Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണുപോയ 'ജനപ്രിയർ'

yamaha-rd-350 Yamaha RD 350

ഇന്ത്യൻ വാഹന വിപണി ഒരുപാട് വാഹനക്കമ്പനികളുടെ വീഴ്ചയും വാഴ്ചയും തിരിച്ചുവരവുമൊക്കെ കണ്ടിട്ടുണ്ട്. ഒരു കാലഘട്ടത്തെ മാറ്റിമറിച്ച പല വാഹനങ്ങളും ഇന്നു വിസ്മൃതിയുടെ ഗാരേജിനുള്ളിലാണ്. ബോളിവുഡിന്റെ ബാദ്ഷാ, കിംഗ്ഖാൻ  ഡബിൾ റോളിലഭിനയിച്ച ഹീറോ പ്യൂക് മുതൽ സൽമാൻ ഖാൻ വരെയുള്ളവർ അവരുടെ യൗവനകാലത്ത് പരസ്യചിത്രത്തിൽ പ്രത്യക്ഷപ്പെട്ട സിഡി 100 വരെയുള്ള നിരവധി ഇരുചക്ര വാഹനങ്ങളാണ് ഓട്ടത്തിനിടയിൽ കിതച്ച് വീണത്. ഒരു കാലഘട്ടത്തിന്റെ രോമാഞ്ചമായിരുന്ന ആ ജനപ്രിയരെ ഒന്നു ഓർത്തെടുക്കാം.

ചൽ മേരീ ലൂണ

kinetic-luna Luna

ഇന്ത്യയിൽ ഏറ്റവുമധികം ജനപ്രിയമായ മോഡൽ ആണ് കൈനറ്റിക് ലൂണ. 1972ൽ ആണ് കൈനറ്റിക് എഞ്ചിനിയറിംഗ് ലൂണ അവതരിപ്പിക്കുന്നത്. സൈക്കിൾ യാത്രക്കാർക്ക് കുറച്ചുകൂടി നല്ല സവാരിയെന്ന ആശയത്തോടെയാണ് ഈ വാഹനമെത്തിയത്. 1967 മുതൽ 1991 വരെ രാജ്യാന്തര വിപണിയിൽ പുറത്തിറങ്ങിയ വെസ്പ സിയോ (പിയാജിയോ സിയോ) എന്ന മോഡലിന്റെ ലൈസൻസിഡ് പതിപ്പാണ് കൈനറ്റിക്ക് ലൂണ. ക്രിക്കറ്റിൽ മാൻ ഓഫ് ദ മാച്ച് നേടുന്നവർക്ക് ലൂണ സമ്മാനമായി ലഭിക്കുന്ന രീതിയിലുള്ള മാർക്കറ്റിംഗ് തന്ത്രങ്ങൾ രാജ്യത്താകമാനം വാഹനത്തെ ശ്രദ്ധേയമാക്കി. ഗോപിചന്ദ് ജാസൂസ് എന്ന രാജ്കപൂർ സിനിമയിലും നായകന്റെ വാഹനമായിരുന്നു ലൂണ. പിന്നീട് തമിഴ് സിനിമകളിലും ലൂണ നിറസാന്നിധ്യമായി. ഈ 60 സിസി മോഡലിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു ആവശ്യമെങ്കിൽ പെഡൽ‌ ഉപയോഗിക്കാമെന്നത്. 2000–ൽ ലൂണ പ്രൊഡക്ഷൻ കമ്പനി അവസാനിപ്പിച്ചു.

അമ്പട കേമ സണ്ണിക്കുട്ടാ....

സ്ത്രീകൾക്കായി നിർമ്മിക്കപ്പെട്ട ഓട്ടോമാറ്റിക് ഗിയർബോക്സുള്ള വാഹനമായിരുന്നു ബജാജ് സണ്ണി. തൊണ്ണൂറുകളിൽ തരംഗമായി മാറിയ സണ്ണിയുടെ നിർമാണം കമ്പനി 1997 ൽ അവസാനിപ്പിച്ചു. 60 സിസി എഞ്ചിനുള്ള വാഹനം ഗിയറുള്ള വാഹനമോടിക്കാൻ ലൈസൻസ് ലഭിക്കാത്ത കൗമാരക്കാരെ ലക്ഷ്യമിട്ടായിരുന്നു പരമാവധി 50 കിലോമീറ്റർ വേഗമായിരുന്നു സണ്ണിക്കുണ്ടായിരുന്നത്. ഇപ്പോഴും അപൂര്‍വമായെങ്കിലും സണ്ണി നിരത്തിൽ കാണാനാകും.

കൈനറ്റിക് ഹോണ്ട

kinetic-honda Kinetic Honda

കിക്കറുകൾ ചവിട്ടി ക്ഷീണിച്ച വാഹനപ്രേമികളെ തേടിയെത്തിയ സുന്ദരനാണ് ജപ്പാനിലെ ഹോണ്ടയുടെയും സ്വദേശിയായ കൈനറ്റിക്കിന്റെയും  സഹകരണത്തിലെത്തിയ കൈനറ്റിക് ഹോണ്ട. 1984ലാണ് ഈ വാഹനം വിപണിയിലേക്ക് എത്തിയത്. തുടക്കത്തിൽ ഈ ഗിയർലൈസ് സ്കൂട്ടറിനെ ഇന്ത്യൻ വിപണി അത്ര ഗൗനിച്ചില്ലെങ്കിലും പിന്നീട് താരമായി മാറി. ഹോണ്ട ആക്ടീവയുടെ മുൻഗാമി എന്നുവേണമെങ്കിൽ കൈനറ്റിക്ക് ഹോണ്ടയെ വിളിക്കാം. 2015 വരെ 6 മോഡലുകളവതരിപ്പിച്ച കമ്പനി, 1995ൽ മികച്ച സ്കൂട്ടറിനുള്ള അവാര്‍ഡും നേടി. ഇരുകമ്പനികളും ചേർന്ന് അവസാനം കൈനറ്റിക് ഹോണ്ട  മാർവൽ എന്ന മോഡലാണ് വിപണിയിലവതരിപ്പിച്ചത്. എല്ലാ മേഖലയിലുള്ളവരും ഈ മോഡലുകളെ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചു.

എം80

bajaj-m-80 Bajaj M 80

1981ലാണ് ബജാജ് കമ്പനി എം 50 എന്ന മോപെഡിനെ നിരത്തിലേക്കിറക്കുന്നത്. അഞ്ചു വര്‍ഷം കഴിഞ്ഞാണ് ബജാജ് ഇതിനെ പരിഷ്‌ക്കരിച്ച് ഇലക്ട്രോണിക് സറ്റാര്‍ട്ടിങ് സിസ്റ്റം കൂട്ടിച്ചേര്‍ത്ത് എം80 എന്ന പേരിൽ വിപണിയിലിറക്കി. ജനപ്രിയ  മോഡലായിരുന്ന എം80 പിന്നീട് മീൻ വിൽപ്പനക്കാരുടെ വരവറിയിക്കുന്ന വാഹനമായി മാറി. പിന്നീട് മീൻ വിൽപ്പനക്കാരും ഈ വാഹനത്തെ കൈയ്യൊഴിഞ്ഞെങ്കിലും നാട്ടുമ്പുറങ്ങിളിൽ ഇപ്പോഴും ഈ വാഹനം 'ചിറകടിച്ച്' പറക്കുന്നത് കാണാം.

