sections
MORE

എന്തുകൊണ്ട് ജിപി ഇപ്പോഴും ഈ കാർ ഉപയോഗിക്കുന്നു

SHARE

അവതാരകനും നടനുമായ ഗോവിന്ദ് പദ്മസൂര്യ എന്ന ജിപി തന്റെ ഡ്രൈവിങ് ഇഷ്ടങ്ങൾ പങ്കുവയ്ക്കുന്നു....

ഡ്രൈവ് ചെയ്യാൻ ഒരുപാട് മടി ഉണ്ടായിരുന്ന ആളായിരുന്നു ഞാൻ. സൈഡ് സീറ്റിലിരുന്നു കാഴ്ചകൾ കണ്ട്, സ്വപ്നം കണ്ടു യാത്ര ചെയ്യാനായിരുന്നു എനിക്കിഷ്ടം. അവതരണരംഗത്തേക്ക് എത്തിയതോടെ സ്വാഭാവികമായും കൂടുതൽ യാത്ര ചെയ്യേണ്ടി വന്നുതുടങ്ങി. ഇന്നു ഞാൻ യാത്രകളെ, ഡ്രൈവിങിനെ ഒരുപാട് ഇഷ്ടപ്പെടുന്നു. അതിനു ഞാൻ കൂടുതലും കടപ്പെട്ടിരിക്കുന്നത് എന്റെ ആദ്യ കാറിനോടാണ്.

gp-civic-2
Govind Padmasurya

തിരികെ വിളിക്കുന്ന വീട്, കൂടെവരുന്ന കാർ...

ഞാൻ വളരെ ഹോം സിക്ക് ആയ വ്യക്തിയാണ്. ടിവി പരിപാടികളുടെ ഷൂട്ട് മിക്കതും കൊച്ചിയിലായിരിക്കും. പക്ഷേ ഒരുദിവസം ഒഴിവു കിട്ടിയാൽ അപ്പോൾത്തന്നെ ഞാൻ കാറിൽ പട്ടാമ്പിയിലേക്ക് വച്ചുപിടിക്കും. പലരും കൊച്ചിയിൽ ഫ്ലാറ്റ് എടുത്തു സെറ്റിൽ ആകാൻ പറഞ്ഞിട്ടും അതിനു തുനിയാത്തത് വീടിനോടും ഡ്രൈവിങ്ങിനോടുമുള്ള ഇഷ്ടം കൊണ്ടാണ്.

ഡ്രൈവിങ് ഇഷ്ടപ്പെടുത്തിയ കാർ...

എന്റെ ആദ്യം കാർ ഫോക്സ്‌വാഗൺ വെന്റോ ഡീസൽ ഓട്ടമാറ്റിക് ആയിരുന്നു. ഡ്രൈവ് ചെയ്യാൻ മടിയൻ ആയതു കൊണ്ടായിരുന്നു ഓട്ടമാറ്റിക് തിരഞ്ഞെടുത്തത് തന്നെ. അത്യാവശ്യം ഓട്ടം ഉള്ളതുകൊണ്ടാണ് ഡീസൽ വേരിയന്റ് എടുത്തത്. പിന്നെ ഡി എസ് ജി ഗിയർ ബോക്സ് ഉള്ളത് സവിശേഷതയായിരുന്നു. 

ആദ്യത്തെ വണ്ടിയുടെ ത്രിൽ ആകാം, ഡി എസ് ജി ഗിയർ ബോക്സിന്റെ സുഖമാകാം... പതിയെ ഞാൻ ഡ്രൈവിങിനെ സ്നേഹിച്ചു തുടങ്ങി..പുതിയ ഡ്രൈവിങ് അനുഭവങ്ങൾ ആഗ്രഹിച്ചു തുടങ്ങി. രണ്ടു കൊല്ലം കൊണ്ട് ആ വണ്ടി ഓടിയത് എഴുപതിനായിരം കിലോമീറ്ററാണ്. അതോടെ ഒരു മാറ്റം വേണമെന്ന് തോന്നിത്തുടങ്ങി. അടിക്കടി വാഹനങ്ങൾ മാറ്റുന്ന ഒരാൾക്ക് ഏറ്റവും ഇക്കോണമിക്കൽ ആയ ഓപ്‌ഷൻ സെക്കൻഡ് ഹാൻഡ് കാർ വാങ്ങുക എന്നതാണ്.

gp-civic-1
Govind Padmasurya

അങ്ങനെ വാഹനങ്ങൾ തേടുന്ന സമയത്താണ് ഹോണ്ടയുടെ കേരളത്തിലെ എംഡി ഉപയോഗിക്കുന്ന ഒരു സിവിക് ഹൈബ്രിഡ് ഉണ്ടെന്നു കേൾക്കുന്നത്. 2008 മോഡൽ പെട്രോൾ വേരിയന്റാണ്. ഹോണ്ടയുടെ എംഡിയുടെ വണ്ടി, ഹോണ്ടയിൽ തന്നെ സർവീസ് ചെയ്യുന്ന വണ്ടി...എല്ലാംകൊണ്ടും ഒരു ബെസ്റ്റ് ബൈ ആയി തോന്നി. അങ്ങനെയാണ് ഞാൻ ഈ വണ്ടിയിലേക്ക് എത്തിയത്. ഞാൻ സ്വന്തമാക്കുമ്പോൾ 45000 കിലോമീറ്റർ മാത്രമേ ഓടിയിരുന്നുള്ളൂ. ഇത് കേരളത്തിലെ എക്സ്ക്ലൂസീവ് ആയ കാർ ആണ്. കാരണം കേരളത്തിൽ ഒരൊറ്റ സിവിക് ഹൈബ്രിഡ് മാത്രമേ ഉള്ളൂ...

സിവിക്കിൽ ഇഷ്ടപ്പെട്ടത്...

യാത്രക്കാരെ കൂടുതൽ കരുതുന്ന കാർ ആയിട്ടാണ് എനിക്ക് സിവിക് അനുഭവപ്പെട്ടത്. നമ്മൾ കുടുംബമായി യാത്ര ചെയ്യുമ്പോൾ മികച്ച സുരക്ഷയും മനസ്സുഖവും നൽകുന്ന വണ്ടിയാണ് സിവിക്. കാറിന്റെ ഹൈലൈറ്റ് അതിന്റെ റൈഡിങ് കംഫർട്ട് ആണ്. ഡ്രൈവിങ്ങിനെക്കാൾ സുഖം ഇതിൽ യാത്രചെയ്യുന്നതാണ്. മനോഹരമായ ഡാഷ്ബോർഡ്, സ്പോർട്ടിയായ കൺസോൾ, എയർ ബാഗുകൾ, സീറ്റിങ്, മികച്ച പ്രവർത്തനക്ഷമതയുള്ള എസി, വിശാലമായ പിൻസീറ്റ്, ബൂട്ട് സ്‌പേസ് എന്നിവയൊക്കെ സുഖകരമായ യാത്ര പ്രദാനം ചെയ്യുന്നു. 

വെന്റോ VS സിവിക്... 

വെന്റോയേക്കാൾ സ്മൂത്ത് റൈഡാണ് സിവിക്കിൽ. പക്ഷേ വെന്റോയിലെ ഡി എസ് ജി ഗിയർ ബോക്സ് ഞാൻ മിസ് ചെയ്യുന്നുണ്ട്. 7 സ്പീഡ് ഓട്ടമാറ്റിക് ആയ വെന്റോയിലെ ത്രില്ലിങ് യാത്രയുടെ അഭാവം ഇടയ്ക്ക് അനുഭവപ്പെടാറുണ്ട്. സിവിക്ക് ശരിക്കും ഒരു ഫാമിലി കാർ ആണ്. അലോസരപ്പെടുത്തുന്ന ശബ്ദം കുറവാണ്. ഓട്ടോ സ്‌റ്റോപ് പോലുള്ള ഫീച്ചറുകൾ മറ്റു കാറുകളിൽ വ്യാപകമാകുന്നതിനു മുൻപേ സിവിക്കിൽ ഹാജർ വച്ചിരുന്നു.

ലോങ് ഡ്രൈവ്സ്...

ഇതുവരെ ഏറ്റവും ദൂരം ഡ്രൈവ് ചെയ്തത് കസിനൊപ്പം ഹൈദരാബാദ് വരെയാണ്. ഓഫ് റോഡിങ് ഇതുവരെ ചെയ്തിട്ടില്ല. ഒറ്റയ്ക്കുള്ള യാത്രകളും സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രകളും ആസ്വദിക്കാറുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA