ADVERTISEMENT

ലോകത്തെ ഏറ്റവും സമ്പന്നവും സൈനികശക്തിയില്‍ കരുത്തുറ്റതുമായ അഞ്ചു രാജ്യങ്ങളില്‍ ഒന്നാണ് ജപ്പാന്‍. പക്ഷേ കപ്പല്‍പ്പടയുടെ കാര്യത്തില്‍ ജപ്പാന്‍ പിന്നിലാണ്. മറ്റു രാജ്യങ്ങള്‍ വിമാനവാഹിനി കപ്പലുകളുടെ നിര്‍മ്മാണത്തില്‍ പരസ്പരം മത്സരിക്കുമ്പോഴും ജപ്പാന്‍ മാറി നിന്നിട്ടേയുള്ളു. ഇതിനു കാരണം മത്സരാധിഷ്ഠിത സൈനികവത്കരണത്തിന് ജപ്പാന്റെ ഭരണഘടന തന്നെ ഏര്‍പ്പെടുത്തിയ വിലക്കാണ്. എന്നാല്‍ ഈ വിലക്ക് പിന്‍വലിച്ച് കൊണ്ട് ഇപ്പോള്‍ വിമാന വാഹിനി കപ്പലുകള്‍ നിര്‍മ്മിക്കാന്‍ ജപ്പാന്‍ തീരുമാനിച്ചിരിക്കുന്നു, അതും ടെക്‌നോളജിയിലും വലുപ്പത്തിലും ലോകത്തെ അദ്ഭുതപ്പെടുത്തുന്ന കപ്പല്‍. സമീപ ഭാവിയില്‍ തന്നെ ഈ കപ്പല്‍ നീറ്റിലിറങ്ങും. ചൈനീസ് ഭീഷണിയെ നേരിടുന്നതിനായാണ് പുതിയ കപ്പല്‍ ജപ്പാന്‍ നിര്‍മിക്കുന്നത്. 

japan-navy-1

ജാപ്പനീസ് യുദ്ധ കപ്പലുകളുടെ ചരിത്രം

1945 വരെ ലോകത്തെ ഏറ്റവും വലിയ വിമാന വാഹിനി യുദ്ധകപ്പല്‍ ജപ്പാന്റേതായിരുന്നു. ജപ്പാന്‍ ഇംപീരിയല്‍ നേവല്‍ ആര്‍മിയുടെ കീഴിലുള്ള ഷിയാനോ എന്ന ഈ യുദ്ധക്കപ്പലാണ് കുപ്രസിദ്ധമായ പേള്‍ഹാര്‍ബര്‍ വ്യോമാക്രമണത്തിന് ചുക്കാന്‍ പിടിച്ചത്. എന്നാല്‍ ഇതിന് തിരിച്ചടിയായി ലഭിച്ച ഹിരോഷിമ നഗാസാക്കി ആക്രമണങ്ങളോടെ ജപ്പാന്റെ യുദ്ധക്കൊതി അവസാനിച്ചു. ഇതോടെയാണ് പ്രതിരോധത്തിന് അല്ലാതെ ആക്രമണം ലക്ഷ്യം വച്ചുള്ള സൈനിക വിന്യാസം നടത്തില്ലെന്ന് ജാപ്പനീസ് ഭരണകര്‍ത്താക്കള്‍ തീരുമാനിച്ചതും ഇത് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതും. അതുകൊണ്ട് തന്നെ പിന്നീട് ഇങ്ങോട്ടുള്ള എഴുപതിലേറെ വര്‍ഷക്കാലം മറ്റൊരു വിമാനവാഹിനി യുദ്ധക്കപ്പല്‍ ജപ്പാന്‍ സൈന്യത്തിന്റെ ഭാഗമായില്ല.

വിമാന വാഹക ശേഷിയുള്ള യുദ്ധക്കപ്പല്‍ വേണമെന്ന തീരുമാനത്തിന് പിന്നില്‍

ചൈനയും വടക്കന്‍ കൊറിയയും നിരന്തരം ഉയര്‍ത്തുന്ന സമുദ്ര ഭീഷണികളാണ് ജപ്പാനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. പസഫിക്കിലുള്ള  ദ്വീപുകള്‍ പിടിച്ചെടുക്കാനും സമുദ്രാതിര്‍ത്തി വര്‍ദ്ധിപ്പിക്കാനും ശ്രമിക്കുന്ന  ചൈനീസ് നടപടി അന്താരാഷ്ട്ര തലത്തില്‍ തന്നെ വിമര്‍ശനം നേരിടുന്നതാണ്. ചൈനയുടേയും ഉത്തരകൊറിയയുടേയും പ്രകോപനങ്ങള്‍ക്ക് തടയിടാനും രാജ്യത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കാനുമാണ് 2017 ൽ വിമാനവാഹനി കപ്പൽ നിർമിക്കാൻ ജപ്പാൻ തീരുമാനിച്ചത്. ജപ്പാന്‍ കപ്പല്‍ പടയിലെ ഏറ്റവും വലിയ രണ്ട് കപ്പലുകളെ ആണ് വിമാന വാഹിനി കപ്പലുകളാക്കി മാറ്റുന്നത്. നിലവില്‍ ഹെലികോപ്റ്റര്‍ ഡിസ്‌ട്രോയറുകളായാണ് ഈ കപ്പലുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സാങ്കേതിക വിദ്യയിലും വലിപ്പത്തിലും ഇവ ലോകത്തെ മറ്റേത് യുദ്ധകപ്പലിനോടും കിടപിടിക്കുന്നവയാണ്.  

Japan launch its first aircraft-carrier and 105 F-35 super-fighter jets

വിമാനവാഹക കപ്പലുകള്‍ വേണ്ടെന്ന തീരുമാനത്തിലേക്കെത്തിച്ച ശത്രുവായിരുന്ന അമേരിക്കയാണ് ഇന്ന് ജപ്പാന്റെ മുഖ്യ സഖ്യകക്ഷി. അമേരിക്ക തന്നെ നല്‍കുന്ന എഫ് 35 യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കുന്നതിനാണ് ഈ കപ്പലുകള്‍ പുനര്‍നിര്‍മ്മിക്കുന്നത്. അമേരിക്കൻ യുദ്ധ വിമാനങ്ങളായ എഫ് 35 ന് പറന്നുയരാനും ലാൻഡ് ചെയ്യാനും ഉതകുന്ന രീതിയിലുള്ള ഘടനാപരമായ മാറ്റങ്ങളാണ് ഈ കപ്പലുകളിൽ വരുത്തുന്നത്. പറന്നുയരാനും, ലാന്‍ഡ് ചെയ്യാനും വളരെ കുറച്ച് മാത്രം സ്ഥലം ആവശ്യമുള്ള യുദ്ധവിമാനങ്ങളാണ് എഫ് 35. അതുകൊണ്ട് തന്നെ ഒരു സമയം  ഒന്നിലധികം വിമാനങ്ങള്‍ക്ക് പറന്നുയരാന്‍ സാധിക്കുന്ന വിധത്തിലാകും പുതിയ യുദ്ധക്കപ്പലിന്റെ നിര്‍മ്മാണം.

യുദ്ധ വിമാനങ്ങളുടെ 'മദര്‍ ഷിപ്പ്'

മദര്‍ഷിപ്പ് എന്നാണ് നിര്‍മ്മാണത്തില്‍ ഇരിക്കുന്ന കപ്പലിനെ ജാപ്പനീസ് നേവി വിശേഷിപ്പിക്കുന്നത്. ഒരു യുദ്ധക്കപ്പലിനേക്കാള്‍ വിമാനങ്ങള്‍ക്ക് പറന്നുയരാനും ലാന്‍ഡ് ചെയ്യാനുമുള്ള സൗകര്യങ്ങളാകും ഈ കപ്പലുകളില്‍ ഉണ്ടാകുക. ഇതിനോടൊപ്പം തന്നെ ഏത് ആക്രമണങ്ങളേയും പ്രതിരോധിക്കാനും കപ്പലില്‍ നിന്നുതന്നെ നേരിട്ട് ആക്രമണം നടത്താനുമുള്ള അത്യാധുനിക സൗകര്യങ്ങള്‍ ഈ സുമോ ക്ലാസ് കപ്പലുകളിലും ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. അതുകൊണ്ട് തന്നെ ചൈനയും, അമേരിക്കയും, യുകെയും ഉള്‍പ്പടെയുള്ള കരുത്തുറ്റ നാവികസേനാ ശക്തികളോട് കിടപിടിക്കാന്‍ ഈ കപ്പലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ജാപ്പനീസ് നേവിക്കും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Japan supercarrier more advanced than the UK or US supercarrier

രണ്ട് ഹെലികോപ്റ്റര്‍ ഡിസ്‌ട്രോയര്‍ കപ്പലുകളെ ചേര്‍ത്തുണ്ടാക്കുന്ന പുതിയ കപ്പലിന് ചുരുങ്ങിയത് 300 മീറ്റര്‍ നീളമെങ്കിലുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 70 യുദ്ധവിമാനങ്ങള വീതം ഉള്‍ക്കൊള്ളാന്‍ തക്ക വിധത്തിലാകും കപ്പലിന്റെ മേല്‍ത്തട്ടും ഹാംഗറും നിര്‍മ്മിക്കുക. നിലവില്‍ അമേരിക്കയില്‍ നിന്ന് വാങ്ങിയ  42 എഫ് 35 വിമാനങ്ങളാണ് ജപ്പാനുള്ളത്. ഇവയെ കൂടാതെ 100 എഫ് 35 കൂടി വാങ്ങാന്‍ അമേരിക്കയുമായി 2017ല്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ട്.  രണ്ടാം ഘട്ട എഫ് 35 വിമാനങ്ങള്‍ക്ക് വെര്‍ട്ടിക്കല്‍ ലാന്‍ഡിങ് സാധ്യമാകും എന്നതിനാല്‍ അധിക സ്ഥലം വിമാനങ്ങള്‍ ഇറങ്ങുന്നതിന് വേണ്ടി മാറ്റി വയ്‌ക്കേണ്ടതില്ല. 

കപ്പലുകളുടെ വാഹക ശേഷിയും നീളവും വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം അവയെ നേരിട്ടുള്ള ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്ന കപ്പലുകളായി മാറ്റുക എന്നതുകൂടി ജാപ്പനീസ് നാവിക സേനയുടെ ലക്ഷ്യമാണ്. കാരണം ഭരണഘടനയ്ക്ക് അനുസൃതമായി ഇങ്ങോട്ടുള്ള ആക്രമണങ്ങളെ ചെറുക്കാനുള്ള റഡാറുകളും, വിമാനഭേദിനികളും, റോക്കറ്റുകളും മാത്രമാണ് കപ്പലുകളില്‍ ഉണ്ടായിരുന്നത്. ഔദ്യോഗികമായി നിലപാടില്‍ മാറ്റം വരുത്തിയതോടെ ഇനി കപ്പലില്‍ നിന്ന് നേരിട്ട് മിസൈലുകളും മറ്റും തൊടുക്കുന്നതിനുള്ള സൗകര്യവും ഇവയില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. കപ്പലുകളുടെ ഭാരം നിലവില്‍ അറുപതിനായിരം ടണ്‍ വീതമാണ്. ഇത് നിര്‍മാണം പൂര്‍ത്തിയാകുമ്പോഴേക്കും എഴുപത്തിയയ്യായിരം ടണ്‍ വരുമെന്നാണ് കരുതുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com