ജാവ പവർഫുളായിരുന്നു

jawa-250 Jawa 250

ഒരു കാലത്ത് ഇന്ത്യന്‍ യുവാക്കളുടെ ഹരമായിരുന്നു ജാവ ബൈക്കുകള്‍. ചെക്ക് സ്വദേശിയായ ജാവ കമ്പനിയും ഇന്ത്യൻ കമ്പനിയായ ഐഡിയലും ചേർന്നാണ് ജാവ ബൈക്കുകൾ നിർമിച്ചിരുന്നത്. 1960 ൽ ആരംഭിച്ച കമ്പനി 1973 വരെ ജാവ എന്ന പേരിലും തുടർന്ന് യെസ്ഡിയെന്ന പേരിലുമാണ് ബൈക്കുകൾ പുറത്തിറക്കിയത്. കരുത്തുറ്റ  രൂപവും മുഴക്കമുള്ള ശബ്ദവുമൊക്കെയായ ജാവ യുവാക്കളുടെ പ്രിയ വാഹനമായി മാറി. 250 സി.സി. ജാവയാണ് ഇവിടെ തരംഗമായത്. പിന്നീട് കരുത്തുകൂടിയ 350 സി.സി. ട്വിന്‍ എഞ്ചിനും വിപണിയിലെത്തി. മൈലേജ് തന്ത്രവുമായി എത്തിയ ജാപ്പനീസ് ബൈക്കുകളുടെ കടന്നുകയറ്റത്തെ തുടർന്ന് 1996ൽ‌ ഐഡിയൽ ജാവ കമ്പനി അടച്ചുപൂട്ടി.

രാജ്ദൂത് 350

yamaha-rd-350 RD 350

ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ യമഹയുമായി സഹകരിച്ച് രാജ്ദൂത് പുറത്തിറക്കിയ ആർഡി 350 ഇന്നും ആരാധകരുണ്ട്. ലക്ഷങ്ങൾ മുടക്കിയാണ് ഇന്ന് ആർഡി 350 ആളുകൾ സ്വന്തമാക്കുന്നത്. ജാപ്പനീസ് ബൈക്കായ യമഹ ആർടി350 എന്നതിന്റെ ഇന്ത്യൻ പതിപ്പായിരുന്നു രാജ്ദൂത് 350. വ്യോമസേനയുടെ രാജ്ദൂത് വിമാനത്തില്‍ യാത്ര ചെയ്യുന്ന പ്രധാനമന്ത്രിയേക്കാൾ ഗമയായിരുന്നു നമ്മുടെ നാട്ടിലെ രാജ്ദൂത് ബൈക്ക് ഉടമകൾക്ക്. കരുത്തും സ്റ്റൈലും ഒരുപോലെ ഒത്തിണങ്ങിയ ബൈക്കിന്റെ രണ്ട് മോഡലുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിട്ടുണ്ട്. ടു സ്ട്രോക്ക് ബൈക്കുകളുടെ വിപണനം ഇന്ത്യയിൽ നിരോധിച്ചതോടെ ആർഡി 350 എന്ന സൂപ്പർ താരം 1989ൽ അരങ്ങോഴിഞ്ഞു.

ഫിൽ ഇറ്റ് ഫോർഗെറ്റ് ഇറ്റ്

hero-honda-cd-100 CD 100

ഇന്ത്യൻ കമ്പനിയായ ഹീറോയും ജപ്പനീസ് കമ്പനിയായ ഹോണ്ടയുടെ സഹകരിച്ച് പുറത്തിറക്കിയ ആദ്യ ബൈക്കുകളിലൊന്നാണ് ഹീറോ ഹോണ്ട സിഡി 100. മൈലേജ് യുഗത്തിന് ആരംഭം കുറിച്ച ബൈക്കാണ് ഹീറോ ഹോണ്ടയുടെ ഈ വാഹനം. 1985ലാണ് സിഡി 100 നിരത്തിലെത്തിയത്.  1991ൽ സിഡി 100 എസ്എസ് എന്ന ഹിറ്റായ മോഡലും കമ്പനി നിരത്തിലിറക്കി. ഹീറോയെ ഇപ്പോഴും മികച്ച വാഹന കമ്പനിയായി തുടരുവാൻ സിഡി 100 പോലെയുള്ള ബൈക്കുകള്‍ ആർജ്ജിച്ചെടുത്ത വിശ്വാസം ചെറുതല്ല.

Read More: Auto News | Auto Tips | Fasttrack