ADVERTISEMENT

തൊണ്ണൂറുകൾ യൗവനത്തിലേക്ക് കടക്കുന്ന കാലം. ചങ്ങനാശ്ശേരി എസ്ബി കോളേജിനും അസംപ്ഷൻ കോളജിനും മുന്നിലൂടെ അക്കാലത്ത് ഒരു സ്കൂട്ടർ ചീറിപ്പാഞ്ഞ് പോകുന്നത് പതിവാണ്. കറുപ്പു നിറത്തിലുള്ള കൈനറ്റിക് ഹോണ്ടയിൽ ചുവപ്പു നിറമുള്ള ഹെൽമെറ്റും വച്ച് ഒരു ‘ചുള്ളനാണ്’ വണ്ടിയിൽ. പക്ഷേ ആരും അവനെ ശരിക്കും കണ്ടിട്ടുമില്ല. എന്നാൽ നമ്മുടെ കഥാ നായകനാകട്ടെ അത്രയും നേരം കൊണ്ടുതന്നെ ആ ഭാഗത്തുള്ള സുന്ദരികളെ മുഴുവൻ ഖൽബിലാക്കിയിട്ടുണ്ടാകും. ആരാണാ സുന്ദരൻ എന്നാകും. സസ്പെൻസ് അവസാനിപ്പിക്കാം. അനിയത്തിപ്രാവ് എന്ന ചിത്രത്തിൽ ഹീറോ ഹോണ്ട സ്പ്ലെൻഡറും ഓടിച്ചു വന്ന് യുവതീ യുവാക്കളുടെ മനസ്സിൽ ഒരു കസേരയും വലിച്ചിട്ട് ഇരുന്ന സാക്ഷാൽ കുഞ്ചാക്കോ ബോബൻ. പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാക്കോച്ചൻ. ക്യാമ്പിസിനാകെ ‘ലവ് ആൻഡ് ലവ് ഓൺലി’ ഒരാളോടു മാത്രമായിരുന്ന കാലം. വ്യത്യസ്ത മുഖവുമായി എത്തിയ ‘അള്ള് രാമേന്ദ്രൻ’ തീയറ്ററിൽ വിജയം നേടുമ്പോൾ ഓർമകളുടെ ഗാരേജിൽ നിന്നു പ്രിയപ്പെട്ട വണ്ടികളെ ഓർത്തെടുക്കുന്നു.

kunchacko-boban-4
Kunchacko Boban

‘കോളേജ് കാലഘട്ടത്തിൽ ചങ്ങനാശ്ശേരിയിലെ ബന്ധു വീട്ടിൽ നിന്നായിരുന്നു പഠനം. അന്ന് എസ്ബി കോളജിലേക്കുള്ള യാത്രയ്ക്ക് അപ്പൻ വാങ്ങിത്തന്നതാണ് സ്വന്തമായുള്ള ആദ്യ വണ്ടി, അന്നത്തെ ഹരമായിരുന്ന കൈനറ്റിക് ഹോണ്ട. ബജാജിന്റെയും രാജ്ദൂതിന്റെയും ഒക്കെ ഇടയിലുള്ള യൂത്തൻ. അങ്ങനെ എന്റെ സന്തതസഹചാരിയായി മാറി ഈ ഗിയർലെസ് സ്കൂട്ടർ. ഒരുമിച്ചല്ലാതെ രണ്ടു പേരെയും കാണാൻ പറ്റാത്ത അത്രയും അടുപ്പം. ഇപ്പോൾ ചുവപ്പും മഞ്ഞയും ഹെൽമെറ്റൊക്കെ കോമണാണ്. അന്നു അങ്ങനെയല്ല. ഏതാണ് ഈ വിചിത്ര ജീവി എന്ന മട്ടിലാണ് ചുവപ്പ് ഹെൽമെറ്റ് പയ്യനെ എല്ലാവരും നോക്കുന്നത്. ഇപ്പോഴാണേൽ ഫ്രീക്കൻമാരുടെ അഭിമാനമായേനെ ഞാൻ.’– കോളേജ് കാലഘട്ടത്തിലേക്ക് ചാക്കോച്ചന്റെ റിവേഴ്സ് ഗിയർ.

മാരുതി 800 ആണ് ആദ്യം സ്വന്തമാക്കിയ കാറ്. അന്ന് ഫോഗ് ലാമ്പൊക്കെ പിടിപ്പിക്കുന്നതായിരുന്നു പരമാവധി ആർഭാടം. പറ്റുന്ന പോലെ എക്സ്ട്രാ ഫിറ്റിങ് ഒക്കെ നടത്തി കാറിനെ ചുള്ളനാക്കുന്നത് വലിയ താൽപ്പര്യമായിരുന്നു

അന്നും ഇന്നും നമ്മള് വണ്ടി ക്രേസ് ഉള്ള ആളൊന്നും അല്ലെന്നു പറയുമ്പോഴും ആലപ്പുഴയിലെ ചാക്കോച്ചന്റെ വീട്ടിലേക്ക് ചെന്നാൽ ആദ്യം കാണുന്നത് പ്രൗഢിയോടെ വിശ്രമിക്കുന്ന സ്റ്റുഡി ബേക്കർ. അപ്പച്ചൻ കുഞ്ചാക്കോ ബോബന്റേതാണ് വണ്ടി. ഷെഡിൽ ഒപ്പം കിടക്കുന്നു, പോർഷെ കയൻ. ചാക്കോച്ചന്റെ ഇപ്പോഴത്തെ വണ്ടി. സിനിമാ തറവാട്ടിലെ മൂന്നു തലമുറകളുടെ ഓർമകളിലേക്ക് ഹോൺ അടിച്ചു യാത്ര തുടങ്ങാം.

ഡ്രൈവേഴ്സ് പാരഡൈസ്

വണ്ടി നമുക്ക് കംഫർട്ടബിളായിരിക്കണം– ഒറ്റ കണ്ടീഷനേയുള്ളൂ ചാക്കോച്ചന്. അങ്ങനെയാണ് പോർഷെയിൽ എത്തിയത്. ‘ഡ്രൈവേഴ്സ് പാരഡൈസാണിത്. കാറാണെങ്കിൽ ഇങ്ങനെ വേണം. ദീർഘദൂര യാത്രകളിൽ പോലും യാത്രയുടെ ബുദ്ധിമുട്ട് അറിയില്ല. അത്രയ്ക്ക് സ്മൂത്താണ് ഡ്രൈവിങ്. ഭാര്യയെ നോക്കുന്ന പോലെയാണ് ഞാൻ ഇവനെ നോക്കുന്നത്.’ – കണ്ണിറുക്കി ചെറു ചിരിയുമായി ഇതു പറയുമ്പോൾ ചാക്കോച്ചന്റെ മുഖത്ത് കുസൃതി. കാറ് തനിയെ ഓടിക്കുന്നത് തന്നെയാണ് ഇഷ്ടം. ഒപ്പം പ്രിയയും ഉണ്ടെങ്കിൽ യാത്ര ഉഷാർ.

മാരുതി 800 ആണ് ആദ്യം സ്വന്തമാക്കിയ കാറ്. അന്ന് ഫോഗ് ലാമ്പൊക്കെ പിടിപ്പിക്കുന്നതായിരുന്നു പരമാവധി ആർഭാടം. പറ്റുന്ന പോലെ എക്സ്ട്രാ ഫിറ്റിങ് ഒക്കെ നടത്തി കാറിനെ ചുള്ളനാക്കുന്നത് വലിയ താൽപ്പര്യമായിരുന്നു. അംബാസഡറും പ്രിമിയർ പദ്മിനിയും ഫിയറ്റും ഹോണ്ട സിറ്റിയുമെല്ലാം കാർ ശേഖരത്തിൽ എത്തിയതിനു ശേഷമാണ് പോർഷെയിൽ എത്തിയത്. സ്വന്തമാക്കിയ കാറുകളിൽ ഹോണ്ട സിറ്റിയോട് ഇപ്പോഴും മനസ്സിൽ ഒരു പ്രണയമുണ്ട്. സിനിമയിലെ പ്രോപ്പർട്ടിയായിരുന്ന വണ്ടികൾ സ്വന്തമാക്കുന്ന ക്രേസും ഇടക്കാലത്ത് കൂടെക്കൂടി. അങ്ങനെയാണ് എൽസമ്മയിലെ ഇരവിക്കുട്ടിയുടെ മോപ്പഡ് ശേഖരത്തിലെത്തുന്നത്. അനിയത്തിപ്രാവിലെ സ്പ്ലെൻഡർ സ്വന്തമാക്കാൻ തുനിഞ്ഞിറങ്ങിയെങ്കിലും അതു സാധിച്ചില്ല.

kunchacko-boban-3

പ്രിയേ നിനക്കൊരു കാറ്...

വിവാഹ ശേഷം അഭിനിയച്ച ആദ്യ സിനിമ കിലുക്കം കിലുകിലുക്കം ആണ്. ഊട്ടി ആയിരുന്നു ലൊക്കേഷൻ. ഹണിമൂൺ പോലെ സുന്ദരമാക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഡ്രൈവിങ് വലിയ താൽപ്പര്യമാണ്. അങ്ങനെ പ്രിയയേയും ഒപ്പം കൂട്ടി കാറിൽ നേരേ ഊട്ടിയിലേക്ക്. പ്രിയക്കും ഡ്രൈവിങ് അറിയാം. അവരുടെ ഡ്രൈവിങ് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സാധാരണ സ്ത്രീകൾ ഡ്രൈവ് ചെയ്യുമ്പോൾ ചില പൊതുരീതികളുണ്ട്.

എത്ര എക്സപെർട്ട് ഡ്രൈവർമാരാണെങ്കിലും അവർ അൽപം മുന്നോട്ട് ആഞ്ഞിരുന്നൊക്കെയാകും ഡ്രൈവ് ചെയ്യുക. പ്രിയ അവരിൽ നിന്നൊക്കെ നേർവിപരീതമാണ്. കണ്ടാൽ ആരും പറയും, എത്ര അനായാസമായാണ് അവൾ ഡ്രൈവ് ചെയ്യുകയെന്ന്. പക്ഷേ പലപ്പോഴും ബ്രേക്ക് എവിടെയാണെന്നൊക്കെ കാലു കൊണ്ടു തപ്പുകയാകും. ഞാൻ ഡ്രൈവ് ചെയ്യുന്നതാണ് അവൾക്കിടഷ്ടം. ചോദിച്ചാൽ പറയും, ഭയങ്കര കംഫർട്ടബിൾ ആണെന്ന്. ഒപ്പം യാത്ര ചെയ്യുന്നവര്‍ക്കു കൂടി സുരക്ഷ തോന്നുന്നിടത്താണ് ഒരു ഡ്രൈവറുടെ വൈദഗ്ധ്യം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ദൈവം സഹായിച്ച് ഇത്രയും നാളിനിടെ വലിയ അപകടങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇനിയും അങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ എന്നു പ്രാർഥിക്കുന്നു.

അക്കാലത്ത് ചിലർ എന്നോടു ചോദിക്കും, ഇതിന് എന്തു മൈലേജ് കിട്ടും എന്ന്. ഞാൻ കളിയായി പറയും, സ്റ്റാർട്ടാക്കാൻ അഞ്ചു ലിറ്റർ വേണം. ബാക്കി നിങ്ങൾക്ക് ഊഹിക്കാം

വൺ കിലോമീറ്റർ പെർ ടെൻ ലിറ്റർ

സാധാരണഗതിയിൽ നമ്മൾ കാറുകളുടെ മൈലേജ് എങ്ങനെയാണ് പറയുക. ഒരു ലിറ്റന് 10 കിലോമീറ്റർ എന്നൊക്കെയല്ലേ? കാഴ്ചയില്‍ ഗംഭീരനാണെങ്കിലും അപ്പച്ചന്റെ (നിർമാതാവ് കുഞ്ചാക്കോ ബോബൻ) സ്റ്റുഡി ബേക്കർ പക്ഷേ ആളൊരു പെട്രോൾ കുടിയനായിരുന്നു. പത്തു ലിറ്റർ പെട്രോളിനൊക്കെയാണ് ആശാൻ ഒരു കിലോമീറ്റർ ഓടുക. എന്നെ സ്കൂളിൽ കൊണ്ടുവിടാനും വിളിച്ചു കൊണ്ടുവരാനുമൊക്കെയുള്ള നിയോഗം അവനായിരുന്നു. അതുകൊണ്ടുതന്നെ ഞാനുമായി ബന്ധപ്പെട്ട് ഒരുപാട് കഥകളുണ്ട് ആശാന്.

ആലപ്പുഴ കാർമൽ സ്കൂളിൽ പത്താം ക്ലാസിലാണ് ഞാൻ. സ്കൂളിൽ നിന്ന് എന്നെ കൊണ്ടുവരാൻ എത്തിയതാണ് സ്റ്റുഡി ബേക്കർ. എന്തുകൊണ്ടോ വണ്ടി സ്റ്റാർട്ടാകുന്നില്ല. ഡ്രൈവർ തുടർച്ചയായി സ്റ്റാർട്ട് ആക്കാൻ ശ്രമിച്ചപ്പോൾ മറ്റൊരു ദുരന്തമുണ്ടായി. ടാങ്കിലെ പെട്രോൾ മുഴുവൻ ഈ സ്റ്റാർട്ടാക്കൽ ശ്രമത്തിനിടെ തീർന്നു. പിന്നീട് വലിയ കന്നാസിൽ പെട്രോൾ വാങ്ങിക്കൊണ്ടുവന്ന് ഒഴിച്ചാണ് ഇവനെ സ്റ്റാർട്ടാക്കി എടുത്തത്. അക്കാലത്ത് ചിലർ എന്നോടു ചോദിക്കും, ഇതിന് എന്തു മൈലേജ് കിട്ടും എന്ന്. ഞാൻ കളിയായി പറയും, സ്റ്റാർട്ടാക്കാൻ അഞ്ചു ലിറ്റർ വേണം. ബാക്കി നിങ്ങൾക്ക് ഊഹിക്കാം.

പവർ ബ്രേക്കായിരുന്നു ഇവന്റെ മറ്റൊരു പ്രത്യേകത. ചവിട്ടിയാൽ പിടിച്ചു കെട്ടിയതു പോലെ നിൽക്കും. നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ഞായറാഴ്ച അപ്പച്ചനും അമ്മച്ചിക്കുമൊപ്പം ഞാൻ പള്ളിയിൽ പോവുകയാണ്. പിൻസീറ്റിൽ എന്തോ കുസൃതി ഒപ്പിച്ചു നിൽക്കുകയാണ് ഞാൻ. പെട്ടെന്നാണ് അപ്പച്ചൻ ബ്രേക്കിൽ കാൽ അമർത്തിയത്. പിന്നിൽ നിന്ന് തലയും കുത്തി മുന്നിൽ എത്തി ഡാഷ് ബോർഡിൽ മുഖം ഇടിച്ചാണ് ഞാൻ നിന്നത്. മൂക്ക് പൊട്ടി ഒരുപാട് ചോര പോയതായി പിന്നീട് പറഞ്ഞു കേട്ടിട്ടുണ്ട്.

കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഞങ്ങൾ ഈ ‘കുടിയനെ’ വിറ്റു. കൊച്ചിയിലെ വിന്റേജ് കാർ സ്പെഷ്യലിസ്റ്റായ എടിഎസ് മോട്ടോഴ്സിലെ സന്തോഷാണ് അവനെ വാങ്ങിയത്. കാലം കുറേ കഴിഞ്ഞു. സിനിമയിൽ അത്യാവശ്യം തിരക്കായി വരുന്ന കാലത്ത് ഒരിക്കൽ സന്തോഷ് ചേട്ടനെ കണ്ടു. ചാക്കോച്ചന് ‘ആ പഴയ സ്റ്റുഡി ബേക്കർ’ വേണോ എന്ന ചോദ്യം അപ്രതീക്ഷിതമായിരുന്നു. അപ്പച്ചന്റെയടക്കം ഓർമകൾ ഒരുപാടുള്ള അവനെ സ്വന്തമാക്കാൻ ഒരു കൊതി തോന്നി. അങ്ങനെ അവൻ വീണ്ടും ഞങ്ങളൂടെ വീട്ടുമുറ്റത്ത് വന്നു. അമ്മയ്ക്കായിരുന്നു ഏറ്റവും സന്തോഷം. സിനിമയിലും ആള് താരമാണ്. ‘ലാൽ സലാമി’ൽ മധുവിന്റെ മേടയിൽ ഇട്ടിച്ചൻ എന്ന കഥാപാത്രം വന്നിറങ്ങുന്നത് ഈ കാറിലാണ്. ഇപ്പോൾ അവന്റെ ‘ദാഹം’ മാറ്റി ഉഷാറാക്കാനുള്ള ശ്രമത്തിലാണ്. അറുപതാം പിറന്നാൾ ആഘോഷിക്കാനൊരുങ്ങുന്ന ഞങ്ങളുടെ സ്റ്റുഡ‍ീ ബേക്കർ റോഡിലൂടെ വിലസുന്നത് നിങ്ങൾക്ക് കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com