ലാൻഡ് റോവർ ടച്ചുള്ള ഹാരിയർ - വിഡിയോ

SHARE

ടാറ്റയുടെ പ്രീമിയം എസ്‌യുവി ഇനി എച്ച്5എക്സ് അല്ല ഹാരിയർ. ഫെബ്രുവരിയിൽ നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച എച്ച്5എക്സ് കൺസെപ്റ്റിന്റെ അഞ്ച് സീറ്റർ പ്രൊ‍ഡക്ഷൻ പതിപ്പാണ് ഹാരിയർ. എക്സ്പോയിലെ ജനപ്രിയ മോ‍ഡലായ എച്ച്5എക്സ് ഹാരിയറായി എത്തുമ്പോഴുണ്ടാകുന്ന മാറ്റങ്ങളെന്തൊക്കെ?... ടാറ്റയുടെ സൂപ്പർ പ്രീമിയം എസ്‌യുവിയെപ്പറ്റി അറിയേണ്ടതെല്ലാം.

tata-harrier-2
Tata Harrier

ഒമേഗ പ്ലാറ്റ്ഫോം

ജാഗ്വർ ലാൻഡ് റോവറിനെ എൽ550 പ്ലാറ്റ്ഫോമിന്റെ പരിഷ്കരിച്ച രൂപം ‘ഒമേഗ’യാണ് ഹാരിയറിന്റെ അടിത്തറ. ഡിസ്കവറി സ്പോർട്സുമായി സാമ്യം. സ്റ്റയറിങ് വീൽ, ഫ്ലോർ പാൻ, ഓള്‍ ഇൻഡിപെൻഡന്റ് സസ്പെൻഷൻ‌, ബോഡി ഘടകങ്ങൾ എന്നിവ ഡിസ്കവറിയിൽ നിന്ന്. വാഹനത്തിന്റെ ഭാരം 1650 കിലോഗ്രാമിന് താഴെ ഒതുക്കാൻ ടാറ്റ. ഡിസ്കവറിക്കും ഹാരിയറിനും 2741 എംഎം തന്നെയാകും വീൽബെയ്സ്.

രണ്ടു മോഡലുകൾ, രണ്ടു പേര്

ടാറ്റ എച്ച്5എക്സ് കൺസെപ്റ്റിൽ രണ്ടു മോഡലുകൾ ടാറ്റ പുറത്തിറക്കും. അതിൽ അഞ്ചു പേർക്കിരിക്കാവുന്ന പ്രീമിയം എസ് യു വിയുടെ പേരാണ് ഹാരിയർ. ജീപ്പ് കോംപസ്, ഹ്യുണ്ടേയ് ക്രേറ്റ, റെനോ ക്യാപ്ച്ചർ തുടങ്ങിയ വാഹനങ്ങളുമായി ഏറ്റുമുട്ടുന്ന അഞ്ചു സീറ്റർ എസ് യു വിക്ക് പേര് നൽകിയപ്പോൾ 7 സീറ്റർ വ്യത്യസ്ത പേരിലായിരിക്കും അറിയപ്പെടുക. മഹീന്ദ്ര എക്സ്‌യുവി 500ആണ് ഏഴു സീറ്ററിന്റെ പ്രധാന എതിരാളി.

tata-harrier-1
Tata Harrier

ഫീയറ്റ് എൻജിൻ

ജീപ്പ് കോംപസിൽ ഉപയോഗിക്കുന്ന ഫിയറ്റിന്റെ 2.0 ലീറ്റർ 140 ബിഎച്ച്പി ഡീസൽ എൻജിൻ ഉപയോഗിക്കുന്ന ഹാരിയറിൽ 6 സ്പീഡ് മാനുവൽ ട്രാൻമിഷനും 9 സ്പീ‍ഡ് ഓട്ടമാറ്റിക്ക് ട്രാൻസ്മിഷനുമുണ്ട്. 2 ലീറ്റർ എൻജിന്റെ 170 ബിഎച്ച്പി വകഭേദവും പിന്നീട് വിപണിയിലെത്തും. മുൻ വീൽ ഡ്രൈവ്, നാലു വീൽ ഡ്രൈവ് മോഡലുകളും ഹാരിയറിനുണ്ട്.  ലാൻഡ് റോവറിന്റെ ടെറൈൻ റെസ്പോൺസ് സിസ്റ്റത്തോടു കൂടിയ ടാറ്റ വികസിപ്പിച്ച ഓൾവീൽ ഡ്രൈവ് സിസ്റ്റമാണ് ഉപയോഗിക്കുക. വ്യത്യസ്ത ഡ്രൈവ് മോഡുകളുമുണ്ടാകും.

പ്രീമിയം ഡിസൈൻ

4575 എംഎം നീളവും 1960 എംഎം വീതിയും 1686 എംഎം ഉയരവും 2740 എംഎം വീൽബേസുമുണ്ട് എച്ച്5എക്സിന്. ഹാരിയറിനും അളവുകളും അത്രതന്നെ ആയിരിക്കും. ടാറ്റയുടെ പുതിയ ഡിസൈൻ ശൈലിയായ ഇംപാക്ട് ഡിസൈൻ 2.0 ശൈലി പിന്തുടരുന്ന ആദ്യ മോഡലും ഹാരിയറാണ്. ഡേറ്റം റണ്ണിങ് ലാംപുകൾ സ്ലിം ആയ ഹെഡ്‌ലാംപ്, എൽഇഡി ടെയിൽ ലാംപ്, സ്റ്റൈലിഷ് അലോയ് വീലുകൾ. ടച്ച് സ്ക്രീനോടു കൂടിയ ട്വിൻ ലയേഡ് ഡാഷ് ബോർഡാണ് വാഹനത്തിന്. മികച്ച സീറ്റുകൾ ഓവർഹെ‍ഡ് സ്റ്റോറേജ് എന്നിവ പരീക്ഷണ ഓട്ടം നടത്തുന്ന ഹാരിയറിലുണ്ട്. 

Harrier_Name_White_Black
Tata Harrier

ടൊയോട്ട ഹാരിയർ

ഇന്ത്യയിൽ പുതുമയെങ്കിലും ആഗോളതലത്തിൽ ഹാരിയർ എന്ന പേരിൽ കാര്യമായ കൗതുകത്തിനു വഴിയില്ല. ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷൻ ഇപ്പോൾതന്നെ ഹാരിയർ എന്ന പേരിൽ ഇടത്തരം എസ് യു വി ലോക വിപണികളിൽ വിൽക്കുന്നുണ്ട്. ജപ്പാനിലും മലേഷ്യയിലുമൊക്കെ വിൽപ്പനയ്ക്കുള്ള ഈ ഹാരിയറിനെ പക്ഷേ ടൊയോട്ട ഇന്ത്യയിൽ ഇനിയും അവതരിപ്പിക്കാത്ത സാഹചര്യത്തിൽ ടാറ്റ മോട്ടോഴ്സിന്റെ പേരിനെ ചൊല്ലി ആശയക്കുഴപ്പത്തിനു സാധ്യതയില്ല.

പ്രീമിയം ‍ഡീലർഷിപ്പ്

മാരുതി നെക്സയ്ക്ക് സമാനമായി ടാറ്റയുടെ പ്രീമിയം വാഹനങ്ങൾ മാത്രം വിൽക്കുന്ന ഡീലർഷിപ്പിലൂടെയായിരിക്കും ഹാരിയർ വിൽപ്പനയ്ക്കെത്തുക. കൂടാതെ പ്രീമിയം മോഡലുകൾക്കായി ഡീലർഷിപ്പുകളിൽ പ്രത്യേക ഭാഗം തന്നെ ക്രമീകരിക്കാനും ടാറ്റ മോട്ടോഴ്സ് ആലോചിക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA