സാൻട്രോ മുതൽ എർട്ടിഗ വരെ, ഉടൻ വിപണിയിലെത്തുന്ന 10 വാഹനങ്ങൾ

up-coming-cars
SHARE

വാഹന വിപണി കുതിച്ചു ചാടുകയാണ് പുതിയ നിരവധി വാഹനങ്ങളാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഹ്യുണ്ടേയ് സാൻട്രോ, മാരുതി എർട്ടിഗ, മഹീന്ദ്ര മരാസോ തുടങ്ങി നിരവധി കാറുകളാണ് ഉടന്‍ തന്നെ വിപണിയിലെത്തുക. പുതിയ എർട്ടിഗ, സിയാസ്, മഹീന്ദ്രയുടെ എംയുവി, എസ്‌യുവി തുടങ്ങി ഒരുപിടി വാഹനങ്ങൾ തയ്യാറായി കഴിഞ്ഞു. വാഹന വിപണി ആകാംക്ഷയോടെ കാത്തിരിക്കുന്ന പത്ത് വാഹനങ്ങള്‍.

എർട്ടിഗ

Ertiga
Ertiga

ഇന്തോനീഷ്യയില്‍ പുറത്തിറങ്ങിയ പുതിയ എർട്ടിഗ ഉടൻ വിപണിയിലെത്തും. കൂടുതല്‍ സ്റ്റൈലിഷായ ഡിസൈനാണ് സുസുക്കി രണ്ടാം തലമുറ എര്‍ട്ടിഗ. വലുപ്പം കൂടിയ മുന്‍ഭാഗവും പുതുമയുള്ള ഗ്രില്ലും. എല്‍ഇഡി ഡേറ്റം റണ്ണിങ് ലാംപ്, പ്രൊജക്റ്റര്‍ ഹെഡ് ലാംപ്,  മസ്‌കുലറായ ഷോര്‍ഡര്‍ലൈൻ, ബോഡിലൈൻ, ഡാഷ് ബോര്‍ഡില്‍ പുതിയ ഡിസൈനിലുള്ള എസി വെന്റുകള്‍, 6.8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടൈന്‍മെന്റ് സിസ്റ്റം എന്നിവ പുതിയ വാഹനത്തിന്റെ പ്രത്യേകതകളാണ്. നിലവിലെ എര്‍ട്ടിഗയിലെ 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമായിരിക്കും പുതിയ വാഹനത്തിനും. തുടക്കത്തില്‍ 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമായി എത്തുകയെങ്കിലും പിന്നീട് മാരുതിയ പുതുതായി വികസിപ്പിക്കുന്ന 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനും എര്‍ട്ടിഗയില്‍ വന്നേക്കാം.

സിയാസ്

ciaz
Ciaz

മാരുതിയുടെ മിഡ് സെഗ്മെന്റ് സെഡാൻ സിയാസിന്റെ പുതിയ പതിപ്പ് അടുത്തമാസം പുറത്തിറങ്ങും. കാഴ്ചയിലെ മാറ്റങ്ങൾക്കപ്പുറം സാങ്കേതികവിഭാഗത്തിലും കാര്യമായ പുതുമകളോടെയാവും പുത്തൻ സിയാസിന്റെ വരവ്. പുത്തൻ ഹെഡ്ലാംപ്, മുൻ ബംപർ എന്നിവയ്ക്കൊപ്പം വേറിട്ട മുൻ ഗ്രില്ലും ഈ സിയാസിലുണ്ടാവും.  പുത്തൻ പെട്രോൾ എൻജിനോടെ വിൽപ്പനയ്ക്കുള്ള ‘സിയാസി’ന്റെ പരിഷ്കരിച്ച പതിപ്പിൽ സുസുക്കി ഹൈബ്രിഡ് വെഹിക്ക്ൾ സിസ്റ്റ(എസ് എച്ച് വി എസ്)മെന്ന മൈൽഡ് ഹൈബ്രിഡ് സംവിധാനവും മാരുതി സുസുക്കി ലഭ്യമാക്കുന്നുണ്ട്. ഇതോടെ സി വിഭാഗത്തിൽ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ലഭ്യമാവുന്ന ഏക മോഡലുമാവും പരിഷ്കരിച്ച ‘സിയാസ്’. കാറിലെ പുതിയ 1.5 ലീറ്റർ, കെ സീരീസ് പെട്രോൾ എൻജിന് പരമാവധി 106 പി എസ് വരെ കരുത്തും 138 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സിനൊപ്പം നാലു സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സും പുതിയ ‘സിയാസി’ൽ ഇടംപിടിക്കുമെന്നാണു പ്രതീക്ഷ. കൂടാതെ  1.3 ലീറ്റർ, മൾട്ടിജെറ്റ് ടർബോചാർജ്ഡ് എൻജിനുമുണ്ടാകും. 

