Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹി ആകാശത്തെ മഹാദുരന്തത്തിന് 21 വയസ്സ്

charkhi-dadri-mid-air-collision Charkhi Dadri Mid Air Collision

ചാർക്കി ദാദ്രി എന്ന ഗ്രാമത്തിന് വിമാനം പുതിയ കാഴ്ചയല്ല. രാജ്യ തലസ്ഥാനത്തുനിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയാണെങ്കിലും ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലേക്ക് പറന്നിറങ്ങുന്നതും അവിടുന്നു പറന്നുയരുന്നതുമായ വിമാനങ്ങള്‍ ഹരിയാനയുടെ ഈ കർഷകഗ്രാമത്തിനു മുകളിലൂടെയാണ് പോകുന്നത്. വിമാനങ്ങളുടെ ഇരമ്പം സ്ഥിരമായി കേൾക്കുന്ന അവർ പക്ഷേ അന്നു കേട്ടത് മറ്റൊന്നായിരുന്നു. ദീപാവലിയുടെ തിരക്കുകളൊഴിഞ്ഞൊരു നവംബറിലെ വൈകുന്നേരത്തെ ആ കാഴ്ച അവർ ജീവിതകാലം മുഴുവൻ ഓർക്കും, അത്രയും ഭീകരം. ആകാശത്തുനിന്ന് വലിയൊരു അഗ്നിഗോളം ഗ്രാമത്തെ വിഴുങ്ങാൻ വരികയാണ്. രണ്ടു വിമാനങ്ങൾ ആകാശത്തു കൂട്ടിയിടിച്ചതായിരുന്നു അത്. 1996 നവംബര്‍ 12 ആയിരുന്നു അന്ന്. 

charkhi-dadri-mid-air-collision-3 Charkhi Dadri Mid Air Collision

സൗദി എയർലൈൻസിന്റെ  ബോയിങ് 747-100 ബി വിമാനവും കസാഖിസ്ഥാന്റെ ഇല്യൂഷിന്‍ ഐഎല്‍-76 ഉം തമ്മിലായിരുന്നു കൂട്ടിയിടി. രണ്ടു വിമാനങ്ങളിലെയും 351 യാത്രക്കാര്‍ കൊല്ലപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ ആകാശദുരന്തം; ലോകത്തിലെ മൂന്നാമത്തേതും. നിമിഷവേഗത്തിലായിരുന്നു കൂട്ടിയിടി. കാബിൻ ഞെരിഞ്ഞമർന്നു. യാത്രക്കാർ ഓക്സിജൻ കിട്ടാതെ വലഞ്ഞു. ഇടിയുടെ ആഘാതത്തിൽ പലരുടെയും ഹൃദയം പൊട്ടിത്തകർന്നു. എന്താണു സംഭവിച്ചതെന്ന് പൈലറ്റുമാർ ഒഴികെ ആരുമറിഞ്ഞില്ല. വേദനയെപ്പറ്റി തലച്ചോറിലേക്ക് സന്ദേശം എത്തും മുമ്പേ ഭൂരിഭാഗം മനുഷ്യരും മരിച്ചിരുന്നു. സ്വപ്നങ്ങളുടെയും ആഗ്രഹങ്ങളുടെയും ആകാശത്ത് വിരൽ ഞൊടിക്കും നേരം കൊണ്ട് ഭസ്മമായ ജീവിതങ്ങൾ. 

കേൾക്കാത്തതിനുള്ള കൂലി 

രാജ്യ തലസ്ഥാനത്തുനിന്നു നൂറു കിലോമീറ്റർ ദൂരെയാണ് ചാർക്കിദാദ്രി. ഡൽഹി അടുത്തതിന്റെ ആശ്വാസത്തിലായിരുന്നു കസാഖിസ്ഥാന്റെ ഇല്യൂഷിന്‍ ഐഎല്‍-76 എയർലൈൻ കമാൻഡർ ഗെന്നഡി ചെറപ്പനോവ്. ഹരിയാനയിലെ കടുക് പാടങ്ങളുടെ ആകാശക്കാഴ്ച അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. പൈലറ്റിന്റെ മുറിയിലേക്ക് ഗുഡ് ഈവനിങ് മെസേജ് വന്നു. ഡൽഹിയിലെ എയർ ട്രാഫിക് കൺട്രോൾ റൂമിൽ നിന്നാണ്. സീനിയർ എയറോഡ്രോം ഓഫിസർ വി.കെ. ദത്തയാണ് സന്ദേശമയച്ചത്. 15000 അടി ഉയരെ വരെ ക്ലിയർ ചെയ്തെന്നായിരുന്നു അറിയിപ്പ്. 

charkhi-dadri-mid-air-collision-2 Charkhi Dadri Mid Air Collision

അതേസമയത്താണ് 312 യാത്രക്കാരുമായി ഡല്‍ഹി വിമാനത്താവളത്തില്‍നിന്നു സൗദി വിമാനം ഉയര്‍ന്നുപൊങ്ങിയത്. കസാഖ് വിമാനം ലാന്‍ഡിങ്ങിനായി താഴുകയും ചെയ്തു. ഗൗരവം മനസിലാക്കി കൺട്രോൾ റൂമിൽനിന്നു സന്ദേശങ്ങൾ പാഞ്ഞു. പക്ഷേ, ഗ്രൗണ്ട് കണ്‍ട്രോളര്‍ ഇംഗ്ലിഷില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കസാഖ് വിമാനത്തിലെ പൈലറ്റിനു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഒരേ വഴിയിൽ മുഖാമുഖം രണ്ടു വിമാനങ്ങളും അടുക്കുന്നു. സൗദി വിമാനം ഉയരം വർധിപ്പിക്കുകയാണ്, ശ്രദ്ധിക്കണം എന്നറിയിക്കാനായി കസാഖ് പൈലറ്റിനെ വിളിച്ചു. പ്രതികരണമുണ്ടായില്ല. നിർദേശത്തിനു മുമ്പേ ചെറപ്പനോവ് 14500 അടിയിലേക്കു വിമാനം താഴ്ത്തി. സൗദി പൈലറ്റിനെ ബന്ധപ്പെടുമ്പോഴേക്കും കാര്യങ്ങൾ കൈവിട്ടിരുന്നു. ഡൽഹിയുടെ പ്രാന്തപ്രദേശമായ ചാക്കി ദാദ്രിക്കു മുകളിൽ രണ്ടുവിമാനങ്ങളും നേർക്കുനേർ‌ വന്നു. പൈലറ്റുമാർ പ്രാർഥിക്കാനായി കണ്ണടച്ചിരിക്കണം. ഇമചിമ്മിത്തുറക്കുന്ന വേഗത്തിലായിരുന്നു കൂട്ടിയിടി. ആകാശത്ത് ഭീമൻ അഗ്നിഗോളം രൂപപ്പെട്ടു. 10 കിലോമീറ്റർ ചുറ്റളവിൽ വിമാനവശിഷ്ടങ്ങള്‍ ചിതറിവീണു. ഒരു രാത്രി മുഴുവൻ കടുകുപാടങ്ങളിൽ വിമാനത്തിന്റെ ചിറകുകൾ നീറിനീറിക്കത്തി. 

13 മലയാളികൾ 

സമുദ്രനിരപ്പിൽ നിന്നു 14,500 അടി ഉയരത്തിലായിരുന്നു അപകടം. മണിക്കൂറിൽ 500 കിലോമീറ്റർ വേഗത്തിലായിരുന്നു വിമാനങ്ങൾ. അതിശക്തമായ ഒരു കാർ കൂട്ടിയിടിയുടെ 700 മടങ്ങ് ശക്തിയിലായിരുന്നു  ഇടിയെന്നു പിന്നീടു റിപ്പോർട്ടുകൾ വന്നു. 500 ടണ്ണിലധികം അവശിഷ്ടങ്ങളാണ് താഴേക്കു പതിച്ചത്- 600 മാരുതി കാറുകളുടെ അവശിഷ്ടങ്ങൾക്കു തുല്യം. അവ പെരുമഴ പോലെ കിലോമീറ്ററുകളോളം ചിതറിവീണു. കരിഞ്ഞ മാംസത്തിന്റെ ഗന്ധവും ചൂടും കാറ്റിൽ അലിയാതെ കിടന്നു. സൗദി ഫ്ലൈറ്റിലെ 312 ഉം കസാഖിസ്ഥാൻ ഫ്ലൈറ്റിലെ 39 ഉം പേർക്കാണ് ജീവൻ നഷ്ടമായത്. 257 പേർ തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞു. 13 മലയാളികളുൾപ്പെടെ 231 ഇന്ത്യക്കാരാണ് മരിച്ചത്.