ADVERTISEMENT

റ്റാന ബിസിയാണ്. കാക്കനാട് രാജഗിരിയിൽ എൻജിനീയറിങ് പഠിക്കണം. കോട്ടയത്തെ വീട്ടില്‍ വീക്കെൻഡ് പോകണം. അവിടെച്ചെന്നാൽ റെസ്റ്റുണ്ടോ, ഇല്ല. യമഹ ആർ15 എടുത്തു തിരുവല്ലയ്ക്കു പായണം. അവിടെ ചില ആളില്ലാ ഗ്രൗണ്ടുകളും റോഡുകളും റ്റാനയെ കാത്തിരിക്കുന്നു. ബൈക്ക് സ്റ്റണ്ടിങ്. അതാണവിടെ പരിപാടി. 

tana-2
Tana

പണ്ടേ സ്റ്റണ്ടിങ് വീരനായ ഗൗതമാണു ഗുരു. വെറും 8 മാസം കൊണ്ട് റ്റാന യമഹയെ കീഴടക്കി. ഇപ്പോ ബൈക്കിന് ഒരു ടയറായാലും മതി എന്നായിട്ടുണ്ട്. മറ്റേ ടയർ വായുവിൽ ഉയർ‌ന്നങ്ങനെ കറങ്ങിക്കോട്ടെ. ഇനി ഇതൊക്കെ കഴിഞ്ഞ് വിശ്രമിക്കാനാകുമോ? അതുമില്ല. പതിനായിരങ്ങൾ റ്റാനയെ കാത്തിരിക്കുകയല്ലേ, ഇൻസ്റ്റഗ്രാമിൽ. tanz.0_0 പോസ്റ്റ് ചെയ്യുന്ന സ്റ്റണ്ടിങ് പടങ്ങൾക്കും വിഡിയോകൾക്കും ആയിരങ്ങളാണു ലൈക്കുന്നത്. ഫോളവേഴ്സിന്റെ എണ്ണം 24000 ആകാറായി. പല സൂപ്പർ ബൈക്ക് നിർമാതാക്കളും ഡീലർമാരുമൊക്കെ റ്റാനയെക്കൊണ്ട് അവരുടെ ബൈക്ക് ഓടിപ്പിച്ച് വിഡിയോ വൈറൽ ആക്കുന്നുമുണ്ട്.

റ്റാൻസ് എന്ന ഈ റ്റാന ലൂസിയ ജോജി കോട്ടയത്തെ ഡെന്റിസ്റ്റുകളായ ജോജിയുടെയും ദീപയുടെയും മകൾ. കരാട്ടെയിൽ ബ്ലാക് ബെൽറ്റ്. ടൂ വീലർ മോഹമുണ്ടായ കാലത്തേ ബൈക്കായിരുന്നു മനസ്സിലെങ്കിലും വീട്ടുകാർ സ്കൂട്ടറിലൊതുക്കി. 

tana-1
Tana

രാജഗിരിയിലെത്തിയപ്പോൾ പയ്യൻസ് ഗാങ് നൽകിയ കോൺഫിഡൻസിൽ ബൈക്കിൽ കയറിനോക്കി. അതൊരു തുടക്കമായിരുന്നു. വീട്ടുകാരെ ബോധ്യപ്പെടുത്തുന്നതിൽ വിജയിച്ചു. ഒരു വീക്കെൻഡിൽ സർപ്രൈസ് ആയി ബജാജ് അവഞ്ചർ വാങ്ങിവച്ചു വീട്ടുകാർ. എന്തുകൊണ്ട് അവഞ്ചർ? ‘കാലെത്തണ്ടേ ചേട്ടാ...’ അങ്ങനെ അവഞ്ചർ‌ ഓടിച്ച് കാക്കനാടൊക്കെ പോയപ്പോൾ റേസിങ് ആയാലോ എന്നായി. പഠനം കഴിഞ്ഞ് സ്വന്തം കാലിൽ നിൽക്കുമ്പോൾ ആയിക്കോ എന്നു വീട്ടുകാർ. അപ്പോൾ മോഹം സ്റ്റണ്ടിങ്ങിലേക്കു മാറി. കംപ്ലീറ്റ് സോഷ്യൽ മീഡിയ ഇംപാക്ടാണ്. ലേഡി റൈഡർമാർ ഒരുപാടുണ്ടെങ്കിലും ബൈക്ക് സ്റ്റണ്ടിങ്ങിൽ അധികം വനിതാസാന്നിധ്യമില്ല. അങ്ങനെയുള്ള ചിലരെ റ്റാന സോഷ്യൽ മീഡിയയിൽ കണ്ടെത്തി. ആരാധികയായി. 

തിരുവല്ലയിലെ ഗൗതമിനെ കണ്ടെത്തിയതും ഇൻസ്റ്റഗ്രാമിൽ. പഠിപ്പിക്കാമോ എന്നു പുള്ളിയോടു ചോദിച്ചതും അതുവഴിതന്നെ. കോളജിലെ സഹപാഠി സ്റ്റെഫിൻ ഒക്കെയാണു കട്ട സപ്പോർട്ട്. കക്ഷി പക്ഷേ സ്റ്റണ്ടറല്ല. ദൂരെനിന്നു ഫോട്ടോയെടുക്കലാണിഷ്ടം. സ്റ്റണ്ടിങ് എന്നാൽ തിരക്കുള്ള റോഡിലൂടെ ചീറിപ്പായുന്നതല്ലെന്നും തികച്ചും സുരക്ഷിത കേന്ദ്രത്തിൽ ഫുൾ റൈഡിങ് ഗിയറൊക്കെ ധരിച്ചേ അഭ്യാസമുള്ളൂ എന്നുമൊക്കെ ബോധ്യപ്പെട്ടപ്പോൾ വീട്ടിൽ ഓക്കേയ്.

അങ്ങന യമഹ ആർ15 ഒരെണ്ണം വാങ്ങി. (അതിനും പൊക്കക്കുറവ് ഒരു യോഗ്യതയായി). അഭ്യാസത്തിനാവശ്യമായ മോഡിഫിക്കേഷനുകളൊക്കെ വരുത്തിയാണു പരിശീലനം. ഒരു സെമസ്റ്റർ ബ്രേക്ക് പരമാവധി ഉപയോഗപ്പെടുത്തി.  ഹാൻഡിലിൽ ഇരുന്നുള്ള യാത്ര, വൺ ഹാൻഡ് സ്റ്റോപ്പിങ് എന്നിങ്ങനെ പ്രകടനങ്ങൾ പലതും വശത്താക്കി. ഗൗതമും റ്റാനയും മറ്റൊരാളുമടങ്ങുന്ന ടീം ഇപ്പോൾ സ്റ്റണ്ട് ഷോ നടത്തുന്നുമുണ്ട്.

ഇപ്പോൾ, കംപ്യൂട്ടർ എൻജിനീയറിങ് പഠനത്തിന്റെ അവസാന നാളുകളിലെത്തിയ റ്റാനയ്ക്ക് പ്രമുഖ ഐടി കമ്പനിയിലേക്കു ക്യാംപസ് സിലക്‌ഷൻ ആയിട്ടുണ്ട്. സ്റ്റണ്ടിങ്ങിൽ ഇനിയും എത്രയോ ഉയരങ്ങൾ കീഴടക്കാനുള്ള ആഗ്രഹം ഒരു ഓഫർ ലെറ്ററിൽ അവസാനിക്കുന്നില്ലെന്നു ഈ ഫ്രീസ്റ്റൈൽ സ്റ്റണ്ട് റൈഡർ ഉറപ്പിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com