സാൻട്രോ

Hyundai ix20
Hyundai ix 20

ഇന്ത്യക്കാർക്കു സുപരിചിതമായ നാമമെന്ന നിലയിലാണ് ഹ്യുണ്ടേയ് ‘സാൻട്രോ’ എന്ന പേരു തിരിച്ചെത്തിക്കാൻ തയാറെടുക്കുന്നത്.  ‘സാൻട്രോ’ എന്ന പേരിന് ഇപ്പോഴും ഇന്ത്യയിൽ മികച്ച സ്വീകാര്യതയുമുണ്ട്. അതിനാൽ പുതിയ കാറിന് ഇതേ പേരു നൽകുന്നതോടെ പരസ്യപ്രചാരണങ്ങൾക്കുള്ള ചെലവ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ.  നിലവിലുള്ള ചെറുകാറായ ‘ഇയോണി’ന്റെ പകരക്കാരനായാണു ഹ്യുണ്ടേയ് പുതിയ ‘സാൻട്രോ’ അവതിപ്പിക്കുന്നത്. യഥാർഥ ‘സാൻട്രോ’യെ പോലെ ഉയർന്ന മേൽക്കൂരയുള്ള ടോൾ ബോയ് രൂപകൽപ്പനയാണ് ഈ കാറിനും ഹ്യുണ്ടേയ് തിരഞ്ഞെടുത്തിരിക്കുന്നതെന്നാണു സൂചന. ‘സാൻട്രോ സിങ്ങി’ലുണ്ടായിരുന്ന 1.1 ലീറ്റർ പെട്രോൾ എൻജിന്റെ പരിഷ്കരിച്ച പതിപ്പാവും കാറിനു കരുത്തേകുക. കാറിൽ ഇതാദ്യമായി ഹ്യുണ്ടേയ് ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷനും ലഭ്യമാക്കിയേക്കും. ഇന്ത്യയിൽ മാരുതി സുസുക്കി ‘ഓൾട്ടോ കെ 10’, ടാറ്റ ‘ടിയാഗൊ’ എന്നിവയോടാവും പുത്തൻ ‘സാൻട്രോ’യുടെ മത്സരം. 

വാഗണ്‍ആര്‍ 

Wagon R
WagonR

ടോള്‍ ബോയ് ഡിസൈനുമായി 1999 ല്‍ വിപണിയില്‍ അരങ്ങേറിയ വാഗണ്‍ആറിന് ഇടത്തരക്കാരുടെ പ്രിയ വാഹനമാകാന്‍ അധികം സമയം വേണ്ടി വന്നില്ല. ഏകദേശം ഒന്നര പതിറ്റാണ്ടില്‍ അധികം നീളുന്ന യാത്രയില്‍ കാലികമായ ചെറിയ മാറ്റങ്ങള്‍ വന്നുവെന്നല്ലാതെ സമഗ്രമാറ്റങ്ങള്‍ വാഗണ്‍ആറിന് ഇതുവരെ വന്നിട്ടില്ല. അടുത്തിടെ ജപ്പാനില്‍ പുറത്തിറങ്ങിയ പുതിയ വാഗണ്‍ആര്‍ ഇന്ത്യയിലും ഉടന്‍ എത്തും. പൂര്‍ണ്ണമായും മാറിയ ഡിസൈനാണ് വാഹനത്തിന്. ടോള്‍ബോയ്, ബോക്‌സി ഡിസൈന്‍ ഫിലോസഫി തന്നെയാണ് തുടര്‍ന്നിരിക്കുന്നതെങ്കിലും വാഹനം കൂടുതല്‍ സ്‌പോര്‍ട്ടിയാണ്്. പുതിയ ഗ്രില്ലും ഹെഡ്‌ലൈറ്റും തുടങ്ങി ഒട്ടേറെ മാറ്റങ്ങള്‍ മുന്‍വശത്ത് വന്നിട്ടുണ്ട്. ബി പില്ലറുകള്‍ വീതി കൂടിയതാണ്. വാഹനത്തിന് വലുപ്പം വര്‍ദ്ധിച്ചിട്ടുണ്ട്. മുന്നിലെപ്പോലെ നിരവധി മാറ്റങ്ങള്‍ പിന്നിലുമുണ്ട്. പിന്‍ ബംബറിനോട് ചേര്‍ന്നാണ് ടെയില്‍ ലാമ്പിന്റെ സ്ഥാനം. ഇന്റീരിയറില്‍ ഇഗ്‌നിസിനു സമാനമായ ടാബ്‌ലെറ്റുമുണ്ട്്. 

ഹോണ്ട എച്ച്ആർ–വി

honda-hr-v
HR-V

പ്രീമിയം എസ് യു വി വിപണിയിലെ താരമായി മുന്നേറുന്ന ജീപ്പ് കോംപസിന്റെ എതിരാളി. റാപ്പ് എറൗണ്ട് ഹെൽലാമ്പുകൾ, എൽഇഡി ഡേറ്റം റണ്ണിങ് ലൈമ്പുകൾ എന്നിവ ഉണ്ടാകും. സ്റ്റൈലിഷായ ഇന്റീരിയർ ഹോണ്ടയുടെ പുതുതലമുറ സുരക്ഷ സംവിധാനം. എസ് യു വി ലുക്ക് വേണ്ടുവോളമുള്ള എച്ച് ആർ വി, ജീപ്പ് കോംപസ്, ഹ്യുണ്ടേയ് ക്രേറ്റ, എക്സ് യു വി 500 തുടങ്ങിയ വാഹനങ്ങളുമായാണ് ഏറ്റുമുട്ടുക. പ്രായോഗികതയ്ക്ക് ഊന്നല്‍ നല്‍കുന്ന പുത്തന്‍ എസ് യു വി മത്സരക്ഷമമായ വിലകളില്‍ വില്‍പ്പനയ്‌ക്കെത്തിക്കുമെന്നാണു ഹോണ്ടയുടെ വാഗ്ദാനം. ജപ്പാനിൽ 1.8 ലീറ്റർ പെട്രോൾ, 1.8 ലീറ്റർ പെട്രോൾ ഹൈബ്രിഡ്. 1.6 ലീറ്റർ ഡീസൽ, 1.5 ലീറ്റർ‌ പെട്രോൾ ഹൈബ്രിഡ് തുടങ്ങിയ എൻജിൻ വകഭേദങ്ങളിലാണ് വാഹനം ലഭിക്കുക. ഹോണ്ടയുടെ സിആർ–വിയുടേയും ബിആർ–വിയുടേയും ഇടയിലെത്തുന്ന എച്ച്ആർ–വി അടുത്ത വർഷം വിപണിയിലെത്തും. 15 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയായിരിക്കും വില. 

ഗോ ക്രോസ്

മാരുതി വിറ്റാര ബ്രെസ, ഫോഡ് ഇക്കോസ്പോർട് തുടങ്ങിയ വാഹനങ്ങൾ അരങ്ങുവാഴുന്ന ചെറു എസ്‌യുവി സെഗ്മെന്റിൽ വിലകൊണ്ട് വിപ്ലവം സൃഷ്ടിക്കാനാണ് ഗോ ക്രോസ് എത്തുക. ഡാറ്റ്സണിന്റെ ഗോ പ്ലസ് ആധാരമാക്കി നിർമിക്കുന്ന ഗോ ക്രോസിന്റെ വില 6.5 ലക്ഷത്തിൽ ആരംഭിക്കും. ക്രോസ് ഓവർ വിപണിയിലേക്ക് ഡാറ്റ്സൺ പുറത്തിറക്കുന്ന ആദ്യമോഡലാണ് ഗോ ക്രോസ്. ഡാറ്റ്സണിന്റെ ലൈനപ്പിലേക്ക് നാലാമത്തെ മോഡലായി എത്തുന്ന ഗോ ക്രോസിന് വിപണിയിൽ മികച്ച പ്രതികരണം ലഭിക്കുമെന്നു കമ്പനി പ്രതീക്ഷിക്കുന്നു. ഗോ, ഗോ പ്ലസ് തുടങ്ങിയ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ‘വി’ പ്ലാറ്റ്ഫോമിൽ തന്നെയാണ് ഗോ ക്രോസിന്റേയും നിർമാണം.

go-cross
Go Cross

സാഹസികത ഇഷ്ടപ്പെടുന്ന പുതു തലമുറ യുവാക്കളെയാണ് ഈ മോഡൽ ഏറ്റവുമധികം ആകർഷിക്കുക. ഗോ പ്ലസിനു സമാനമായി മൂന്നു നിര സീറ്റാണ് ഗോ ക്രോസ് കോൺസെപ്റ്റിലുള്ളത്. എന്നാൽ ഫീച്ചറുകളും രൂപകൽപനയും ഗോ പ്ലസിൽ നിന്നു വ്യത്യസ്തം. ഗോയിൽ ഉപയോഗിക്കുന്ന 1.2 ലീറ്റർ പെട്രോൾ എന്‍ജിൻ തന്നെയാകും ഗോ ക്രോസിലും. 5000 ആർപിഎമ്മിൽ 64 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 140 എൻഎം ടോർക്കും നൽകും ഈ എൻജിൻ. 

എക്സ്‌യുവി 700 

mahindra-xuv-700
XUV 700

പ്രീമിയം എസ്‍‌യുവി വിപണിലേക്ക് മഹീന്ദ്ര പുറത്തിറക്കുന്ന വാഹനം. ടൊയോട്ട ഫോർച്യൂണറാണ് പ്രധാന എതിരാളി. മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‍യോങിന്റെ റെക്സ്റ്റണിന്റെ പുതിയ മോഡലിലാണ് മഹീന്ദ്രയുടെ ബ്രാൻഡിൽ എത്തുക. വൈ 400 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന എസ് യു വി ഈ വർഷം വിപണിയിലെത്തും. പ്രീമിയം ലുക്കാണ് വാഹനത്തിന്. പെട്രോൾ ഡീസൽ പതിപ്പുകളുണ്ട്. 2.0 ലീറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിന് 225 ബിഎച്ച്പി കരുത്തും 349 എൻഎം ടോർക്കും. 2.2 ലീറ്റർ ടർബൊ ഡീസൽ എൻജിൻ 184 ബിഎച്ച്പി കരുത്തും 420 എൻഎം ടോർക്കും. ഫോർച്യൂണറിനെക്കാള്‍ നാലു മുതൽ അഞ്ചു ലക്ഷം രൂപവരെ വിലക്കുറവായിരിക്കും വൈ 400 എന്നാണ് പ്രതീക്ഷിക്കുന്നത്.  

ടാറ്റ എച്ച്5എക്സ്

Tata H5X
Tata H5X

ലാൻഡ്റോവറിന്റെ സഹായത്തോടെ ടാറ്റ പുറത്തിറക്കുന്ന പ്രീമിയം എസ്‍‌യുവി. നെക്സോണിനു ശേഷം ടാറ്റ പുറത്തിറക്കുന്ന വാഹനമായിരിക്കും എച്ച് 5എക്സ്. അഞ്ചു സീറ്റ്, ഏഴു സീറ്റ് ലേഔട്ടിൽ വിപണിയിലെത്തും അഞ്ചു സീറ്റ് മോഡൽ ക്രേറ്റയുമായി മത്സരിക്കുമ്പോൾ ഏഴു സീറ്റ് മോഡൽ ജീപ്പ് കോംപസ്, എക്സ് യു വി 500 എന്നിവയ്ക്ക് വെല്ലുവിളിയൊരുക്കും. ഫെബ്രുവരിയിൽ നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച വാഹനത്തിന്റെ കൺസെപ്റ്റ് ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. ഡിസ്കവറി സ്പോർട്ടിന്റെ പ്ലാറ്റ്ഫോം, പുതിയ ഇംപാക്ട് 2.0 ഡിസൈൻ ഫിലോസഫി എന്നിവ എച്ച്5എക്സിനുണ്ട്. 4575 എംഎം നീളവും 1960 എംഎം വീതിയും 1686 എംഎം പൊക്കവും 2740 എംഎം വീൽബെയ്സും.യാത്രാസുഖവും ഓഫ്റോ‍ഡ് ഗുണങ്ങളും ഒരുപോലെ ഒത്തുചേര്‍ന്നാണ് എച്ച്5എക്സിനെ ടാറ്റ നിർമിക്കുക. ജീപ്പ് കോംപസിൽ ഉപയോഗിക്കുന്ന ഫിയറ്റിന്റെ  2.0 ലീറ്റർ ഡീസൽ മൾട്ടി ജെറ്റ് എൻജിനാകും പുതിയ എസ്‍യുവിയിലും. 140 ബിഎച്ച്പി കരുത്തും 320 എൻഎം ടോർക്കുമുണ്ട് 2 ലീറ്റർ എൻജിന്. 6 സ്പീഡ് മാനുവൽ 9 സ്പീഡ് ഓട്ടമാറ്റിക്ക് ഗിയർബോക്സുകള്‍.

എക്സ്‌യുവി 300 

ssangyong-tivoli
TUV 300

മാരുതിയുടെ ഏറ്റവും വി‍ൽപ്പനയുള്ള യു വി വിറ്റാര ബ്രെസയെ ലക്ഷ്യം വെച്ച് മഹീന്ദ്ര പുറത്തിറക്കുന്ന വാഹനം. മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങിന്റെ ചെറു എസ്‌യുവി ടിവോളിയെ അടിസ്ഥാനമാക്കി നിർമിച്ച എക്സ് യു വി 300 ഉടൻ പുറത്തിറങ്ങും. അഞ്ച് സീറ്റ്, ഏഴ് സീറ്റ് വകഭേദങ്ങളിൽ എക്സ്‌യുവി 300 പുറത്തിറക്കാനാണ് പദ്ധതി. നാലുമീറ്ററിൽ താഴെ നീളവുമായി എത്തുന്ന അഞ്ചു സീറ്റർ വകഭേദം മാരുതി ബ്രെസ, ടാറ്റ നെക്സോൺ, ഫോഡ് ഇക്കോസ്പോർട് എന്നിവരുമായാണ് മത്സരിക്കുമ്പോൾ നാലു മീറ്ററിൽ മുകളിൽ നീളമുള്ള ഏഴു സീറ്റർ മോ‍ഡൽ ഹ്യുണ്ടേയ് ക്രേറ്റ, റെനോ ഡസ്റ്റർ തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കും. പെട്രോൾ പതിപ്പിൽ 1.2 ലീറ്റർ എൻജിനും ഡീസൽ പതിപ്പിൽ 1.5 ലീറ്റർ എൻജിനുമുണ്ടാകും. ഏഴു മുതൽ 12 ലക്ഷം വരെയായിരിക്കും വില. 

മഹീന്ദ്ര മരാസോ

ടൊയോട്ട ഇന്നോവ, ടാറ്റ ഹെക്സ തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാൻ മഹീന്ദ്ര പുറത്തിറക്കുന്ന എംയുവിയാണ് മരാസോ. മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്ററില്‍ വികസിപ്പിക്കുന്ന വാഹനം ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ചിട്ടുണ്ട്. യു 321 എന്ന കോഡു നാമത്തിലാണ് മഹീന്ദ്ര പുതിയ എംയുവി നിർമിക്കുന്നത്.  ഉയരം കൂടിയ ഡിസൈന്‍ കണ്‍സെപ്റ്റിലാണ് രൂപകല്‍പന. രാജ്യാന്തര വിപണിയില്‍ സാങ്‌യോങിനുള്ള ടുറിസ്മോ എംപിയുടെ ഡിസൈൻ ഘടകങ്ങൾ സ്വീകരിച്ചാണ് എംയുവി എത്തുക. അകത്തളത്തില്‍ പരമാവധി സ്ഥലസൗകര്യം ഉറപ്പാക്കാന്‍ നീളമേറിയ വീല്‍ബേസും മുന്നിലും പിന്നിലും നീളംകുറഞ്ഞ ഓവര്‍ഹാങ്ങുമാണ്. പ്രകടമായ എയര്‍ ഇന്‍ടേക്കും ഫോഗ് ലാംപിനുള്ള സ്ഥലസൗകര്യവുമുള്ള നീളമേറിയ ബംപറും പുതിയ സ്കോർ‌പ്പിയോയെ അനുസ്മരിപ്പിക്കുന്ന ഗ്രില്ലുമാണുള്ളത്.

752023457
Marazzo

സെഗ്മെന്റിലെ താരമായ ഇന്നോവയോട് മത്സരിക്കാനെത്തുന്ന വാഹനത്തെ മഹീന്ദ്ര അടുത്ത വർഷം വിപണിയിലെത്തിക്കും. 1.6 ലീറ്റര്‍ എം ഫാല്‍ക്കണ്‍ ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 130 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കുമുണ്ട്. മഹീന്ദ്രയും സാങ് യോങും സംയുക്തമായി വികസിപ്പിച്ച എന്‍ജിന് 18 കിലോമീറ്റര്‍ മൈലേജുമുണ്ടാകുമെന്നാണ് പ്രതീക്ഷ. കൂടാതെ മഹീന്ദ്രയുടെ 2.2 എംഹോക്ക് എൻജിനും വാഹനത്തിൽ ഇടം പിടിച്ചേക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA