ADVERTISEMENT

സമാനതകളില്ലാതെയാണ് കേരളം ഒറ്റക്കെട്ടായി പ്രളയത്തെ നേരിട്ടത്. അതുവരെ വില്ലന്മാരായിരുന്ന ടിപ്പർ ലോറികളും ട്രക്കുകളുമെല്ലാമന്ന് രക്ഷകരായി. വലിയ വാഹനങ്ങൾക്ക് എത്തിപ്പെടാൻ സാധിക്കാതിരുന്ന സ്ഥലങ്ങളിൽ 4x4 ജീപ്പുകളായിരുന്നു താരങ്ങൾ. അധികൃതരുടെ അഭ്യർത്ഥനയെത്തുടർന്ന് പെട്ടെന്നു തന്നെ സഹായ വാഗ്ദാനങ്ങളുമായി എത്തിയ ഇവരുടെ സേവനങ്ങൾ ഒരിക്കലും വിസ്മരിക്കാനാകുന്ന ഒന്നല്ല. എന്നാൽ അന്ന് ഈ സഹായങ്ങളെ വാനോളം വാഴ്ത്തിയവർ ഇന്ന് ഇവരെ തള്ളിപറയുന്ന സാഹചര്യം ആണ്. സുപ്രീംകോടതി വാഹനങ്ങളുടെ മോഡിഫിക്കേഷൻ നിരോധിച്ച സാഹചര്യത്തിലാണ് അധികാരികള്‍ 4x4 വാഹനങ്ങളെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തി പിടിച്ചെടുക്കുന്നത്. അപകടങ്ങൾ വരുത്തുന്നതിൽ മുഖ്യപങ്ക് ഇത്തരം വാഹനങ്ങൾക്കാണെന്നാണ് പുതിയ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ 4x4 വാഹനങ്ങളിലെ മോഡിഫിക്കേഷനുകൾ അപകടകരമാണോയെന്നു ചർച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്. എപ്രകാരമാണ് 4x4 വാഹനങ്ങളിൽ മോഡിഫിക്കേഷനുകൾ വരുത്തുന്നത്? ഈ മോഡിഫിക്കേഷനുകൾ അപകടങ്ങൾക്കു  വഴിവെയ്ക്കുന്നുണ്ടോ?

വാഹന മോഡിഫിക്കേഷൻ എന്നത് ഒറ്റവാക്കിൽ ഒതുക്കാൻ സാധിക്കുന്ന ഒരു കാര്യമല്ല. രണ്ടു രീതിയിൽ ഇതിനെ വിശദീകരിക്കാം. ഒന്ന് മോഡിഫിക്കേഷൻ, രണ്ട് അപ്ഗ്രഡേഷൻ.

മോഡിഫിക്കേഷനെ വളരെ വിശാലമായ അർത്ഥത്തിൽ വ്യാഖ്യാനിക്കാം. മറ്റു വാഹനങ്ങളെയും യാത്രക്കാരെയും ദോഷകരമായി ബാധിക്കുന്നതെന്നും നിർദോഷമായതെന്നും രണ്ടുതരത്തിൽ അതിനെ തരംതിരിക്കാം. റോഡിലെ മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന മോഡിഫിക്കേഷൻ ന്യായീകരണം അർഹിക്കുന്ന ഒരു കാര്യമേയല്ല. എന്നാൽ അപ്ഗ്രഡേഷൻ എന്നതിനെ മറ്റൊരു കോണിലൂടെ വേണം നോക്കി കാണാൻ. സാധാരണയായി 4x4 ഓഫ്റോഡ് വാഹനങ്ങളിൽ നടത്തുന്ന മാറ്റങ്ങളെ അപ്ഗ്രഡേഷൻ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താവുന്നതാണ്. സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് ചെയ്യുന്ന മോഡിഫിക്കേഷനുകളാണ് അപ്ഗ്രഡേഷൻ വിഭാഗത്തിൽ വരുന്നത്. സാധാരണയായി ഓഫ്റോഡ് വാഹനങ്ങളിൽ ചെയ്തത് വരുന്ന അപ്ഗ്രഡേഷനുകൾ താഴെ പറയുന്നവയാണ്.

റോൾകേജ്

വാഹനത്തിൽ സുരക്ഷ വർധിപ്പിക്കാനായി ആദ്യമായി ചെയ്യുന്ന അപ്ഗ്രഡേഷനാണ് റോൾകേജ്. അത് ഒരിക്കലും മറ്റൊരു വാഹനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ലെന്നു  മാത്രമല്ല 4x4 വാഹനങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യും. വാഹനം മറിയുന്ന ഒരു സാഹചര്യത്തിൽ അതിലെ യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ റോ‍ൾകേജുകൾ നൽകുന്നത്.

‌സ്നോർക്കൽ

വെള്ളപ്പൊക്ക സമയത്തു ജീപ്പുകളെ ഏറ്റവും സഹായിച്ച ഘടകമായിരുന്ന സ്നോർക്കൽ. വാഹനത്തിന്റെ എയർ ഫിൽറ്ററിൽ കൂടി വെള്ളം അകത്ത് കടന്നാൽ എൻജിൻ തകരാറിലാകും. അതു ഒഴിവാക്കാൻ വേണ്ടി എയർ ഫിൽറ്റർ മൗത്ത് ഉയർത്തി വെയ്ക്കുന്നതിനെയാണ് സ്നോർക്കലിങ് എന്ന് പറയുന്നത്. കൃത്യമായി ,നിർദ്ദിഷ്ട ഭാഗത്ത് വെയ്ക്കുന്ന സ്നോർക്കൽ ഒരിക്കലും അപകടകരമല്ലെന്നു മാത്രമല്ല, ഗുണകരവുമാണ്. കൂടാതെ, കൂടുതൽ വായു ഉള്ളിലേക്ക് വലിച്ചെടുത്ത് എൻജിൻ പ്രവർത്തനം സുഗമമാക്കുകയും ചെയ്യും. ചില വാഹനങ്ങളിൽ കമ്പനി തന്നെ ഇതു നൽകാറുണ്ട്.

സസ്പെൻഷൻ അപ്ഗ്രഡേഷൻ

നിർമാതാക്കൾ നൽകുന്നതിലും നിലവാരമുള്ള, യാത്രാസുഖം കൂടുതൽ പ്രദാനം ചെയ്യുന്ന ഒരുപാട് ബ്രാൻഡുകളുടെ സസ്പെൻഷനുകൾ ഇന്നു വാഹന വിപണിയിൽ ലഭ്യമാണ്. അതൊന്നും തന്നെ സുരക്ഷയെ ബാധിക്കുകയില്ലന്നു മാത്രമല്ല മറ്റുള്ളവരെ ഒരു തരത്തിലും ദോഷകരമായി ബാധിക്കുന്നതുമല്ല. സുരക്ഷയ്‌ക്കൊപ്പം തന്നെ യാത്രാസുഖവും വർധിപ്പിക്കുന്ന അപ്ഗ്രഡേഷനാണിത്.

വലിയ ടയർ

ഓഫ്റോഡ് വാഹനങ്ങളിൽ പരക്കെ ദുഷ്‌പ്പേരിന് പാത്രമാകുന്ന ഒന്നാണ് വലിയ ടയറുകൾ. എന്തുകൊണ്ടാണ് ഓഫ്‌റോഡ് വാഹനങ്ങളിൽ വലിയ ടയറുകൾ? നിർമാതാക്കൾ നൽകുന്ന ഓൾ ടെറൈൻ ടയറുകൾ ഓഫ് റോഡ് സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ പ്രാപ്തമല്ല എന്നുള്ളതാണ് അതിനുള്ള മറുപടി. ഓഫ് റോഡ് സാഹചര്യങ്ങളിൽ അതിന് ഇണങ്ങിയ ടയറുകൾ തന്നെ വേണം. ടയറിന്റെ വലുപ്പം കൂട്ടുന്നതിന് അനുസരിച്ച് സാധാരണയായി ബ്രേക്ക് അപ്ഗ്രഡേഷനും ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ സുരക്ഷ കുറയുന്നില്ല.

സീറ്റ് ബെൽറ്റ്

എല്ലാ വാഹന നിർമാതാക്കളും നൽകുന്നത് 3 പോയിന്റ് സീറ്റ് ബെൽറ്റാണ്. സീറ്റ്ബെൽറ്റ് ഇല്ലാത്ത പഴയ വാഹനങ്ങളിൽ സീറ്റ് ബെൽറ്റുകൾ കൂട്ടിച്ചേർക്കാറുണ്ട്. ചില വാഹനങ്ങളിൽ 5 പോയിന്റ് സീറ്റ് ബെൽറ്റുകൾ വരെ ഇത്തരത്തിൽ ഉപയോഗിക്കാറുണ്ട്. ഇത് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ലെന്നു മാത്രമല്ല സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

വിഞ്ചുകൾ

ഇതൊരു റിക്കവറി ഗിയർ ആണ്. വാഹനം കയറാതെ വരുന്ന സാഹചര്യത്തിൽ സ്വയം വാഹനം കയറ്റാൻ വേണ്ടി ആണ് വിഞ്ച് ഉപയോഗിക്കുന്നത്. ഇതും ആരെയും ദോഷകരമായി ബാധിക്കുന്ന ഒരു മോഡിഫിക്കേഷൻ അല്ല.

പവർ‌ സ്റ്റിയറിങ്

പഴയ വാഹനങ്ങളിൽ പവർ സ്റ്റിയറിംഗ് സംവിധാനം ഇല്ല. പവർ സ്റ്റിയറിങ് ഉൾപ്പെടുത്തുന്നതു വഴി വാഹനം സുഗമമായി നിയന്ത്രിക്കാൻ കഴിയും. ഇതും നിരുപദ്രവകരമായ മാറ്റമാണ്.

ഓക്സിലറി ലൈറ്റുകൾ

ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന മാറ്റമാണിത്. ഉത്തരവാദിത്വം ഉള്ള ഓഫ് റോഡർമാർ ഒരിക്കലും പൊതുവഴിയിൽ ഇത് ഉപയോഗിക്കാറില്ല.  ഓഫ്റോഡ് സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനുവേണ്ടിയാണ് കൂടുതലായും വാഹനത്തിൽ ഈ മോഡിഫിക്കേഷൻ നൽകുന്നത്. ഓക്സിലറി ലൈറ്റുകൾ പൊതുവഴിയിൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ തടയപ്പെടേണ്ടതു തന്നെയാണ്.

ചില വിരോധാഭാസങ്ങൾ

∙ മേൽപറഞ്ഞ മോ‍ഡിഫിക്കേഷനുകളും അപ്ഗ്രഡേഷനുകളുമെല്ലാം നിർമാതാക്കൾ തന്നെ വാഹനങ്ങളിൽ ചെയ്തുകൊടുക്കുന്നുണ്ട്. നിയമപ്രകാരം ഇതൊന്നും തന്നെ ശിക്ഷാർഹവുമല്ല.

∙ അപ്ഗ്രഡേഷൻ ചെയ്യാൻ ഉപയോഗിക്കുന്ന എല്ലാ ഘടകങ്ങളും നിർമാതാക്കൾ നല്ല നിലവാരത്തിൽ നിർമിക്കുന്നതും വിപണിയിൽ വിൽക്കാൻ സർക്കാർ അനുമതി നൽകിയിട്ടുള്ളതുമാണ്. എന്നാൽ അത് വാങ്ങി വാഹനത്തിൽ വയ്ക്കുമ്പോൾ കുറ്റകരമാകുന്നു.

ഒരേ വസ്തുക്കൾ തന്നെയാണ് ഉപയോഗിക്കുന്നതെങ്കിലും വികസിത രാജ്യങ്ങളിൽ അനുവദനീയമായ കാര്യങ്ങൾ (വെഹിക്കിൾ മോഡിഫിക്കേഷനുകൾ) ഇവിടെ കുറ്റകരമാണ്. അതുകൊണ്ടുതന്നെ നമ്മുടെ മോട്ടോർ വെഹിക്കിൾ നിയമത്തിന് കാലഘട്ടത്തിന് അനുസരിച്ച മാറ്റങ്ങൾ അനിവാര്യമാണ്. അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന 4x4 ഓഫ്റോഡ് വാഹനങ്ങളെ കാലഹരണപ്പെട്ടതും  ഭേദഗതി ചെയ്യേണ്ടതുമായ നിയമം മൂലം ദുരിതത്തിലാക്കാതെ, ശാസ്ത്രീയമായി പഠനം നടത്തി വേണ്ട അംഗീകാരം നൽകേണ്ടതാണ് എന്നാണ് ഇത്തരം വാഹനങ്ങളുടെ ഉടമകൾക്ക് പറയാനുള്ളത്.

വിവരങ്ങൾക്ക് കടപ്പാട്: ടിസൺ തറപ്പേൽ (ഓട്ടമൊബൈൽ എൻജിനിയേർ, കേരള അ‍ഡ്വഞ്ചർ സ്പോർട്സ് ക്ലബ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com