ബുള്ളറ്റിന്റെ വിജയം ആവർത്തിക്കാൻ എത്തിയ ഇരട്ടകൾ

enfield-twins
SHARE

റോയൽ എൻഫീൽഡ്... എത്ര പറഞ്ഞാലാണ്, അതിലേറി എത്ര പറന്നാലാണ് കൊതി മാറുക. ഒരോ യുവാക്കളും മുച്ചക്ര സൈക്കിളുന്താൻ തുടങ്ങിയ കുട്ടിക്കാലത്തേ മനസിൽ കൊത്തിവച്ച രൂപം. ഇന്ത്യൻ യുവത്വത്തിന്റെ കരുത്തിന്റെ പ്രതീകം. അത്രമേൽ നിന്നെഞാൻ സ്നേഹിക്കയാണെന്നു ലിംഗഭേദമില്ലാതെ ആളുകൾ രഹസ്യം പറയുന്നൊരു പക്ഷി. നിരത്തുകളിലെ അപൂർവതയായിരുന്നു, ഒരിക്കൽ ഈ ഒറ്റയാൻ. എന്നാൽ ആ കാലം കഴിഞ്ഞുപോയ് ഇന്ന് ബുള്ളറ്റു തട്ടി നടക്കാൻ പറ്റില്ല. ഇന്ത്യയിൽ ഏറ്റവും കുടുതൽ വിൽക്കപ്പെടുന്ന മോഡലുകളിലൊന്നും എൻഫീൽഡ് തന്നെ. എൻഫീൽഡിന്റെ വിജയം കൊതിച്ചാണ് കമ്പനി പുതിയ ഇരട്ടകളെ പുറത്തിറക്കിയത്. ഇന്റർസെപ്റ്ററും കോണ്ടിനെന്റൽ ജിടിയും. ബുള്ളറ്റിന്റെ വിജയം ഇവർ ആവർത്തിക്കുമോയെന്ന് കാത്തിരുന്നു കാണാം

royal-enfield-intercepter-1

രൂപഭംഗി

ഇറ്റലിയിലെ മിലാനില്‍ നടന്ന ടൂവീലര്‍ മോട്ടോര്‍ ഷോയിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജിടി എന്നീ പുതിയ രണ്ടു ബൈക്കുകളെ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. റെട്രോ ലുക്കിലെത്തിയ ബൈക്കുകൾ തുടക്കത്തിൽ തന്നെ ആരാധകരെ സൃഷ്ടിച്ചു. തുടർന്ന് രാജ്യാന്തര വിപണിയിൽ പുറത്തിറക്കിയതിന് ശേഷം ഇപ്പോഴിതാ ഇന്ത്യയിലെത്തിച്ചു. ക്ലാസിക്ക് ലുക്ക് വിട്ട് റോയൽ എൻഫീൽഡിന് കളിയൊന്നുമില്ല. എന്‍ഫീല്‍ഡിന്റെ തന്നെ ഇന്റര്‍സെപ്റ്റര്‍ മാര്‍ക്ക് 1 നെ അനുസ്മരിപ്പിച്ചാണ് പുതിയ ഇന്റര്‍സെപ്റ്ററിനെ പുറത്തിറക്കിയിരിക്കുന്നത്. ഉരുണ്ട ഇന്ധനടാക്കും ഹെഡ്‍ലാംപും മനം മയക്കുന്ന രൂപവും ഇന്റർസെപ്റ്ററിന് പ്രത്യേകതയാണ്.  2013ല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കിയ കഫേ റേസര്‍ ബൈക്ക് കോണ്ടിനെന്റല്‍ ജിടിയുടെ രൂപവും ഭാവവുമാണ് പുതിയ ജിടിക്ക്. ആദ്യ ബൈക്കിന്റെ പിൻവലിച്ച രണ്ടാമനെ പുറത്തിറക്കി. 

Royal Enfield Interceptor 650 & Continental GT 650

എൻജിൻ

ചരിത്രത്തിലാദ്യമായി റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുന്ന പാരലല്‍ ട്വിന്‍ എന്‍ജിനുമായാണ് പുതിയ ബൈക്കുകള്‍ എത്തിയത്. 648 സിസി കപ്പാസിറ്റിയുള്ള പാരലല്‍ ട്വിന്‍ എയര്‍ കൂള്‍ഡ് എന്‍ജിന്‍ 7100 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി കരുത്തും 4000 ആര്‍പിഎമ്മില്‍ 52 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറു സ്പീഡാണ് ട്രാന്‍സ്മിഷന്‍. യുകെയില്‍ കമ്പനി പുതുതായി സ്ഥാപിച്ച ടെക്‌നിക്കല്‍ സെന്ററും ചെന്നൈയിലെ ടെക്‌നിക്കല്‍ സെന്ററും സംയുക്തമായാണു പുതിയ എന്‍ജിന്‍ വികസിപ്പിച്ചത്. രണ്ടു ബൈക്കുകളിൽ ഒരേ എൻജിൻ തന്നെയാണ്. ഭാവിയിൽ ഈ എൻജിൻ ഉപയോഗിച്ചുള്ള കൂടുതൽ ബൈക്കുകളും പ്രതീക്ഷിക്കാം.

royal-enfield-continental

വില

വില പ്രഖ്യാപനം അക്ഷരാർത്ഥത്തിൽ എല്ലാവരേയും ‍‍‍ഞെട്ടിച്ചു. മിഡിൽ വെയിറ്റ് ക്യാറ്റഗറിയിലെ ഒരു സുപ്പർസ്റ്റാറാവാൻ തന്നെയാണ് എൻഫീൽഡ് ശ്രമിക്കുന്നത്. മൂന്നു മോഡലുകളിലായി ലഭിക്കുന്ന ബൈക്കുകളുടെ വില 2.50 ലക്ഷം മുതല്‍ 2.85 ലക്ഷം രൂപ വരെയാണ്. കോണ്ടിനെന്റല്‍ ജിടിയുടെ ക്രോം മോഡലിന് 2.85 ലക്ഷവും കസ്റ്റം മോഡലിന് 2.72 ലക്ഷവും സ്റ്റാന്റേര്‍ഡിന് 2.65 ലക്ഷം രൂപയുമാണ് വില. ഇന്റര്‍സെപ്റ്ററിന്‌റെ ക്രോം മോഡലിന് 2.70 ലക്ഷവും കസ്റ്റം മോഡലിന് 2.57 ലക്ഷവും സ്റ്റാന്റേര്‍ഡിന് 2.50 ലക്ഷം രൂപയുമാണ് വില. എല്ലാ മോഡലുകള്‍ക്കും മൂന്നുവര്‍ഷം അല്ലെങ്കില്‍ 40000 കിലോമീറ്റര്‍ വരെ വാറന്റിയും റോയല്‍ എന്‍ഫീല്‍ഡ് നല്‍കുന്നുണ്ട്.

വിപണി പിടിക്കാൻ ഇരട്ടകൾ

ഹാർലിയും ട്രയംഫുമെല്ലാമുള്ള പ്രീമിയം ബൈക്ക് ക്യാറ്റഗറിയിൽ വില ഒരു സുപ്രധാന ഘടകമാണ്. എൻജിൻ ശേഷി കൂടിയ വലിയ ബൈക്കുകളിൽ‌ നിന്ന് കൂടുതൽ ആളുകളെ അകറ്റി നിർത്തുന്നതും വില എന്ന ഘടകം തന്നെ. ‌‌ഈ സെഗ്മെന്റിൽ വിപണിയില്‍ മാറ്റങ്ങള്‍ വരുത്താനാണ് ഇരുബൈക്കുകളുമെത്തിയത് എന്നാണ് വാഹനം പുറത്തിറക്കി റോയല്‍ എന്‍ഫീല്‍ഡ് സിഇഒ സിദ്ധാര്‍ഥ് ലാല്‍ പറഞ്ഞത്. രാജ്യത്താകെമാനമുള്ള ഡീലർഷിപ്പുകളും സർവീസ് സെന്ററുകളും ഈ സെഗ്മെന്റിൽ എൻഫീൽഡിന് മുൻതൂക്കം നൽകും. എന്നാൽ ഇവ എത്തിയത് 800 സിസി ബൈക്കുകളുമായി മത്സരിക്കാനല്ലെന്നും പുതിയൊരു സെഗ്‌മെന്റ് നിര്‍മിക്കാനാണ് ശ്രമിക്കുന്നതെന്നും സിദ്ധാര്‍ഥ് ലാല്‍ നേരത്തെ പറഞ്ഞിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA