ADVERTISEMENT

ലോകത്തിലെ അത്യാഡംബര കാറുകളിൽ മിക്കതും ഇന്നു ഇന്ത്യയിൽ ലഭ്യമാണ്. റോൾസ് റോയ്സ്, ബെന്റ്ലി, ഫെരാരി, ലംബോർഗിനി തുടങ്ങി ശതകോടീശ്വരന്മാർക്ക് മാത്രം മോഹിക്കാൻ പറ്റുന്ന വാഹനങ്ങളിൽ പലതും ഇന്നു നമ്മുടെ നിരത്തിലുണ്ട്. കോടികൾ വിലയുള്ള ഈ കാറുകളെ ഒന്നു നേരിൽ കാണാൻ അവസരം കിട്ടുന്നത് വരെ ലോട്ടറി അടിച്ചതിന് തുല്യമാണെന്നാണ് വാഹനപ്രേമികൾ പറയുന്നത്. ഇന്ത്യൻ നിരത്തുകളിലെ ഏറ്റവും വിലയുള്ള അഞ്ചു വാഹനങ്ങൾ ഏതൊക്കെയെന്ന് നോക്കാം. (വാഹനങ്ങളുടെ എകദേശ എക്സ്ഷോറൂം വില മാത്രമാണ് നൽകുന്നത്, ഉപഭോക്താക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള സൗകര്യങ്ങളുള്ളതുകൊണ്ട് വില ഇതിലും ഉയർന്നേക്കാം).

rollsroyce-phantom

റോൾസ് റോയ്സ് ഫാന്റം – 9.5 കോടി മുതൽ 11.3 കോടി വരെ

വാഹന ലോകത്തെ ആഡംബരത്തിന്റെ അവസാന വാക്കാണ് റോൾസ് റോയ്സ് ഫാന്റം. ഇപ്പോൾ വിപണിയിലുള്ള എട്ടാം തലമുറ ഫാന്റമാണ് ഇന്ത്യയിലെ ഏറ്റവും വിലയുള്ള കാർ. അടിസ്ഥാന വകഭേദത്തിന് 9.5 കോടി രൂപയും എക്സ്റ്റെന്റഡ് വീൽബെയ്സ് മോഡലിന് 11.35 കോടി രൂപയുമാണ് ഇന്ത്യൻ വില.  6.75 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി12 എന്‍ജിനാണ് ഫാന്റത്തിലുള്ളത്. 569 ബിഎച്ച്പി കരുത്തും 900 എന്‍എം ടോര്‍ക്കും ഉൽപാദിപ്പിക്കുന്ന ഈ എന്‍ജിന് 8 സ്പീഡ് ഓട്ടമാറ്റിക്ക് ഗിയര്‍ബോക്‌സാണ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വേണ്ടത് 5.3 സെക്കന്റ് മാത്രമാണ്. (എക്‌സ്‌റ്റെന്‍ഡ് വീല്‍ബേസ്5.4 സെക്കന്റ്). മണിക്കൂറില്‍ 250 കിലോമീറ്ററാണ് ഉയര്‍ന്ന വേഗം.

lamborghini

ലംബോർഗിനി അവന്റഡോർ എസ്‍വിജെ – ഏകദേശം 8.5 കോടി

ലംബോർഗിനി നിരയിലെ ഏറ്റവും വിലയുള്ള വാഹനമാണ് അവന്റഡോർ എസ്‌വിജെ. അവന്റഡോറിനെ അടിസ്ഥാനപ്പെടുത്തുന്ന ഈ പ്രത്യേക പതിപ്പിന്റെ 900 യുണിറ്റുകള്‍ മാത്രമേ പുറത്തിങ്ങൂ. 6.5 ലീറ്റർ വി 12 എൻജിൻ ഉപയോഗിക്കുന്ന ഈ വാഹനത്തിന് 770 ബിഎച്ച്പി കരുത്തും 720 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 2.8 സെക്കന്റുകൾ മാത്രം വേണ്ടി വരുന്ന കാറിന്റെ ഉയർന്ന വേഗം 350 കിലോമീറ്റാണ്. 

rollsroyce-cullinan

റോൾസ് റോയ്സ് കള്ളിനൻ – 6.95 കോടി

റോള്‍സ് റോയ്‌സ് നിര്‍മിക്കുന്ന ആദ്യ എസ്‌യുവിയാണ് കള്ളിനന്‍. ആഡംബരത്തിന്റെ പര്യായമാണെങ്കിലും ലോകത്തിലെ ഏറ്റവും വേഗമുള്ള ലക്ഷ്വറി എസ്‌യുവികളിലൊന്നും ഈ കരുത്തൻ തന്നെ. ദക്ഷിണാഫ്രിക്കന്‍ ഖനിയില്‍ നിന്ന് 1905ല്‍ കുഴിച്ചെടുത്ത 3106 കാരറ്റ് വജ്രമായ കള്ളിനന്‍ ഡയമണ്ടില്‍ നിന്നാണു പുത്തന്‍ എസ്‌യുവിക്കുള്ള പേര് റോള്‍സ് റോയ്‌സ് കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും ആഡംബരം നിറച്ച എസ്‌യുവിയുടെ വില 3.25 ലക്ഷം ഡോളര്‍. (ഏതാണ്ട് 2.15 കോടി രൂപയ്ക്കു തുല്യമാണിതെങ്കിലും ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുമ്പോള്‍ നികുതിയടക്കം ഇരട്ടിവിലയാകും). 563 ബിഎച്ച്പി കരുത്തും 850 എന്‍എം കുതിപ്പുശേഷിയുമുള്ള 6.75 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി12 പെട്രോള്‍ എന്‍ജിനൊപ്പം ഓള്‍ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ സ്റ്റീയര്‍ സംവിധാനങ്ങളുമുണ്ട്. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍.

bentley

ബെന്റ്ലി മുൾസാൻ സ്പീഡ്– 6.9 കോടി

അത്യാഡംബ കാറായ ബെന്റ്ലി മുൾസാന്റെ പെർഫോമൻസ് പതിപ്പാണ് സ്പീഡ്. കരുത്തും ആഡംബരവും സ്പോർട്സ് കാറുകളുടെ പെർഫോമൻസുമാണ് ഈ വാഹനത്തിന്റെ പ്രത്യേകത. 6.8 ലീറ്റർ വി 8 എൻജിൻ ഉപയോഗിക്കുന്ന കാറിന് 537 ബിഎച്ച്പി കരുത്തും 1100 എൻ എം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ‌ വേഗത്തിലെത്താന‍് 4.8 സെക്കന്റുകൾ മാത്രം മതി ഈ കരുത്തന്.

rolls-royce-dawn

റോൾസ് റോയ്സ് ഡോൺ– 6.25 കോടി

റോൾസ് റോയിന്റെ കൺവേർട്ടബിൾ കാറാണ് ഡോൺ. 6.6 ലീറ്റർ, ട്വിൻ ടർബോ ചാർജ്ഡ് വി 12 പെട്രോൾ എൻജിനാണ് ഡോണിൽ. പരമാവധി 563 ബി എച്ച് പി കരുത്തും 820 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. എട്ടു സ്പീഡ് ഓട്ടമാറ്റിക് ട്രാന്സ്ഷനാണു കാറിലെ ഗീയർബോക്സ്. നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ഈ എൻജിനു വേണ്ടത് വെറും 4.6 സെക്കൻഡ്. കാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 250 കിലോമീറ്റർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com