ആഡംബരത്തിന്റെ ജാഗ്വർർർ !

Jaguar
SHARE

ആഡംബര കാറുകളുടെ ചരിത്രം ജാഗ്വറിന്റെ ചരിത്രം കൂടിയാണ്. ഇംഗ്ലിഷുകാരുടെ ആഡംബര സ്വപ്നങ്ങളിലെ അഭിമാനസ്തംഭമായി വിരാജിച്ച പാരമ്പര്യമാണു ജാഗ്വറിന്റെ പൈതൃകം. തലമുറകൾ മാറിയിട്ടും ‘ക്ലാസിക്’ വിശേഷണം കൈവെടിഞ്ഞിട്ടില്ല ഇന്നും ജാഗ്വറിന്റെ സൃഷ്ടികൾ.  നിരത്തുകളിലെ ആഡംബരത്തിനൊരു പര്യായം തന്നെ കുറിച്ച ജാഗ്വറിന്റെ വരവിലും വളർച്ചയിലുമെല്ലാമുണ്ട് അവിശ്വസനീയമെന്നു തോന്നിപ്പിക്കുന്ന ഘടകങ്ങൾ. 

വില്യം ആൻഡ് വില്യം ഡ്രീംസ് 

മോട്ടോർ സൈക്കിൾ പ്രേമികളായ വില്യം ലിയോൺസും വില്യം വാംസ്‌ലിയും ചേർന്നു 1922 ൽ തുടങ്ങിയ സ്വാളോ സൈഡ്കാർ കമ്പനിയാണു ജാഗ്വർ ലാൻഡ്റോവർ എന്ന മൾട്ടിനാഷനൽ ഓട്ടമൊബീൽ സംരംഭത്തിലേയ്ക്കുള്ള ആദ്യചുവടുവയ്പ്പ്. കാർ നിർമാണമെന്ന ലക്ഷ്യവുമായല്ല വില്യം ജോടി ഈ സ്ഥാപനം തുടങ്ങിയത്. മോട്ടോർ സൈക്കിളുകളുടെ സൈഡ്കാർ നിർമാണമായിരുന്നു ഇംഗ്ലണ്ടിലെ കവൻട്രി ആസ്ഥാനമായുള്ള കമ്പനിയുടെ അജൻഡ. പ്രവർത്തനം തുടങ്ങി ഒരു വർഷമെത്തും മുൻപേ സംഗതി മാറിമറിഞ്ഞു. സൈ‍ഡ്കാർ വിട്ടു കാറുകളുടെ ബോഡി നിർമാണമായി തട്ടകം.

സ്വാളോ സൈഡ്കാർ എന്ന പേര് ലോപിച്ച് എസ്എസ് കാർസ് ലിമിറ്റഡുമായി. ഫിയറ്റ് പോലുള്ള പ്രമുഖ കമ്പനികളുടെ ഷാസിയിലാണ് എസ്എസ് കമ്പനി നിർമാണവൈഭവം പ്രകടിപ്പിച്ചത്. 1931 ൽ സ്റ്റാൻഡേർഡ് മോട്ടോർ കമ്പനിയുമായി ചേർന്നു സ്വന്തം കാർ നിർമാണമെന്ന സ്വപ്നത്തിലേയ്ക്കും വില്യം ആൻഡ് വില്യം സംരംഭം മുന്നേറി. എസ്എസ് 1 എന്നതായിരുന്നു എസ്എസ് കാർസിന്റെ ആദ്യമോഡലിനിട്ട പേര്. സ്വപ്നത്തിൽ കൈവച്ച അതേവർഷം തന്നെ അതിന്റെ സാക്ഷാത്കാരവുമുണ്ടായി. ലണ്ടൻ മോട്ടോർ ഷോയിൽ അവതരിപ്പിക്കപ്പെട്ട എസ്എസ് 1 അവിശ്വസനീയമായ വിലക്കുറവിന്റെ പേരിലും ശ്രദ്ധ പിടിച്ചുപറ്റി. 1935 ൽ രണ്ടു മോഡലുകൾ കൂടി വിപണിയിലെത്തി. അതിലൊരു കാർ മോഡലിന്റെ പേരായാണു ജാഗ്വർ ആദ്യം കടന്നുവന്നത്. ജർമനിയിലെ നാസി പാർട്ടിയുടെ അർധസൈനിക വിഭാഗവുമായി പേരിലുണ്ടായിരുന്ന സാമ്യം സൽപ്പേരിനെ ബാധിച്ചതോടെ കമ്പനിയുടെ പേരിൽ വീണ്ടും മാറ്റം വന്നു. എസ്എസ് കാർസിനു പകരം അന്നു തെളിഞ്ഞ പേരാണു ജാഗ്വർ കാർസ് ലിമിറ്റഡ്. 

ജാഗ്വറിന്റെ വിസ്മയങ്ങൾ

നാൽപ്പതുകളുടെ തുടക്കം മുതൽക്കേ ഉയർന്ന പെർഫോർമൻസ് കാഴ്ച വയ്ക്കാൻ കെൽപ്പുള്ള ആഡംബര കാറുകൾ ജാഗ്വറിൽ നിന്ന് ഇറങ്ങിത്തുടങ്ങിയിരുന്നു. രണ്ടാം ലോകമഹായുദ്ധം വന്നതോടെ കാറുൽപാദനത്തിന് ഇടവേള വരുകയും ചെയ്തു. സൈനികാവശ്യങ്ങൾക്കു വേണ്ടിയുള്ള സൈഡ് കാറുകളാണ് ഈ സമയത്തു ജാഗ്വർ ഫാക്ടറികളിൽ നിന്നു പുറത്തെത്തിയത്. എക്സ്കെ 120 പോലുള്ള ശ്രദ്ധേയനിർമിതികൾക്കു രൂപംകൊടുത്തിട്ടും യുദ്ധാനന്തരം ജാഗ്വർ സാമ്പത്തിക പ്രതിസന്ധിയിലായി.

മോട്ടോർ പാനൽ നിർമിക്കുന്നൊരു ഉപകമ്പനി വിറ്റഴിച്ചാണ് ആ പ്രതിസന്ധി മറികടന്നത്. എക്സ്കെ 120  മോഡൽ വീണ്ടും വിപണിയിലെത്തിച്ച ജാഗ്വറിനെ ഞെട്ടിച്ച് ആ മോഡൽ വൻ ഹിറ്റായി. ഇരുനൂറു കാറുകൾ മാത്രം വിൽക്കാൻ ലക്ഷ്യമിട്ട എക്സ്കെ ഒടുവിൽ വൻതോതിൽ പുറത്തിറക്കേണ്ടിവന്നു. 1954 ൽ എക്സ്കെ 140, 150 ശ്രേണികളിലൂടെ തിളങ്ങിയ ജാഗ്വർ ‘ക്ലാസിക്’ എന്നു വിശേഷിപ്പിക്കാവുന്ന എംകെ സലൂൺ കാറുകളിലേയ്ക്കു ലക്ഷ്യം വച്ചതും ആ കാലയളവിലാണ്. 1957 ൽ ജാഗ്വാറിന്റെ മാർക്ക് 2 മോഡൽ കാർപ്രേമികളുടെ മനസിലേയ്ക്കാണ് ഓടിക്കയറിയത്. 1961ൽ ജാഗ്വാർ ഇ–ടൈപ്പ് എന്ന എക്കാലത്തെയും വിഖ്യാതമായ സ്പോർട്സ് കാറുമായാണ് കമ്പനി വിസ്മയിപ്പിച്ചത്. എക്സ് ടൈപ്പ് ശ്രേണിയിൽ കൂപ്പ്, സെഡാൻ മോഡലുകൾ പുറത്തിറക്കിയ ജാഗ്വറിൽ നിന്ന് എക്സ്എഫ്, എക്സ്ജെ, എക്സ് ഇ തുടങ്ങിയ ശ്രേണിയിലുള്ള വിസ്മയസൃഷ്ടികളാണ് ഇപ്പോൾ നിരത്തിലുള്ളത്.

തലപ്പത്തെ മാറ്റങ്ങൾ

കാറുകൾ ‘ക്ലാസ്’ തെളിയിച്ചെങ്കിലും ജാഗ്വറിന്റെ ഉടമസ്ഥാവകാശം പലവട്ടം മാറിമറിഞ്ഞു. നഷ്ടക്കഥകളും  അകന്നുനിന്നില്ല. അറുപതുകളുടെ അവസാനം ബ്രിട്ടിഷ് മോട്ടോർ കോർപറേഷനിൽ ലയിച്ച ജാഗ്വർ പിന്നിടു ബ്രിട്ടിഷ് ലെയ്‌ലാൻഡിന്റെയും ഭാഗമായി. ഈ നീക്കം പരാജയമായതോടെ കമ്പനികൾ വീണ്ടും വേർപിരിക്കപ്പെട്ടു. പബ്ലിക് കമ്പനിയായി മാറിയ ജാഗ്വർ കൂടുതൽ സാമ്പത്തിക പ്രതിസന്ധികളിലേയ്ക്കാണു കൂപ്പുകുത്തിയത്. 1984 ൽ ജാഗ്വർ വീണ്ടും സ്വകാര്യ ഉടമസ്ഥതയിലേയ്ക്കു തിരിച്ചെത്തി.

ജാഗ്വറിന്റെ രക്ഷപ്പെടുത്തലിനായി സർ ജോൺ ഇഗാന്റെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങൾ പൂർണമായും വിജയത്തിലെത്തിയില്ല. 1990 ൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ലിസ്റ്റിങ്ങിൽ നിന്നു പിന്തള്ളപ്പെട്ട ജാഗ്വറിനെ ഫോഡ് ഏറ്റെടുത്തു. ഫോഡിന്റെ കുടക്കീഴിലും ലാഭമുണ്ടാക്കാൻ ജാഗ്വറിനായില്ല. 2000 ൽ ഫോഡ് ലാൻഡ് റോവറിനെയും ഏറ്റെടുത്തതോടെയാണു ജാഗ്വർ ലാൻഡ്റോവർ രൂപീകൃതമായത്.  ജാഗ്വർ എന്ന ഇംഗ്ലിഷ് അഭിമാനത്തിന് ഇന്ന് ഇന്ത്യൻ വിലാസമാണ്. ടാറ്റ മോട്ടോഴ്സാണ്  ഇപ്പോൾ ജാഗ്വറിന്റെ ഉടമസ്ഥർ. നഷ്ടങ്ങളുടെ പരമ്പര തീർത്ത ജാഗ്വർ 2010ൽ ലാഭത്തിന്റെ ട്രാക്കിലേയ്ക്കും കടന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA