കരിങ്കടലിലേയ്ക്ക് തെന്നിയിറങ്ങിയ വിമാനം; തുലാസിൽ വച്ചത് 168 ജീവൻ

Turkey-Plane
SHARE

തുർക്കിയിലെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാണ് ട്രാബ്സോൺ. പ്രാചീന സിൽക്ക് റൂട്ടിന്റെ ഭാഗമായ ഈ നഗരത്തിൽ സമ്പന്നമായ സാംസ്കാരിക പൈതൃകമാണുള്ളത്. അതുകൊണ്ടു തന്നെ വിനോദ സഞ്ചാരിക്കളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നാണ് കരിങ്കടലിന്റെ തീരത്തുള്ള ഈ നഗരം. പക്ഷെ കഴിഞ്ഞ ദിവസം ട്രാബ്സോൺ വാർത്തയിൽ ഇടം പടിച്ചത് ഒരു വിമാനാപകടത്തിന്റെ പേരിലായിരുന്നു. വിമാന ജീവനക്കാർ അടക്കം 168 പേരുടെ ജീവൻ തുലാസിൽ വെച്ചൊരു അപകടത്തിന്റെ പേരിൽ.

തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍നിന്ന്  ട്രാബ്സോണിലേക്ക് പുറപ്പെട്ടതായിരുന്നു എയർ പെഗാസസിന്റെ ബോയിങ് 737– 800 വിമാനം. ട്രാബ്സോൺ വിമാനത്താവളത്തിൽ ഇറങ്ങുന്നതുവരെ കാര്യങ്ങളെല്ലാം അനുകൂലമായിരുന്നു. കരിങ്കടലിന് സമാന്തരമായുള്ള റൺവേയിലെ ലാൻഡിൽ മനോഹരമായ കാഴ്ചകളാണ് യാത്രക്കാർക്ക് സമ്മാനിക്കുന്നത്. 

എന്നാൽ ഇത്തവണത്തെ ലാൻഡിൽ യാത്രക്കാർക്ക് സമ്മാനിച്ചത് ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഓർമ്മകളായിരിക്കും. മഴ പെയ്ത് നനഞ്ഞ റൺവേയിലെ ലാൻഡിങ്ങാണ് അപകടം വരുത്തിവെച്ചത് എന്നാണ് ആദ്യ റിപ്പോർട്ടുകൾ. റൺവേ വിട്ടു കുത്തനെ കടലിലേക്കു തെന്നിയിറങ്ങുകയായിരുന്നു. കടലിൽ നിന്നു മീറ്ററുകൾ മാത്രം അകലെ ചെളിയിൽ പുതഞ്ഞാണു വിമാനം നിന്നത്.

ശനിയാഴ്ച പ്രദേശിക സമയം രാത്രി 11.33 നാണ് അപകടം നടന്നത്. രണ്ട് ക്ലാസുകളിലായി ഏകദേശം 162 യാത്രക്കാരെയും രണ്ട് പൈലറ്റ് ഉൾപ്പെടെ ആറു വിമാനജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 2640 മീറ്റർ നീളുമുണ്ടായിരുന്ന റൺവേയിൽ ഏകദേശം 2400 മീറ്റർ സഞ്ചരിച്ചതിന് ശേഷമാണ് ഇടതുഭാഗത്തേയ്ക്ക് തെന്നി നീങ്ങി കരിങ്കടലിലേയ്ക്ക് മറിഞ്ഞത്. അപകടത്തിന്റെ ആഘാതത്തിൽ വിമാനത്തിന്റെ വലത്തേ എൻജിൻ തെറിച്ച് കടലിൽ വീണു.

അഞ്ചു വർഷവും രണ്ടുമാസവും പഴക്കുമുണ്ടായിരുന്ന വിമാനമായിരുന്നു അപകടത്തിൽ പെട്ടത്. 2012 നവംബർ 15നായിരുന്നു വിമാനം ആദ്യമായി പറന്നത്. എന്നാൽ 2640 മീറ്റർ ദൈർഘ്യമുള്ള റൺവേ അവസാനിക്കാൻ 240 മീറ്റർ മാത്രം ഉള്ളപ്പോഴാണ് വിമാനം കടലിലേക്ക് പതിച്ചത്. എന്നാൽ ഇതിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുണ്ട്. വിമാനം നിർത്താറായപ്പോൾ, അതായത് വളരെ വേഗം കുറഞ്ഞ അവസ്ഥയിലെത്തിയ ശേഷം എങ്ങനെയാണ് ഇത്ര ശക്തമായി തെന്നി മാറിയതെന്ന ചോദ്യവും ഉയരുന്നുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ അപകടകാരണം വ്യക്തമാക്കാനാകൂവെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA