ചെറുനഗരങ്ങളിലേക്ക് കാർഗോ വിമാനങ്ങൾ പറത്താൻ പദ്ധതി

kannur-airport-air-india-flight
SHARE

സർക്കാർ സാമ്പത്തിക സഹായത്തോടെ ഉഡാൻ മാതൃകയിൽ ചെറുകിട നഗരങ്ങളിലേക്ക് കാർഗോ വിമാന സർവീസുകൾ നടത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയം. വിമാനകമ്പനികൾക്ക് അധികമായി ചിലവു വരുന്നതിൽ നിശ്ചിത തുക പ്രത്യേക നിധിയിൽ നിന്നും നൽകി ഉഡാൻ മാതൃകയിൽ രാജ്യത്തെ വ്യോമമാർഗമുള്ള ചരക്കു ഗതാഗതവും വർധിപ്പിക്കുകയാണ് ലക്ഷ്യം.

ഉഡാൻ യാത്രാ സർവീസുകൾ പോലെ തന്നെ നിശ്ചിത ദൂരം ചരക്കുകൾ എത്തിക്കുന്നതിന് പ്രത്യേക നിരക്ക് ഇതിനായി നിശ്ചയിക്കും. സർവീസുകൾ നടത്തുമ്പോൾ വിമാനകമ്പനികൾക്ക് അധികം വരുന്ന ചിലവാണ് സർക്കാർ നൽകുക. യാത്രാ സർവീസുകൾക്ക് കേന്ദ്ര സർക്കാർ ഒരു മണിക്കൂർ ദൈർഘ്യമുള്ള യാത്രയ്ക്ക് സീറ്റൊന്നിന് 2500 രൂപയാണ് നിരക്കു നിശ്ചയിച്ചിരിക്കുന്നത്. കാർഗോ വിമാനങ്ങളിൽ ഈ നിരക്ക് എത്രയായിരിക്കണമെന്നത് സർക്കാരിന്റെ ഉടൻ വരുന്ന ചരക്കു ഗതാഗത നയത്തിൽ പ്രഖ്യാപിക്കും.

ചെറു നഗരങ്ങളിൽ നിന്നും രാജ്യത്തിനകത്തെയും പുറത്തെയും പ്രമുഖ വിമാനത്താവളങ്ങളിലേക്കുള്ള ചരക്കു നീക്കത്തിനാണ് പ്രധാനമായും സർക്കാർ സഹായം അനുവദിക്കുക. രാജ്യത്ത് വിമാനയാത്രാ മേഖലയിൽ ഏർപ്പെടുത്തിയ ഉഡാൻ സർവീസ് വിജയകരമായ സാഹചര്യത്തിലാണ് കാർഗോ മേഖലയിലേക്കും ഇതു വ്യാപിപ്പിക്കുവാൻ സർക്കാൻ നടപടി ആരംഭിച്ചിട്ടുള്ളത്.

ആകാശമാർഗം ചരക്കുനീക്കം: വലിയ കുതിപ്പ്

ഇക്കഴിഞ്ഞ സാമ്പത്തികവർഷം വ്യോമചരക്കു ഗതാഗത മേഖലയിൽ രാജ്യത്ത് 11.93 ശതമാനം വർധനവാണുണ്ടായത്. രാജ്യാന്തര ചരക്കു ഗതാഗതം 14.61 ശതമാനം വർധിച്ചപ്പോൾ ആഭ്യന്തര ചരക്കു ഗതാഗതം 9.25 ശതമാനമാണ് വികസിച്ചത്. 2017–18ൽ രാജ്യത്ത് ആകെ കൈകാര്യം ചെയ്തത് 22.1 ലക്ഷം മെട്രിക് ടൺ ആണ്. ഇതിൽ 15.13 ലക്ഷം മെട്രിക് ടൺ രാജ്യാന്തര കാർഗോയും 6.97 ലക്ഷം മെട്രിക് ടൺ ആഭ്യന്തര കാർഗോയുമായിരുന്നു.

കഴിഞ്ഞ ഒരു വർഷം വ്യോമചരക്കു ഗതാഗത രംഗത്ത് രാജ്യത്ത് വലിയ കുതിപ്പുണ്ടായിരുന്നു. 2016–17 വർഷത്തിൽ തൊട്ടു മുൻപുള്ള വർഷത്തെ അപേക്ഷിച്ച് പത്തു ശതമാനം മാത്രം  വർധവുണ്ടായപ്പോഴാണ് കഴിഞ്ഞ വർഷം രണ്ടു ശതമാനത്തോളം കൂടുതൽ വളർച്ച കൈവരിക്കാനായത്. പത്തു വർഷം മുമ്പ് 2007–08ൽ രാജ്യത്തെ വ്യോമ ചരക്കു ഗതാഗതം 13.93 ലക്ഷം മെട്രിക് ടൺ മാത്രം ആയിരുന്നു. ക്രമാനുഗതമായ വളർച്ച നിരന്തരം നേടുന്ന ഈ മേഖലയിൽ സമീപഭാവിയിൽ ഒരു കുതിച്ചു ചാട്ടത്തിനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

വ്യോമചരക്കു ഗതാഗതം കൈകാര്യം ചെയ്യുന്നതിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളത് ഡൽഹി വിമാനത്താവളമാണ്. 9.63 ലക്ഷം മെട്രിക് ടൺ. 9.06 ലക്ഷം മെട്രിക് ടണുമായി മുംബൈ വിമാനത്താവളം തൊട്ടടുത്തുണ്ട്. മൂന്നാം സ്ഥാനത്തുള്ള ചെന്നൈ വിമാനത്താവളം കൈകാര്യം ചെയ്തത് 4.17 ലക്ഷം മെട്രിക് ടൺ മാത്രമാണ്. 3.48 ലക്ഷം മെട്രിക് ടണുമായി ബെംഗളുരു നാലാം സ്ഥാനത്തുണ്ട്. മറ്റു പ്രമുഖ വിമാനത്താവളങ്ങളിലെ ചരക്കു നീക്കം(ബ്രാക്കറ്റിൽ): കൊൽക്കത്ത(1.63), ഹൈദ്രാബാദ്(1.34),അഹമ്മദാബാദ്(0.92),  കൊച്ചി(0.76), പൂനെ(0.42), തിരുവനന്തപുരം(0.29).

രാജ്യത്തെ ചരക്കുഗതാഗത മേഖലയുടെ വളർച്ച ഏകോപിപ്പിക്കുന്നതിന് 2016 ഒക്ടോബറിൽ കേന്ദ്ര സർക്കാർ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് ലിമിറ്റഡ് എന്ന പേരിൽ ഒരു സബ്സിഡിയറി കമ്പനിയ്ക്കു രൂപം നൽകിയിരുന്നു. കാർഗോ കൈകാര്യം ചെയ്യുന്നതിനു പുറമെ രാജ്യത്തെ വെയർഹൗസ് സൗകര്യങ്ങളുടെ വികസനം, കാർഗോ ഫ്രെയ്റ്റ് സ്റ്റേഷനിലേക്കുള്ള ഗതാഗതസംവിധാനങ്ങളുടെ വികസനം തുടങ്ങിയവയ്ക്കും പുതിയ കമ്പനിയ്ക്കു ചുമതലയുണ്ട്.

നിരക്കിലെ മൽസരം മൂലം പ്രതിസന്ധിയിലായ രാജ്യത്തെ യാത്രാ വിമാനക്കമ്പനികൾ കൂടുതലായി  കാർഗോ മേഖലയിലേക്കും കടക്കുന്നതിന്റെ സൂചനകളാണ് വിവിധ വിമാനക്കമ്പനികൾ നൽകുന്നത്.

രാജ്യത്തെ വ്യോമചരക്കു ഗതാഗത മേഖലയിലെ വികസനം മുന്നിൽക്കണ്ട് സ്പൈസ് ജെറ്റ് സെപ്റ്റംബറിൽ പ്രത്യേക കാർഗോ സർവീസുകൾ ആരംഭിച്ചിരുന്നു. നാലു വിമാനങ്ങളാണ് ഈ വർഷം സ്പൈസ് എക്സ്പ്രസ് ഇതിനായി സ്വന്തമാക്കുക. പ്രതിമാസ ചരക്കു ഗതാഗതം നിലവിലെ 15000 ടണിൽ നിന്നും 27000 ടൺ ആക്കി ഉയർത്തുകയാണ് സ്പൈസ് ജെറ്റിന്റെ ലക്ഷ്യം.

രാജ്യത്ത് യാത്രാ മേഖലാ വിപണിയിൽ പ്രമുഖ പങ്കാളിത്തമുള്ള ഇൻഡിഗോ തങ്ങളുടെ വിമാനങ്ങളിൽ യാത്രക്കാരുടെ ലഗേജുകൾ വെച്ച ശേഷം ബാക്കിയുള്ള സ്ഥലം പെരിഷബിൾ കാർഗോയ്ക്കായി ഉപയോഗപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഓരോ വിമാനങ്ങളിലും ശരാശരി 1.5 മുതൽ 2 ടൺ വരെ ചരക്കുകൾ കയറ്റാനാകുമെന്നാണ് ഇൻഡിഗോ വൃത്തങ്ങൾ നൽകുന്ന സൂചന. വർധിച്ചു വരുന്ന ഇന്ധനവില സൃഷ്ടിക്കുന്ന പ്രതിസന്ധി മറി കടക്കാനും വിമാനകമ്പനികൾക്ക് ചരക്കുകൾ കൈകാര്യം ചെയ്യുന്നതിലൂടെ സാധിച്ചേക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA