണ്ടുവരാം എന്നതില്‍ സുസുക്കി ധാരാളം സമയം ചെലവിട്ടിട്ടുണ്ട്. പഴയ സ്വിഫ്റ്റ് പെര്‍ഫോമന്‍സ് കാറാണെങ്കില്‍ പുതിയ സ്വിഫ്റ്റും അതു തന്നെ. എന്നാല്‍ അതിനൊപ്പം യാത്രാസുഖവും കൈകാര്യ മികവും നഗരത്തിരക്കിലെ ഉപയോഗക്ഷമതയും കാര്യമായി വര്‍ധിച്ചിട്ടുണ്ട്. പെട്രോളിലും ഡീസലിലും ഓട്ടമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷന്‍ എത്തിയെന്നതാണ് തലവേദനകളില്ലാത്ത സിറ്റി ൈഡ്രിവിങ് എന്ന വിലാസം കൂടി സ്വിഫ്റ്റിനു നല്‍കുന്നത്.

വില

കാര്യമായ വര്‍ധനയുണ്ടാകാനിടയില്ല. ബേസിക് മോഡലിലും എയര്‍ ബാഗും എ ബി എസും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കൊണ്ടു വരുന്നതിന്റെ ചെറു വര്‍ധന പ്രതീക്ഷിക്കാം. ഫെബ്രുവരി രണ്ടാം വാരം ന്യൂ ഡല്‍ഹി ഓട്ടോ എക്‌സ്‌പൊയില്‍ പുറത്തിറക്കും. വില അന്നു പ്രഖ്യാപിക്കും.