Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വിഫ്റ്റോ അതോ ബലേനോയോ ?

Swift Vs Baleno Swift Vs Baleno

മാരുതി സുസുക്കിയുടെ ജനപ്രിയ കാർ സ്വിഫ്റ്റിന്റെ പുതിയ മോ‍ഡൽ പുറത്തിറങ്ങിയത് അടുത്തിടെയാണ്. മികച്ച സ്റ്റൈലും ഇന്ധനക്ഷമതയും കിടിലൻ ഫീച്ചറുകളുമായി എത്തിയ മൂന്നാം തലമുറ സ്വിഫ്റ്റ് ആരാകരുടെ മനം കവർന്നു. വില പ്രഖ്യാപിച്ച് ഒരു മാസം പോലും കഴിയുന്നതിന് മുൻപ് 50000 അധികം ബുക്കിങ്ങുകളാണ് കാറിന് ലഭിച്ചത്. പുതിയ സ്വിഫ്റ്റ് പുറത്തിറങ്ങിയതോടെ കൺഫ്യൂഷനിലായിരിക്കുന്നത് ബൊലോനൊ ആരാധകരാണ്. ഒരുപോലെ മികച്ച കാറുകളിൽ ഏത് തിരഞ്ഞെടുക്കും.

Swift launch at Auto Expo 2018

പ്രീമിയം സെഗ്‌മെന്റിലക്കേുള്ള മാരുതിയുടെ ധീരമായ ചുവടുവയ്പ്പായ നെക്സയിലുടെ വിൽപ്പനയ്ക്കെത്തിച്ച വാഹനമാണ് ബലോനോ. പ്രീമിയം ഹാച്ച്ബാക്ക് സെഗ‍്മെന്റാണ് ബലേനോ ഉന്നം വെയ്ക്കുന്നതെങ്കിൽ സ്വിഫ്റ്റ് ഇതിനു താഴെയുള്ള വിപണിയെയാണ് ലക്ഷ്യം വെയ്ക്കുന്നത്. ബലേനോ ഹ്യുണ്ടേയ് ഐ20, ഹോണ്ട ജാസ് തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കുമ്പോൾ ഗ്രാൻഡ് ഐ10, ഫോഡ് ഫിഗോ, ഫോക്സ് വാഗൻ പോളൊ തുടങ്ങിയ വാഹനങ്ങളുമായാണ് ഏറ്റുമുട്ടുക.

suzuki-baleno Baleno

ഡിസൈൻ

നിരത്തിലിറങ്ങിയതില്‍ ഏറ്റവും സ്‌റ്റൈലിഷ് ഡിസൈന്‍ എന്നാണ് പുതിയ സ്വിഫ്റ്റിനെ മാരുതി വിശേഷിപ്പിക്കുന്നത്. സൂപ്പര്‍മിനി ഡിസൈന്‍ കണ്‍സെപ്റ്റാണ്. ക്ലാസി ഡിസൈനായിരുന്നു പഴയ സ്വിഫ്റ്റിനെങ്കില്‍ പുതിയത് സ്‌പോര്‍ട്ടിയാണ്. ഡിസയറിനെ അനുസ്മരിപ്പിക്കുന്ന ഹെക്‌സഗണല്‍ ഗ്രില്ലാണ്. എന്നാൽ ഗ്രില്ലിനു ചുറ്റുമുള്ള ക്രോം വലയം ഒഴിവാക്കിയിട്ടുണ്ട്. എല്‍ ഇ ഡി പ്രൊജക്ടര്‍ ഹെഡ് ലാംപുകളും കൊത്തിവച്ചതുപോലെയുള്ള ഫോഗ് ലാംപുകളും. റീഡിസൈന്‍ ചെയ്ത ബംബറാണ് മുന്നില്‍. ബ്ലാക് കൺസോളിലാണ് ഫോഗ് ലാമ്പ്. ഫ്‌ളോട്ടിങ് കണ്‍സെപ്റ്റിലുള്ള റൂഫാണ്. അലോയ് വീലുകൾക്ക് പുതിയ ഡിസൈൻ. സി പില്ലറിനോട് ചേര്‍ത്ത് ഒളിച്ചുവെച്ചിരിക്കുന്നു പിന്‍ ഡോര്‍ ഹാന്‍ഡിൽ. എല്‍ഇഡി ടെയില്‍ ലാമ്പ് ക്ലസ്റ്ററാണ് പിന്നിൽ. വലിപ്പമുള്ള ബൂട്ട് ഡോർ. 268 ലീറ്ററാണ് ബൂട്ട് സ്പെയ്സ്.

maruti-swift-3 Swfit

മാരുതി ഹാച്ചുകളിൽ ഏറ്റവും മനോഹരം എന്നു വിശേഷിപ്പിക്കാവുന്ന ഡിസൈൻ. ഒഴുക്കും മസിൽ തുടിപ്പുമറേിയ ഡിസൈൻ ബെലേനോയ്ക്കു നല്ല വലുപ്പം സമ്മാനിക്കുന്നു. ലിക്വിഡ് ഫ്ലോ ഡിസൈൻ എന്നാണ് പുതിയ ഡിസൈനെ മാരുതി വിശേഷിപ്പിക്കുന്നത്. വി ഷേപ്പ് ഗ്രിൽ കാണാൻ പുതുമയുണ്ട്‌. ഡേ ടൈം റണ്ണിങ് ലാംപോടുകൂടിയ സേനൺ ഹെഡ്‌ലാംപുകളാണ്. ഫോളോ മീ സംവിധാനമുണ്ടിതിന്. ഗ്രില്ല്, ഡോർഹാൻഡിൽ, വിൻ‍ഡോ ലൈൻ എന്നിവിടങ്ങളിലെ ക്രോം സ്പർശം ക്ലാസായിട്ടുണ്ട്. തടിച്ച ഷോൾഡർ ലൈനും 16 ഇഞ്ച് വീലും വശങ്ങളുടെ എടുപ്പു കൂട്ടുന്നു. ക്രോസോവർ ലുക്കാണ് ബലേനോയുടെ പിൻവശത്തിന്. ചെറിയ റൂഫ് സ്പോയ്‌ലറും ക്രോം ലൈനിങ്ങും എൽഇഡി ടെയിൽ ലാംപും എല്ലാം ശ്രദ്ധപിടിച്ചു പറ്റും. സൂര്യപ്രകാശത്തിലെ അൾട്രാ വയലറ്റ് രശ്മികളെ പ്രതിരോധിക്കുന്ന യുവി കട്ട് വിൻ‍‌‍ഡോ ഗ്ലാസാണ് ബെലേനോയിൽ. ബൂട്ട് സ്പെയ്സ് 339 ലീറ്റർ.

Maruti Baleno Baleno

അളവുകൾ

വലിപ്പത്തിന്റെ കാര്യത്തിലും വീൽബെയ്സിനും ബൊലേനോ തന്നെയാണ് മുന്നിൽ. സ്വിഫ്റ്റിന് 3840 എംഎം നീളവും 1735 എംഎം വീതിയും 1530 എംഎം പൊക്കവുമുണ്ട്.  2450 എംഎം വീൽബെയ്സും 163 എംഎമ്മുമാണ് ഗ്രൗണ്ട് ക്ലിയറൻസ്. ബൊലേനോയുടെ നീളം 3995 എംഎമ്മും വീതി 1745 എംഎമ്മും പൊക്കം 1500 എംഎമ്മുമാണ്. 2520 എംഎം വീൽ ബെയ്സും 170 എംഎം ഗ്രൗണ്ട് ക്ലിയറൻസുമുണ്ട് മാരുതിയുടെ ഈ പ്രീമിയം ഹാച്ചിന്. 

swift-2018-2 Swift

ഇന്റീരിയർ

രണ്ടാം തലമുറ സ്വിഫ്റ്റുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ പ്രീമിയം ഇന്റീരിയറാണ്. കറുപ്പും സാറ്റിന്‍ ക്രോമും സങ്കലിക്കുന്ന ട്രിമ്മുകള്‍. ക്രോമിയം വലയിതമായ മീറ്റര്‍ കണ്‍സോളുകള്‍. ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഉരുണ്ട എസി വെന്റുകൾ, സ്‌പോര്‍ട്ടി മീറ്റര്‍ കണ്‍സോള്‍, കൂടുതല്‍ സ്‌റ്റോറേജ് സ്‌പെയ്‌സുകള്‍ എന്നിവയുണ്ട് പുതിയ സ്വിഫ്റ്റിൽ.  മികച്ച രീതിയിലാണ് സീറ്റുകളുടെ ഡിസൈന്‍. രണ്ടാം തലമുറ സ്വിഫ്റ്റില്‍ പിന്‍വശം അല്‍പ്പം ഇടുങ്ങിയതായിരുന്നെങ്കില്‍ മൂന്നാം തലമുറ ആ പോരായ്മ പരിഹരിച്ചു. അളവുകളിലുള്ള വര്‍ദ്ധനവ് ക്യാബിന്‍ ഇടം കൂട്ടി. പിന്‍ ലെഗ് റൂമില്‍ മാത്രം 70 എംഎം വരെ വര്‍ധന. ഹെഡ് റൂം കൂടിയത് 24 എംഎം. പെര്‍ഫോമന്‍സ് കാര്‍ എന്ന പേരു പോകാതെ പ്രായോഗികത എങ്ങനെ കൊണ്ടുവരാം എന്നതില്‍ സുസുക്കി ശ്രദ്ധിച്ചിട്ടുണ്ട്. അതിനൊപ്പം യാത്രാസുഖവും കൈകാര്യ മികവും നഗരത്തിരക്കിലെ ഉപയോഗക്ഷമതയും കാര്യമായി വര്‍ധിച്ചിട്ടുണ്ട്. പെട്രോളിലും ഡീസലിലും ഓട്ടമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷന്‍ എത്തിയെന്നതാണ് തലവേദനകളില്ലാത്ത സിറ്റി ൈഡ്രവിങ് എന്ന വിലാസം കൂടി സ്വിഫ്റ്റിനു നല്‍കുന്നത്.

Maruti Baleno Baleno

ഓൾ ബ്ലാക്ക് ഇന്റീരിയറാണ് ബലേനോയ്ക്ക്. സ്റ്റിയറിങ് വീൽ, ഡോർലോക്ക്, ഗീയർ ലിവർ, എസി വെന്റ് എന്നിവിടങ്ങളിലെ ക്രോം സ്പർശം ക്ലാസായിട്ടുണ്ട്. ഉയരവും അകലവും ക്രമീകരിക്കാവുന്ന ഓഡിയോ നിയന്ത്രണങ്ങളോടുകൂടിയ സ്റ്റിയറിങ് വീൽ. കൺസോൾ ഡിസൈൻ ട്രെൻഡിയാണ്. വലുപ്പമുള്ളതും എളുപ്പം വായിച്ചെടുക്കാൻ പറ്റുന്നതുമായ എംഐഡിയാണ്. ഇതിലെ ടോർക്ക് പവർ ഡിസ്പ്ലേ രസമുണ്ട്. ശരാശരി ഇന്ധനക്ഷമത, ശരാശരി വേഗം തുടങ്ങിയ കാര്യങ്ങൾ എംഐഡി പറഞ്ഞു തരും. 7 ഇഞ്ച് ടച്ച് സ്ക്രീനാണ്. നാവിഗേഷനും ആപ്പിൾ കാർ പ്ലേയോടുകൂടിയ ഇൻഫെട്ടയ്ൻമെന്റ് സിസ്റ്റവും ബലേനോയുടെ ഹൈലൈറ്റുകളിൽ പെടുന്നു. മികച്ച മ്യൂസിക് സിസ്റ്റമാണ്. നല്ല സൗണ്ട് ക്വാളിറ്റി. ഒരു ലീറ്റർ ബോട്ടിൽ ഹോൾഡറടക്കം ചെറുതും വലുതുമായി ഒട്ടേറെ സ്റ്റോറേജ് സ്ഥലങ്ങൾ ബലേനോയിലുണ്ട്. വലിയ ക്യാബിനാണ്. മുന്നിലും പിന്നിലും ഇഷ്ടം പോലെ ഇടം. മോശമല്ലാത്ത തൈ സപ്പോർട്ടുണ്ട് മുൻസീറ്റിന്. നല്ല കുഷനും. പിൻസീറ്റിൽ മൂന്നു പേർക്കു സുഖമായി ഇരിക്കാം. ലാവിഷ് ലെഗ് റൂം.

swift-2018-3 Swift

എൻജിൻ / ഡ്രൈവ്

പെട്രോൾ ഡീസൽ എൻജിനുകളുണ്ട്  6000 ആർപിഎമ്മിൽ 61 കിലോവാട്ട് കരുത്തും 4200 ആർപിഎമ്മിൽ 113 എൻഎം ടോർക്കും നൽകുന്ന 1.2 ലീറ്റർ പെട്രോൾ എൻജിനും. 4000 ആർപിമ്മിൽ 55.2 കിലോവാട്ട് കരുത്തും 2000 ആർപിഎമ്മിൽ‌ 190 എൻ‌എം ടോർക്കും നൽകുന്ന 1.3 ലീറ്റർ ഡീസൽ എൻജിനുമാണ്  സ്വിഫ്റ്റിൽ. ഒരേ എൻജിൻ തന്നെയാണ് ഉപയോഗിക്കുന്നതെങ്കിലും ബലേനോയുടെ പെട്രോൾ എൻജിന്റെ കരുത്ത് 62 കിലോവാട്ടാണ്. ഡീസൽ എൻജിന്റേത് സമം തന്നെ. സ്വിഫ്റ്റിന് പെട്രോളിലും ഡീസലിലുമായി 12 വേരിയന്റുകള്‍. വി എക്‌സ്‌ഐ, വിഡിഐ, ഇസഡ് എക്‌സ്‌ഐ, ഇസഡ് വിഡിഐ മോഡലുകള്‍ക്ക് മാനുവലും ഓട്ടമാറ്റിക്കും. ഏറ്റവും കുറഞ്ഞ മോഡലുകള്‍ക്കും ഏറ്റവും കൂടിയ പ്ലസ് മോഡലുകള്‍ക്കും മാനുവല്‍ മാത്രം. പെട്രോളിലും ഡീസലിലുമായി പതിനൊന്ന് മോഡലുകളാണ് ബലേനോയ്ക്കുള്ളത്. എഎംടി ഗിയർബോക്സില്ല പകരം സിവിടിയുണ്ട്.

വില

സ്വിഫ്റ്റിന്റെ പെട്രോൾ പതിപ്പിന് 4.99 ലക്ഷം രൂപ മുതൽ 7.29 ലക്ഷം രൂപ വരെയും ‍ഡീസൽ പതിപ്പിന് 5.99 ലക്ഷം മുതൽ 8.29 ലക്ഷം രൂപ വരെയുമാണ് വില. ബലേനോയുടെ പെട്രോൾ പതിപ്പിന് 5.60 ലക്ഷം മുതൽ 8.66 ലക്ഷം രൂപ വരെയും ഡീസൽ പതിപ്പിന് 6.77 ലക്ഷം മുതൽ 8.74 ലക്ഷം രൂപവരെയുമാണ് വില.