Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓര്‍ക്കുന്നുണ്ടോ ഈ താര പരസ്യങ്ങള്‍

old-ads

സിനിമ താരങ്ങളുടെതായാലും ക്രിക്കറ്റ് താരങ്ങളുടേതായാലും സെലിബ്രിറ്റി പരസ്യങ്ങൾക്ക് എന്നും മികച്ച ഡിമാന്റാണ്. പണ്ട് പരസ്യങ്ങളും അവയിലെത്തുന്ന താരങ്ങളും ചുരുക്കമായിരുന്നു. ഇന്ത്യന്‍ സിനിമയിലേയും ക്രിക്കറ്റിലേയും ഇതിഹാസ താരങ്ങളാണ് പലപ്പോഴും ഇത്തരം പരസ്യങ്ങളുമായി ബില്‍ബോര്‍ഡുകളിലും ടെലിവിഷനുകളിലും പ്രത്യക്ഷപ്പെട്ടത്. ഇന്നു മറവിയിലാണ്ട് പോയെങ്കിലും അക്കാലത്ത് തരംഗം സൃഷ്ടിച്ചവയായിരുന്നു ഈ പരസ്യങ്ങളില്‍ പലതും.

സുനില്‍ ഗവാസ്കറിന്റെ ആർഎക്സ് 100

വിരാട് കൊഹ്ലിക്കും ധോണിക്കും സാക്ഷാല്‍ സച്ചിനും മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റിനെ അടക്കി ഭരിച്ചിരുന്ന ലിറ്റില്‍ മാസ്റ്ററാണ് സുനില്‍ ഗവാസ്കര്‍. എണ്‍പതുകളുടെ തുടക്കത്തിലാണ് സുനില്‍ ഗവാസ്കര്‍ വിപണി പിടിക്കാന്‍ ലക്ഷ്യമിട്ടുള്ള പരസ്യങ്ങളിലെ മുഖങ്ങളില്‍ ഒന്നായത്. ഇങ്ങനെ ഗവാസ്കറിന്റെ മുഖം ഉപയോഗിച്ച ഉത്പന്നങ്ങളില്‍ ഒന്നായിരുന്നു ആർഎക്സ് 100. നൂറു സിസി ബൈക്കുകളുടെ തുടക്കിൽ ആർഎക്സ് 100 അത്ര വിജയമായില്ല. ഇതോടെയാണ് പരിചിത മുഖം എന്ന നിലയില്‍ ഗവാസ്കറിനെ പരസ്യത്തിലേക്ക് എത്തിച്ചത്. ആർഎക്സ്100 ന്റെ പ്രചാരണത്തില്‍ ഗവാസ്കറിന്റെ മുഖം നിര്‍ണായകമായി. ഗവാസ്കറിന്റെ പരസ്യത്തിന് ഏറെ നാള്‍ ആയുസ്സുണ്ടായിരുന്നില്ലെങ്കിലും അക്കാലത്തും പിന്നീടും ആർഎക്സ് 100 ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള ബൈക്കുകളില്‍ ഒന്നായി മാറി. 1996ല്‍ ഉത്പാദനം നിര്‍ത്തിയെങ്കിലും ഇന്നും ഇന്ത്യൻ ഇരുചക്രവാഹന പ്രേമികളെ മോഹിപ്പിക്കുന്നൊരു ബൈക്കാണ് ആർഎക്സ് 100.

കപിലിന്റെ ബജാജ് 4എസ്

Bajaj 4S Champion

കാവാസാക്കിക്ക് ഒപ്പം ചേര്‍ന്ന് ബജാജ് വിപണിയിലിറക്കിയ ബൈക്കായിരുന്നു ബജാജ് ചാംപ്യന്‍ 4എസ്. അന്നത്തെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായ ഇന്ത്യയുടെ ലോകകപ്പ് ജേതാവ് ക്യാപ്റ്റന്‍ കപില്‍‍ ദേവായിരുന്നു 4എസ്നു വേണ്ടി ബജാജ് രംഗത്തിറക്കിയ മുഖം. കപിലിന്റെ ജനപ്രീതിയും ബൈക്കിന്റെ മികച്ച പെര്‍ഫോമന്‍സും അക്കാലത്തെ ജനപ്രീതിയുള്ള വാഹനമാക്കി 4എസിനെ മാറ്റി. R.A.C.E സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുള്ള ഇന്ത്യയിലെ ആദ്യ ബൈക്ക് എൻജിനായിരുന്നു 100സിസി ക്ഷമതയുള്ള 4എസ് ചാംപ്യന്റേത്.

സച്ചിന്റെ സണ്ണി

യുവാക്കളെ ലക്ഷ്യം വച്ചുള്ള ബജാജിന്റെ ആദ്യ സ്കൂട്ടര്‍ സംരംഭമായിരുന്നു സണ്ണി. സ്വാഭാവികമായി സണ്ണിയെ അവതരിപ്പിക്കാന്‍ ബജാജ് കണ്ടെത്തിയത് അന്നത്തെ യുവതാരമായ സച്ചിനെ തന്നെയായിരുന്നു. 50 സിസി ടു സ്ട്രോക്ക് എൻജിനുമായെത്തിയ സണ്ണി ബജാജ് ലക്ഷ്യമിട്ട അത്രയും അളവില്‍ വിറ്റഴിക്കാന്‍ സാധിച്ചു. എന്നാല്‍ ബ്രാന്‍ഡ് അംബാസിഡറായ സച്ചിനൊപ്പം വളരാന്‍ സണ്ണിക്ക് സാധിച്ചില്ല. അത്രയൊന്നും ആഘോഷിക്കപ്പെടാതെ പോയ സ്കൂട്ടറുകളില്‍ ഒന്നായിരുന്നു സണ്ണി.

സല്‍മാന്റെ ഹീറോ ഹോണ്ട സിഡി100

Hero Honda CD100 - Salman Khan

പരസ്യ ചിത്രങ്ങളിലുടെ അഭിനയ രംഗത്തെത്തിയ സല്‍മാന്റെ ആദ്യ സംരംഭങ്ങളില്‍ ഒന്നായിരുന്നു സിഡി 100 പരസ്യം. സല്‍മാന്റെയും സിഡി100ന്റെയും തുടക്കം മോശമായില്ലെന്ന് പിന്നീടുള്ള ചരിത്രം പറയും. ഇന്ത്യ കണ്ട ഏറ്റവും വലിയ സൂപ്പര്‍താരങ്ങളില്‍ ഒരാളായി സല്‍മാന്‍ ഖാന്‍ മാറിയപ്പോള്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ബൈക്കുകളില്‍ ഒന്നായി സിഡി 100ഉം മാറി. 97 സിസി യുള്ള 4 സ്ട്രോക് എൻജിനായിരുന്നു സി.ഡി 100ന്റേത്. 

അമീറിന്റെ ഹീറോ പഞ്ച്

HERO PUCH TURBO SPORT

ഇന്ത്യയിലെ പ്രശസ്തമായ മോപഡ് ബൈക്കുകളില്‍ ഒന്നാണ് ഹീറോ ഹോണ്ട പഞ്ച്. ഓസ്ട്രിയന്‍ കമ്പനിയുമായി ചേര്‍ന്നായിരുന്നു ഹീറോ ഹോണ്ട പഞ്ച് നിര്‍മ്മിച്ചത്. ഇതിന്റെ ബ്രാന്‍ഡ് അംബാസിഡറായി തിരഞ്ഞെടുത്തതാകട്ടെ അമീര്‍ ഖാനെയും. മോപ്പഡ് ബൈക്കുകള്‍ ഉപയോഗിക്കാന്‍ യുവാക്കള്‍ക്കുള്ള വിമുഖത മാറ്റുകയായിരുന്നു അമീറിന്റെ രംഗത്ത് എത്തിച്ചതിന്റെ ഉദ്ദേശം. ഇതു വിജയിച്ചത് കൊണ്ടാണോ എന്നറിയില്ല ടി.വി.എസിന്റെ ലൂണയ്ക്ക് ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റു പോയ മോപ്പഡ് ബൈക്കായി ഹീറോ പഞ്ച് മാറി. 64 സിസി എൻജിനുമായി എത്തിയ പഞ്ച് മൂന്നു വ്യത്യസ്ത ഭാവങ്ങളിലാണ് വിപണിയില്‍ അവതരിച്ചത്. ഇന്ത്യയിലെ വ്യത്യസ്തമായ ഭൂമി ശാസ്ത്രം കണക്കിലെടുത്ത് ഓട്ടോമാറ്റിക് ഗിയര്‍, 2 സ്പീഡ് , 3 സ്പീഡ് എന്നിങ്ങനെയായിരുന്നു പഞ്ചിന്റെ മൂന്ന് രൂപങ്ങള്‍. വൈകാതെ കൂടുതല്‍ കരുത്തുമായി പഞ്ച് ടര്‍ബോ എന്ന പേരിലും ഇതേ വാഹനം ഹീറോ ഹോണ്ട വിപണിയില്‍ എത്തിച്ചിരുന്നു.

ഷാരൂഖിന്റെ എൽഎംഎൽ ഫ്രീഡം

Shah Rukh Khan, LML Motorcycles Ad - Mein Hoon Na Style

പ്രമുഖ സ്കൂട്ടര്‍ നിര്‍മ്മാതാക്കളായ എല്‍എംഎല്ലിന്റെ ഇന്ത്യയിലെ ആദ്യ ബൈക്കായിരുന്നു ഫ്രീഡം. 2002ല്‍ പുറത്തിറക്കിയ ഈ വാഹനത്തിന് ബ്രാന്‍ഡ് അംബാസിഡറായി എത്തിയത് ഷാരൂഖ് ആയിരുന്നു. തന്റെ ചിത്രമായ മേം ഹൂനയുടെ പ്രമോഷന്റെ കൂടി ഭാഗമായാണ് ഷാരൂഖ് ഫ്രീഡത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചത്. 110 സിസി എൻജിനുമായാണ് ഫ്രീഡം എത്തിയത്. വൈകാതെ ഷാരൂഖ് ഈ പരസ്യത്തില്‍ നിന്നു മാറിയെങ്കിലും ഫ്രീഡം തരക്കേടില്ലാത അഭിപ്രായം നേടി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഫ്രീഡം സ്പിരിറ്റ് ഉള്‍പ്പടെയുള്ള സീരീസ് ബൈക്കുകളും എല്‍എംഎല്‍ പുറത്തിറക്കി.

ഹൃതിക്കിന്റെ ഹോണ്ട കരിസ്മ

Hrithik Roshan Hero Honda Karizma Ad

സാധാരണക്കാരന്റെ പോക്കറ്റിലൊതുങ്ങുന്ന ആദ്യ കാല സൂപ്പര്‍ ബൈക്കുകളില്‍ ഒന്നായിരുന്നു ഹീറോ ഹോണ്ട കരിഷ്മ. യുവാക്കളെ ലക്ഷ്യമിട്ടിറക്കിയ കരിഷ്മയുടെ പരസ്യത്തിലെ പങ്കാളിയാകാന്‍ സ്വാഭാവികമായി ഹോണ്ട തിരഞ്ഞെടുത്തത് അക്കാലത്ത് യുവാക്കളുടെ ആവേശമായിരുന്ന ഹൃതിക് റോഷനെയാണ്. കഹോ നാ പ്യാര്‍ ഹെയിലൂടെ യുവാക്കളെ കയ്യിലെടുത്ത ഹൃതിക്ക് ഒപ്പം ചേര്‍ന്നതോടെ കരിഷ്മ എന്ന ബൈക്ക് അക്കാലത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ബൈക്കുകളില്‍ ഒന്നായി മാറി. 223സിസി എൻജിനായിരുന്നു കരിഷ്മയുടേത്. സിംഗിള്‍ സിലിണ്ടര്‍ എൻജിനും 17bhpയും ഉണ്ടായിരുന്ന കരിഷ്മ അക്കാലത്ത് ഏറെ ആരാധകരെ സൃഷ്ടിച്ചതില്‍ ഒട്ടും അദ്ഭുതമില്ല.

ജാക്കി ചാന്റെ ഡിസ്കവര്‍

Advertisement of Baja Discover DTSi - Jackie Chan - The last Temptation

ഇന്നും നിരത്തുകളില്‍ സജീവമായി കാണുന്ന വാഹനങ്ങളില്‍ ഒന്നാണ് ഡിസ്കവര്‍. 14 വര്‍ഷം മുന്‍പ് വിപണിയിലത്തുമ്പോള്‍ സാക്ഷാല്‍ ജാക്കി ചാനായിരുന്നു ഡിസ്കവറിന് കൂട്ടായി എത്തിയത്. ജാക്കി ചാന്‍ അഭിനയിച്ച പരസ്യത്തോടൊപ്പം ഡിസ്കവറും വിജയമായി. 125 സിസി എൻജിനുമായി  എത്തിയ ഡിസ്കവര്‍ അതിനകം തന്നെ വിജയമായ ബജാജിന്റെ പള്‍സര്‍ 150 യ്ക്കും CT 100നും ഇടയില്‍ നില്‍ക്കുന്ന ബൈക്ക് എന്ന നിലയിലാണ് അവതരിപ്പിച്ചത്. ഉയര്‍ന്ന മൈലേജും കൂടുതല്‍ പവറുമായിരുന്നു ഡിസ്കവറിന്റെ പ്രത്യേകത. ഡിസ്കവര്‍ വിജയമായതോടെ ഇതിന്റെ 135സിസിയും, DTSi ഉം പിന്നീട് ബജാജ് വിപണിയിലിറക്കി.

ജോണ്‍ എബ്രഹാമിന്റെ യമഹ 

john abraham yamaha ad

ഇന്ത്യന്‍ ബോക്സോഫീസില്‍ ഏറ്റവുമധികം ചലനം സൃഷ്ടിച്ച ചിത്രമാണ് ധൂം. ബൈക്ക് റേസര്‍മാരുടെ കഥ പറഞ്ഞ ധൂമിലൂടെ താരപദവിയിലേക്കുയര്‍ന്ന ജോണ്‍ എബ്രഹാം ഒരു ബൈക്കിന് വേണ്ടി പരസ്യത്തിലെത്തിയത് യമഹയിലൂടെ ആയിരുന്നു. 2005 മുതല്‍ 2012 യമഹയുടെ എല്ലാ ബൈക്കിനും ബ്രാന്‍ഡ് അംബാസിഡറായി എത്തിയത് ജോണ്‍ എബ്രഹാമായിരുന്നു. 2005ല്‍ യമഹ ഫേസറിന് വേണ്ടിയാണ് ജോണ്‍ ആദ്യമായി ബ്രാന്‍ഡ് അംബാസിഡറായത്. പിന്നീട് FZ വരെ ജോണ്‍ യമഹയ്ക്ക് വേണ്ടി അവതരിപ്പിച്ചു.

മിലിന്ദ് സോമന്റെ റോയല്‍ എന്‍ഫീല്‍ഡ് 350

റോയല്‍ എന്‍ഫീല്‍ഡും മിലിന്ദ് സോമനും തങ്ങളുടെ മേഖലയില്‍ ലെജന്‍ഡുകള്‍ തന്നെയാണ്. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ വിപണിയിലെത്തി പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും അവയോടുള്ള ആവേശം കുറഞ്ഞിട്ടില്ലെന്ന് മാത്രമല്ല കൂടിയിട്ടേ ഉള്ളു. ഇതു പോലെ തന്നെയാണ് മിലിന്ദ് സോമനും. ഇപ്പോള്‍ ഇന്ത്യയിലെ അറിയപ്പെടുന്ന പുരുഷ മോഡലുകളില്‍ മുന്‍പന്തിയില്‍ തന്നെയാണ് മിലിന്ദ് സോമന്‍. അതുകൊണ്ട് തന്നെ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 എന്ന സിംഗിള്‍ സീറ്റര്‍ വീണ്ടും വിപണയിലെത്തിച്ചപ്പോള്‍ ബ്രാന്‍ഡ് അംബാസിഡറായി തിരഞ്ഞെടുത്തത് മിലിന്ദ് സോമനെയായിരുന്നു. 2010ല്‍ ഇറങ്ങിയ പരസ്യം വൈകാതെ എല്ലാവരും മറന്നെങ്കിലും മിലിന്ദ് സോമനും റോയല്‍ എന്‍ഫീല്‍ഡും ഇപ്പോഴും ശക്തമായി തന്നെ രംഗത്തുണ്ട്.