‌‌‌കുഞ്ഞിനെ പോലെ ബ്രിട്ടോ സ്നേഹിച്ച അംബാസിഡർ കാർ

simon-britto-2
SHARE

കൊച്ചി∙ പലപ്രാവശ്യം പലരും നിർദേശിച്ചു ‘ബ്രിട്ടോ, നീ ഈ കാറൊന്നു മാറ്’ എന്ന്. പക്ഷേ ആദ്യം ജനിച്ച കുഞ്ഞിനെ സ്നേഹിക്കും പോലെ ബ്രിട്ടോ ആദ്യം വാങ്ങിയ കാറിനെയും സ്നേഹിച്ചു. ‘എന്നെ വഴിയിലെങ്ങും കിടത്തില്ല’ എന്നു ബ്രിട്ടോ വിശ്വസിച്ചിരുന്നു. പലവട്ടമുണ്ടായ അപകടങ്ങളിലെല്ലാം തന്നെ രക്ഷിച്ചത് കാറാണെന്നാണ് ബ്രിട്ടോ വിശ്വസിച്ചിരുന്നത്. 12 വർഷം പഴക്കമുണ്ട് കാറിന്. ഇനി ഒരു പത്തു കൊല്ലം കൂടി സുഖമായി ഓടുമെന്നാണ് ബ്രിട്ടോ കാറു മാറ്റാൻ പറയുന്നവരോട് പറയാറ്. അത്രയ്ക്ക് ആത്മബന്ധമാണ് ബ്രിട്ടോയ്ക്ക് ആ കാറിനോട് ഉണ്ടായിരുന്നതെന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു.

2006ൽ എംഎൽഎ ആയപ്പോഴാണ് സൈമൺ ബ്രിട്ടോ വെളുത്ത അംബാസിഡർ കാർ സ്വന്തമാക്കിയത്. എത്ര ദൂരെ നിന്നു നോക്കിയാലും നമ്പ‍ർ പോലും നോക്കാതെ ബ്രിട്ടോയുടെ കാറാണ് വരുന്നതെന്ന് തിരിച്ചറിയുമായിരുന്നു. മുകളിൽ മടക്കി വച്ചിട്ടുള്ള വീൽചെയർ കണ്ടാൽ അറിയാം, അത് സൈമൺ ബ്രിട്ടോ ആണെന്ന്. യാത്രകളിലെല്ലാം കൂട്ടാളിയായിരുന്നു ആ വെളുത്ത അംബാസിഡർ കാർ. അതിന്റെ പുറകിലെ സീറ്റിൽ കിടന്നായിരുന്നു മിക്കപ്പോഴും യാത്രകൾ. അല്ലെങ്കിൽ കുറെ തലയിണകൾ കൂട്ടി വച്ച് ചാരിയിരുന്നു പോകും.

വീൽചെയറിൽ ഇത്രയേറെ സൗഹൃദം സമ്പാദിച്ച മറ്റൊരാളില്ലെന്നു തന്നെ പറയാം. സമകാലികരായിരുന്ന തോമസ് ഐസക്കിനെപ്പോലെയുള്ള പ്രമുഖർ മുതൽ പുതിയ എസ്എഫ്ഐ കുട്ടികൾ വരെ ബ്രിട്ടോയുടെ സുഹൃത്തുക്കളായിരുന്നു. വെറും സുഹൃത്തുക്കളല്ല, എന്തു സഹായത്തിനും എപ്പോഴും ഓടിയെത്തുന്ന, ദിവസങ്ങളോളം കൂടെത്തങ്ങുന്ന കൂട്ടുകാർ. അഭിമന്യുവുമായുള്ള സൗഹൃദവും അതു നഷ്ടപ്പെട്ടപ്പോളുണ്ടായ നൊമ്പരവുമെല്ലാം കേരളം കണ്ടതാണ്. അതുപോലെതന്നെ തന്റെ കാറിനോടും ബ്രിട്ടോ അടുപ്പം സൂക്ഷിച്ചിരുന്നു. 

തന്റെ മനസിനൊപ്പം സഞ്ചരിക്കാൻ ഈ അംബാസിഡറിനേ കഴിയൂ എന്നാണ് ബ്രിട്ടോ പറഞ്ഞിരുന്നത്. 2015ൽ ഹിമാലയം യാത്രയ്ക്ക് പദ്ധതിയിട്ടപ്പോൾ പലരും ഈ വാഹനത്തിലാണോ യാത്ര എന്നു ചോദിച്ചിരുന്നു. അക്കാര്യത്തിൽ ബ്രിട്ടോയ്ക്ക് സംശയമില്ലായിരുന്നു. മൂന്നു ലക്ഷത്തിലേറെ രൂപയുടെ ഡീസൽ കത്തിച്ച് 18000 കിലോമീറ്റർ താണ്ടി നടത്തിയ ഹിമാലയൻ യാത്രയിൽ അപകടങ്ങൾ നേരിട്ടപ്പോഴും അതിനെയെല്ലാം തരണം ചെയ്ത് ബ്രിട്ടോയ്ക്കൊപ്പം ആ അംബാസിഡർ കാറും തിരിച്ചു വന്നു.

കഴിഞ്ഞ 12-ാം തീയതി തിരുവനന്തപുരത്തു നിന്നു നാട്ടിലേക്കുള്ള യാത്രയ്ക്കിടെ കൊല്ലത്തു വച്ച് വണ്ടിയുടെ ഓട്ടത്തിൽ എന്തോ പ്രശ്നം അനുഭവപ്പെട്ടു. വണ്ടി വെട്ടുന്നതു പോലെ ഒരു തോന്നൽ. നിർത്തി നോക്കുമ്പോൾ വീൽ നട്ടുകൾ ഊരിപ്പോയിരിക്കുന്നു. ടയർ പഞ്ചറൊട്ടിച്ചയാൾ നട്ടുകൾ മുറുക്കാൻ വിട്ടുപോയതാണത്രെ. വീൽ ഊരിത്തെറിച്ചു പോയി വലിയ അപകടമുണ്ടാകാമായിരുന്നു. അവിടെ തന്നെ രക്ഷിച്ചത് കാറിന് തന്നോടുള്ള ഇഷ്ടംകൊണ്ടാണെന്നായിരുന്നു ബ്രിട്ടോ വിശ്വസിച്ചിരുന്നത്. തുടർ യാത്രയിൽ ആലപ്പുഴയിൽ വച്ചും അപകടമുണ്ടായി. ഇവിടെ രണ്ടിടത്തു നിന്നും തന്നെ വഴിയിലിടാതെ എത്തിച്ചത് കാറാണെന്നു പറഞ്ഞതായി വെളിപ്പെടുത്തിയത് സുഹൃത്ത് സിഐസിസി പബ്ലിഷർ ജയചന്ദ്രൻ.

സൈമൺ ബ്രിട്ടോയ്ക്ക് സ്ഥിരമായി ഒരു ഡ്രൈവർ ഉണ്ടായിരുന്നില്ല. പലരും മാറിവരും. ചിലപ്പോൾ സഹോദരൻ ക്രിസ്റ്റി വാഹനം ഓടിക്കും. പലർക്കും ഡ്രൈവിങ്ങിന് പല രീതിയാണ്. വാഹനത്തെ അത് പലപ്പോഴും മോശമായി ബാധിക്കും. ഒരിക്കലും തന്റെ കാറിന് ബ്രിട്ടോ ഫുൾ കവർ ഇൻഷൂറൻസ് എടുത്തിരുന്നില്ല എന്നതാണ് മറ്റൊരു സംഗതി. തേർഡ് പാർട്ടി ഇൻഷൂറൻസ് എടുക്കും. പിന്നെ എന്തു കേടുപാടു വന്നാലും സ്വന്തം കയ്യിൽ നിന്നു പണം മുടക്കി നന്നാക്കിയെടുക്കും.

അവസാനം മരണത്തിനു മുൻപും കാറിനൊപ്പം നിന്ന് ചിത്രങ്ങൾ പകർത്തിയ ശേഷമാണ് ബ്രിട്ടോ യാത്രയായത്. ചിരിക്കുന്ന മുഖമുള്ള ഈ പടങ്ങളാണ് മിക്ക പത്രങ്ങളിലും ചരമ വാർത്തയ്ക്കൊപ്പം അടിച്ചു വന്നതും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA