Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഎസ് 3, ബിഎസ് 4; ഇവ തമ്മിലുള്ള വ്യത്യാസമെന്ത്?

Air pollution from vehicle exhaust pipe on road

യൂറോപ്യൻ മാനദണ്ഡങ്ങൾ (യൂറോ) അനുസരിച്ച് ഇന്ത്യ രൂപപ്പെടുത്തിയ മലിനീകരണ നിയന്ത്രണച്ചട്ടങ്ങളാണ് ഭാരത് സ്റ്റേജ് (ബിഎസ്). ഇതിന്റെ നാലാം പതിപ്പാണു ബിഎസ്–4. പെട്രോൾ എൻജിൻ, ഡീസൽ എൻജിൻ തുടങ്ങിയ ആന്തരിക ദഹന എൻജിനുകൾ പുറത്തുവിടുന്ന മലിനീകരണ വാതകങ്ങളുടെയും വസ്തുക്കളുടെയും അളവു സംബന്ധിച്ച മാനദണ്ഡങ്ങളാണിവ. ബിഎസ്–3 പ്രകാരമുള്ളവയുടെ പകുതിയിൽത്താഴെ നിർഗമനമേ ബിഎസ്–4 ചട്ടങ്ങൾ അനുവദിക്കുന്നുള്ളൂ. ബിഎസ് 3 വാഹനങ്ങളെക്കാൾ 80 ശതമാനത്തോളം കുറവ് മലിനീകരണം മാത്രമേ ബിഎസ് 4 വാഹനങ്ങൾ സൃഷ്ടിക്കൂ എന്നാണ് കണക്കുകൂട്ടൽ.  2020ൽ നടപ്പാക്കാനുദ്ദേശിക്കുന്ന ബിഎസ്–6 ചട്ടങ്ങൾ ബിഎസ്–4 ചട്ടങ്ങളെക്കാൾ കർശനമാണ്.

എൻജിൻ പ്രവർത്തിക്കുമ്പോൾ പുറത്തെത്തുന്ന കാർബൺ മോണോക്സൈഡ്, ഹൈഡ്രോ കാർബണുകൾ, നൈട്രജൻ ഓക്സൈഡ്, പർട്ടിക്കുലേറ്റ് മാറ്റർ തുടങ്ങിയവയുടെ അളവാണു ബിഎസ് ചട്ടങ്ങൾ പറയുന്നത്. 2010 ഏപ്രിൽ മുതൽ 13 നഗരങ്ങളിൽ കാറുകൾക്ക് ബിഎസ് 4 ചട്ടങ്ങൾ ബാധകമാക്കിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ കേരളമടക്കമുള്ള ഏതാനും സംസ്ഥാനങ്ങളും ബിഎസ്–4 കാറുകൾക്കും വാണിജ്യ വാഹനങ്ങൾക്കും ബാധകമാക്കിയിരുന്നു. അതുകൊണ്ടാണു കെഎസ്ആർടിസി 2016 ഏപ്രിലിനു മുൻപു വാങ്ങിയ ഷാസികളിൽ നിർമിച്ച 275 ബസുകൾ ഇപ്പോൾ റജിസ്റ്റർ ചെയ്തു നിരത്തിലിറക്കാൻ തടസ്സം നേരിട്ടത്.

ഭാരത് സ്റ്റേജ്

1991ലാണ് ആദ്യമായി ഇന്ത്യയിൽ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ നിലവിൽവന്നത്. ആദ്യം പെട്രോൾ വാഹനങ്ങൾക്കായിരുന്നു. തൊട്ടടുത്ത വർഷം ഡീസൽ എൻജിനുകൾക്കുള്ള ചട്ടങ്ങൾ നിലവിൽവന്നു. എന്നാൽ യുറോപ്യൻ മലിനീകരണ നിയന്ത്രണ ചട്ടങ്ങളുടെ ആധാരമാക്കി 2000 ലാണ്  ഭാരത് സ്റ്റേജ് നിലവിൽ വരുന്നത്. ഘട്ടംഘട്ടമായാണ് മലീനീകരണ നിലവാരങ്ങൾ നടപ്പാക്കാറ്. 2000 ൽ ഇന്ത്യമുഴുവൻ ഭാരത് സ്റ്റേജ് ഒന്നായി പ്രഖ്യാപിച്ചു. 2001 എപ്രിൽ മുതൽ നാഷണൽ ക്യാപ്പിറ്റൽ റീജണുകളിലും മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ മെട്രോനഗരങ്ങളിലും, 2003–ൽ പതിമൂന്ന് നഗരങ്ങളിലും 2005–ൽ രാജ്യവ്യാപകമായും ബിഎസ് 2 ചട്ടം നിലവിൽ വന്നു. അതായത് ബിഎസ് 2 മലീനീകരണ നിയന്ത്രണ ചട്ടങ്ങൾ പ്രകാരം പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് മാത്രമേ റജിസ്ട്രേഷൻ അനുവദിക്കുകയുള്ളു.

