മാരുതി ടു ബെൻസ്, സിത്താരയുടെ വാഹന വഴികള്‍

സിത്താര കൃഷ്ണകുമാർ
SHARE

ഒരു പ്രതിസന്ധി ഉണ്ടാകുമ്പോഴാണ് നമ്മൾ മുന്നേറുക എന്നു പറയാറില്ലേ...? അതുപോലെ ലൈഫിലെ ടേണിങ് പോയിന്റായിരുന്നു ഡ്രൈവിങ്. അത്യാവശ്യമായി കോഴിക്കോട്ടെ വീട്ടിലെത്തണം. ഭർത്താവ് ഡോ. സജീഷാണെങ്കിൽ കെനിയയിൽ ഒരു മെഡിക്കൽ ക്യാംപിലും. സാധാരണ വിളിക്കാറുള്ള ടാക്സി കിട്ടിയില്ല. നോ ട്രെയിൻ ടിക്കറ്റ്... ഇനി എന്തു ചെയ്യും? മോളും അമ്മയുമെല്ലാം നാട്ടിലാണ്. ആലുവയിലെ വീട്ടിൽ ഞാൻ ഒറ്റയ്ക്ക്. എങ്ങനെയെങ്കിലും പോയേ പറ്റൂ...

Sithara Krishnakumar
സിത്താര കൃഷ്ണകുമാർ ഫോട്ടോ: ലെനിൻ.എസ്.ലങ്കയിൽ

വീട്ടിലെ പോർച്ചിൽ കിടക്കുന്ന മെഴ്സിഡീസ് ബെൻസ് ജിഎൽഎ 200 സിഡിഐ എന്നെയിങ്ങനെ നോക്കുകയാണ്... ഒന്നു ട്രൈ ചെയ്തു നോക്ക് എന്നു പറയുന്നപോലെ. ഓടിച്ചു നോക്കിയാലോ? ലൈസൻസ് എടുക്കാൻ ഓടിച്ചതാണ് പിന്നെ ഇതുവരെ ആ പരിപാടിക്കു നിന്നിട്ടില്ല. ഒരു പ്രതിസന്ധി ഉണ്ടാകുമ്പോഴാണ് നമ്മൾ മുന്നേറുക എന്നു പറയാറില്ലേ.. അതുപോലെ ലൈഫിലെ ടേണിങ് പോയിന്റായിരുന്നു ഡ്രൈവിങ്. ഹസ്ബൻഡിനു വാട്ട്സാപ് ചെയ്തു. ഞാൻ ഡ്രൈവ് ചെയ്യട്ടെ? ഓക്കെ... യു ക്യാൻ സജിഷ് കരുതി ഞാൻ തമാശയ്ക്കു പറയുന്നതാണെന്ന്. ഒരു ധൈര്യത്തിൽ വണ്ടിയെടുത്ത് പമ്പ് വരെ പോയി ഡീസൽ നിറച്ചുവന്നു. പിന്നെ ഞങ്ങളുടെ വില്ലയിൽ അങ്ങോട്ടുമിങ്ങോട്ടും കുറെ ഓടിച്ചു. പിന്നെ മെർക്കുമായി നേരെ വിട്ടു... കെനിയയിലെ മെഡിക്കൽ ക്യാംപിലിരിക്കുന്ന ഡോ.സജീഷിന്റെ വാട്സാപ്പിൽ ഒരു ഇമേജ്

‘ദേ... സിത്തൂ ഡ്രൈവ് ചെയ്യുന്നു!’ സജീഷ് പെട്ടെന്ന് എക്സൈറ്റഡ് ആയി. വിഡിയോ കാൾ ചെയ്തു. ഞാൻ അപ്പോഴേക്കും തൃശൂർ കഴിഞ്ഞിരുന്നു. ഇത്ര ദൂരം വരാമെങ്കിൽ പിന്നെ ബാക്കി ഒരു പ്രശ്നവുമില്ല. ഫോൺ വച്ചു വേഗം വിട്ടോളാൻ പറഞ്ഞു... വീട്ടിൽ അച്ഛനെ വിളിച്ചു, ‘എന്റെ സുഹൃത്ത് വരും. വീട്ടിനു പുറത്തിറങ്ങി നിൽക്കണം’ എന്നു പറഞ്ഞു. എല്ലാവരും ഗെയിറ്റിനു വെളിയിൽ വന്നു. നോക്കുമ്പോൾ ഞാൻ ഡ്രൈവ് ചെയ്തു വരുന്നു. അച്ഛൻ കാറിനക്കത്തേക്കു നോക്കി, വേറെ ആരെങ്കിലും ഉണ്ടോ എന്നറിയാൻ! 

sithara-benz-5
സിത്താര കൃഷ്ണകുമാർ ഫോട്ടോ: ലെനിൻ.എസ്.ലങ്കയിൽ

അങ്ങനെ എന്റെ ഡ്രൈവ് ഒരു സംഭവമായി.  ഇതെല്ലാം സംഭവിച്ചിട്ട് ഒരു വർഷം ആയതേയുള്ളൂ. അതിനുശേഷം ഡ്രൈവിങ് ഇഷ്ടപ്പെട്ടുതുടങ്ങി. എന്റെ ആവശ്യങ്ങൾക്കെല്ലാം ആരെയും ആശ്രയിക്കേണ്ട. എവിടെ പ്രോഗ്രാമുണ്ടെങ്കിലും സ്വയം ഡ്രൈവ് ചെയ്തു പോകും. എനിക്കിഷ്ടമുള്ള പാട്ടു കേൾക്കാം. ഒരുപക്ഷേ, ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് കാറിലായിരിക്കും. ഞങ്ങൾ സാധാരണ ഡ്രൈവ് ചെയ്യുമ്പോൾ പാട്ടു വയ്ക്കാറില്ല. സംസാരിച്ചുകൊണ്ടിരിക്കും.. സിത്താരയുടെ ഭർത്താവും കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലെ കാർഡിയോളജിസ്റ്റായ ഡോ.സജീഷ് പറ‍ഞ്ഞു. ഒരുമിച്ചാണെങ്കിൽ ‍ഞാനാണ് ഡ്രൈവ് ചെയ്യുക. സിത്താര ഡ്രൈവ് ചെയ്യാൻ തുടങ്ങിയ ശേഷം ഞാൻ കുറച്ചു റിലാക്സ് ആയി. 

മാരുതി ടു ബെൻസ്

ആദ്യം വീട്ടിലുണ്ടായിരുന്ന വണ്ടി മാരുതി 800 ആയിരുന്നു. കല്യാണത്തിന്റെ സമയത്തു ഹസ്ബൻഡിനു മാറ്റിസ് ഉണ്ടായിരുന്നു. പിന്നെ സ്വിഫ്റ്റ് വാങ്ങി, അതുകഴിഞ്ഞു ഡസ്റ്റർ എടുത്തു. ഒന്നരലക്ഷം കിലോമീറ്റർ ആയപ്പോൾ അതു മാറ്റി ബെൻസ് എടുത്തു. വാഹനങ്ങളെക്കുറിച്ച് എനിക്കു വലിയ ധാരണ ഇല്ല. ഇതെല്ലാം ശ്രദ്ധിക്കുന്നത് ഭർത്താവാണ്. യാത്രകൾ കൂടുതലുള്ളതിനാൽ കാർ വാങ്ങുമ്പോൾ സുരക്ഷയ്ക്കു പ്രാധാന്യം കൊടുത്തിരുന്നു. 

sithara-benz-3
സിത്താര കൃഷ്ണകുമാർ ഫോട്ടോ: ലെനിൻ.എസ്.ലങ്കയിൽ

കൂട്ടുകാരോടും അഭിപ്രായം ചോദിച്ചിരുന്നു. ഭർത്താവിന്റെ സിലക്‌ഷനായിരുന്നു ബെൻസ് ജിഎൽഎ 200 സിഡിഐ. രണ്ടു വർഷമാകുന്നു ജിഎൽഎ ഉപയോഗിക്കാൻ തുടങ്ങിയിട്ട്. യാത്രചെയ്യാനും ഡ്രൈവ് ചെയ്യാനും വളരെ കംഫർട്ടബിൾ ആണ്. ഗ്രൗണ്ട്ക്ലിയറൻസ് ഉള്ളതുകൊണ്ട് ഇവിടെ റോഡുകളിൽ പ്രശ്നമില്ലാതെ ഓടിക്കാം. കോംപാക്ട് എസ്‍യുവി ആയതിനാൽ ഞങ്ങളുടെ ചെറിയ ഫാമിലിക്കു വളരെ കംഫർട്ടബിൾ ആയി തോന്നിയിട്ടുണ്ട്. ഇതിലെ സ്റ്റീരിയോ വളരെ നല്ലതാണ്. നെഗറ്റീവ് ആയി തോന്നിയൊരു കാര്യം ബൂട്ട് സ്പെയ്സ് കുറവാണ് എന്നുള്ളതാണ്. സ്റ്റെപ്പിനി ടയർ കൂടിയാകുമ്പോൾ സ്പെയ്സ് പിന്നെയും കുറയും.

ഡിഗ്രിക്കു പഠിക്കുമ്പോൾ ഡ്രൈവിങ് ക്ലാസിനൊക്കെ പോയിരുന്നു. പക്ഷേ, അന്നു ലൈസൻസ് എടുക്കാനായില്ല. വിവാഹശേഷമാണ് ഡ്രൈവിങ് പഠിക്കുന്നതും ലൈസൻസ് എടുക്കുന്നതും. എന്നിട്ടും കുറച്ചുകാലം ഡ്രൈവ് ചെയ്യാതിരുന്നു. സജീഷ് ആണെങ്കിൽ ഡ്രൈവിങ് സീറ്റിലല്ലാതെ വേറൊരിടത്തും കംഫർട്ടബിൾ അല്ല. നൈറ്റ് ഡ്രൈവ് ചെയ്യാനെല്ലാം ഇഷ്ടമാണ്. അതിനാൽ ഡ്രൈവിങ് അത്യാവശ്യമായി തോന്നിയില്ല. അഞ്ചു കിലോമീറ്റർ പോലും ഒറ്റയ്ക്കു വണ്ടിയോടിച്ചിട്ടില്ലാത്ത ഞാൻ അന്നു ഒറ്റയടിക്ക് 160 കിലോമീറ്ററോളം ഓടിച്ചു. അച്ഛൻ കൃഷ്ണകുമാറിന് ഹ്യുണ്ടായ് ഐ10 ഓട്ടമാറ്റിക് ഉണ്ട്. അതിപ്പോൾ ‍ഞാനാണ് കൂടുതലും ഉപയോഗിക്കുന്നത്. സിറ്റി ഡ്രൈവിനും റിക്കോർഡിങ്ങിനും മറ്റും പോകുമ്പോൾ അതുപയോഗിക്കും. പാർക്കിങ് കുറച്ചുകൂടി എളുപ്പമാണ്.

sithara-benz-2
സിത്താര കൃഷ്ണകുമാർ ഫോട്ടോ: ലെനിൻ.എസ്.ലങ്കയിൽ

ഡാൻസ്

ഡാൻസും മ്യൂസിക്കും ഒരുമിച്ചാണു പഠിച്ചിരുന്നത്. യൂണിവേഴ്സിറ്റി കലാതിലകമായിരുന്നു. ഇടയ്ക്കെപ്പഴോ പാട്ടിനു കൂടുതൽ ശ്രദ്ധ കിട്ടിയപ്പോൾ ഡാൻസ് പ്രാക്ടീസ് ചെയ്യാൻ സമയം കിട്ടാതായി. ഡാൻസിലേക്കു തിരിച്ചുവരണമെന്ന് ആഗ്രഹമുണ്ട്. 

സംഗീതസാന്ദ്രമായ യാത്രകൾ

സംഗീതയാത്രകളാണ് കൂടുതലും. മ്യൂസിക് ഫെസ്റ്റിവൽ മിക്കതിലും പങ്കെടുക്കും. മലേഷ്യയിലെ വേൾഡ് റെയിൻഫോറസ്റ്റ് മ്യൂസിക് ഫെസ്റ്റിവൽ കുച്ചിങ്ങിൽ കഴിഞ്ഞവർഷം പോയി. ലോകത്തിലെതന്നെ ഏറ്റവും മികച്ച പത്തു മ്യൂസിക് ഫെസ്റ്റിവലുകളിൽ ഒന്നാണത്. യാത്രകൾ രണ്ടുപേർക്കും ഒരുപാടിഷ്ടമാണ്. പ്രോഗ്രാമുമായി ബന്ധപ്പെട്ട യാത്രകൾക്കു പോകുമ്പോൾ കാണാത്ത സ്ഥലങ്ങളാണെങ്കിൽ കുറച്ചുദിവസം അവിടെ തങ്ങാൻ പറ്റുന്ന രീതിയിൽ പ്ലാൻ ചെയ്യും. കൊൽക്കത്തയിലെ ഡോവർലെയിൻ മ്യൂസിക് ഫെസ്റ്റിവലും മിസ് ചെയ്യാറില്ല. അവിടെ രബീന്ദ്ര ഭാരതി യൂണിവേഴ്സിറ്റിയിലാണ് ഞാൻ ഹിന്ദുസ്ഥാനി ഖ്യാൽ മ്യൂസിക്കിൽ പിജി ചെയ്തത്. രണ്ടുമാസം മുൻപ് രാജസ്ഥാനിലെ സൂഫി ഫെസ്റ്റിവലിനു പോയി. സംഗീതത്തിൽ താൽപര്യമുള്ള ഫ്രണ്ട്സും ഞങ്ങളോടൊപ്പം കൂടാറുണ്ട്. 

മറക്കാനാവാത്ത യാത്ര

ലണ്ടനിൽ പ്രോഗ്രാമിനു പോയപ്പോൾ അവിടെ നിന്നു സ്കോട്‍ലൻഡ് വരെ ട്രെയിനിൽ പോയി. എഡിൻബറോയിൽനിന്നു കാർ വാടകയ്ക്കെടുത്ത് ഒരു ഡ്രൈവ് പോയി. അതാണ് റോഡ് യാത്രകളിൽ മറക്കാനാകാത്ത കാഴ്ചാനുഭവം. മുഴുവൻ പച്ചപ്പ്, ഒരുവശത്തു പൂർണമായും ഉരുകിത്തീരാത്ത മഞ്ഞുമല. എവിടെ നോക്കിയാലും സുന്ദര ഫ്രെയിം. ശരിക്കും ആസ്വദിച്ച റോഡ് ട്രിപ്പ് ആയിരുന്നു. എവിടെപോയാലും ആ സ്ഥലത്തിന്റെ ഓർമയ്ക്ക് എന്തെങ്കിലും വാങ്ങാറുണ്ട്. വീട്ടിലിപ്പോൾ കൗതുകവസ്തുക്കളുടെ കളക്‌ഷൻ തന്നെയുണ്ട്. മോൾ അഞ്ചുവയസ്സുകാരി സാവൻ റിതുവിനായി പ്രത്യേക ട്രിപ് തന്നെ പ്ലാൻ ചെയ്യാറുണ്ട്. അച്ഛനും അമ്മയുമൊത്തും യാത്ര പോകാറുണ്ട്.

sithara-benz-1

കേൾക്കാനിഷ്ടം

ഒറ്റയ്ക്കു ഡ്രൈവ് ചെയ്യുമ്പോൾ ഇപ്പോൾ കേൾക്കാൻ ഏറ്റവും ഇഷ്ടം കോക്ക് സ്റ്റുഡിയോ ആണ്.  യൂട്യൂബ് ബ്ലൂടുത്ത് വഴി കണക്ട് ചെയ്തു കേട്ടുകൊണ്ടിരിക്കും. എല്ലാവരുംകൂടിയുള്ളപ്പോൾ പാട്ടുവയ്ക്കുന്ന പതിവില്ല. വിശേഷങ്ങളൊക്കെ പറഞ്ഞിരിക്കും. ഞങ്ങൾ രണ്ടുപേരും ജോലി കഴിഞ്ഞു വീട്ടിലെത്തുന്നത് ഏകദേശം ഒരു സമയത്താകും. അപ്പോൾ ഞങ്ങൾ വണ്ടിയെടുത്ത് മെല്ലെ പുറത്തേക്കിറങ്ങും. മോളെയും അമ്മയെയും കൂട്ടി പുറത്തിറങ്ങും. സിനിമയ്ക്കു പോകും. 

ഓട്ടോ എന്റെ സ്വന്തം 

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലായിരുന്നു അച്ഛനു ജോലി. പഠിച്ചതെല്ലാം അവിടെത്തന്നെ. അമ്മ സാലിയാണ് എന്നെ ഡാൻസ് ക്ലാസിലും പാട്ടു ക്ലാസിലുമെല്ലാം കൊണ്ടുനടന്നിരുന്നത്. ഒഴിവു ദിവസങ്ങളിൽ ഞങ്ങൾ പുറത്തുപോകുകയോ സിനിമയ്ക്കു പോകുകയോ ഒക്കെ ചെയ്യും. 

പ്ലസ്ടുവിന് തേഞ്ഞിപ്പലം എൻഎംഎം എച്ച്എസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുമ്പോൾ സ്കൂൾ ബസ് ഉണ്ടായിരുന്നു. ഞാൻ മിക്ക ദിവസവും ലേറ്റ് ആകുന്നതുകാരണം ഓട്ടോയിൽ ബസിനെ ചേസ് ചെയ്യും. അത്രയും ‘സ്പീഡി’ലായാണ് ഞങ്ങളുടെ പഴഞ്ചൻ ബസ് പോയിരുന്നത്. നടന്നുപോയാലും ബസിനെക്കാളും വേഗം എത്തുമെന്ന്  ഞങ്ങൾ തമാശയായി പറയാറുണ്ട്. ആ ബസ് യാത്ര വളരെ രസമായിരുന്നു. അതുപോലെ ഡിഗ്രിക്കു ഫറൂക്ക് കോളജിൽ പഠിക്കുമ്പോൾ ബസ് സ്റ്റോപ്പിലെത്താൻ ലേറ്റ് ആകും. എന്റെ സുഹൃത്തുകൾ അവിടെ കാത്തുനിൽപ്പുണ്ടാകും ഞാൻ ഓട്ടോ പിടിച്ചു കോളജിൽ പോകുമ്പോൾ കൂടെ വരാൻ...ബസിലെ ഇടി കൊള്ളണ്ടാലോ!

സംഗീത സംവിധായിക

പാട്ടും ഡാൻസിനും കൂടാതെ സംഗീത സംവിധാനരംഗത്തേക്കുകൂടി ചുവടുവച്ചിരിക്കുകയാണ് സിത്താര. മിഥുൻ ജയരാജുമായി ചേർന്നു സംഗീത സംവിധാനം നിർവഹിച്ച ‘ഉടലാഴ’മാണ് സിത്താരയുടെ ആദ്യ സിനിമ. അടുത്ത മാസം റിലീസ് ചെയ്യാനിരിക്കുന്ന ഈ ചിത്രം ഡോക്ടേഴ്സ് ഡെലേമയാണ് നിർമിച്ചിരിക്കുന്നത്. സിത്താര പാടി പാട്ടും ഇതിലുണ്ട്. ഇതിനു മുൻപ് ‘കഥ പറഞ്ഞ കഥ’ യിലെ ഒരു പാട്ടിനു സംഗീതം നൽകിയിട്ടുണ്ട്.  

മേടസൂര്യന്റെ നെഞ്ചിലെ മഞ്ഞാണു നീ...

ഞാൻ പാടും പാട്ടിലെ തോരാത്തൊരീണമായി

'മിഴികളിൽ മഴയുള്ള സന്ധ്യേ... 

മിഴികളിൽ മഴയുള്ള സന്ധ്യേ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA