35 കടന്ന് ജാപ്പനീസ് മികവ്

Representational image
SHARE

ജാപ്പനീസ് വാഹനവ്യവസായ മേഖല ഇന്ത്യയ്ക്കു നൽകിയ വലിയ സംഭാവന സൗന്ദര്യവും ഈടും സാങ്കേതികത്തികവും കുറഞ്ഞ പരിപാലനച്ചെലവുമുള്ള കാറുകൾ മാത്രമാണെന്നു കരുതിയാൽ തെറ്റി. ജപ്പാനിൽ നിന്ന് ഓടിയെത്തിയ കാറുകൾക്കൊപ്പം വലിയൊരു വാഹനവ്യവസായ ശൃംഖലയും സംസ്കാരവും എത്തുകയായിരുന്നു. ഇന്ത്യയിലെ വാഹന വ്യവസായത്തിന്റെ ഗതി തന്നെ തിരിച്ചെഴുതിയ ആ മാറ്റം 35 കൊല്ലം പിന്നിടുകയാണ്.

 ചെറിയ തുടക്കം: 1983 ഡിസംബർ 14 ന് വലിയ മാറ്റങ്ങളുടെ ചെറിയ കാർ പുറത്തിറങ്ങി: മാരുതി 800. അന്നത്തെ കണക്കനുസരിച്ച് തീരെച്ചെറിയ 796 സിസി എൻജിനും കുഞ്ഞു ഘടകങ്ങളുമായി എത്തിയ മാരുതിയെ സംശയത്തോടെ നോക്കിയവർക്ക് ഇന്നും അതേ കാർ പുതിയ രൂപഭാവങ്ങളിൽ നിരത്തു നിറഞ്ഞോടുന്നതു കാണാം. വിരലിലെണ്ണാൻ മാത്രം നിർമാതാക്കളും വർഷം അര ലക്ഷം കാറുകളുടെ വിൽപനയുമുണ്ടായിരുന്ന അക്കാലത്തുനിന്ന് വ്യവസായം അനേകമടങ്ങു വളർന്നു. കഴിഞ്ഞ സാമ്പത്തിക വർഷം റെക്കോർഡ് വളർച്ചയിലെത്തിയ കാർ വിൽപന 33 ലക്ഷം കടന്നു. ഇതിൽ പാതിയോളം വിൽക്കുന്നത് അന്നത്തെ കുഞ്ഞു മാരുതിയും അവരുടെ മറ്റു മോഡലുകളും തന്നെ; 16.43 ലക്ഷം യൂണിറ്റുകൾ. മാരുതിക്ക് മറ്റധികം മോഡലുകളില്ലാതിരുന്ന 90 കാലഘട്ടങ്ങളിൽ ഇന്ത്യയിലെ കാറുകളുടെ 50 ശതമാനവും മാരുതി 800 എന്ന ഒരൊറ്റ മോഡലായിരുന്നു.

 അന്ന് ആരുമില്ല: 1981 ൽ മാരുതി ഉദ്യോഗ് ലിമിറ്റഡ് സ്ഥാപിക്കപ്പെടുമ്പോൾ ഇന്ത്യയിൽ കാറുണ്ടാക്കുന്ന കമ്പനികൾ വെറും മൂന്ന്. ഹിന്ദുസ്ഥാൻ മോട്ടോഴ്സ്, പ്രീമിയർ ഓട്ടമൊബീൽസ്, സ്റ്റാൻഡേഡ് മോട്ടോർ പ്രൊഡക്ട്സ്. ഉൽപാദനം ൈലസൻസിലൂടെ നിയന്ത്രിച്ചിരുന്ന അക്കാലത്ത് പരമാവധി ഉൽപാദനം ഒരിക്കൽപ്പോലും അര ലക്ഷം കവിഞ്ഞില്ല. എന്നാൽ മാരുതിയെത്തി മൂന്നു കൊല്ലം പിന്നിടുമ്പോൾ ഉൽപാദനം മൂന്നിരട്ടിയായി. പിന്നീടുണ്ടായ വളർച്ചയിൽ ജപ്പാനിൽ നിന്നും യൂറോപ്പിൽ നിന്നും കൊറിയയിൽ നിന്നും ഏറ്റവുമൊടുവിൽ ൈചനയിൽ നിന്നുമൊക്കെയുള്ള കമ്പനികൾ ഇന്ത്യ പിടിക്കാൻ പൊരുതി. ആഭ്യന്തര നിർമാതാക്കളും ഈ യുദ്ധത്തിൽ പങ്കാളികളായി. എന്നാൽ എല്ലാവരും സഞ്ചരിച്ചത് ജപ്പാൻകാർ തുറന്നിട്ട പാതയിലൂടെയാണ്.

 ആവാസ വ്യവസ്ഥ: കാർ നിർമാണത്തിനു മാത്രമല്ല പുതിയൊരു ആവാസവ്യവസ്ഥയ്ക്കു കൂടി മാരുതി ഇന്ത്യയിൽ തുടക്കമിട്ടു. പിൽക്കാലത്തെത്തിയ ജാപ്പനീസ് കാർ നിർമാതാക്കൾക്കും മറ്റു രാജ്യങ്ങളിൽ നിന്നുള്ള നിർമാതാക്കൾക്കും ആഭ്യന്തര നിർമാതാക്കൾക്കുമെല്ലാം ഈ പുതിയ വ്യവസ്ഥ ഉപകാരപ്രദമായി. ജാപ്പനീസ് നിലവാരത്തിലേക്ക് ഇന്ത്യയിലെ നിർമാണ രീതിയെ ൈകപിടച്ചുയർത്തുകയായിരുന്നുവെന്നും പറയാം. മാറ്റങ്ങൾ ഉണ്ടായത് മുഖ്യമായും ഘടകനിർമാണം, തൊഴിൽ, കയറ്റുമതി, വാഹന വായ്പ, ഗുണമേന്മ എന്നീ മേഖലകളിൽ.

 ഘടകനിർമാണം: കാർ നിർമാണത്തിന്റെ അടിത്തറ ഘടകങ്ങളുടെ നിർമാണമാണ്. നട്ടും ബോൾട്ടും മുതൽ വലിയ മെക്കാനിക്കൽ ഘടകങ്ങളും സീറ്റും ഡാഷ് ബോർഡും പോലുള്ള ഭാഗങ്ങളും അടക്കം ലക്ഷക്കണക്കിനു ഘടകങ്ങൾ കൂട്ടിയോജിപ്പിച്ചാണ് കാറുകൾ നിർമിക്കുന്നത്. വാഹനങ്ങളുടെ വില കുറയ്ക്കാനും ഉൽപാദനം വർധിപ്പിക്കാനും വിൽപനാനന്തര അറ്റകുറ്റപ്പണിക്കുള്ള സ്പെയർപാർട്സുകളുടെ ലഭ്യത മെച്ചപ്പെടുത്താനുമൊക്കെ മികച്ച ഘടകനിർമാണ ശൃംഖല ആവശ്യമാണ്.

കാർ നിർമാണം ആരംഭിക്കുന്നതിനു മുമ്പുള്ള ഏതാനും കൊല്ലങ്ങൾ ഈ ഘടക നിർമാണ വ്യവസായം ഏർപ്പെടുത്തുന്നതിനാണ് മാരുതി ശ്രമിച്ചത്. ഇറക്കുമതി പരമാവധി കുറച്ച് എല്ലാ ഘടകങ്ങളും ഇന്ത്യയിൽ ഉൽപാദിപ്പിക്കാനുള്ള ശ്രമം 1986 ആയപ്പോഴേക്കും ഏതാണ്ട് പൂർണതയിലെത്തി. ജപ്പാനിൽ നിന്നുളള ഏറ്റവും മികച്ച ഘടകനിർമാതാക്കൾ മാരുതി ശാലയ്ക്കു ചുറ്റും നിർമാണ സംവിധാനമുണ്ടാക്കി പ്രവർത്തനമാരംഭിച്ചു. ഇന്ത്യയിൽ ഇന്നു വരെ ലഭിച്ചിട്ടില്ലാത്തത്ര ഗുണമേന്മയുള്ള ജാപ്പനീസ് സ്പെയറുകൾ അങ്ങനെ ഇവിടെ ധാരാളമായി.

 ഇന്ത്യക്കാർക്ക് നേട്ടം: ഈ തുടക്കം പിന്നീട് ഇന്ത്യയിലെത്തിയ മിത്‌സുബിഷി, ഹോണ്ട, ടൊയോട്ട, നിസ്സാൻ, ഡാറ്റ്സൻ, ഇസുസു തുടങ്ങിയ ജപ്പാൻകാർക്കും സഹായകമായി. പൊതുവെ ജാപ്പനീസ് നിർമാതാക്കൾ ഒരേ ഘടകങ്ങൾ പങ്കിടുന്നതിനാൽ കൂടുതൽ ഘടകനിർമാതാക്കൾ ഇന്ത്യയിലെത്താനും ലാഭകരമായി പ്രവർത്തിക്കാനും ആരംഭിച്ചു. ഇതിന്റെ പ്രയോജനം ഇന്ത്യയിലെ നിർമാതാക്കൾക്കും ലഭിച്ചു. അന്നു വരെ ലഭിച്ചിരുന്ന തരം താണ ഘടകങ്ങൾ ഉയർന്ന സാങ്കേതികതയും ഈടുമുള്ള ജാപ്പനീസ് ഉൽപന്നങ്ങൾക്കായി വഴിമാറി. പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന കാറുകളുടെ ഗുണമേന്മ ഉയർത്താനും ഇതു സഹായകമായി.

 തൊഴിൽ ലാഭം: ജാപ്പനീസ് വാഹന വ്യവസായികൾ പ്രത്യക്ഷമായും പരോക്ഷമായും ലക്ഷക്കണക്കിനു തൊഴിലവസരങ്ങളാണ് ഇന്ത്യയിൽ സൃഷ്ടിച്ചത്. നിർമാണ ശാലകളിൽ ലഭിച്ച ആയിരക്കണക്കിന് തൊഴിലവസരങ്ങൾക്കു പുറമെ ഘടകനിർമാതാക്കൾ മുതൽ വാഹനങ്ങൾ കയറ്റിയിറക്കുന്ന ലോജിസ്റ്റിക്സ് സ്ഥാപനങ്ങളും മറ്റ് നൂറുകണക്കിന് അനുബന്ധ വ്യവസായങ്ങളും ബാങ്കും ചായക്കടകളുമൊക്കെയായി പരോക്ഷമായ തൊഴിൽ എത്രയെന്നതിനു കൃത്യമായ കണക്കില്ല. ഡീലർഷിപ്പുകളിലും മറ്റുമായി ഉണ്ടായ പുതിയ തൊഴിൽ സാധ്യതകൾ ഇതിലും എത്രയോ അധികം. രണ്ടു കോടി തൊഴിലുകളാണ് പ്രത്യക്ഷമായും പരോക്ഷമായും വാഹനവ്യവസായ രംഗത്തുള്ളത്. ഇതിൽ 70 ശതമാനവും ജാപ്പനീസ് കമ്പനികളുടെ സംഭാവനയാണ്. കേരളത്തിൽ നിസ്സാൻ സോഫ്റ്റ്‌വെയർ വിഭാഗം മാത്രം 3000 തൊഴിലവസരങ്ങളാണ് പുതുതായി സൃഷ്ടിച്ചത്.

 വാഹനങ്ങൾ സാധാരണക്കാരിലേക്ക്: കാറുകൾ സാധാരണക്കാരന് അന്യമായിരുന്ന കാലത്ത് ജാപ്പനീസ് വാഹനങ്ങൾ ഇന്ത്യയിലെ ‘പീപ്പിൾസ് കാറു’കളായി. അംബാസഡറിന്റെ പാതി വിലയ്ക്കാണ് മാരുതി 800 സ്റ്റാൻഡേഡ് ആദ്യമിറങ്ങിയത്. പുറമെ അനായാസം കാറുകൾ സ്വന്തമാക്കാനാവുന്ന വായ്പാ സൗകര്യങ്ങൾക്കും ജപ്പാൻകാർ ഇന്ത്യയിൽ അടിത്തറയിട്ടു. ഉപയോഗിച്ച കാർ മികച്ച വിലയ്ക്കു വിൽക്കാനും മറ്റൊരാൾക്ക് നിർമാതാവു തന്നെ സർട്ടിഫൈ ചെയ്യുന്ന കാറുകൾ വാങ്ങാനും ഇന്ത്യയിൽ ആദ്യമായി അവസരമൊരുക്കിയതും ഗുണമേന്മയുള്ള സ്പെയറുകൾ ഉറപ്പാക്കിയതും ഇവർ തന്നെ.

 ജപ്പാനിലേറി വിദേശത്തേക്ക്: ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം കാറുകൾ വിദേശ വിപണിയിലേക്ക് കയറ്റി അയയ്ക്കുന്നത് ജപ്പാൻകാരാണ്. കഴിഞ്ഞ സാമ്പത്തികവർഷം മാത്രം മൂന്നു ലക്ഷത്തോളം ഇന്ത്യൻ നിർമിത ജാപ്പനീസ് കാറുകൾ യൂറോപ്പും ഗൾഫും അടക്കമുള്ള ലോക വിപണികളിലേക്ക് കയറ്റി അയച്ചു. ചില മോഡലുകളുടെ ആഗോള ഉത്പാദനം ഇന്ത്യയിൽ മാത്രമാണ്.

car

 സുരക്ഷ: കുറഞ്ഞ വിലയുള്ള കാറുകൾക്കും സുരക്ഷയാകാം എന്ന് ജാപ്പനീസ് കാറുകൾ തെളിയിച്ചു. ഏറ്റവും ചെറിയ കാറിനും യൂറോപ്യൻ നിലവാരമുള്ള സുരക്ഷ ഉറപ്പാക്കി. എയർ ബാഗും എബിഎസും സർക്കാർ നിബന്ധന വരുംമുമ്പ് സ്റ്റാൻഡേഡ് സൗകര്യമാക്കിയ നിർമാതാക്കളുണ്ട്. അടിസ്ഥാന മോഡൽ മുതൽ ഏഴ് എയർബാഗുകളുള്ള കാറുകളാണ് ഇന്നു മധ്യനിരയിൽ ഇറങ്ങുന്നത്.

 കാറിലാണ് വിനോദം: കാറുകൾ റാലികൾക്കും റേയ്സുകൾക്കും മറ്റ് വിനോദോപാധികൾക്കും വ്യാപകമായി ഉപയോഗിക്കാമെന്നത് വ്യാപകമാക്കിയതിലും ജാപ്പനീസ് നിർമാതാക്കളുടെ ൈകമുദ്രയുണ്ട്. മോട്ടോർ സ്പോർട്ട് ഇവൻറുകൾക്ക് സുസുക്കിയും ടൊയോട്ടയും ഹോണ്ടയും നിസ്സാനും മിത്‌സുബിഷിയുമൊക്കെ ധാരാളമായി ഒരുക്കി. ഇന്ത്യയിൽ ഒരു ഫോർമുല വൺ ടീം സൃഷ്ടിക്കാൻ വരെ ടൊയോട്ട പോലെയുള്ള നിർമാതാക്കൾ മുൻകയ്യെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA