sections
MORE

ബഹിരാകാശ വാഹനങ്ങളേയും കൂറ്റൻ ഉപഗ്രഹങ്ങളും ചുമക്കും സോവിയറ്റിന്റെ അദ്ഭുത വിമാനം

HIGHLIGHTS
  • മ്രിയ എന്നതായിരുന്നു ആന്‍റനോവ് 225 ന്‍റെ വിളിപ്പേര്
  • ഈ വിമാനത്തിന് ഉയര്‍ത്താന്‍ കഴിയുന്ന ഭാരം 640 ടണ്‍ ആണ്
antonov-an-225-3
Antonov An-225
SHARE

വ്യോമയാന രംഗത്തെ സാങ്കേതിക വിദ്യയും സാധ്യതകളും അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കെ ലോകത്തെ ഏറ്റവും വലിയ വിമാനമായി 30 വര്‍ഷം തുടരുക എന്നത് അസാധാരണം മാത്രമല്ല അദ്ഭുതകരമായ കാര്യം കൂടിയാണ്. ആന്‍റനോവ് 225- മ്രിയ വിമാനമാണ് 30 വര്‍ഷത്തിലേറെയായി ഈ പദവി അലങ്കരിക്കുന്ന വിമാനം. ഉക്രേൻ യുഎസ്എസ്ആറിന്‍റെ ഭാഗമായിരുന്നപ്പോഴാണ് ചരക്ക് വിമാനമായ ആന്‍റനോവ് 225 നിർമിക്കപ്പെട്ടത്. ലോകത്ത് ഏറ്റവുമധികം ഭാരം ചുമക്കാന്‍ ശേഷിയുള്ള വിമാനവും ഏറ്റവും വലിയ ചിറകുകളുള്ള വിമാനവും ആന്‍റനോവ് 225 തന്നെ.

antonov-an-225-2
Antonov An-225

ഉപഗ്രഹങ്ങളെ ചുമക്കുന്ന വിമാനം

റഷ്യയുടെ ബുറാന്‍ ബഹിരാകാശ ദൗത്യത്തിന്‍റെ ഭാഗമായാണ് ആന്‍റനോവ് 225 നിര്‍മിക്കപ്പെട്ടത്. ഉപഗ്രഹങ്ങളും ബഹികരാകാശ വാഹനങ്ങളും റോക്കറ്റുകളും ചുമന്ന് ലക്ഷ്യസ്ഥാനത്തെത്തിക്കുക എന്നതായിരുന്നു വിമാനത്തിന്‍റെ നിര്‍മാണ ഉദ്ദേശ്യം. ഇതേ ലക്ഷ്യത്തോടെ നിര്‍മിച്ച ആന്‍റനോവ് 124 എന്ന വിമാനമാണ് മാറ്റങ്ങള്‍ വരുത്തി 1988ല്‍ ആന്‍റനോവ് 225 ആക്കി മാറ്റിയത്. ബഹിരാകാശ വാഹനങ്ങളെയും റോക്കറ്റുകളെയും വഹിച്ച് പറക്കേണ്ടതിനാല്‍ അക്കാലത്തെ തന്നെ ഏറ്റവും വലിയ ഭാരം പേറുന്ന വിമാനമായാണ് ആന്‍റനോവ് 225 നിര്‍മിച്ചത്.

മ്രിയ എന്നതായിരുന്നു ആന്‍റനോവ് 225 ന്‍റെ വിളിപ്പേര്. മ്രിയ എന്ന ഭാവിയെക്കുറിച്ചുള്ള സ്വപ്നം, പ്രചോദനം എന്നൊക്കെയാണ് അര്‍ത്ഥം. പക്ഷേ ആന്‍റനോവ് 225 ന്റെ സ്വപ്നങ്ങള്‍ തുടക്കത്തിലെ തന്നെ ചിറകു കരിഞ്ഞ് വീണു. കാരണം ആന്‍റനോവ് നിര്‍മിക്കപ്പെട്ട് 1 വര്‍ഷത്തിനുള്ളില്‍ തന്നെ സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ച ആരംഭിച്ചു. ഇതോടെ ബുറാന്‍ ബഹിരാകാശ ദൗത്യവും അവസാനിച്ചു.

antonov-an-225-1
Antonov An-225

വിമാനത്തിന്‍റെ പൗരത്വത്തില്‍ മാറ്റം

സോവിയറ്റ് യൂണിയനില്‍ നിന്നു വേര്‍പെട്ട് ഉക്രെയ്ന്‍ എന്ന രാജ്യം രൂപം കൊണ്ടു. ആന്‍റനോവ് 225 ന്‍റെ നിര്‍മാണവും വിഭജന സമയത്തെ താവളവും എല്ലാം ഉക്രെയ്നിന്‍റെ അധീനതയില്‍ വന്ന പ്രദേശത്തായിരുന്നു. അങ്ങനെ ലോകത്തെ ഏറ്റവും വലിയ വിമാനം ഉക്രെയ്ന്‍ സ്വന്തമായി. പക്ഷേ ഈ വിമാനം എന്തിന് ഉപയോഗിക്കണമെന്ന് അറിയാത്തതിനാലും ഉപയോഗ സാധ്യതകള്‍ ഇല്ലാത്തതിനാലും ആന്‍റനോവ് 225 അനാഥമായി കിടന്നു. അങ്ങനെ നിര്‍മാണം പൂര്‍ത്തിയായി മൂന്നാം വര്‍ഷം ആന്‍റനോവ് 225 ഷെഡില്‍ കയറി. 

മൂന്നു വര്‍ഷത്തെ കാലയളവിനുള്ളില്‍ ആന്‍റനോവ് 225 ലോകത്തെ പ്രധാനപ്പെട്ട പല എയര്‍ ഷോകളിലും പങ്കെടുത്തിരുന്നു. ബഹിരാകാശ വാഹനങ്ങളെ ചുമക്കുന്ന വിമാനം എന്ന നിലയിലായിരുന്നു പങ്കാളിത്തം. പക്ഷേ വിമാനത്തിന്‍റെ വലുപ്പവും, കരുത്തും, ഭാരം ചുമക്കാനുള്ള ശേഷിയും എല്ലാം അതിനകം ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

വിമാനത്തിന്‍റെ കരുത്തും സാങ്കേതികതയും

ആറ് ടര്‍ബോ ഫാന്‍ എൻജിനുകളുണ്ടായിരുന്ന വിമാനത്തിന് ഉയര്‍ത്താന്‍ കഴിയുന്ന ഭാരം 640 ടണ്‍ ആയിരുന്നു. അതായത് ഏകദേശം 1000 ആഫ്രിക്കന്‍ ആനകളെ ചുമക്കാന്‍ കഴിയുന്നത്ര കരുത്ത് വിമാനത്തിനുണ്ടായിരുന്നു എന്ന് സാരം. 32 വീലുകളാണ് വിമാനത്തിന് ഉണ്ടായിരുന്നത്. ഇതില്‍ 14 എണ്ണം വീതം ഇരുവശത്തെയും ലാന്‍ഡിങ് ഗിയറുകളുടെ ഭാഗമായി പുറകിലും നാലെണ്ണം മുന്‍വശത്തുമാണ് ഉണ്ടായിരുന്നത്. ഇരുവശത്തുമായി മൂന്ന് ടര്‍ബോ ഫാനുകള്‍ വീതം ഉണ്ടായിരുന്നതിനാൽ അതിനനുസരിച്ചുള്ള നീളവും വിസ്തൃതിയും എ- 225 ന്‍റെ ചിറകുകള്‍ക്കും ഉണ്ടായിരുന്നു.

antonov-an-225
Antonov An-225

നോസ് വിസര്‍ രീതിയിലായിരുന്നു വിമാനത്തിന്‍റെ ഇന്ധനം നിറച്ചിരുന്നത്. മുന്‍വശത്ത് വിമാനത്തിന്‍റെ മൂക്കു പോലുള്ള ഭാഗം ഉയര്‍ത്താനും താഴ്ത്താനും കഴിയും. ഇങ്ങനെ താഴ്ത്തിയ ശേഷമാണ് വിമാനത്തില്‍ ഇന്ധനം നിറയ്ക്കുന്നത്. തുമ്പിക്കൈ പോലെ മൂക്കുയര്‍ത്താന്‍ കഴിയുന്നതിനാല്‍ ടാന്‍ട്സി സ്ലോന അഥവാ എലഫന്‍റ് ഡാന്‍സ് എന്നാണ് ഈ പ്രവര്‍ത്തിയെ നിര്‍മാതാക്കള്‍ വിശേഷിപ്പിച്ചത്. ആനയുടെ നൃത്തം എന്നാണ് ഇതിന് അര്‍ത്ഥം. സൂപ്പര്‍സോണിക് വിമാനങ്ങളില്‍ ഈ സാങ്കേതിക വിദ്യ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. 

എ-225 ന്‍റെ തിരിച്ച് വരവ്

ഇത്രയേറെ കരുത്തും വലുപ്പവുമുള്ള വിമാനം നാലു വര്‍ഷത്തോളമാണ് ഉക്രെയ്നിലെ വിമാനത്താവള ഷെഡ്ഡില്‍ പൊടി പിടിച്ച് കിടന്നത്. തുടര്‍ന്ന് വിമാനത്തെ വീണ്ടും രംഗത്തിറക്കാൻ നിർമാതാക്കളായ ആന്‍റനോവ് വിമാനക്കമ്പനി തീരുമാനിച്ചു. ഉക്രെയ്ന്‍ സര്‍ക്കാറുമായുള്ള ചര്‍ച്ചയ്ക്കും അറ്റകുറ്റപ്പണികള്‍ക്കും ശേഷം 2001ല്‍ ചരക്ക് വിമാനമായി ആന്‍റനോവ് 225 തിരിച്ചെത്തി. അപ്പോഴും ലോകത്തെ ഏറ്റവും വലിയ വിമാനവും, ചരക്ക് വിമാനവുമായി ആന്‍റനോവ് 225 മാറി. 2001 സെപ്റ്റംബറില്‍ ആന്‍റനോവ് 225 പറന്നത് 225 ടണ്‍ ഭാരവുമായിട്ടായിരുന്നു. ഇന്നു വരെ ഒരു ചരക്ക് വിമാനം വഹിച്ച് കൊണ്ട് പറന്ന ഏറ്റവും വലിയ ഭാരം ഇതാണ്. അതേസമയം തന്നെ ആന്‍റനോവ് 225 ന് ചുമക്കാന്‍ കഴിയുന്ന പരമാവധി ഭാരം 640 ടണ്ണാണ് എന്നതും മറക്കേണ്ട. 

പിന്നീട് 2008 വരെ ചരക്കു വിമാനമായി പ്രവര്‍ത്തിച്ച ആന്‍റനോവ് 225 വീണ്ടും അറ്റകുറ്റപ്പണികള്‍ക്കായി അവധിയില്‍ പ്രവേശിച്ചു. 2011ല്‍ തിരിച്ചെത്തിയ എ-225 ഇപ്പോഴും സർവീസ് നടത്തുന്നുണ്ട്. ഇപ്പോഴും ലോകത്തെ ഏറ്റവും വലിയ ചരക്കുവിമാനമെന്ന ആന്‍റനോവിന്‍റെ പദവി ആരും തകര്‍ത്തിട്ടില്ല. പക്ഷേ അമേരിക്കയുടെ സ്ടാറ്റോ ലോഞ്ച് എന്ന ബഹിരാകാശവാഹന വാഹിനി വിമാനം ചിറകിന്‍റെ വലുപ്പത്തില്‍ ആന്‍റനോവ് 225 നെ തോല്‍പ്പിക്കുമെന്നാണ് കരുതുന്നത്. നിര്‍മാണം പൂര്‍ത്തിയായെങ്കിലും ഈ വിമാനം ഇതുവരെ ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. പക്ഷേ ആകെയുള്ള വലുപ്പത്തിലും, ചുമക്കാന്‍ കഴിയുന്ന ഭാരത്തിന്‍റെ കാര്യത്തിലും ഇപ്പോഴും എ-225 അജയ്യനായി തുടരുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA