അപർണയുടെ ചങ്ക് ബ്രോ

aparna-gopinath
SHARE

‘അവൻ’ എന്റെ ക്ലോസ് ഫ്രണ്ട് ആണ്. അവന്റെ കൂടെ ഇരുന്നു കരയും, ചിരിക്കും, സന്തോഷിക്കും, ഉറങ്ങും. ജീവിതത്തിലെ കൂടുതൽ സമയവും അവന്റെ കൂടെയാണ്. വെരി ക്ലോസ് ടു മീ... - കനിക്ക് ‘അവനെ’ക്കുറിച്ചു പറഞ്ഞിട്ടു മതിയാകുന്നില്ല.  അപർണ ഗോപിനാഥിന്റെ ആ ക്ലോസ് ഫ്രണ്ടാണ് വെള്ള നിറമുള്ള ആൾട്ടോ കെ 10. അപർണ ആദ്യമായി സ്വന്തമാക്കിയ വാഹനം. ഏഴു വർഷമായി കൂടെയുള്ള ക്ലോസ് കൂട്ടുകാരൻ.

തള്ളി ‘ക്ലോസ്’ ആയി

ആൾ‍ട്ടോ വാങ്ങി പിറ്റേ ദിവസം, എന്റെ ഒരു ഫ്രണ്ട് വന്ന് കാർ ഓടിച്ചുനോക്കാൻ കൊണ്ടുപോയി. തിരികെ കൊണ്ടുവന്നപ്പോൾ ടാങ്കിൽ ഒരു തുള്ളി പെട്രോളില്ല. പിന്നെ അടുത്ത പമ്പ് വരെ തള്ളേണ്ടിവന്നു. എനിക്കാകെ വിഷമമായി. അങ്ങനെയാണ് ഈ വണ്ടിയുമായി അടുപ്പമാകുന്നത്.

സിറ്റിയിൽ ഉപയോഗിക്കാൻ ഏറ്റവും മികച്ച കാർ. വളരെ കംഫർട്ടബിൾ ആണ്. ബ്രാൻഡിങ്ങിൽ എനിക്കു താൽപര്യമില്ല. ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു പോകണം, അതിനാണു കാർ വാങ്ങിയത്. നല്ല മൈലേജും കിട്ടുന്നുണ്ട്. റാഷ് ഡ്രൈവിങ് ചെയ്യാൻ താൽപര്യമില്ല. എവിടെയെങ്കിലും പോകണമെങ്കിൽ മുൻകൂട്ടി പ്ലാൻ ചെയ്യും. ടൈം മാനേജ്മെന്റ് ഉണ്ട്. ലേറ്റായി പോയതുകൊണ്ട് ഓവർസ്പീഡിൽ ഓടിക്കുക.. അങ്ങനെയൊന്നും ചെയ്യാറില്ല. ഒറ്റയ്ക്കാണ് മിക്കപ്പോഴും യാത്ര. ശ്രദ്ധിച്ചേ ഡ്രൈവ് ചെയ്യൂ. അമ്മയ്ക്കു ടെൻഷൻ ഉണ്ടാക്കാനിടവരരുത് എന്നെനിക്കു നിർബന്ധമുണ്ട്. കാരണം, എന്റെ അടുത്ത സുഹൃത്ത് വാഹനാപകടത്തിൽ മരിച്ചുപോയിരുന്നു. സുരക്ഷിതമായി ഡ്രൈവ് ചെയ്യുക എന്നത് ഉത്തരവാദിത്തം കൂടിയാണ് - അപർണ പറയുന്നു.

ഫസ്റ്റ് ഡ്രൈവിങ്

ആദ്യമായി ഡ്രൈവ് ചെയ്യുന്നത് എട്ടിലോ ഒൻപതിലോ പഠിക്കുമ്പോഴാണ്; വീട്ടിലെ മാരുതി 800 ൽ. എന്നും സ്കൂളിൽനിന്നു കൂട്ടാൻ വീട്ടിലെ ഡ്രൈവർ കൃഷ്ണൻ ചേട്ടൻ മാരുതി 800 ആയിട്ടു വരും. സ്കൂൾ ഗേറ്റിൽനിന്നു മെയിൻ റോഡ് വരെ ഞാൻ ഡ്രൈവ് ചെയ്യും. മെയിൻ റോഡിലേക്കു കയറാൻ കൃഷ്ണൻചേട്ടൻ സമ്മതിക്കില്ല. അതാണ് ഡ്രൈവിങ്ങിന്റെ ബാലപാഠം. പിന്നീട് ലൈസൻസ് എടുത്ത ശേഷം അമ്മയുടെ കാർ ഉപയോഗിക്കുമായിരുന്നു. കാറിന് ഒരു പോറൽപോലും ഏൽക്കരുത് എന്നെനിക്കു നിർബന്ധമായിരുന്നു. 

ഇപ്പോൾ അമ്മയുടേത് ഹ്യുണ്ടായ് വെർണയാണ്. സഹോദരിയുടേത് ഹോണ്ട സിറ്റിയും. വളരെ അപൂർമായിട്ടേ ഞാൻ അവ ഉപയോഗിക്കാറുള്ളൂ. കൂടുതലും ആൾട്ടോയിൽത്തന്നെയാണ്. ഇതുമായി തഞ്ചാവൂരിലും ബെംഗളൂരുവിലും പോയിട്ടുണ്ട്. നാടകവുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ പോണ്ടിച്ചേരിയിൽ പോകേണ്ടിവരും. ഓട്ടമെല്ലാം കഴിഞ്ഞു കാർ നേരെ വർക്ക്ഷോപ്പിൽ കൊടുക്കും. ഒരു സൂപ്പർ മെക്കാനിക് അണ്ണയുണ്ട് ഇവിടെ. ആൾട്ടോയുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് അദ്ദേഹമാണ്.   

എനിക്ക് സ്വന്തമായി ബുള്ളറ്റ് ഇല്ല

‘ചാർലി’ സിനിമയിൽ കനിയുടെ ബുള്ളറ്റ് റൈഡ് എല്ലാവർക്കും ഇഷ്ടമായിരുന്നു. അതിനുശേഷം എന്റെ സ്വന്തം ബൈക്ക് ആണെന്നാണ് എല്ലാവരുടെയും ധാരണ. ഹോണ്ട 750 സിസി ബൈക്ക് ഉൾപ്പെടെ എല്ലാ ബൈക്കും ഓടിക്കുമെങ്കിലും എനിക്കു സ്വന്തമായി ബൈക്ക് ഇല്ല. ഈ അടുത്ത് റോയൽ എൻഫീൽഡ് ഹിമാലയൻ ഓടിച്ചിരുന്നു. ഗുഡ് ബൈക്ക്. ഞാൻ അതുമായി ചെന്നൈയിലെ ഈസ്റ്റ്കോസ്റ്റ് റോഡിൽ റൈഡിനു പോയി.

ചെന്നൈയിൽ ഞങ്ങൾ താമസിച്ചിരുന്ന വീടിന്റെ അടുത്ത് ഒത്തിരി കൂട്ടുകാരുണ്ടായരുന്നു. അവരുടെ അടുത്തുനിന്നാണ് ടൂവീലർ ഓടിക്കാൻ പഠിച്ചത്. സണ്ണി, ടിവിഎസ് മോപ്പഡ് ഇതൊക്കെ ഫ്രണ്ട്സാണു പഠിപ്പിച്ചത്. സൈക്കിൾ ചവിട്ടി നടക്കുമ്പോൾ അതിനു സ്പീഡ് പോരാന്നു തോന്നി. അടുത്തുള്ള ചേട്ടന്മാർ ബൈക്ക് ഓടിക്കുമ്പോൾ എനിക്കും ഓടിക്കാൻ തോന്നി. ഞങ്ങളുടെ അടുത്തുള്ള ഉമേഷ്, മഹേഷ് എന്നീ ചേട്ടന്മാരാണ് ബൈക്ക് ഓടിക്കാൻ പഠിപ്പിച്ചത്.  കോളജിലെത്തിയപ്പോൾ കൂട്ടുകാരുടെ അടുത്തുനിന്നു ബുള്ളറ്റ് റൈഡ് ചെയ്യാൻ പഠിച്ചു. 

ദുൽഖർ – മോട്ടോർ ഇന്തൂസിയാസ്റ്റ്

ദുൽഖർ സൽമാൻ ശരിക്കും മോട്ടോറിസ്റ്റാണ്. വണ്ടിയുമായി ബന്ധപ്പെട്ട എന്തും ഡിക്യുന് ഇഷ്ടമാണ്. വല്ലാത്തൊരു ക്രേസ് ആണ്. ചാർലിയിലെ മീശപ്പുലിമലയിലേക്കു ദുൽഖറുമൊത്തുള്ള യാത്ര രസമായിരുന്നു.  

‘ഭീകര’ അബദ്ധം

ട്രെയിൻ യാത്രകൾ വളരെ ഇഷ്മാണ്. ഒരിക്കൽ ചെന്നൈയിലേക്കു വരാൻ പുണെ റെയിൽവേ സ്റ്റേഷനിൽ കൂട്ടുകാരുമൊത്തു നിൽക്കുകയായിരുന്നു. ഏതോ ഒരു ചെന്നൈ ട്രെയിൻ അനൗൺസ് ചെയ്തു. കൂടെയുണ്ടായിരുന്ന ഫ്രണ്ട് വേഗം കയറ്റിവിട്ടു. എനിക്കാണെങ്കിൽ ഇതൊന്നും വലിയ പിടിയുണ്ടായിരുന്നില്ല. സ്റ്റേഷൻ പിന്നിട്ട് ടിക്കറ്റ് ചെക്ക് ചെയ്യാൻ ടിടി വന്നപ്പോഴാണ് ‘ഭീകരമായ’ അബദ്ധം മനസ്സിലായത്. എന്നെ കയറ്റിവിട്ടത് ചെന്നൈയിൽനിന്നു മുംബൈയിലേക്കു പോകുന്ന െട്രയിനിലായിരുന്നു! പിന്നെ അടുത്ത സ്റ്റേഷനിൽ ഇറങ്ങി.

യാത്രകളും സിനിമയും ഏറെ ഇഷ്ടപ്പെടുന്ന അപർണ നാടകപ്രവർത്തനങ്ങളിൽ വളരെ സജീവമാണ്. ഫോർമുലവൺ മുൻ ചാംപ്യൻ മൈക്കൽ ഷൂമാക്കറാണ് ഇഷ്ട ഡ്രൈവർ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA