sections
MORE

ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ, ആകാശത്തെ അഭ്യാസികൾ

നിലവിൽ 9 എയർക്രാഫ്റ്റുകൾ വെച്ച് അഭ്യാസപ്രകടനം നടത്തുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ടീമാണ് സൂര്യകിരൺ

SHARE
എയ്റോ ഇന്ത്യയ്ക്ക് മുന്നോടിയായി നടക്കുന്ന പരിശീലന പറക്കലിനിടെ അപകടത്തിൽപ്പെട്ടത് ഇന്ത്യൻ വായുസേനയിലെ വ്യോമാഭ്യാസ പ്രകടനസംഘമാണ്‌. ഇന്ത്യൻ വ്യോമസേനയിലെ അഭ്യാസികളാണ് കർണാടകയിലെ ബിദാർ വായുസേനാതാവളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സൂര്യകിരൺ. ബ്രിട്ടീഷ് കമ്പനിയായ ബിഎഇ നിർമിക്കുന്ന ഹോക്ക് എംകെ 132 എന്ന ട്രെയിനർ വിമാനമാണ് ഇവർ ഉപയോഗിക്കുന്നത്. 
1982-ൽ വായുസേനയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് രൂപീകരിച്ച തണ്ടർബോൾട്ട്‌സ്‌ എന്ന വ്യോമാഭ്യാസ പ്രകടനസംഘത്തിന്റെ പിൻഗാമികളാണ് സൂര്യകിരൺ. 1996 ലാണ് സൂര്യകിരൺ രൂപീകരിക്കുന്നത്.  
2011 ൽ ട്രെയിനർ വിമാനങ്ങളുടെ കുറവുകാരണം സൂര്യകിരൺ ടീം പിരിച്ചുവിട്ടു. പിന്നീട് 2015 ലാണ് വീണ്ടും പ്രവർത്തനം ആരംഭിച്ചത്. 1996 ൽ എച്ച്എഎല്ലിന്റെ കിരൺ എംകെ 2 എന്ന വിമാനമാണ് ഇവർ ഉപയോഗിച്ചിരുന്നതെങ്കിൽ പുനരാരംഭിച്ചപ്പോൾ  ബിഎഇ നിർമിക്കുന്ന ഹോക്ക് എംകെ 132 എന്ന വിമാനത്തിലാണ് അഭ്യാസ പ്രകടനങ്ങൾ
നിലവിൽ 9 എയർക്രാഫ്റ്റുകൾ വെച്ച് അഭ്യാസപ്രകടനം നടത്തുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ടീമാണ് സൂര്യകിരൺ. മണിക്കൂറിൽ 150 മുതൽ 650 വരെ കിലോമീറ്റർ വേഗത്തിലാണ് ഇവർ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നത്. വർഷത്തിൽ 30 അഭ്യാസ പ്രകടനങ്ങൾ വരെ ഒരുവർഷം നടത്താറുണ്ട്. 
വ്യോമസേനയിൽ നിന്നാണ് സൂര്യകിരണിലേയ്ക്ക് പൈലറ്റുമാരെ ക്ഷണിക്കാറ്. 13 പൈലറ്റുമാരാണ് ടീമിലുള്ളത്. 2000 മണിക്കൂർ ഫൈറ്റർ ഫ്ലൈങ് എക്പീരിയൻസും 1000 മണിക്കൂർ കിരൺ വിമാനം പറത്തിയ അനുഭവസമ്പത്തുമുള്ള പൈലറ്റുമാരെയാണ് സൂര്യകിരൺ ടീമിലെടുക്കാറ്.
ഇന്ത്യ കൂടാതെ ഓസ്ട്രേലിയ, ബഹറിൻ, കാനഡ, ഫിൻലാൻഡ്, കുവൈറ്റ്, മലേഷ്യ, ഒമാൻ, സൗദിഅറേബ്യ, സൗത്ത് ആഫ്രിക്ക, യുകെ, യുഎഇ തുടങ്ങി വിവിധ രാജ്യങ്ങളിലെ സേനകൾ ബിഎഇ നിർമിക്കുന്ന ഹോക്ക് വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്.  രണ്ട് വിദ്യാർത്ഥികൾക്കും ഒരു വ്യോമാധ്യാപകനുമാണ് ഈ വിമാനത്തിൽ സഞ്ചരിക്കാനാകുക.  റോൾസ് റോയ്സിന്റെ എൻജിനാണ് ഈ സിംഗിൾ എൻജിൻ വിമാനത്തിന് കരുത്തു പകരുന്നത്. 1028 കിലോമീറ്റർ വേഗം വരെ ഈ വിമാനത്തിന് ആർജിക്കാൻ സാധിക്കും. ഒറ്റ പറക്കലിൽ ഏകദേശം 2520 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കും
Watch Video
Close