Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാദനെ അറബിക്കടലിൽ സംസ്‌കരിച്ച കാൾ വിൻസൺ പോർവിളിയുമായി കൊറിയൻ തീരത്ത്

uss-carl-vinson USS Carl Vinson

ലോകത്തെ മുൾമുനയിൽ നിർത്തി, യുഎൻ താക്കീതുകളെ ഉൾപ്പെടെയുള്ളവ അവഗണിച്ച് മിസൈൽ പരീക്ഷണങ്ങൾ തുടരുന്ന ഉത്തര കൊറിയയ്ക്കുള്ള മുന്നറിയിപ്പാണ് അമേരിക്കയുടെ വിമാനവാഹിനിക്കപ്പൽ കാൾ വിൽസന്റെ, കൊറിയൻ തീരത്തേക്കുള്ള നീക്കം. ഒരു വൻ യുദ്ധത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടു കൂടുന്നതിനിടെ, അതിന്റെ ശ്രദ്ധാകേന്ദ്രമാകുകയാണ് യുഎസ്എസ് കാൾ വിൻസൺ.

uss-carl-vinson-1 USS Carl Vinson

കാൾ വിൽസണിലേക്ക് ഇതിനുമുൻപ് ലോകത്തിന്റെ കണ്ണെത്തിയത് 2011 മേയ് രണ്ടിനായിരുന്നു. അമേരിക്കൻ നേവി സീൽസ് പാക്കിസ്ഥാനിൽ വച്ചു വധിച്ച ഉസാമ ബിൻലാദന്റെ മൃതദേഹം അറബിക്കടലിൽ സംസ്കരിക്കാൻ കൊണ്ടുപോയത് ഈ കപ്പലിലായിരുന്നു. ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലുകളിലൊന്നാണ് യുഎസ്എസ് കാൾ വിൻസൺ. അമേരിക്കൻ നാവികസേനയുടെ നിമിറ്റ്‌സ് ക്ലാസ് വിമാനവാഹിനിക്കപ്പലുകളുടെ ശൃംഖലയിൽ മൂന്നാമത്തെ സൂപ്പർ കാരിയറാണിത് (സിവിഎൻ-70). ജോർജിയ സംസ്ഥാനത്തു നിന്നുള്ള കോൺഗ്രസ് അംഗം കാൾ വിൻസന്റെ പേരാണ് ഈ കപ്പലിനു നൽകിയിരിക്കുന്നത്.

uss-carl-vinson-3 USS Carl Vinson

1975 ൽ നിർമാണം ആരംഭിച്ച കപ്പൽ 1983-ലാണ് കന്നിയാത്ര നടത്തിയത്. 1092 അടി നീളമുള്ള ഈ കപ്പലിന് കരുത്തു പകരുന്നത് രണ്ട് ആണവ റിയാക്റ്ററുകളാണ്. മണിക്കൂറിൽ 30 നോട്ടിക്കൽ മൈലാണ് പരമാവധി വേഗം. ഏകദേശം 6000 പേരടങ്ങുന്ന ക്രൂവാണ് ഷിപ്പിനുള്ളിൽ. 55 എഫ് എ 18 പോർവിമാനങ്ങളും 4 ഇഎ 18 ഗ്രൗളർ പോർവിമാനങ്ങളുമടക്കം 59 യുദ്ധ വിമാനങ്ങളും ആറ് എച്ച് ഹെലി60 സീഹോക്ക് കോപ്റ്ററുകളും വഹിക്കാനുള്ള ശേഷി കാൾ വിൻസണിനുണ്ട്. കൂടാതെ നിരീക്ഷണങ്ങൾക്കായി 4 ഇ 2സി ഡി ഹ്വാക്ക് ഐ വിമാനങ്ങളും ഈ കപ്പലിന് വഹിക്കാൻ സാധിക്കും.

uss-carl-vinson-5 USS Carl Vinson

1996-ൽ കുർദിഷ് ആഭ്യന്തരയുദ്ധ സമയത്ത് ദക്ഷിണ ഇറാഖിലെ സൈനിക താവളങ്ങൾക്കു നേരേ അമേരിക്ക നടത്തിയ ക്രൂസ് മിസൈൽ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഈ വിമാനവാഹിനിക്കപ്പലായിരുന്നു. ദക്ഷിണ കൊറിയൻ നാവിക സേനയുമായി ചേർന്ന് കൊറിയൻ കടലിൽ സൈനികാഭ്യാസവും നടത്തിയിട്ടുണ്ട്.

uss-carl-vinson-2 USS Carl Vinson

പത്ത് അണ്വായുധ വാഹിനി വിമാനങ്ങള്‍ വഹിക്കാൻ ശേഷിയുള്ള കാള്‍ വിന്‍സണെ കൂടാതെ രണ്ടു മിസൈല്‍ വാഹിനിക്കപ്പലും  (യുഎസ്എസ് വെയ്ൻ ഇ മെയെർ, യുഎസ്എസ് മൈക്കൽ മർഫി) ഒരു മിസൈല്‍ ക്രൂസറുമാണ് (യുഎസ്എസ് ലേക്ക് ചാംപ്ലെയ്ൻ) കാൾ വിൻസണിന്റെ കപ്പൽ വ്യൂഹത്തിലൂള്ളത്.