sections
MORE

എഫ് 16 വിമാനത്തെ വീഴ്ത്തിയ മിഗ് 21 ബൈസൻ പ്രതിരോധ രംഗത്തെ അദ്ഭുതം

HIGHLIGHTS
  • ഇതുവരെ 11496 മിഗ് 21 ലോകത്താകെമാനം നിർമിച്ചിട്ടുണ്ട്
  • 2018 ജൂൺ വരെ 4606 എഫ് 16 വിമാനങ്ങൾ നിർമിച്ചിട്ടുണ്ട്
f16-vs-mig21
MIg 21 bison & F 16
SHARE

യുദ്ധവിമാനങ്ങളുടെ നാലാം തലമുറയിൽപ്പെട്ട യുഎസ് നിർമിത എഫ് 16 വിമാനത്തെ ഇന്ത്യയുടെ പഴയ തലമുറ വിമാനമായ മിഗ് 21 ബൈസൻ വീഴ്ത്തിയതിലാണു പ്രതിരോധ രംഗത്താകെ അദ്ഭുതം. വ്യോമപ്രതിരോധ ചരിത്രത്തിൽ ആദ്യമായാണു യുഎസ് നി‍ർമിത എഫ് 16 യുദ്ധവിമാനത്തെ, അതിനേക്കാൾ പതിറ്റാണ്ടുകൾ പഴക്കമുള്ള റഷ്യൻ നിർമിത മിഗ് 21 വിമാനം വെടിവച്ചിടുന്നത്.

മിഗ് 21 ബൈസൻ

ലോകത്തിൽ ഏറ്റവുമധികം നിർമിക്കപ്പെട്ടിട്ടുള്ള സൂപ്പർസോണിക് ജെറ്റ് വിമാനങ്ങളിലൊന്നാണ് മിഗ് 21. നാലു ഭൂഖണ്ഡങ്ങളിലായി ഏകദേശം 60 രാജ്യങ്ങൾ ഇതിന്റെ സേവനമുണ്ട്. സോവിയറ്റ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ പോർവിമാനം എച്ച്എഎല്ലാണ് ഇന്ത്യക്കു വേണ്ടി നിർമിക്കുന്നത്. മിഗ് 21 വിമാനങ്ങൾ ഏറ്റവുമധികം ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മിഗ് ആദ്യമായി നിർമിച്ചത് 1956 ഫെബ്രുവരി 14ന്. ഇതുവരെ 11496 മിഗ് 21 ലോകത്താകെമാനം നിർമിച്ചിട്ടുണ്ട്. ഇന്ത്യയിൽ മാത്രം 657 മിഗ് 21 വിമാനങ്ങൾ നിർമിച്ചു. സോവിയറ്റ് നിർമിത മിഗ് 21 വിമാനത്തേക്കാൾ ഒട്ടേറെ മികവുള്ളതാണ് ഇന്ത്യൻ വ്യോമസേന നവീകരിച്ച മിഗ് 21 ബൈസൻ എന്നു പേരിട്ട ഫൈറ്റർ വിമാനം.

1963ൽ സേനയുടെ ഭാഗമായി. 1971ലെ ഇന്ത്യ-പാക്ക് യുദ്ധത്തിലും 1999 കാര്‍ഗില്‍ യുദ്ധത്തിലും പ്രധാന പങ്കുവഹിക്കുകയും ചെയ്തു മിഗ് 21. സർവീസിലെ മിഗിന്റെ 50 വർഷം 2013ൽ എയർഫോഴ്സ് ആഘോഷിച്ചിരുന്നു. മികച്ച മൾട്ടി മോഡ് റഡാർ, കൂടുതൽ മികച്ച എവിയോണിക്സ്, കമ്യൂണിക്കേഷൻ സിസ്റ്റം എന്നിവയാണ് മിഗ് 21 ബൈസണിൽ ഉപയോഗിക്കുന്നത്. 25 എംഎം തോക്ക്, ആർ 73 ഷോർട്ട് റേഞ്ച്, ആർ 77 മീഡിയം റേഞ്ച് ആന്റി എയർക്രാഫ്റ്റ് മിസൈലുകൾ, എയർ ടു സർഫസ് മിസൈലുകൾ, റോക്കറ്റുകൾ, ബോംബുകള്‍ എന്നിവ വഹിക്കാൻ മിഗ് 21 ബൈസണിനാകും. മിറാഷ് 2000 പോലുള്ള അഡ്വാൻസ്ഡ് യുദ്ധ വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഹെൽമെറ്റ് മൗണ്ടഡ് സൈറ്റ് മിഗ് 21 ലെ പൈലറ്റുമാർക്കുമുണ്ട്.

ഭാരക്കുറവുള്ള വിമാനമായതിനാൽ അതിവേഗം ശത്രുവിമാനങ്ങളെ ആക്രമിക്കാം. പെട്ടെന്നു ടേക്ക് ഓഫ് ചെയ്യാൻ സാധിക്കുമെന്നതും മിഗ് 21 ന്റെ പ്രത്യേകതയാണ്. സിംഗിൾ പൈലറ്റ് വിമാനമാണ് മിഗ് 21 ബൈസൺ. 14.3 മീറ്റർ നീളവും 7.154 മീറ്റർ വിങ്സ്പാനും 4 മീറ്റർ നീളവുമുണ്ട് ഈ വിമാനത്തിന്. 12675 എൽബി ത്രസ്റ്റുള്ള എൻജിനാണ് ഉപയോഗിക്കുന്നത്. 8825 കിലോഗ്രാം ഭാരം വരെ വഹിച്ച് പറന്നുയരാനാകും. 2175 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാനാവുന്ന വിമാനത്തിന്റെ ഓപ്പറേഷനൽ റേഞ്ച് 1210 കിലോമീറ്ററാണ്. പരമാവധി 57400 അടി ഉയരത്തിൽ വരെ മിഗ് 21 ബൈസണിന് പറക്കാനാകും.

എഫ് 16 ഫൈറ്റിങ് ഫാൽക്കൺ

ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന പോർവിമാനമാണ് എഫ് 16 ഫൈറ്റിങ് ഫാൽക്കൺ. യുഎസിന് പുറമെ 25 രാജ്യങ്ങൾ ഉപയോഗിക്കുന്നു. 1978 ഓഗസ്റ്റ് 17നാണ് നിർമാണം ആരംഭിക്കുന്നത്. 2018 ജൂൺ വരെ 4606  എഫ് 16 വിമാനങ്ങൾ നിർമിച്ചിട്ടുണ്ട്. 1983 ലാണ് എഫ് 16 പാക്ക് വ്യോമസേനയുടെ ഭാഗമായത്. 1986 ലെ സോവിയറ്റ് - അഫ്ഗാൻ യുദ്ധത്തിൽ പാക്കിസ്ഥാൻ വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിച്ച വിമാനങ്ങളെ വെടിവെച്ചിടാൻ പാക്ക് എയർഫോഴ്സ് ഉപയോഗിച്ചത് ഈ വിമാനമായിരുന്നു. 15.06 മീറ്റർ നീളവും 9.96 മീറ്റർ വിങ്സ്പാനും 4.88 മീറ്റർ ഉയരവും 8570 കിലോഗ്രാം ഭാരവുമുണ്ട് എഫ് 16. വഹിക്കാവുന്ന പരമാവധി ഭാരം 12000 കിലോഗ്രാമാണ്. മണിക്കൂറിൽ 2120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനാവും ഈ ഫൈറ്റർ ജെറ്റിന്.

ജനറൽ ഡൈനാമിക്സും ലോക്ഹീഡ് മാർട്ടിനുമാണ് ഈ വിമാനങ്ങൾ നിർമിക്കുന്നത്. 20എംഎം തോക്ക്, റോക്കറ്റുകൾ, ബോംബുകൾ, എയർ ടു എയർ, എയർ ടു സർഫൻ മിസൈലുകൾ എന്നിവയുണ്ട് ഈവിമാനത്തിൽ. 50000 അടി ഉയരത്തിൽ വരെ എഫ് 16ന് പറന്നുയരാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA