എരിഞ്ഞൊടുങ്ങിയത് 583 പേർ, 41 വർഷത്തിനിപ്പുറവും നടുക്കത്തോടെ ലോകം

plane-crash
SHARE

വിമാനാപകടങ്ങൾ വാർത്തകളിൽ ഇടംപിടിക്കുന്നത് അതിൽ മരണമടയുന്ന ആളുകളുടെ എണ്ണം കൊണ്ടാണ്. 800 ൽ അധികം ആളുകളെ കയറ്റാൻ ശേഷിയുള്ള വിമാനങ്ങൾ വരെ ഇന്നുണ്ട്. അപ്പോൾ രണ്ടു വിമാനങ്ങള്‍ കൂട്ടിയിടിച്ചാൽ അതിലെ മരണ സംഖ്യ ഞെട്ടിക്കുന്നതായിരിക്കും. അത്തരത്തിലൊരു വാർത്തയുടെ ഞെട്ടലിലായിരുന്നു 1977 മാർച്ച് 27. രണ്ടു വിമാനങ്ങൾ കൂട്ടിയിടിച്ചിട്ട് 583 പേർ മരിച്ചിരിക്കുന്നു. അപകടം നടന്നിട്ട് 41 വർഷങ്ങള്‍ പിന്നിടുമ്പോഴും ഇന്നും നടുക്കത്തോടെ മാത്രമേ ഓർക്കാനാവും കാരണം 1977 മുമ്പും അതിന് ശേഷവും ഇത്രയധികം ആളുകൾ മരിച്ച മറ്റൊരു വിമാനാപകടം നടന്നിട്ടില്ല. ചെറിയൊരു പിഴവിനുപോലും വലിയ വില കൊടുക്കേണ്ടി വരും എന്നു തെളിയിച്ച ആ അപകടം അമേരിക്കന്‍ വിമാനകമ്പനിയായ ബോയിങ്ങിന്റെ രണ്ട് 747 വിമാനങ്ങള്‍ കൂട്ടിയിടിച്ചാണ് ഉണ്ടായത്. 

 ‌ടെനറീഫ് എയര്‍ക്രാഷ് അപകടം ഇങ്ങനെ

സ്‌പെയിനിലെ ടെനറീഫ് ദ്വീപിലെ റണ്‍വേയില്‍ വെച്ചാണ് ഡച്ച് വിമാനക്കമ്പനിയായ കെഎല്‍എമ്മിന്റെ വിമാനവും അമേരിക്കന്‍ കമ്പനിയായ പാനാമ്മിന്റെ വിമാനവുമാണ് കൂട്ടിയിടിച്ചത്. സ്‌പെയിനിലെ ഗ്രാന്‍ കനേറിയ വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങളായിരുന്നു രണ്ടു വിമാനങ്ങളും. എന്നാല്‍ ഗ്രാന്‍ കനേറിയയിലെ ബോംബ് സ്‌ഫോടനവും ബോംബ് ഭീഷണിയെയും തുടര്‍ന്ന് വിമാനത്താവളം താല്‍ക്കാലികമായി അടച്ചതുകൊണ്ട് ഈ രണ്ടു വിമാനങ്ങള്‍ അടക്കം അഞ്ചു വിമാനങ്ങള്‍ ടെനറീഫ് ദ്വീപിലെ ലോസ് റോഡിയോസ് വിമാനത്താവളത്തിലേക്ക് വഴി തിരിച്ചുവിട്ടു. 

tenerife-plane-carsh
Tenerife airport disaster

പാനാമ്മിന്റെ വിമാനത്തിൽ 19 ക്രൂ അടക്കം മൊത്തം 380 യാത്രക്കാരുണ്ടായിരുന്നു‍. കെഎല്‍എമ്മിന്റെ വിമാനത്തില്‍ ഫ്ളൈറ്റ് ക്രൂ അടക്കം 248 യാത്രക്കാരും. ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് അടച്ച ഗ്രാന്‍ഡ് കനേറിയ വിമാനത്താവളം വീണ്ടും തുറന്നു എന്ന അറിയിപ്പു കിട്ടിയ ശേഷമാണ് വിമാനങ്ങള്‍ പുറപ്പെടാന്‍ തയാറായത്. ടേക്ക് ഓഫിനുള്ള കെഎല്‍എം വിമാനം റണ്‍വേയിലൂടെ ടാക്‌സി ചെയ്ത് അറ്റത്ത് എത്തിയതിന് ശേഷം ടേക്ക് ഓഫ് ചെയ്യാൻ അനുമതി നല്‍കി. 

ഇതേസമയം പാന്‍ അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനം റണ്‍വേയിലൂടെ ടാക്‌സി ചെയ്ത് മൂന്നാമത്തെ എക്‌സിറ്റിലൂടെ ടാക്‌സിവേയിലേക്ക് പ്രവേശിച്ച് നാലാം എക്‌സിറ്റിലൂടെ റണ്‍വേയിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കി. എന്നാല്‍ കനത്ത മൂടല്‍മഞ്ഞ് നിമിത്തം മൂന്നാമത്തെ എക്‌സിറ്റ് പാനാം വിമാനത്തിന് നഷ്ടമായി (റണ്‍വേയില്‍ എക്‌സിറ്റുകള്‍ക്ക് കൃത്യമായ നമ്പറില്ലായിരുന്നുവെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി). 

tenerife-plane-carsh-1
Tenerife airport disaster

ടവറില്‍ നിന്നിരുന്ന എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ക്ക് റണ്‍വേയില്‍ കിടന്ന രണ്ടു വിമാനങ്ങള്‍ ഇപ്പോള്‍ എവിടെയാണ് എന്നു കാണാന്‍ സാധിക്കാത്തതും, രണ്ടു വിമാനങ്ങളിലെ പൈലറ്റുമാര്‍ക്കും എതിര്‍ദിശയില്‍ സമീപിച്ചു കൊണ്ടിരുന്ന വിമാനങ്ങളെയും കാണാന്‍ സാധിക്കാത്തതും അപകടകാരണമായി. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍നിന്ന് ക്ലിയറന്‍സ് ലഭിക്കുന്നതിന് മുന്നേ പറന്നുയരാന്‍ ശ്രമിച്ച കെഎല്‍എം വിമാനത്തിന്റെ പൈലറ്റിന്റെ അക്ഷമയാണ് അപകടകാരണങ്ങളിലൊന്ന് എന്നാണ് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തിയത്.

അപകടം മുന്നിൽ കണ്ട രണ്ട് വിമാനങ്ങളിലെ പൈലറ്റുമാരും അവസാനനിമിഷം ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും അവയെല്ലാം പാഴ്ശ്രമങ്ങളായി. കെഎൽഎമ്മിന്റെ വലതു ചിറകും മെയിന്‍ ലാന്‍ഡിംഗ് ഗിയറും എന്‍ജിനുകളും പാനാമ്മിന്റെ  മുകളില്‍ വന്നിടിച്ചു. ഇടിയുടെ ആഘാതത്തില്‍ പാന്‍ എഎമ്മിന്റെ  മുകള്‍വശം മുഴുവനായി തകര്‍ന്നു. കെഎല്‍എമ്മിലെ 248 യാത്രക്കാരില്‍ ഒരാള്‍ പോലും അപകടത്തെ അതിജീവിച്ചില്ല. എഎമ്മിലെ 380 യാത്രക്കാരില്‍ 66 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഏറ്റവും മുന്നിലും പിന്നിലുമായി ഇരുന്നവരാണ് രക്ഷപ്പെട്ടത്. രണ്ടു വിമാനങ്ങളിലുമായി 583 പേര്‍ മരണപ്പെട്ടു. സിവില്‍ ഏവിയേഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായി ഇത് മാറുകയും ചെയ്തു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA