Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹെല്‍മറ്റ്, ജീവന്റെ കവചം

helmet

ഇന്ത്യൻ നിരത്തുകളിലെ ഇരുചക്രവാഹന യാത്രകൾക്ക് ഹെൽമറ്റ് നിർബന്ധമാണെങ്കിലും അത് ധരിക്കാൻ ബുദ്ധിമുട്ടുള്ളവരാണ് പലരും. ചിലരാകട്ടെ പൊലീസ് ചെക്കിങ്ങിനെ മറികടക്കാൻ വഴിവക്കിൽനിന്നു ലഭിക്കുന്ന സുരക്ഷിതമല്ലാത്ത ഹെൽമെറ്റ് വാങ്ങി ധരിക്കുകയും ചെയ്യും. ഹെൽ‌മറ്റ് എന്തിനാണ് ധരിക്കുന്നത്? ഇന്ത്യയിൽ റോഡപകടമരണം സംഭവിക്കുന്നതിൽ മൂന്നിൽ ഒന്ന് മോട്ടോർസൈക്കിൾ യാത്രികരാണ്. കേരളത്തിൽ 2015 ൽ 39,014 അപകടം സംഭവിച്ചതിൽ 31,614 എണ്ണവും മോട്ടോർസൈക്കിൾ അപകടങ്ങളാണ്. 1,330 പേരാണ് ഈ അപകടങ്ങളില്‍ മരണമടഞ്ഞത്. 14,858 പേര്‍ മാരകമായി പരുക്കു പറ്റി ജീവച്ഛവങ്ങളായി കഴിയുന്നു. ശരിയായവിധം ഹെൽമറ്റ് ധരിച്ചിരുന്നുവെങ്കിൽ ഇതിൽ ഭൂരിഭാഗവും രക്ഷപ്പെടുമായിരുന്നു.

ഇരുചക്ര വാഹനാപകടങ്ങളിൽ പൊതുവെ തലയ്ക്കാണു കൂടുതൽ ക്ഷതമേൽക്കുക. ഇടിയുടെ ആദ്യ സെക്കൻഡിൽ സംഭവിക്കുന്ന പ്രഥമ ക്ഷതങ്ങളും (പ്രൈമറി ഇൻജുറി) പിന്നീടുണ്ടാകുന്ന കേടുപാടുകളും (സെക്കൻഡറി ഇൻജുറി) കൂടുതൽ അപകടകരമാവാതിരിക്കാൻ ഹെൽമറ്റ് കൃത്യമായി ധരിക്കുന്നതു സഹായിക്കുമെന്നു ഡോക്ടർമാർ പറയുന്നു. അപകടത്തിന്റെ ആദ്യ സെക്കൻഡിൽ തലയ്ക്കകത്തു സംഭവിക്കുന്ന ക്ഷതമോ രക്തസ്രാവമോ ആണു പ്രൈമറി ഇൻജുറി. മണിക്കൂറുകൾക്കോ ദിവസങ്ങൾക്കോ ശേഷം തലച്ചോറിൽ സംഭവിക്കാവുന്ന ആഘാതമാണു സെക്കൻഡറി ഇൻജുറി. ചികിത്സയിൽ കഴിയുന്നവർ മരിക്കാനുള്ള കാരണം ഇതാണ്. 

തലച്ചോറിലേക്ക് ഓക്സിജൻ എത്താത്തതിലൂടെ സംഭവിക്കുന്ന കേടുപാടുകൾ അഥവാ ഹൈപ്പോക്സിക് ഇൻജുറി, ഹൈപ്പോ ടെൻഷൻ (അമിത രക്തസ്രാവം കൊണ്ടോ ഹൃദയത്തിൽ ക്ഷതമേൽക്കുന്നതുകൊണ്ടോ ബിപിയിലുണ്ടാകുന്ന കുറവ്), സെറിബ്രൽ ഇസ്കീമിയ (തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുന്ന അവസ്ഥ), ഐസിപി അഥവാ ഇൻട്രാ ക്രാനിയൽ പ്രഷർ (തലയോട്ടിക്കകത്തെ അമിത സമ്മർദ്ദം) എന്നിവയെല്ലാം സെക്കൻഡറി ഇൻജുറിയിലാണു പെടുന്നത്. 

പരുക്ക് രണ്ടുവിധം

മോട്ടോർസൈക്കിൾ അപകടങ്ങളിൽ തലയ്ക്കേൽക്കുന്ന പരുക്ക് രണ്ടുതരത്തിലുളളതാണ് 

1. തലയോട്ടിക്ക് പൊട്ടൽ സംഭവിക്കുന്നത്.

2. പുറത്തു പരുക്കില്ലാതെ തലച്ചോറിനു ക്ഷതം പറ്റുന്നത്.

അപകടത്തിൽപെടുന്നയാളുടെ ശിരസ്സ് നിലത്തോ മറ്റോ ഇടിക്കുന്ന സമയത്ത് ശിരസ്സിന്റെ ചലനം നിൽക്കുമെങ്കിലും മസ്തിഷ്കം തലയോട്ടിക്കകത്ത് അതിവേഗത്തില്‍ മുന്നോട്ടു കുതിച്ച് തലയോട്ടിയിൽ ഇടിച്ചു തിരിച്ചുപോകും. ഈ പ്രക്രിയയ്ക്കിടയിൽ (Acceleration and Declaration of Brain) തലച്ചോർ തകർന്നു തരിപ്പണമാകുന്നതാണ് ഏറ്റവും മാരകമായത്. പുറത്ത് യാതൊരു ലക്ഷണവും ഉണ്ടാകില്ല. ഗുണനിലവാരമുളള ഹെൽമറ്റ് ഈ രണ്ട് അപകടങ്ങളെയും ഒഴിവാക്കാനായി രൂപകൽപന ചെയ്യപ്പെട്ടതാണ്.

അപകടത്തിലെ ശാസ്ത്രം

നാൽപ്പതു കിലോമീറ്റർ വേഗമുളള ബൈക്കിൽനിന്ന് അൻപതു കിലോ തൂക്കമുളള ഒരാൾ തെറിച്ചുവീണാൽ ശിരസ്സ് ചെന്നിടിക്കുന്ന ഭാഗത്ത് ഏകദേശം 750 kgf ബലം അനുഭവപ്പെടും. ഇത്ര ബലത്തില്‍ ഒരു പോയിന്റിൽ ചെന്നിടിച്ചാൽ ശിരസ്സു തകരുന്നതു സ്വാഭാവികം. എന്നാല്‍ ഹെൽമറ്റ് ധരിച്ച് ഒരാൾക്ക് ഇതേ അപകടത്തിൽ ഏൽക്കുന്ന 750 kgf ബലം 2,000 ചതുരശ്ര സെന്റിമീറ്ററില്‍ മുഴുവനായി വ്യാപിക്കുന്നതിനാൽ 750 / 2,000 അഥവാ 375 gm/sqcm മാത്രമായിട്ടായിരിക്കും അനുഭവപ്പെടുക. ഹെൽമറ്റ് ഇല്ലെങ്കില്‍ ശിരസ്സിന്റെ ഒരു പോയിന്റിൽ 750kgf ന്റെ അടി കിട്ടുന്നിടത്തു ഹെൽമറ്റ് ധരിച്ചാൽ വെറും 375 gm/sqcm മാത്രം.

തലയോട്ടിക്കകത്ത് മസ്തിഷ്കം മുന്നോട്ടു കുതിച്ച് മുൻഭാഗത്ത് ഇടിച്ചു പിന്നോട്ടു വരുന്ന സമയത്ത് മസ്തിഷ്കത്തിനു സംഭവിക്കുന്ന കനത്ത നാശം ചികിത്സിച്ചു മാറ്റിയെടുക്കാൻ കഴിയില്ല. എന്നാൽ ഹെൽമറ്റിന്റെ പുറംചട്ടയ്ക്കു താഴെയുളള Shock Absorbing Lining ഒരു കുഷൻ പോലെ പ്രവർത്തിച്ച് മസ്തിഷ്കത്തിന്റെ മുന്നോട്ടും പിന്നോട്ടുമുളള ധൃതചലനവും തലയോട്ടിയിലെ ശക്തമായ ഇടിയും വളരെ കുറയ്ക്കാൻ സഹായിക്കും. ഇതു മസ്തിഷ്കത്തിനു വലിയ പരുക്കു പറ്റാതെ നോക്കും.

ഹെൽമറ്റ് ധരിക്കുന്നത് എല്ലാ മോട്ടോർസൈക്കിൾ യാത്രക്കാരും ശീലമാക്കിയാൽ നമുക്കു കേരളത്തിൽ വിലപ്പെട്ട ആയിരം മനുഷ്യജീവനെങ്കിലും വർഷംതോറും രക്ഷിക്കാനാകും. ഒപ്പം 10,000 പേരുടെയെങ്കിലും മാരകമായ പരുക്കും ഒഴിവാക്കാം. 

വാഹനാപകടങ്ങളിൽ തൊണ്ണൂറ്റിയാറു ശതമാനത്തിലും മനുഷ്യന്റെ തെറ്റുകൂടി കാരണമാകുന്നുണ്ട്. അറുപത്തിനാലു ശതമാനം പരിപൂർണമായും മനുഷ്യന്റെ തെറ്റുകൊണ്ടു മാത്രമുണ്ടാകുന്നതാണെന്നും കണ്ടെത്തിയിട്ടുണ്ട്. വെറും രണ്ടു ശതമാനം വീതം മാത്രമാണ് റോഡിന്റെയും വാഹനത്തിന്റെയും കുറ്റം കൊണ്ടുളള അപകടങ്ങൾ

അറിഞ്ഞു ധരിക്കാം ഹെൽമറ്റ്

കാര്യക്ഷമമായ ഒരു ഹെൽമറ്റിന് അഞ്ചു പ്രധാന ഭാഗങ്ങളാണുളളത്. 

1. Rigid Outer Shell,

കടുപ്പമേറിയ പുറംചട്ട നമ്മുടെ ശിരസ്സു ചെന്നിടിക്കുന്ന Impact Force ഏകദേശം 2,000 ചതുരശ്ര സെന്റിമീറ്റർ പ്രതല വിസ്തീർണമുളള ഹെൽമറ്റിലേക്കു വ്യാപിപ്പിക്കുന്നതിനാൽ Impact Force 2,000 ൽ ഒന്നായി കുറയുന്നു.

2. Impact Absorbing Liner,

‘സ്റ്റൈറോഫോം’ എന്ന പേരിലറിയപ്പെടുന്ന Impact Absorbing Liner ആണ് അപകടസമയത്ത് മുന്നോട്ടും പിന്നോട്ടും വേഗത്തിൽ ചലിച്ച് മാരകമായ പരുക്കിൽനിന്നു മസ്തിഷകത്തെ രക്ഷിക്കുന്നത്. ഈ കുഷ്യൻ പോലുളള ഭാഗത്തിന് Shock Absorbing കഴിവുളളതിനാലാണ് ഇതു സാധ്യമാകുന്നത്.

3. Comfort or Fit Pedding

4. Face Shield ബാഹ്യമായ പരിക്കുകളിൽ നിന്നും മുഖത്തെ സംരക്ഷിക്കുന്നു. 

5. Chin Strap

ഹെൽ‌മറ്റിനെ ശരിയായവിധം തലയിൽ ഉറപ്പിച്ചു നിർത്താനുളള (Retention System) ബെൽറ്റ്. ഹെല്‍മറ്റ് വാങ്ങുമ്പോൾ സ്വന്തം ശിരസ്സിന് ഏറ്റവും അനുയോജ്യമായ വലുപ്പത്തിലുളളതായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. Face Shield ഉളളതാണ് എന്തുകൊണ്ടും ഉത്തമം. വില കുറഞ്ഞതും തെരുവുകളിൽ വിൽക്കുന്നതുമായ ഹെൽമറ്റുകൊണ്ടു വലിയ പ്രയോജനം ലഭിക്കില്ല. പൊലീസുകാരുടെ കയ്യിൽനിന്നു രക്ഷപ്പെടാൻ വേണ്ടിയല്ല, സ്വന്തം ജീവന്‍ രക്ഷിക്കാനും ജീവിതകാലം മുഴുവൻ തളർന്നു കിടക്കുന്ന അവസ്ഥ ഒഴിവാക്കാനും നല്ല ഹെൽമറ്റ് ശരിയായി ഉപയോഗിക്കുന്നതാണു ബുദ്ധി.