2005 ഏപ്രിൽ മുതൽ എൻസിആറിലും മറ്റ് 13 നഗരങ്ങളിലും ബിഎസ് 3 നിലവിൽ വന്നു. 2010 ലാണ് ബിഎസ് 3 രാജ്യവ്യാപകമായി നിലവിൽ വന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഇന്ത്യയുടെ ജനപ്രിയ കാർ മാരുതി 800 ന്റെ ഉത്പാദനം കമ്പനി അവസാനിപ്പിച്ചത്. തുടർന്ന് ഏഴു വർഷത്തിനു ശേഷമാണ് ബിഎസ് 4 രാജ്യവ്യാപകമായി നിലവിൽ വരുന്നത്. 2016 ഏപ്രിൽ മുതൽ എൻസിആറിലും മറ്റ് 13 നഗരങ്ങളിലും ബിഎസ് 4 നിലവിൽ വന്നിരുന്നു. അടുത്തത് ബിഎസ് 5 ആണെങ്കിലും മലീനീകരണ നിയമം കർശനമാക്കുന്നതിന്റെ ഭാഗമായി ബിഎസ് 5 ഓഴിവാക്കി ബിഎസ് 6 നിലവാരത്തിലേയ്ക്ക് 2020ൽ എത്താനാണ് സർക്കാർ ആലോചിക്കുന്നത്. 

ബിഎസ് 4 ഇന്ധനവും

എൻജിൻ ഘടകങ്ങളും വാഹനങ്ങളും മാത്രമല്ല ബിഎസ് 4–ലേക്കു മാറേണ്ടത്. രാജ്യത്തെ ഇന്ധനത്തിന്റെ നിലവാരവും ഏപ്രിൽ മുതൽ‌ ബിഎസ് 4 4–ലേക്കു മാറും. 2010 ലാണു രാജ്യത്ത് ബിഎസ് 4 നിലവാരമുള്ള ഇന്ധനം അവതരിപ്പിച്ചത്. 2016 ലെ കണക്കുകള്‍ പ്രകാരം 39 നഗരങ്ങളിൽ നിലവിൽ ബിഎസ് 4 ഇന്ധനമാണ് ഉപയോഗിക്കുന്നത്. ഈ വര്‍ഷം തന്നെ രാജ്യവ്യാപകമായി ബിഎസ് 4 ഇന്ധനം ലഭ്യമായി തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ബിഎസ് നാലിലുള്ള ഇന്ധനം പുറത്തിറക്കാനായി 18,000 കോടി രൂപ ഇതുവരെ സർക്കാർ ചെലവാക്കിയിട്ടുണ്ട് 

വിൽക്കാതെ കിടക്കുന്ന ബിഎസ് വാഹനങ്ങളുടെ എണ്ണം 8.24 ലക്ഷം

പാസഞ്ചർ കാറുകളിൽ ഭൂരിഭാഗവും നേരത്തെ തന്നെ ബിഎസ് 4 നിലവാരത്തിൽ എത്തിയിരുന്നതുകൊണ്ട് അവരെ ഈ നിർദ്ദേശം കാര്യമായി ബാധിക്കാനിടയില്ല. എന്നാൽ ഇരുചക്ര–മുച്ചക്ര വാഹനങ്ങളേയും വലിയ വാഹനങ്ങളേയുമാണ് ഇതു കാര്യമായി ബാധിക്കുന്നത്. വാഹന നിർമാതാക്കളുടെ സംഘടനയായ സിയാം സൂപ്രീംകോടതിക്കു നൽകിയ കണക്കുകൾ പ്രകാരം 2010 മുതൽ രാജ്യത്തെ 41 കമ്പനികൾ 13 കോടി ബിഎസ് 3 വാഹനങ്ങളാണു നിർമിച്ചത്. ഇതിൽ 8.24 ലക്ഷം വാഹനങ്ങൾ ഇനിയും വിറ്റഴിക്കപ്പെടാതെ ബാക്കിയാണ്. അതിൽ 6.71 ലക്ഷം ഇരുചക്ര വാഹനങ്ങളും 96,000 ട്രക്കുകളും 16,000 കാറുകളുമാണുള്ളത്.

Your Rating: