sections
MORE

സൂപ്പർതാരത്തിന് സഞ്ചരിക്കുന്ന ജിംനേഷ്യം, കോതമംഗലത്തു നിന്നും

SHARE

സിക്സ് പാക്കും മസിലൻ ബോഡിയും യുവാക്കളുടെ ഇഷ്ട ചോയ്സാണ്. അതിപ്പോൾ സിനിമ താരമാണെങ്കിലും ജിമ്മിൽ മണിക്കൂറുകളോളം ചിലവഴിക്കാൻ അവർക്ക് ഒരു മടിയുമില്ല. എന്നും ജിമ്മിൽ പോയി കഷ്ടപ്പെടാതെ  ജിംനേഷ്യം നിങ്ങളുടെ വീട്ടിൽ എത്തിയാലോ? സൂപ്പർ ആയിരിക്കും അല്ലേ. അത്തരത്തിലൊരു സഞ്ചരിക്കുന്ന ജിമ്മാണ് കോതമംഗലം ഓജസിൽ നിന്ന് പുറത്തിറങ്ങിയത്.

mobile-gym
Mobile Gym, Photos: Jimmy Kamballur

ഏതു മൾട്ടി ജിമ്മുകളും തോറ്റുപോകുന്ന സൗകര്യങ്ങളുള്ള ഈ സഞ്ചരിക്കുന്ന ജിം ഒരുക്കിയിരിക്കുന്നത് കന്നട സൂപ്പർതാരവും മുൻ പ്രധാനമന്ത്രി എച്ച്‍ഡി ദേവഗൗഡയുടെ കൊച്ചുമകനുമായ നിഖിൽ കുമാരസ്വാമിക്ക് വേണ്ടിയാണ്. ഇന്ത്യയിലെ തന്നെ ആദ്യത്തെ സഞ്ചരിക്കുന്ന ജിം എന്ന ഖ്യാതിയിൽ പുറത്തിറക്കിയ ഈ വാഹനം നിർമിച്ചത് ടാറ്റയുടെ 1512 ബസ് ഷാസിയിലാണ്.

mobile-gym-3
Mobile Gym

ബോഡി ബിൽഡിങ്ങിൽ അതീവ ശ്രദ്ധാലുവായ നിഖിൽ സിനിമാ ചിത്രീകരണത്തിനായി നഗരംവിട്ടു ദൂരെസ്ഥലങ്ങളിൽ പോകേണ്ടിവരുമ്പോൾ പതിവു വ്യായാമം മുടങ്ങാതിരിക്കാനാണു സഞ്ചരിക്കുന്ന ജിംനേഷ്യം ഒരുക്കിയത്. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ഉപകരണങ്ങളാണ് ഈ സഞ്ചരിക്കുന്ന ജിമ്മിൽ ഫിറ്റ് ചെയ്തിരിക്കുന്നത്. റിമോട്ടിൽ പ്രവർത്തിക്കുന്ന തരത്തിലാണ് ജിമ്മിന്റെ ഡോറും സ്റ്റെപ്പും. പൂർണ്ണമായും ശീതീകരിച്ച ഇന്റരീയറിന്റെ ഫ്ലോറിൽ ജിമ്മുകളിൽ ഉപയോഗിക്കുന്നതരത്തിലുള്ള റബർമാറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ഇരുവശങ്ങളിലും കണ്ണാടിയുമുണ്ട്.

mobile-gym-4
Mobile Gym

ജിംനേഷ്യത്തോട് ചേര്‍ന്ന് ബാത്ത് റൂമും ഒരുക്കിയിട്ടുണ്ട്. കുളിക്കാനായി ഷവർ. ഹീറ്റര്‍, ഫാന്‍, ഫ്‌ളൈറ്റില്‍ ഉപയോഗിക്കുന്നതരം ക്ലോസെറ്റ്, തുടങ്ങിയവ സജ്ജീകരിച്ചിരിക്കുന്നു. രണ്ട് എല്‍.സി.ഡി. ടെലിവിഷനും സി.സി.ടി.വി. സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. സാധാരണ വാഹനങ്ങളെക്കാൾ അൽപം ഉയരക്കൂടുതലാണ് ഓജസ് നിർമിച്ച ഈ സഞ്ചരിക്കുന്ന ജിമ്മിന്. ബോഡി ബില്‍ഡിങ് ഉപകരണങ്ങൾ ഘടിപ്പിക്കുന്നതിന് വേണ്ടിയാണ് ഉയരം വർധിപ്പിച്ചത് എന്നാണ് ഓജസ് ഓട്ടോമൊബൈൽസ് ഉടമ ബിജു മാർക്കോസ് പറയുന്നത്.

mobile-gym-6
Mobile Gym

പൂർണ്ണമായും ഇറക്കുമതി ചെയ്ത ജിം ഉപകരണങ്ങൾ വാഹനത്തിൽ ഘടിപ്പിക്കുന്നതിനായി ചെറിയ മോഡിഫിക്കേഷനുകളും വരുത്തേണ്ടി വന്നു. ഏകദേശം ആറുമാസത്തെ പരിശ്രമത്തിന്റെ ഫലമായാണ് ജിം പുറത്തിറങ്ങിയത്. സഞ്ചരിക്കുന്ന ജിം എന്ന ആശയവുമായി ഡിസി പോലുള്ള രാജ്യത്തെ പ്രമുഖ വാഹന മോഡിഫിക്കേഷൻ വർക്ക്ഷോപ്പുകളെ സമീപിച്ചിരുന്നുവെങ്കിലും അവരുടെ വർക്കുകളിൽ താൽപര്യം തോന്നാത്തതിലാണ് ഓജസിനെ സമീപിച്ചത് എന്നാണ് വാഹനം ബാംഗ്ലൂരിവിലേക്ക് കൊണ്ടുപോകാനെത്തിയ നിഖിൽ കുമാരസ്വാമിയുടെ മാനേജർ പറയുന്നത്.

biju-ojes
Biju Ojes

ഓജസ്

കേരളത്തിൽ സ്പെഷ്യൽ പർപ്പസ് വാഹനങ്ങൾ നിർമിക്കുന്നതിൽ പ്രധാനികളാണ് ഓജസ് ഓട്ടോമൊബൈൽസ്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, പൃഥ്വിരാജ്, അനൂപ് മേനോന്‍, പ്രിയദര്‍ശന്‍ തുടങ്ങി നിരവധി താരങ്ങളുടെ ക്യാരവാനുകൾ ഓജസിൽ നിർമിച്ചിട്ടുണ്ട്. കൂടാതെ മൊബൈൽ എടിഎം, മൊബൈൽ മെഡിക്കൽ യുണിറ്റുകൾ, ട്രെയിനിങ് സെന്ററുകൾ, മൊബൈൽ ഐസിയു, ഓബി വാനുകള്‍ തുടങ്ങി നിരവധി വാഹനങ്ങൾ ഓജസിൽ നിർമിക്കുന്നുണ്ട്. സഞ്ചിരിക്കുന്ന ജിം കൂടാതെ ഒരു ക്യാരവാനും നിഖിൽ കുമാരസ്വമിക്കായി ഓജസിൽ നിർമിക്കുന്നുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA