sections
MORE

ലോകത്തില്‍ 25 പേര്‍ക്ക് മാത്രം സ്വന്തമാക്കാന്‍ പറ്റുന്ന ആഡംബരം, ഇത് റോള്‍സ് റോയ്‌സ് ഫാന്റം ട്രാന്‍ങ്ക്വിലിറ്റി

HIGHLIGHTS
  • ഉല്‍ക്കയില്‍ നിന്നുള്ള ഭാഗംകൊണ്ടാണ് സെന്റര്‍ കണ്‍സോളിലെ വോള്യം
  • വെറും 25 ഫാന്റം ട്രാന്‍ങ്ക്വിലിറ്റി മാത്രമേ കമ്പനി നിര്‍മിക്കുകയുള്ളൂ
rolls-royce-phantom-tranquillity-8
Rolls Royce Phantom Tranquility
SHARE

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഹെന്റി എഡ്മണ്ട്‌സ് എന്ന  വ്യക്തി തന്റെ രണ്ടു സുഹൃത്തുക്കളെ പരസ്പരം പരിചയപ്പെടുത്തുകയുണ്ടായി. കൃത്യമായി പറഞ്ഞാല്‍ 1904 മേയ് 4ന്. ഇംഗ്ലണ്ടിലെ  മാഞ്ചസ്റ്ററില്‍ നടന്ന ആ കൂടിക്കാഴ്ച തുടക്കം കുറിച്ചത് മോട്ടറിങ് ചരിത്രത്തിലെ ഒരു പുതിയ അധ്യായത്തിനായിരുന്നു. അന്ന് പരിചയപ്പെട്ട വ്യക്തികളായിരുന്നു ഹെന്റി റോയ്‌സ് എന്ന എഞ്ചിനീയറും ചാള്‍സ് വേള്‍ഡ് എന്ന കാര്‍ ഡീലര്‍ഷിപ്പ് ഉടമയും. ആ പരിചയപ്പെടല്‍ 'റോള്‍ഡ് റോയ്‌സ്' എന്ന വിശ്വവിഖ്യാത കമ്പനിയുടെ പിറവിയുടെ ആരംഭമായിരുന്നു. 

rolls-royce-phantom-tranquillity-1

1907  ലാണ് സില്‍വര്‍ ഗോസ്റ്റ് എന്ന റോള്‍സ്  റോയ്‌സിന്റെ ആദ്യകാല കാര്‍ പുറത്തിറങ്ങിയത്. ലണ്ടനും ഗ്ലാസ്‌ഗോയ്ക്കും ഇടയില്‍ 27 തവണ നിര്‍ത്താതെ സഞ്ചരിച്ച്, മൊത്തം 14371 മൈല്‍ ദൂരമെന്ന റെക്കോര്‍ഡ് ആ വാഹനം തകര്‍ക്കുകയുണ്ടായി. അന്നു കാഴ്ചവച്ച ആ പ്രകടനം റോള്‍സ് റോയ്‌സിന്  ലോകത്തിലെ ഏറ്റവും മികച്ച കാര്‍ എന്ന പദവി നേടിക്കൊടുത്തു. പിന്നീട് നടന്നതെല്ലാം ചരിത്രം.

rolls-royce-phantom-tranquillity

നൂറ്റിപ്പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും ലക്ഷ്വറി കാറുകള്‍ക്കിടയില്‍ പകരം വെയ്ക്കാനില്ലാത്ത പേരാണ് റോള്‍സ് റോയ്‌സ്. ഈ വര്‍ഷത്തെ  ജനീവ മോട്ടോര്‍ ഷോയില്‍ തങ്ങളുടെ അതിവിശിഷ്ടമായ നാലു കാറുകളെ  റോള്‍സ് റോയ്‌സ്  ലോകത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിച്ചു. കമ്പനിയുടെ ബിസ്‌പൊക്ക് പോര്‍ട്ട്‌ഫോളിയോയുടെ ഭാഗമായുള്ള ഫാന്റം , കള്ളിനന്‍, ഡോണ്‍, ബ്ലാക്ക് ബാഡ്ജ് എന്നിവയായിരുന്നു അവ. അതില്‍ പ്രധാനിയാണ് ഫാന്റം ട്രാന്‍ങ്ക്വിലിറ്റി.

ഫാന്റം ട്രാന്‍ങ്ക്വിലിറ്റി

'അസാധ്യമായത് സാധ്യമാക്കുന്നവര്‍ക്ക് വേണ്ടി നിര്‍മിച്ചത്' എന്ന വിശേഷണമാണ് റോള്‍സ് റോയ്‌സ്, ഫാന്റം ട്രാന്‍ങ്ക്വിലിറ്റിയ്ക്കു നല്‍കുന്നത്. ഫാന്റം എന്ന പേരു കേള്‍ക്കുമ്പോള്‍ കുട്ടിക്കാലത്ത് വായിച്ചിരുന്ന കോമിക് കഥാപാത്രത്തെയാണ് ഓര്‍മ വരുന്നതെങ്കിലും ഈ ഫാന്റത്തിന്റെ  കഥയാരംഭിക്കുന്നത് 1923 മുതല്‍ക്കാണ്.

rolls-royce-phantom-tranquillity-6

1930 കളില്‍ വി12 എന്‍ജിന്‍ ഉപയോഗിക്കുന്ന ആദ്യ റോള്‍സ് റോയ്‌സ് കാര്‍ എന്ന ഖ്യാതി ഫാന്റം  സ്വന്തമാക്കി. ഫാന്റം സീരിസിന്റെ എട്ടാം തലമുറ മോഡലാണ് 2017 മുതല്‍  റോള്‍സ് റോയ്‌സ് നിര്‍മിക്കുന്നത്. ശ്രേഷ്ഠമായ ഒന്നിനെ അതിശ്രേഷ്ഠമാക്കുകയാണ് ഫാന്റം ട്രാന്‍ങ്ക്വിലിറ്റി. വെറും 25 ഫാന്റം ട്രാന്‍ങ്ക്വിലിറ്റി മാത്രമേ കമ്പനി  നിര്‍മിക്കുകയുള്ളൂ. ഒന്ന് വാങ്ങിക്കളയാമെന്നു ആലോചിക്കുന്നവര്‍ തീര്‍ച്ചയായും ദുഖിക്കേണ്ടി വരും,  കാരണം ഈ 25  എണ്ണവും വിറ്റുകഴിഞ്ഞിരിക്കുന്നു.

rolls-royce-phantom-tranquillity-7

പുറംകാഴ്ചയില്‍ വലിയ മാറ്റങ്ങളൊന്നും ഫാന്റം ട്രാന്‍ങ്ക്വിലിറ്റിയില്‍ ഇല്ല.  ഗ്രില്‍ സാധാരണയില്‍ നിന്നും വ്യത്യസ്തമായി ബോഡിയില്‍ ഇഴുകിച്ചേര്‍ന്നിരിക്കുന്ന രീതിയിലാണ്. ഇതിനു മുകളിലായാണ് 'സ്പിരിറ്റ് ഓഫ് എക്സ്റ്റസി'. അതില്‍ ഗോള്‍ഡ് കളറിലുള്ള  ആക്‌സന്റെും ചുറ്റിലുമായി ഫാന്റം ട്രാന്‍ങ്ക്വിലിറ്റി എന്ന എന്‍ഗ്രേവിങ്ങുമുണ്ട്.  ചെറിയ ഫ്രന്റ് ഓവര്‍ ഹാങ്ങും, നീളമേറിയ ബോണറ്റും ഒഴുകിയിറങ്ങുന്ന പിന്‍ഭാഗവും, ഉയര്‍ന്ന ബെല്‍റ്റ് ലൈനും കോച്ച് ഡോറുകളും ഒക്കെ അതേപടി ഫാന്റം ട്രാന്‍ങ്ക്വിലിറ്റിയിലും കാണാം. കോണ്ടിനെന്റലിന്റെ 22 ഇഞ്ച് ടയറുകളാണ്. പ്രത്യേക ഫോം ലെയര്‍ ഉപയോഗിക്കുന്ന ഈ ടയറുകളുടെ പേര് സൈലന്റ് സീല്‍ എന്നാണ്. 

Rolls-Royce Phantom Tranquility

ആദ്യകാഴ്ചയില്‍ തന്നെ കണ്ണുകളുടക്കുക സെന്റര്‍ കണ്‍സോളില്‍ നിന്നുതുടങ്ങി മുന്‍ പാസഞ്ചര്‍ സീറ്റിന്റെ  ഭാഗത്തേക്ക് നീളുന്ന ഒരു പ്രത്യേകതരം പാനലിലാണ്. ഒറ്റ നോട്ടത്തില്‍ കുറേ ഭാഗങ്ങള്‍ മുറിച്ചെടുത്ത ഒരു മെറ്റല്‍ ഷീറ്റ് പോലെ തോന്നുമെങ്കിലും അതിനു പിന്നിലൊരു ശാസ്ത്രമുണ്ടെന്നു റോള്‍ഡ് റോയ്‌സ്  പറയുന്നു. പണ്ട് ബഹിരാകാശ പഠനത്തിനു വേണ്ടി ഉപയോഗിച്ച ബ്രിട്ടീഷ്  നിര്‍മ്മിത സ്‌കൈലാര്‍ക്ക് റോക്കറ്റുകളിലെ  എക്‌സ്‌റേ കോഡഡ് അപെര്‍ച്ചര്‍ മാസ്‌കുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈന്‍ ആണിതിന്. പ്രത്യേകതരം ലെയറുകളിലൂടെ ഹൈ എനര്‍ജി റേഡിയേഷന്‍ കടന്നു പോകുമ്പോഴുണ്ടാകുന്ന നിഴല്‍ അതേപടി റെന്‍ഡര്‍ ചെയ്‌തെടുത്ത് ഹൈ റിഫ്‌ളക്റ്റീവ് സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍, 24 കാരറ്റ് ഗോള്‍ഡ്, സ്‌പേസ് ഗ്രേഡ് അലൂമിനിയം എന്നിവയാല്‍ നിര്‍മിച്ചെടുത്തതാണ് ഫാന്റം ട്രാന്‍ങ്ക്വിലിറ്റിയിലെ ഈ പാനല്‍. ഈ പാനലില്‍ തന്നെ പേപ്പര്‍ ബ്ലാസ്റ്റ് ചെയ്ത ഗോള്‍ഡ് ഫിനിഷുള്ള ടൈറ്റാനിയത്തില്‍ നിര്‍മ്മിച്ച എന്‍ഗ്രേവ്ഡ് ക്ലോക്കും നല്‍കിയിട്ടുണ്ട്.

സ്വീഡനില്‍ നിന്ന്  1906ല്‍  കണ്ടെടുത്ത ഉല്‍ക്കയില്‍ നിന്നുള്ള ഭാഗംകൊണ്ടാണ് സെന്റര്‍ കണ്‍സോളിലെ വോള്യം കണ്‍ട്രോളര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഏകദേശം 4.565 ബില്യന്‍ വര്‍ഷം പഴക്കമുണ്ട് ഈ ഉല്‍ക്കയ്ക്ക്.  ഈ ഉല്‍ക്ക വോള്യം കണ്‍ട്രോളിന് ചുറ്റുമായി പോളിഷ്ഡ് ഗോള്‍ഡ് ഗ്രിപ്പും മുകളിലായി ഉല്‍ക്ക കണ്ടുപിടിക്കപ്പെട്ട സ്ഥലവും സമയവും വ്യക്തമാക്കുന്ന എഴുത്തുമുണ്ട്.

rolls-royce-phantom-tranquillity-4

ഇവയ്‌ക്കൊപ്പം 'അണ്ടര്‍ ദ സ്റ്റാര്‍' എന്നു വിളിപ്പേരുള്ള സ്റ്റാര്‍ലൈറ്റ് ഹെഡ്‌ലൈനര്‍ കൂടി ചേരുമ്പോള്‍ മൊത്തത്തിലൊരു ബഹിരാകാശ ഫീല്‍ ട്രാന്‍ങ്ക്വിലിറ്റിയുടെ ഇന്റീരിയറില്‍ തോന്നും. എന്നാല്‍ ഇതുകൊണ്ടൊന്നും തീരുന്നില്ല ഫാന്റം ട്രാന്‍ങ്ക്വിലിറ്റിയിലുള്ള സ്‌പേസ് ഇന്‍സ്പയേര്‍ഡ് ഡിസൈന്‍ എലമെന്റുകള്‍. ചന്ദ്രന്റെ ഇരുണ്ടതും പ്രകാശമാര്‍ന്നതുമായ വശങ്ങളെ അനുസ്മരിപ്പിക്കും വിധം സെല്‍ബി ഗ്രേ, ആര്‍ട്ടിക് വൈറ്റ് എന്നീ രണ്ടു ലെതര്‍ ഫിനിഷുകളാണ് ട്രാന്‍ങ്ക്വിലിറ്റിയില്‍. അപ്പര്‍ ഗ്ലൗ ബോക്‌സും ഡോര്‍ ആം റെസ്റ്റുകളും സാറ്റിന്‍ ഫിനിഷാണ്. സെന്റര്‍ കണ്‍സോളാവട്ടെ  ബ്ലാക്ക് ഗ്ലോസ് ഫിനിഷിലും. മേമ്പൊടിയായി സ്‌റ്റൈയിന്‍ലെസ് സ്റ്റീല്‍ പിന്‍ സ്ട്രാപ്പുകളും. ഇന്റീരിയറിന്റെ അതേ കളറിലുള്ള ടോണ്‍ ഓണ്‍ ടോണ്‍ സ്റ്റിച്ചിങ്ങും ട്രാന്‍ങ്ക്വിലിറ്റിയുടെ പ്രത്യേകതയാണ്. കൂടാതെ യെല്ലോ കവറിങ്ങുള്ള സ്പീക്കര്‍ കവറുകള്‍ക്കുമുണ്ട് ഒരു ബഹിരാകാശ  ബന്ധത്തിന്റെ കഥപറയാന്‍.  1977 ല്‍ വിക്ഷേപിച്ച വോയേജര്‍ പേടകത്തിലെ  ഗോള്‍ഡന്‍ റെക്കോര്‍ഡ്‌സില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു ഡിസൈന്‍ ചെയ്യപ്പെട്ടവയാണിവ.

rolls-royce-phantom-tranquillity-2

ഫാന്റത്തിലുപയോഗിക്കുന്ന അതേ 6.75 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി12 എന്‍ജിനാണ് ട്രാന്‍ങ്ക്വിലിറ്റിയിലുമുള്ളത്. 569 ബിഎച്ച്പി കരുത്തും 900 എന്‍എം ടോര്‍ക്കും ഉല്പാദിപ്പിക്കുന്ന ഈ എന്‍ജിന് 8 സ്പീഡ് ഓട്ടമാറ്റിക്ക് ഗിയര്‍ബോക്‌സാണ്. 2560 കിലോഗ്രാം ഭാരമുള്ള  ഫാന്റം ട്രാന്‍ങ്ക്വിലിറ്റി പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വേണ്ടത് 5.3 സെക്കന്റ് മാത്രമാണ്. (എക്‌സ്‌റ്റെന്‍ഡ് വീല്‍ബേസ്  5.4 സെക്കന്റ്). മണിക്കൂറില്‍ 250 കിലോമീറ്ററാണ് ഉയര്‍ന്ന വേഗം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA