Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരുതിയുടെ ഈ മെയ്ക്ക്ഓവർ സുന്ദരിക്ക് എത്ര ലൈക്ക് ?

maruti-800-makeover-2 Maruti 800 MakeOver, Image Source: Facebook

ചാരുകസേരയിലിരുന്ന് ചറപറാന്നാണ് മുത്തച്ഛൻ ചോദ്യമെറിഞ്ഞത്. ഇന്ത്യയിലെ ആദ്യ ഫ്രണ്ട്‍വീൽ ഡ്രൈവ് കാറേത്, ഫ്രണ്ട് വീൽ ബ്രേക്കുള്ള കാറേത്, നാലു ഡോറുള്ള ആദ്യ ഹാച്ച്ബാക്കേത്, ഹെഡ്‍റെസ്റ്റുള്ള ആദ്യ കാറേത്, മൂന്നുപോയിന്റുള്ള സീറ്റ് ബീൽറ്റുള്ള കാറേത്.. ചോദ്യങ്ങളിങ്ങനെ വ്യത്യസ്തമാണെങ്കിലും പറയാനൊരു ഉത്തരമേയുള്ളൂ; മാരുതി 800 ! ഇന്ത്യക്കാർ ആദ്യം കൈവച്ച കാർ. കാറിനെ ജനകീയമാക്കിയ കാർ. ഇവളോടെന്നും നൊസ്റ്റാൾജിയയാണ് ഇന്ത്യക്കാർക്ക്. പേരുമാറി, പുതുകാറുകളുമായി അരങ്ങുവാഴാൻ മാരുതിയെ ഇപ്പോഴും സഹായിക്കുന്നത് ഈ നൊസ്റ്റാൾജിയ കൂടിയാണ്.

maruti-800-makeover Maruti 800 MakeOver, Image Source: Facebook

മാരുതി 800 അഥവാ SS80 ഇന്നും അഭിമാനത്തോടെ കൊണ്ടുനടക്കുന്നവർ ധാരാളം. കിടിലനൊരു മെയ്ക്ക്ഓവർ നടത്തി ന്യൂജൻ കൂട്ടരുടെയും ഹൃദയം കീഴടക്കുകയാണ് എസ്എസ് 80. ഒരഞ്ചു മിനിറ്റ് നോക്കിയാലേ കക്ഷി മ്മ്ടെ പഴേ മാരുതിയാന്ന് പിടികിട്ടൂ. അത്രയ്ക്കും ഗംഭീര രൂപപരിണാമം. മുന്നിലും പിന്നിലുമാണ് കാര്യമായ പരിഷ്കാരം. കറുത്ത കസവുള്ള ചെമ്പട്ടുടുത്ത ന്യൂജൻ സുന്ദരി. ഒരുനോട്ടമെറിയാതെ പോകാനാവില്ല. 1983–85 കാലത്ത് ആദ്യബാച്ചിലായി റോഡിലിറങ്ങിയ ഡിഐഎ 6897 എന്ന കാറാണ് ഡൽഹിയിൽ അണിഞ്ഞൊരുങ്ങിയത്. 

maruti-800-makeover-3 Maruti 800 MakeOver, Image Source: Facebook

ഗ്രില്ലും ഹെഡ്‍ലാമ്പും ബമ്പറുമെല്ലാം അടിമുടി മാറി. സുസുക്കി എന്ന പേര് ഒരു വശത്തേക്ക് ഒതുക്കിയുള്ള ബ്ലാക്ക് ഗ്രിൽ. കണ്ടാൽ പഴയ ടേപ്പ് റിക്കോർഡർ പോലെയുണ്ട്. പകലിലും പ്രകാശിക്കുന്ന എൽഇഡി ലൈറ്റുകൾ കൂടി ചേർത്തിട്ടുള്ള ഹെഡ്‍ലാമ്പ് ഒരേ സമയം സ്പോർട്ടി, റെട്രോ ലുക്കുകൾ സമ്മാനിക്കും. ഗ്രില്ലിന് താഴെയായി നീട്ടിവച്ചിട്ടുള്ള കാർബൺ ഫൈബറിന് ചേർച്ചക്കുറവുണ്ട്. എന്നാൽ അതിനുംതാഴെ ബോഡിയുടെ ചുവപ്പ് ഭാഗമുള്ളതു കൊണ്ട് വെറൈറ്റി ലുക്ക് കിട്ടും. രണ്ടു വർഷമെടുത്താണ് ഈ രൂപത്തിലേക്ക് കാറിനെ മാറ്റിയത്.

maruti-800-makeover-1 Maruti 800 MakeOver, Image Source: Facebook

പ്രീമിയം ലുക്കിനായി വലിപ്പമേറിയ ചക്രങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. ഡ്രൈവറുടെ ആവശ്യത്തിനുള്ള റിയർ വ്യൂ കണ്ണാടികളുടെ ഡിസൈൻ അധികപ്പറ്റായി തോന്നും. പുതിയതരം കണ്ണാടി മാരുതിയുടെ മുഖച്ഛായ മാറ്റിയിട്ടുണ്ടെങ്കിലും സുഖകരമല്ല. ഒറിജിനൽ ടെയിൽ പൈപ്പും എൽഇഡി ടെയിൽ ലാമ്പും പെർഫെക്ടാണ്. പുറംമോടിയിൽ മാത്രം ഒതുങ്ങുന്നില്ല പരിഷ്കാരം. ഡാഷ്ബോർഡ് നന്നായി പുതുക്കിയിരിക്കുന്നു. മധ്യഭാഗത്തായി പുതിയ കാറുകളെ അനുകരിച്ച് യൂസർഫ്രണ്ട്‍ലി കൺസോളും ഉണ്ടാക്കിയിട്ടുണ്ട്. ലെതർസീറ്റുകളാണ്. ഡോർ പാനലിലും പുതുമ കൊണ്ടുവന്നിട്ടുണ്ട്. പവർ സ്റ്റിയറിങും എ.സിയുമാണ്. ഒരു കാലത്ത് നിരത്തിലേറ്റവുമധികം ഓടിയിരുന്ന കാറിനെ അധിക സൗകര്യങ്ങോളോടെ അടിപൊളിയാക്കിയത് അഭിനന്ദനാർഹമാണ്.