എക്സ്‌യുവി 300 മുതൽ പുതിയ ഡസ്റ്റർ വരെ, ഉടനെത്തുന്ന എസ്​യുവികൾ

upcoming-suv
SHARE

ഹാച്ച്ബാക്കുകൾ കഴിഞ്ഞാൽ ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം ആരാധകരുള്ള സെഗ്‌മെന്റാണ് എസ്‌യുവികൾ. നാലു മീറ്ററിൽ താഴെ നീളമുള്ള ചെറു എസ്‌യുവികൾ തുടങ്ങി വലിയ എസ്‌യുവികൾ വരെ നിരവധി വകഭേദങ്ങളുണ്ട് ഇതിൽ. നിലവിലുള്ള മോഡലുകളുടെ ഫെയ്സ്‌ലിഫ്റ്റുകളടക്കം നിരവധി വാഹനങ്ങളാണ് അടുത്തവർഷത്തെ വിപണിയിലിറങ്ങുന്നതിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഉടൻ പുറത്തിറങ്ങുന്ന എസ്‌യു‌വികൾ ഏതൊക്കെയെന്ന് നോക്കാം.

ടാറ്റ ഹാരിയർ

tata-harrier-3

അടുത്തവർഷം ആദ്യം പുറത്തിറങ്ങുന്ന വാഹനങ്ങളിലൊന്നാണ് ഹാരിയർ. പ്രീമിയം എസ്‍യുവി വിപണിയിലേക്കുള്ള ടാറ്റയുടെ കാൽവെയ്പ് തരംഗങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. എച്ച്5എക്സ് എന്ന കോഡു നാമത്തിൽ അറിയപ്പെട്ടിരുന്ന ഹാരിയറിനെ ടാറ്റ ആദ്യം പ്രദർശിപ്പിച്ചത് കഴിഞ്ഞ ന്യൂഡൽഹി ഓട്ടോ എക്സ്പോയിലാണ്. ടാറ്റയുടെ പുതിയ ഒമേഗ പ്ലാറ്റ്ഫോമിലാണ് ഹാരിയറിന്റെ നിർമാണം. 140 ബിഎച്ച്പി കരുത്തുള്ള രണ്ടു ലീറ്റർ, നാലു സിലിണ്ടർ, ക്രയോടെക് ഡീസൽ എൻജിനാണ് ഹാരിയറിൽ. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 15 ലക്ഷത്തിലായിരിക്കും ആരംഭിക്കുക.

‌റെനൊ ഡസ്റ്റർ

new-duster-3.jpg.image.784.410

കോംപാക്റ്റ് എസ്‌യുവി സെഗ്‍മെന്റിലെ താരമായാണ് റെനോ ഡസ്റ്റർ ഇന്ത്യയിലെത്തിയത്. ഇന്ത്യൻ വിപണിയ്ക്ക് സുപരിചിതരല്ലായിരുന്ന റെനൊ എന്ന ഫ്രഞ്ച് കമ്പനിയെ ഈ കോംപാക്റ്റ് എസ്‌യുവി പ്രശസ്തനാക്കി. 2012 മുതൽ കാതലായ മാറ്റങ്ങളില്ലാതെ തുടരുന്ന ഡസ്റ്റർ അടിമുടി മാറിയെത്തുന്നു. പൂർണമായും പുതിയതായി എത്തുന്ന വാഹനം അടുത്ത വർഷമവസാനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. പുതിയ വാഹനത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും എൻജിനിൽ മാറ്റങ്ങളുണ്ടാകാൻ സാധ്യതയില്ല. ആദ്യ ഡസ്റ്ററിന് കരുത്തേകിയ 1.5 ലിറ്റർ ഡീസൽ, 1.6 ലിറ്റർ പെട്രോൾ എൻജിനുകള്‍ തന്നെയാകും പുതിയ ‍ഡസ്റ്ററിലും. വില 9 ലക്ഷം മുതല്‍ 15 ലക്ഷം വരെ.

നിസാൻ കിക്സ്

nissan-kicks

ഇന്ത്യയിലെ വിപണി വിഹിതം വർദ്ധിപ്പിക്കാൻ ലക്ഷമിട്ട് നിസാൻ പുറത്തിറക്കുന്ന വാഹനമാണ് കിക്സ്. ചെറു എസ്‌യുവി സെഗ്മെന്റിൽ ചുവടുറപ്പിക്കാൻ കിക്സ് അടുത്ത വർഷം ആദ്യം തന്നെ വിപണിയിലെത്തും. റെനൊ ‍ഡസ്റ്റർ, ലോഡ്ജി, ക്യാപ്ച്ചർ തുടങ്ങിയവയ്ക്ക് അടിത്തറയാകുന്ന എംഒ പ്ലാറ്റ്ഫോമിലായിരിക്കും കിക്സിന്റെയും നിർമാണം. 2014 സാവോപോളോ ഇന്റർനാഷണൽ മോട്ടോർഷോയിലാണ് കിക്സ് എന്ന കോംപാക്റ്റ് എസ് യു വി കൺസെപ്റ്റ് ആദ്യം പ്രദർശിപ്പിച്ചത്. കൺസെപ്റ്റ് മോ‍ഡലിന്റെ പ്രൊഡക്‌ഷൻ പതിപ്പ് 2016ല്‍ ബ്രസീല്‍ വിപണിയിലെത്തി. പ്രീമിയം ഫീലുള്ള ഇന്റീരിയർ, ഏഴ് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ഓട്ടമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ ബ്രസീൽ മോഡലിലുണ്ട്. 1.5 ലീറ്റർ പെട്രോള്‍, 1.5 ലീറ്റർ ഡീസൽ എൻജിനാകും ഇന്ത്യയിലെത്തുക. 8 മുതൽ 15 ലക്ഷം രൂപ വരെയായിരിക്കും വില.

കിയ എസ് പി

kia-sp

അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുന്ന കിയയുടെ ആദ്യവാഹനമാണ് എസ്പി. ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച എസ്പി കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ‌ മോഡൽ അടുത്തവർഷം അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. 1.5 ലീറ്റർ ഡീസൽ, 1.6 ലീറ്റർ പെട്രോൾ എൻജിനുകളായിരിക്കും എസ്പി കൺസെപ്റ്റിൽ. ആന്ധപ്രദേശിലെ കിയയുടെ ഫാക്ടറിയിൽ നിന്നു പുറത്തിറങ്ങുന്ന ആദ്യവാഹനമായ എസ്‌പിയുടെ വില 8 ലക്ഷം മുതൽ 15 ലക്ഷം വരെയായിരിക്കും.

എക്സ്‌യുവി 300

ssangyong-tivoli

നാലു മീറ്ററിൽ താഴെ നീളമുള്ള മഹീന്ദ്രയുടെ ചെറു എസ്‍യുവിയാണ് എസ് 201. പേരു പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മഹീന്ദ്ര എക്സ് യു വി 300 എന്നായിരിക്കും പുതിയ വാഹനത്തിന്റെ പേര് എന്നാണ് സൂചന. മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങിന്റെ ചെറു എസ്‌യുവി ടിവോളി പ്ലാറ്റ്ഫോമിന്റെ പരിഷ്കരിച്ച രൂപമാണ് എസ് 201ൽ ഉപയോഗിക്കുന്നത്. ടിവോളിയുടെ പ്ലാറ്റ്ഫോം മാത്രമല്ല ഡിസൈൻ ഘടകങ്ങൾ കൂടി അടിസ്ഥാനപ്പെടുത്തിയിരിക്കും പുതിയ കോംപാക്റ്റ് എസ്‌യുവി മഹീന്ദ്ര പുറത്തിറക്കുക എന്നാണ് സൂചന. സെഗ്‌മെന്റിൽ ആദ്യമായി പനോരമിക് സൺറൂഫുമായി എത്തുന്ന വാഹനമായിരിക്കും ചെറു എസ്‌യുവി. മരാസോയിലൂടെ അരങ്ങേറിയ 1.5 ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. 123 ബിഎച്ച്പി കരുത്തും 300 എൻ‌എം ടോർക്കുമുണ്ടാകും വാഹനത്തിന്. ഏഴു മുതൽ 12 ലക്ഷം വരെയായിരിക്കും എക്സ്‌യുവി 300 ന്റെ വില.

എംജി എച്ച്എസ്

mg-hs

ബ്രിട്ടീഷ് വാഹന നിർമാതാക്കളായ മോറിസ് ഗ്യാരേജ് എന്ന എംജി മോട്ടോറിന്റെ ഇന്ത്യയിലെ ആദ്യ വാഹനം അടുത്തവർഷം പകുതിയിൽ പുറത്തിറങ്ങും. കുറഞ്ഞ വിലയിൽ കിടിലൻ സ്റ്റൈലുമായി എത്തുന്ന വാഹനം എച്ച്എസ് എന്ന പേരിലാകും പുറത്തിറങ്ങുക. 4655 എംഎം നീളവും 1835 എംഎം വീതിയും 1760 എംഎം ഉയരവുമുണ്ട്. ഇന്ത്യയ്ക്ക് ചേരുന്ന തരത്തിലുള്ള മാറ്റങ്ങൾ വരുത്തുമെന്നുമാണ് അനൗദ്യോഗിക വിവരങ്ങൾ. എസ്‌യുവികൾക്ക് ചേർന്ന ബോൾഡായ ഡിസൈൻ, വലിയ ഗ്രിൽ, ഹൈമൗണ്ടഡ് ഡേറ്റൈം റണ്ണിങ് ലാംപ്, എൽഇഡി ഹെഡ്‌ലാംപ്. മസ്കുലറായ ബോഡിലൈനുകൾ എന്നിവയാണ് മറ്റു ഫീച്ചറുകൾ. ഔഡിയുടെ എൽഇഡി ടെയിൽ ലാംപിനോട് സമാനമായ ലാംപുകൾ. ഇന്ത്യയിലെത്തുമ്പോൾ ഗ്രില്ലുകൾക്കും മുൻബമ്പറിലും മാറ്റങ്ങൾ വന്നേക്കാം. സ്റ്റൈലൻ ഡ്യുവൽ കളർ, ഗ്രാഫിക്സുകളിലും ലഭിക്കും.ചൈനയിൽ 1.8 ലീറ്റർ, 1.5 ലീറ്റർ എന്നീ രണ്ട് പെട്രോൾ എൻജിനുകളുണ്ട്. ഇന്ത്യയിലെത്തുമ്പോൾ ഫീയറ്റിന്റെ 2 ലീറ്റർ മൾട്ടിജെറ്റ് ഡീസൽ എൻജിൻ മോഡലിലും എസ്‌യു‌വി ലഭിക്കും. സായിക്ക്, ജനറൽ മോട്ടോഴ്സിൽ നിന്നു സ്വന്തമാക്കിയ ഹലോൾ നിർമാണ ശാലയില്‍ നിന്നും വാഹനങ്ങൾ നിർമിച്ച് പുറത്തിറക്കാനാണ് എംജിയുടെ പദ്ധതി.

ഹ്യുണ്ടേയ് സ്റ്റൈക്സ്

carlino-concept

കാർലിനൊ എന്ന പേരിൽ 2016 ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച വാഹനത്തിന്റെ ഉൽപാദന മോഡലായിരിക്കും സ്റ്റൈക്സ്. ഹ്യുണ്ടേയ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്റ്റൈക്സ് എന്ന പേരുപയോഗിക്കുമെന്നാണ് പ്രതീക്ഷ. ‘ക്യു എക്സ് ഐ’ കോഡു നാമത്തിൽ അറിയപ്പെടുന്ന വാഹനം അടുത്ത വർഷം ആദ്യം വിപണിയിലെത്തും. ക്രേറ്റയ്ക്ക് താഴെയായിരിക്കണം സ്ഥാനം. നിലവിൽ ഇന്ത്യയിൽ ഉപയോഗിക്കുന്ന 1.4 ലീറ്റർ പെട്രോൾ, സി ആർ ഡി ഐ ഡീസൽ എൻജിനുകൾ കരുത്തു പകരും. രണ്ടാം തലമുറ ഫ്ലൂയിഡിക് രൂപഭംഗി അതേപോലെ തന്നെ നിർമാണ വകഭേദത്തിനും നൽകും. 10 ലക്ഷം രൂപയിൽത്താഴെ വിലയിൽ അഞ്ചു സീറ്ററായി വിപണിയിൽ എത്തിക്കാനാണ് ശ്രമം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA