നാനോയ്ക്ക് മുൻപ് വന്ന മീര എന്ന കാർ, വില 12000

mera-car
SHARE

ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് പോലും കാർ സ്വന്തമാക്കാന്‍ സാധിക്കണം എന്ന ലക്ഷ്യത്തോടെ ടാറ്റ അവതരിപ്പിച്ച ചെറു കാറാണ് നാനോ. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാർ എന്ന ടാറ്റയുടെ ആശയം ലോകശ്രദ്ധ തന്നെ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ ടാറ്റയുടെ നാനോയ്ക്കും അര നൂറ്റാണ്ട് മുന്‍പ് കുറഞ്ഞ ചിലവില്‍ ചെറിയ കാര്‍ എന്ന ആശയം മറ്റൊരാള്‍ നടപ്പാക്കിയിരുന്നു. മീര മിനി എന്ന ഈ കാര്‍ വലുപ്പത്തില്‍ നാനോയേക്കാള്‍ ചെറുതായിരുന്നു. എന്നാല്‍ അഞ്ചു പേര്‍ക്കുള്ള ഇരിപ്പിടവും 20 കിലോമീറ്റര്‍ മൈലേജും വിലക്കുറവുമടക്കം നാനോയുമായി പ്രകടനത്തില്‍ ഏറെ സാമ്യതകളും മീര എന്ന കാറിനുണ്ടായിരുന്നു.

സ്കൂള്‍ വിദ്യാഭ്യാസം പോലും മുടങ്ങിയ എൻജിനീയറുടെ കാര്‍ നിര്‍മാണം

ഏഴാം ക്ലാസില്‍ സ്കൂള്‍ വിദ്യാഭാസം അവസാനിപ്പിച്ച ശങ്കര്‍ റാവു കുല്‍ക്കര്‍ണ്ണിയുടെ എൻജിനീയറിങ് കഴിവുകള്‍ മറ്റേത് എൻജിനീയറോടും കിടപിടിക്കുന്നതായിരുന്നു. ഈ കഴിവ് തന്നെയാണ് 1949ല്‍ മീര എന്ന ഇന്ത്യ കണ്ട ഏറ്റവും ചെറിയ കാര്‍ നിര്‍മിക്കാന്‍ ശങ്കര്‍ റാവുവിനെ സഹായിച്ചതും. 1949ല്‍ വാഹനത്തിന്‍റെ പ്രോട്ടോടൈപ്പ് നിര്‍മിച്ച ശങ്കര്‍ റാവു, വാഹനം മഹാരാഷ്ട്ര വാഹന വകുപ്പില്‍ റജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. MHK 1906 എന്ന ഈ പ്രോട്ടോ ടൈപ്പ് കാര്‍ 2 പേര്‍ക്ക് സഞ്ചരിക്കാവുന്നതായിരുന്നു.

വൈകാതെ ഇതേ പ്രോട്ടോ ടൈപ്പ് തന്നെ പുതുക്കി 3 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന വാഹനമാക്കിയും ശങ്കര്‍ റാവു മാറ്റി. തന്‍റെ പരീക്ഷണങ്ങള്‍ വിജയമായതോടെ എല്ലാ കാറുകളെയും പോലെ അഞ്ചു പേര്‍ക്ക് ഇരിക്കാൻ കഴിയുന്നതാക്കി മീരയേയും മാറ്റാന്‍ ശങ്കര്‍ റാവു തീരുമാനിച്ചു. തുടര്‍ന്ന് വര്‍ഷങ്ങള്‍ നീണ്ട അധ്വാനത്തിന് ശേഷം ശങ്കര്‍ റാവു അവതരിപ്പിച്ച കാര്‍ അക്കാലത്തെ മറ്റേത് വാഹനത്തോടും കിടപിടിക്കുന്നതായിരുന്നു എന്നു മാത്രമല്ല പിന്നീട് ലോക ശ്രദ്ധ നേടിയ നാനോ കാറിനേക്കാള്‍ വലുപ്പം കുറഞ്ഞതുമായിരുന്നു.

1960ല്‍ നിര്‍മാണം പൂര്‍ത്തിയായ ഈ കാറിലും മൂന്നു പേര്‍ക്ക് സഞ്ചരിക്കാനുള്ള സൗകര്യമാണ് ഉണ്ടായിരുന്നത്. റിവേഴ്സ് ഗിയറടക്കം അഞ്ചു ഗിയറുകള്‍, പിന്‍ഭാഗത്ത് എൻജിനും ഏസിയും, ചെലവ് കുറയ്ക്കാനായി ആള്‍ റബര്‍ സസ്പെന്‍ഷനാണ് ശങ്കര്‍റാവു കാറില്‍ ഉപയോഗിച്ചത്. റബര്‍ സസ്പെന്‍ഷനിലൂടെ റാവു വാഹനത്തില്‍ നിന്നു ഒഴിവാക്കിയത് നൂറോളം സ്പെയര്‍ പാര്‍ട്ടുകളാണ്. ഒരു ടയറിലുണ്ടാകുന്ന ആഘാതം മറ്റു ടയറുകളെ പോലും ബാധിക്കാത്ത വിധത്തില്‍ മികച്ചതായിരുന്നു വാഹനത്തിന്‍റെ റബര്‍ സസ്പെന്‍ഷന്‍. 6 മുതല്‍ 11 ഇഞ്ച് വരെയായിരുന്നു വാഹനത്തിന്‍റെ ഗ്രൗണ്ട് ക്ലിയറന്‍സ്.

1960ല്‍ തയാറാക്കിയ ഡിസൈന്‍ ശങ്കര്‍റാവുവിനെ തൃപ്തിപ്പെടുത്തിയെങ്കിലും വീണ്ടും ചില മിനുക്കു പണികള്‍ കൂടി കാറില്‍ ശങ്കര്‍ റാവു വരുത്തി. ഒടുവില്‍ 1970 ആയപ്പോഴേക്കും കാര്‍ വ്യാവസായികമായി നിര്‍മിക്കാന്‍ വരെ ശങ്കര്‍റാവു തീരുമാനിച്ചു. ഇതിനു മുന്നോടിയായി കാര്‍ നാലു പേര്‍ക്ക് ഇരിക്കാവുന്നതാക്കി മാറ്റി. അപ്പോഴും കാറിന്‍റെ വലുപ്പത്തില്‍ കാര്യമായ മാറ്റം ഉണ്ടായിരുന്നില്ല. കൂടാതെ വാട്ടര്‍ കൂള്‍ഡ് വി ട്വിന്‍ എൻജിനും വാഹനത്തില്‍ ഘടിപ്പിച്ചു. 1975ല്‍ സര്‍ക്കാര്‍ അനുമതിക്കായി സമര്‍പ്പിച്ച കാറിന് 21 കിലോമീറ്റര്‍ മൈലേജും, 14 ബിഎച്ച്പി കരുത്തു, 4 സ്പീഡ് ട്രാന്‍സ്മിഷനും ഉണ്ടായിരുന്നു. 12000 രൂപയായിരുന്നു അന്ന് ഈ കാറിന് കണക്കാക്കിയിരുന്ന വില.

ചുവപ്പ് നാടയില്‍ കുരുങ്ങിയ മീര

അതുവരെയുള്ള കാര്യങ്ങളെല്ലാം തടസ്സങ്ങളില്ലാതെ മുന്നോട്ടു പോയെങ്കിലും വ്യാവസായിക ഉൽപാദനത്തിനായി സര്‍ക്കാര്‍ അനുമതിക്ക് സമര്‍പ്പിച്ചതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. വാഹനത്തെ പരിചയപ്പെടുത്തുന്നതിനായി ഇതിനിടെ ശങ്കര്‍ റാവു കുല്‍ക്കര്‍ണി മുംബൈയില്‍ എക്സിബിഷന്‍ നടത്തി. ഫാക്ടറി നിര്‍മാണത്തിന് സൗജന്യമായി സ്ഥലം നല്‍കാമെന്ന് ജയ്സിങ്പൂര്‍ മുന്‍സിപ്പാലിറ്റി സമ്മതിച്ചു. പക്ഷേ ഇത്രയൊക്കെയായിട്ടും വാഹനത്തിന്‍റെ പേറ്റന്‍റും മറ്റു അനുമതികളും ലഭിക്കാനുള്ള നടപടികള്‍ ഒരു പടി പോലും മുന്നോട്ടു പോയില്ല. 

ഇതിനിടെ വിദേശ കമ്പനികൾ ഇന്ത്യയില്‍ കാര്‍ നിര്‍മിക്കാന്‍ രംഗത്തെത്തി. മീര എന്ന ചെറു കാറിന്‍റെ മുന്നോട്ടുള്ള യാത്രയ്ക്ക് ഇതു തിരിച്ചടിയായി. ഇതിനകം അതുവരെ അന്‍പതു ലക്ഷത്തോളം രൂപം കാറിന്‍റെ നിര്‍മാണ പരീക്ഷണങ്ങള്‍ക്കായി ശങ്കര്‍ റാവു ചിലവഴിച്ചിരുന്നു. അഞ്ച് കാറുകള്‍ കൂടി ഇതിനിടെ നിര്‍മിക്കുകയും ചെയ്തു.

എന്നാല്‍ ഈ കാറുകള്‍ക്കൊന്നും റോഡിലിറക്കാനുള്ള അനുമതി ലഭിച്ചില്ല. എക്സൈസ് ഡ്യൂട്ടി അടയ്ക്കാത്തതായിരുന്നു കാരണം. എന്തുകൊണ്ടോ ഈ തുക അടയ്ക്കാന്‍ ശങ്കര്‍ റാവു തയാറായില്ല. വൈകാതെ മീര എന്ന കാറിന്‍റെ പദ്ധതി തന്നെ ശങ്കര്‍ റാവു കുല്‍ക്കര്‍ണി ഉപേക്ഷിച്ചു. ഏതായാലും മീര എന്ന കാറിന്‍റെ സവിശേഷതകള്‍ വച്ച് നോക്കിയാല്‍ വിപണിയിലേക്ക് എത്തിയിരുന്നെങ്കില്‍ അക്കാലത്ത് തന്നെ വന്‍ വിജയം കൈവരിക്കുമായിരുന്നു. അങ്ങനെ സംഭവിച്ചെങ്കില്‍ ഇന്ത്യന്‍ വാഹന വിപണിയുടെ ചരിത്രത്തെ തന്നെ മാറ്റി മറിച്ചേനെ.

Image Source

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA