പുതിയ എർട്ടിഗയെപ്പറ്റി അറിയേണ്ടതെല്ലാം

ertiga-new-model-2
SHARE

സുസുക്കി എംപിവി എർട്ടിഗയുടെ പുതിയ പതിപ്പിനെ ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത മോട്ടോർഷോയിൽ പ്രദർശിപ്പിച്ചത് അടുത്തിടെയാണ്. ഇന്ത്യന്‍ എംപിവി വിപണിയിലെ ജനപ്രിയ താരം എര്‍ട്ടിഗ ഇന്ത്യയിലെത്തുന്നതും കാത്തിരിക്കുകയാണ് ആരാധകർ. അടിമുടി മാറ്റങ്ങളുമായി പ്രീമിയമായി എത്തുന്ന പുതിയ എർട്ടിഗയെപ്പറ്റി അറിയേണ്ടതെല്ലാം.

Ertiga-new
All New Ertiga

കാഴ്ച്ച

കൂടുതല്‍ സ്റ്റൈലിഷായ ഡിസൈനാണ് സുസുക്കി രണ്ടാം തലമുറ എര്‍ട്ടിഗയ്ക്ക് നല്‍കിയിരിക്കുന്നത്. അല്‍പ്പം വലുപ്പം കൂടിയ മുന്‍ഭാഗവും പുതുമയുള്ള ഗ്രില്ലുമുണ്ട്. എല്‍ഇഡി ഡേറ്റം റണ്ണിങ് ലാംപും പ്രൊജക്റ്റര്‍ ഹെഡ് ലാംപും മുന്നിലെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു. വശങ്ങളില്‍ മസ്‌കുലറായ ഷോൾഡര്‍ലൈനും ബോഡിലൈനുമുണ്ട്. ഇന്നോവ ക്രിസ്റ്റയ്ക്ക് സമാനമായ സി പില്ലറുകളാണ്. പുതിയ ടെയില്‍ ലാംപ് വാഹനത്തിന് കൂടുതല്‍ വലിപ്പം സമ്മാനിക്കുന്നു. ഇന്റീരിയറിലും ധാരാളം മാറ്റങ്ങളുണ്ട്. പുതിയ സ്വിഫ്റ്റിനും ഡിസയറിനുമുള്ളതുപോലുള്ള ഫ്ളാറ്റ് ബോട്ടം സ്റ്റിയറിങ് വീലാണ് എര്‍ട്ടിഗയ്ക്കും. ഡാഷ് ബോര്‍ഡില്‍ പുതിയ ഡിസൈനിലുള്ള എസി വെന്റുകളുണ്ട്. കൂടാതെ 6.8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടൈന്‍മെന്റ് സിസ്റ്റവുമുണ്ട്. കൂള്‍ഡ് ഗ്ലൗബോക്‌സാണ് എര്‍ട്ടിഗയുടെ ഇന്തോനേഷ്യന്‍ വകഭേദത്തില്‍. ഇന്തോനേഷ്യൻ വിപണിയിൽ ഇല്ലാത്ത ഓട്ടമാറ്റിക്ക് ക്ലൈമറ്റ് കൺട്രോളും ഇന്ത്യയിലെത്തിയേക്കാം. മൂന്നാം നിര സീറ്റുകളിലെ കൂടുതൽ ലെഗ്സ്പെയ്സാണ് എർട്ടിഗയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. 

ertiga-new-model-1
All New Ertiga

പ്ലാറ്റ്ഫോം

മാരുതി സുസുക്കി അടുത്തിടെ ഇന്ത്യയിൽ പുറത്തിറക്കിയ ഇഗ്‍‌നിസ്, ഡിസയർ, ബലേനോ, സ്വിഫ്റ്റ് എന്നീ വാഹനങ്ങളിലുപയോഗിക്കുന്ന ഹെർട്ട്ടെക് പ്ലാറ്റ്ഫോം തന്നെയാണ് പുതിയ എർട്ടിഗയിലും. ഭാരം കുറഞ്ഞതും കരുത്തുള്ളതുമായ ഈ പ്ലാറ്റ്ഫോം എർട്ടിഗയിലെത്തുമ്പോൾ വാഹനത്തിന് അടിമുടി മാറ്റങ്ങൾ സംഭവിക്കും. 

ertiga-new-model-3
All New Ertiga

അളവുകൾ

ആദ്യ തലമുറയെക്കാള്‍ 99 എംഎം നീളവും 40 എംഎം വീതിയുമുണ്ട് രണ്ടാം തലമുറയ്ക്ക്. എന്നാല്‍ വീല്‍ബെയ്‌സ് 2740 എംഎം തന്നെ. രണ്ടാം നിരയിലും മൂന്നാം നിരയിലും കൂടുതല്‍ സ്‌പെയ്‌സ് ഉണ്ട് പുതിയ കാറിന് എന്നാണ് സുസുക്കി അവകാശപ്പെടുന്നത്. നിലവിലെ എർട്ടിഗയേക്കാൾ ബൂട്ട്സ്പെയ്സ് അൽപ്പം കുറവാണ് പുതിയതിന്. ഉള്ളിലെ സ്ഥലം വർധിച്ചതായിരിക്കും കാരണം. 

എൻജിൻ

ഇന്തോനേഷ്യൻ വിപണിയിൽ പ്രദർശിപ്പിച്ച വാഹനത്തിൽ പുതിയ കെ15ബി എൻജിനാണ് ഉപയോഗിക്കുന്നത്. 1.5 ലീറ്റർ കപ്പാസിറ്റിയുള്ള എൻജിൻ 104 ബിഎച്ച്പി കരുത്തും 138 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 18.06 കി.മീയാണ് പുതിയ എൻജിന്റെ മൈലേജ്. പുതിയ വാഹനത്തിനും. തുടക്കത്തില്‍ 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമായാണ്  എത്തുന്നതെങ്കിലും പിന്നീട് മാരുതി പുതുതായി വികസിപ്പിക്കുന്ന 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനും എര്‍ട്ടിഗയില്‍ വന്നേക്കാം. പുറത്തിറക്കലിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ മാരുതി പുറത്തുവിട്ടിട്ടില്ലെങ്കിലും അടുത്ത ആഗസ്റ്റില്‍  വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA