2019 ന്റെ ടാറ്റയും മഹീന്ദ്രയും

tata-mahindra
SHARE

ഇന്ത്യയിലെ വാഹനവ്യവസായം സസൂക്ഷ്മം വീക്ഷിക്കുന്നവർ പുതുവർഷത്തിൽ കാത്തിരിക്കുന്ന രണ്ടു വാഹനങ്ങളാണ് എക്സ് യു വി 300, 45 എക്സ്. രണ്ടും മെയ്ക് ഇൻ ഇന്ത്യ വാഹനങ്ങൾ. നിർമാതാക്കള്‍ ഇന്ത്യക്കാർ- ടാറ്റ, മഹീന്ദ്ര. ഇന്ത്യയിൽ വാഹനങ്ങൾ നിർമിച്ച് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു കയറ്റി വിടുന്നവർ. പ്രശസ്തമായ യൂറോപ്യൻ വ്യാപാര നാമങ്ങളായ ജാഗ്വർ, ലാൻഡ് റോവർ, പിനിൻഫരീന എന്നിവയുടെയൊക്കെ ഉടമകൾ. ഇന്ത്യയിൽ വിപുലമായ ശ്രേണിയും ദീർഘകാല ലക്ഷ്യങ്ങളുമായി മുന്നേറുന്നവർ.

mahindra-xuv300-2
Mahindra XUV 300

∙ എസ്‌യുവി, പ്രീമിയം ഹാച്ച്: മഹീന്ദ്രയുടെ എക്സ് യു വി 300 ചെറു എസ് യു വിയാണ്. 500 ന്റെ പിന്മുറ. 2018 ഒാട്ടോ എക്സ്പൊയിലെ താരമായ ടാറ്റ 45 എക്സ് പ്രീമിയം ഹാച്ച് ബാക്ക്. രണ്ടും ഇക്കൊല്ലം മധ്യത്തോടെ വിപണിയിലെത്തും. ഇഞ്ചോടിഞ്ചു പോരാട്ടമുള്ള ഇന്ത്യയിലെ വിപണിയിൽ നിലവിലുള്ള പഴുതുകൾ അടച്ച് എതിരാളികൾക്കു തലവേദന തീർക്കുക ലക്ഷ്യം.

mahindra-xuv300-1
Mahindra XUV 300

∙ എക്സ്‌യുവി 300: എസ്201 എന്ന കോഡു നാമത്തിൽ അറിയപ്പെട്ടിരുന്ന വാഹനം അടുത്ത മാസം വിപണിയിലെത്തും. പ്രീമിയം എസ്‌ യു വി അൽടുറാസിന് ശേഷം പുറത്തിറക്കുന്ന ചെറു എസ്‌ യു വി. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള കൊറിയൻ നിർമാതാക്കൾ സാങ്‌യോങിന്റെ ടിവോളി പ്ലാറ്റ്ഫോമിന്റെ പരിഷ്കരിച്ച രൂപമാണ് എക്സ് യു വി ത്രി ഡബിൾ ഒ (ഉച്ചാരണം അങ്ങനെയാണ്). അതുകൊണ്ടുതന്നെ രാജ്യാന്തര നിലവാരത്തിലാണ് വരവ്. നാലു മീറ്ററിൽത്താഴെയാണ് നീളമെന്നത് നികുതിക്കുറവും വിലക്കുറവുമായി പരിണമിക്കും.

mahindra-xuv300-3
Mahindra XUV 300

∙ മെഴ്സിഡീസ്: സാങ്‌യോങിന്റെ സാങ്കേതികസഹായം മെഴ്സിഡീസിൽ നിന്നാണ്. കൊറിയയിൽ മെഴ്സിഡീസ് വാഹനങ്ങൾ കൂട്ടിയോജിപ്പിച്ചു വിറ്റുണ്ടായ ബന്ധം പിന്നീട് സ്വന്തമായി മെഴ്സിഡീസ് ഘടകങ്ങളുള്ള വാഹനങ്ങൾ നിർമിച്ചു വിൽക്കാനുള്ള നിലയിലേക്ക് ഉയർന്നു. എൻജിനും ഗീയർബോക്സുമടക്കം മെഴ്സിഡീസ് ഘടകങ്ങൾ സാങ്‌യോങ്ങുകൾ പങ്കിടുന്നത് അവയുടെ വിശ്വാസ്യതയും ഈടും മെഴ്സിഡീസിനോളമുയർത്തി. ഇപ്പോഴിതൊക്കെ മഹീന്ദ്രയിലുടെ നമുക്കും കിട്ടുന്നു.

∙ സമൃദ്ധം: സാങ്കേതിക മികവുകളാലും സൗകര്യങ്ങളാലും ആഡംബരങ്ങളാലും സമൃദ്ധമാണ് എക്സ്‌യുവി 300. സൺ റൂഫ്, വലിയ ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂസ് കൺട്രോൾ, ഡ്യുവൽ ടോൺ ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഏഴ് എയർബാഗുകൾ, നാലു വീലുകളിലും ഡിസ്ക് ബ്രേക്ക്, എൽഇഡി ഹെഡ്‍ലാംപും ടെയിൽ ലാംപും തുടങ്ങി ഈ വിഭാഗത്തിൽ ആദ്യമായി അവതരിപ്പിക്കുന്ന സൗകര്യങ്ങൾ പലതുമുണ്ടാകും. 

∙ വിലക്കുറവ്: മരാസോയിലെ 1.5 ലീറ്റർ ഡീസൽ എൻജിനു പുറമെ 1.2 ലീറ്റർ ടർബോ പെട്രോൾ എൻജിനും പ്രതീക്ഷിക്കാം. 123 ബി എച്ച് പി ഡീസൽ ഈ വിഭാഗത്തിലെ ഏറ്റവും കരുത്തനാക്കി എക്സ് യു വി 300 യെ ഉയർത്തും. പെട്രോൾ എൻജിനെപ്പറ്റിയുള്ള വിവരങ്ങൾ വരാനിക്കുന്നതേയുള്ളൂ. ‌വിലയിൽ ചെറു എസ്‌ യു വികളോടാണ് മത്സരം.

tata-45x
Tata 45X

∙ ടാറ്റ 45 എക്സ്: പ്രീമിയം ഹാച്ച് ബാക്ക് സൗകര്യങ്ങൾ ടിയാഗോയിൽ അവതരിപ്പിച്ച ടാറ്റയ്ക്ക് വലുപ്പം കൂടിയ ഹാച്ച് ബാക്കില്ല എന്ന കുറവ് 45 എക്സ് പരിഹരിക്കും. വിപണിയിലിറങ്ങുമ്പോൾ നാമകരണം മാറും, 45 എക്സ് എന്നത് കോഡ് നാമമത്രെ. പുതിയ മോഡുലാര്‍ പ്ലാറ്റ്‌ഫോം, വരും തലമുറ ടാറ്റ വാഹനങ്ങളുടെ ഇംപാക്ട് ഡിസൈന്‍ ലാഗ്വേജ് 2.0 തുടങ്ങിയവ ഈ കാറിൽ പ്രാവർത്തികമാകുന്നു. അതായത് ടിയാഗോ, ടിഗോര്‍, നെക്‌സോണ്‍ തുടങ്ങിയ ഹിറ്റ് ടാറ്റകൾ ഇംപാക്ട് ഡിസൈന്‍ ലാഗ്വേജ് 1.0 ആണെങ്കിൽ പുതിയ കാർ ഒരു തലമുറ മുകളിലാണ്.

tata-45x-1
Tata 45X

∙ ലാൻഡ്​റോവർ: ഹാരിയറിലൂടെ ഇന്ത്യയിലിറക്കുന്ന ലാൻഡ്​റോവർ പാരമ്പര്യം പുതിയ കാറിലൂടെ അടുത്ത തലത്തിലേക്ക് ഉയരുകയാണ്. ജാഗ്വർ രൂപകൽപനാ തികവുകളും സാങ്കേതികതയും ആഡംബരവും ഈ പ്രീമിയം ഹാച്ച് വഴി ടാറ്റ ഇന്ത്യയിലെത്തിക്കുന്നു. ഈ വിഭാഗത്തിലുള്ള മറ്റു കാറുകളെക്കാളധികം സ്ഥലസൗകര്യവും പ്രതീക്ഷിക്കാം.

tata-45x-2
Tata 45X

∙ കരുത്ത്: ടിയോഗോയെക്കാള്‍ വലുപ്പമുള്ള വാഹനത്തിന്റെ പരീക്ഷണയോട്ടങ്ങള്‍ പുരോഗമിക്കുകയാണ്. എൻജിൻ വിവരങ്ങൾ പുറത്തുവിട്ടില്ലെങ്കിലും നെക്‌സോണില്‍ ഉപയോഗിക്കുന്ന 1.2 ലീറ്റര്‍ ടര്‍ബൊ പെട്രോള്‍ എന്‍ജിനും ടിയാഗോയിലെ 1.05 ലീറ്റര്‍ ഡീസല്‍ എന്‍ജിനും കൂടുതൽ കാലികമായി ഈ വാഹനത്തിലും പ്രതീക്ഷിക്കാം. ഒാട്ടമാറ്റിക് ഗിയർ ബോക്സുകളും പ്രതീക്ഷിക്കാം. വില ? എല്ലാ ടാറ്റകളെയും പോലെ എതിരാളികളുടെ ഉറക്കം കെടുത്തുന്നതാവുമെന്ന് ഉറപ്പ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA