ADVERTISEMENT

52 വര്‍ഷം മുന്‍പ് അതായത് 1967ല്‍ ആണ് ആദ്യ ഇന്ത്യന്‍ നിര്‍മിത ഇന്ത്യന്‍ പോര്‍ വിമാനമായ മാരുത് നിര്‍മാണം പൂര്‍ത്തിയായി ആകാശത്തേക്ക് പറന്നുയരുന്നത്. പക്ഷേ ഈ പോര്‍വിമാനത്തിന് പറയാന്‍ നിരവധി കഥകളുണ്ട്. എല്ലാ കാര്യത്തിലും എന്ന പോലെ പ്രതിരോധ മേഖലയിലും സ്വന്തം കാലില്‍ നില്‍ക്കാനുള്ള ഒരു രാജ്യത്തിന്‍റെ ശ്രമവും ആ വിജയത്തിന്റെ അല്‍പ്പായുസ്സും ദയനീയ പരാജയവും ചേര്‍ന്നതാണ് ഈ ചരിത്രം.

1956ല്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡിനെയാണ് ഇന്ത്യക്കായി പോര്‍വിമാനം നിര്‍മിക്കാനുള്ള ഉത്തരവാദിത്തം അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഏല്‍പ്പിക്കുന്നത്. അതുവരെ ഏതാനും പ്രൊപ്പെല്ലര്‍ വിമാനങ്ങളും ബ്രിട്ടീഷ് സൈന്യത്തിനായി നിര്‍മിച്ച വാംപെയര്‍ പോര്‍ വിമാനങ്ങളുമാണ് പരിചയസമ്പത്തായി എച്ച്എഎലിന്റെ പക്കല്‍ ഉണ്ടായിരുന്നത്. അങ്ങനെ 1958ല്‍ രാജ്യത്തിനായി ഒരു സബ് സോണിക് ഫൈറ്റര്‍ ജെറ്റ് നിര്‍മിക്കാനുള്ള ഉത്തവാദിത്തം എച്ച്എഎല്‍ ഏറ്റെടുത്തു. 1400 കിലോമീറ്റര്‍ വരെ പറക്കാന്‍ കഴിയുന്ന രീതിയില്‍ വിമാനം നിർമിക്കാനായിരുന്നു തീരുമാനം.

തുടക്കം

വിമാനത്തിന്‍റ നിർമാണത്തിന് എച്ച്എഎല്ലിനെ ഒറ്റയ്ക്കാക്കാന്‍ ജവഹര്‍ലാല്‍ നെഹ്റു തയാറായിരുന്നില്ല. ജർമനിക്കുവേണ്ടി രണ്ടാം ലോക മഹായുദ്ധത്തില്‍ സിംഗിള്‍ എൻജിന്‍ പോര്‍വിമാനം നിര്‍മിച്ച പ്രശസ്ത എയറോനോട്ടിക്കില്‍ ഡിസൈനറായ കെര്‍ത് തുക്കിനെ വിമാനം നിർമിക്കാനായി നെഹ്റു ക്ഷണിച്ചു വരുത്തി. പക്ഷേ ഇതു കൊണ്ട് മാത്രമായില്ല. ഈ വിമാനത്തിന്‍റെ നിർമാണത്തിനായി എച്ച്എഎല്ലിന് സ്വന്തം എൻജിനീയര്‍മാരുടെ അംഗസംഖ്യ പന്ത്രണ്ട് മടങ്ങ് വര്‍ധിപ്പിക്കേണ്ടി വന്നു. ഇതനുസരിച്ച് മറ്റു മേഖലയില്‍ തൊഴിലെടുക്കുന്നവരുടെയും.

1959ല്‍ ആദ്യ ഇന്ത്യന്‍ പോര്‍ വിമാനത്തിന്‍റെ മാതൃക നിർമിച്ച് കെര്‍ത് തുക്ക് കാര്യങ്ങള്‍ വേഗത്തിലാക്കി. ഇതിന്‍റെ പറക്കാന്‍ കഴിയുന്ന പ്രോട്ടോ ടൈപ്പിന് 1961ൽ രൂപം നല്‍കി. ബ്രിസ്റ്റോര്‍ ബോര്‍ 12 ഓര്‍ഫ്യൂസ് എന്ന ട്വിന്‍ എൻജിനാണ് വിമാനത്തില്‍ ഘടിപ്പിച്ചിരുന്നത്. ബ്രിട്ടീഷ് നിര്‍മാതാക്കളായ ബ്രിസ്റ്റോള്‍ സിഡ്ഡെലിയുടെ ഈ എൻജിന് ഒരെണ്ണത്തിന്‍റെ വില ഇപ്പോഴത്തെ 118 കോടിയായിരുന്നു. (13 മില്ല്യണ്‍). എൻജിന് വേണ്ടി ഇത്രയധികം രൂപ നിക്ഷേപിക്കാന്‍ അക്കാലത്ത് രാജ്യത്തിന്റെ സമ്പദ് ഘടനയുടെ സ്ഥിതി അനുവദിക്കില്ലായിരുന്നു. ഇതോടെ ഈ എൻജിന് ബദലായി മറ്റൊന്ന് അന്വേഷിച്ച് എച്ച്എഎല്‍ എൻജിനീയര്‍മാര്‍ ലോകം മുഴുവന്‍ സഞ്ചരിച്ചു.

സ്വന്തം പോര്‍ വിമാനം എന്ന സ്വപ്നം താളം തെറ്റുന്നു

മാറിവന്ന ദേശീയ, രാജ്യാന്തര രാഷ്ട്രീയ സാഹചര്യങ്ങള്‍ എൻജിന് വേണ്ടിയുള്ള അന്വേഷണത്തെയും ബാധിച്ചു. ഒടുവില്‍ ആദ്യം തീരുമാനിച്ച ഓര്‍ഫ്യൂസ് ആഫ്റ്റര്‍ ബേണിങ് ടര്‍ബോ ജെറ്റിന് പകരം ഓര്‍ഫ്യൂസിന്‍റെ തന്നെ നോണ്‍- ആഫ്റ്റര്‍ബേണിങ് ടര്‍ബോജറ്റ് കൊണ്ട് തൃപ്തിപ്പെടാന്‍ എച്ച്എഎല്‍ തീരുമാനിച്ചു. ഇതു വിഭാവനം ചെയ്തതതിനേക്കാള്‍ വിമാനത്തിന്‍റെ കരുത്ത് ഏതാണ്ട് പകുതിയായി കുറച്ചു. ആദ്യ എൻജിന്‍റെ കരുത്ത് 8150 പൗണ്ടായിരുന്നു എങ്കില്‍ പകരം കണ്ടെത്തിയതിന്‍റേത് 4850 പൗണ്ടായിരുന്നു. അതും ആകാശത്ത് ഏറെ ഉയരത്തിലെത്തിയ ശേഷം.

ഒടുവില്‍ പ്രതീക്ഷിച്ചതിലും മൂന്നു വര്‍ഷം വൈകി 1967ല്‍ എച്ച്എഎല്‍ തങ്ങളുടെ ആദ്യ ഇന്ത്യന്‍ വിമാനം "മാരുത്" രാജ്യത്തിന് സമര്‍പ്പിച്ചു. പക്ഷേ അക്കാലത്ത് ഇന്ത്യയുടെ മുഖ്യ പോര്‍ വിമാനമായിരുന്ന റഷ്യന്‍ നിര്‍മിത മിഗ് 21, പാകിസ്ഥാന്‍റെ അമേരിക്കന്‍ വിമാനം എഫ് 104 എന്നിവയുമായി മത്സരിക്കാനുള്ള പ്രാപ്തി ഈ ഇന്ത്യന്‍ നിര്‍മിത പോര്‍ വിമാനത്തിന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ റഡാര്‍ വിമാനമായും മിസൈല്‍ വാഹിനിയായും മാരുത് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ വ്യോമസേനയ്ക്ക് ബോധ്യമായി. വൈകാതെ ചെറുകിട ഹ്രസ്വ ദൂര ആക്രമണങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാനായി മാരുതിനെ മാറ്റി നിര്‍ത്തി.

147 മാരുത് എച്ച്.എഫ് വിമാനങ്ങളാണ് ആകെ എച്ച്എഎൽ നിര്‍മിച്ചത്. വ്യോമസേനയുടെ താല്‍പ്പര്യം നഷ്ടപ്പെട്ടതോടെ വിമാനത്തിന്‍റെ നിര്‍മാണവും അവസാനിപ്പിക്കാന്‍ എച്ച്എഎല്‍ തീരുമാനിച്ചു. മാത്രമല്ല സാമ്പത്തികമായും എച്ച്എഎലിന് നഷ്ടക്കച്ചവടമായിരുന്നു. മാരുതിലും ശേഷിയും കരുത്തുമുള്ള വിമാനങ്ങള്‍ വിദേശത്തു നിന്നു വാങ്ങാന്‍ കുറഞ്ഞ തുകയേ വേണ്ടി വന്നുള്ളൂവെന്നത് മാരുതിന്‍റെ ജനപ്രീതി വീണ്ടും ഇടിച്ചു.

എയര്‍ഫോഴ്സിന്‍റെ മൂന്നു വിഭാഗങ്ങളിലായാണ് മാരുതിനെ വിന്യസിച്ചത്. ഫ്ലൈയിംഗ് ഡ്രാഗണ്‍, ലയണ്‍സ്, ഡെസേര്‍ട്ട് സ്ക്വാര്‍ഡണ്‍ എന്നീ വിഭാഗങ്ങളിലായി മാരുതിന്‍റെ രണ്ടു സീറ്റര്‍ ഗണത്തില്‍ പെടുന്ന വിമാനങ്ങളാണ് ഉള്‍പ്പെടുത്തിയത്. ശേഷിക്കുന്നവ ഭാഗികമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടപ്പാരംഭിച്ചു. പക്ഷേ മാരുതിന് തന്‍റെ കരുത്ത് തെളിയിക്കാന്‍ ഒരവസരം കാലം കാത്തുവച്ചിരുന്നു. ഡെസേര്‍ട്ട് സ്ക്വാര്‍ഡൻ വിഭാഗത്തില്‍ പെട്ട വിമാനങ്ങളാണ് മാരുത് പരാജയമായി വിലയിരുത്തപ്പെടാന്‍ അനുവദിക്കാതെ ചരിത്രത്തിന്‍റെ ഭാഗമായ അഭിമാന ദൗത്യത്തില്‍ മുന്നില്‍ നിന്നു നയിച്ചത്.

1971 ലെ ഇന്ത്യ പാക് യുദ്ധത്തിലെ മാരുത്

ബംഗ്ലാദേശ് സ്വതന്ത്ര്യ സമരത്തിന്‍റെ തുടര്‍ച്ചയെന്നവണ്ണം 1971ല്‍ ഇന്ത്യ-പാക് യുദ്ധം ആരംഭിച്ചു. കിഴക്കന്‍ പാകിസ്ഥാനിലെ തിരിച്ചടിയ്ക്ക് പകരമായി രാജസ്ഥാന്‍ ഭാഗത്ത് പാകിസ്ഥാന്‍ ആക്രമണം ആരംഭിച്ചു. പിന്നീട് സംഭവിച്ചത് മിക്കവരും ബോര്‍ഡര്‍ സിനിമയില്‍ കണ്ട കാര്യങ്ങള്‍ക്ക് സമാനമാണ്. ജയ്സാല്‍മീറിനെ ലക്ഷ്യമാക്കി രാത്രിയില്‍ നീങ്ങിയ പാക് സേന ലോംഗേവാലയില്‍ ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടി. 59 ടാങ്കുകള്‍ ഉള്‍പ്പടെ ആയിരത്തിലേറെ സൈനികരുമായി എത്തിയ പാക് സേനയെ നേരിട്ടത് 120 ഇന്ത്യന്‍ സൈനികര്‍. പക്ഷേ എണ്ണത്തിലെ കുറവ് ഇന്ത്യന്‍ സൈന്യത്തിന്‍റെ തിരിച്ചടിയെ ബാധിച്ചില്ല. ഇതിന് സഹായകമായത് ഇന്ത്യന്‍ സൈന്യം തുരങ്കം നിര്‍മിച്ച് നിന്നിരുന്ന ഭാഗം പാക് സൈന്യത്തേക്കാളും ഏതാണ്ട് 100 അടി ഉയരത്തില്‍ സ്ഥിതി ചെയ്തിരുന്ന ഒരു പാറക്കെട്ടിലായിരുന്നു എന്നതാണ്.

ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ പാകിസ്ഥാന്‍റെ 12 ടാങ്കുകള്‍ തകര്‍ന്നു. നിരവധി സൈനികരും കൊല്ലപ്പെട്ടു. ഇന്ത്യയ്ക്കും 2 സൈനികരെ നഷ്ടമായി. അതേസമയം ഇന്ത്യന്‍ സൈന്യം മൈനുകൾ കുഴിച്ചിട്ടിട്ടുണ്ടാകും എന്ന ഭീതിയില്‍ രാത്രിയില്‍ മുന്നോട്ട് നീങ്ങാന്‍ പാക് സൈന്യം തയാറായില്ല. നേരം വെളുത്ത് കഴിഞ്ഞ് അവര്‍ മുന്നോട്ട് നീങ്ങിയാല്‍ പിന്നെ ഇന്ത്യന്‍ സൈന്യത്തിന് ആ ഭാഗത്ത് പിടിച്ചു നില്‍ക്കാനും കഴിയില്ല. വെളിച്ചം വീണ് മൈനുകളില്ലെന്ന് മനസ്സിലാക്കി പാക് സൈന്യം മുന്നോട്ട് പോകാന്‍ തുടങ്ങുന്നതിനിടെയാണ് അതു സംഭവിച്ചത്.

ഡെസേര്‍ട്ട് സ്ക്വാര്‍ഡന്‍റെ ഭാഗമായ മാരുത് പോര്‍ വിമാനങ്ങള്‍ പാക് സൈന്യത്തിന് മുകളിലേക്ക് പറന്നെത്തി. തുടര്‍ന്നുള്ള ആക്രമണത്തില്‍ പാക് സൈന്യത്തിന് നേരിട്ടത് സമ്പൂര്‍ണ്ണ നാശമായിരുന്നു. ചെറിയ മിസൈലുകളും ബോംബുകളും ഉപയോഗിച്ച് വ്യാപകമായി ഇവര്‍ അഴിച്ച് വിട്ട ആക്രമണത്തില്‍ പാക് ടാങ്കുകളും പൂര്‍ണമായി തകര്‍ന്നു. ടര്‍ക്ക് ഷൂട്ട് എന്നാണ് മാരുത് വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ഈ ആക്രമണത്തെ അന്നു നാവിക സേന വിശേഷിപ്പിച്ചത്. ടാങ്കിനെ മാത്രം ലക്ഷ്യം വയ്ക്കുന്ന ബോംബുകളോ മിസൈലുകളോ ഇല്ലാതെ മാരുത് വിമാനങ്ങള്‍ ഉപയോഗിച്ച് നടത്തി പൂര്‍ണ വിജയമായ ഈ ഓപ്പറേഷന് സമാനതകള്‍ ഇല്ലാത്തതെന്ന് പ്രതിരോധ വിദഗ്ദ്ധര്‍പോലും വിലയിരുത്തി.

തുടര്‍ന്ന് അങ്ങോട്ട് 13 ദിവസം നീണ്ട യുദ്ധത്തില്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തി സംരക്ഷിക്കുന്ന ആക്രമണങ്ങള്‍ക്ക് മാരുത് ചുക്കാന്‍ പിടിച്ചു. എയര്‍ ഫീല്‍ഡുള്‍ മുതല്‍ ആയുധ ശേഖരം വരെ മാരുത് ആക്രമണത്തില്‍ തകര്‍ന്ന് ഇല്ലാതായി. ഗൈഡഡ് മിസൈലുകളും മറ്റും ഇല്ലെങ്കിലും മറ്റ് വിമാനങ്ങളെ അപേക്ഷിച്ച് വലിയ തോതില്‍ സ്ഫോടക വസ്തുക്കള്‍ ചുമക്കാന്‍ കഴിയും എന്നതായിരുന്നു മാരുതിന്‍റെ പ്രത്യേകത. കൂടാതെ പാകിസ്ഥാന്‍റെ ഒരു അമേരിക്കന്‍ നിര്‍മിത എഫ്-86 വിമാനത്തെ മാരുത് ആകാശത്ത് വച്ച് വെടി വച്ചു വീഴ്ത്തി എന്നതും ശ്രദ്ധേയമാണ്, ഈ യുദ്ധത്തില്‍ ഇന്ത്യക്ക് നഷ്ടപ്പെട്ടത് നാല് വിമാനങ്ങളാണ്. ഇതില്‍ മൂന്നും ടേക്ക് ഓഫ് സമയത്ത് ഉണ്ടായ അപകടങ്ങള്‍ മൂലമാണ്. ഒന്നാകട്ടെ പാകിസ്ഥാന്‍റെ എഫ്-104 വിമാനത്തിന്‍റെ വെടിയേറ്റ് വീണതാണ്.

വീണ്ടും ശനിദശ

യുദ്ധം ജയിപ്പിച്ച് താരപദവിയിലേക്ക് ഉയര്‍ന്നെങ്കിലും മാരുതിന്‍റെ കഷ്ടകാലം അവസാനിച്ചില്ല. ഉയര്‍ന്ന നിര്‍മാണ ചിലവ് മൂലം രാജ്യത്ത് നിര്‍മിക്കുന്നതിനേക്കാള്‍ വിദേശത്ത് നിന്നു വിമാനം വാങ്ങുന്നതാണ് ലാഭകരമെന്ന് തിരിച്ചറിഞ്ഞു. കൂടുതല്‍ മാരുത് നിര്‍മിക്കേണ്ടെന്ന് തീരുമാനിച്ചു. വിദേശത്ത് നിന്ന് വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനവും പോര്‍ വിമാനങ്ങളുടെ സാങ്കേതിക വിദ്യയിലുണ്ടായ വ്യാപകമായ മാറ്റവും മാരുതിനെ ഗോഡൗണിലേക്ക് മാറ്റാന്‍ പ്രേരിപ്പിച്ചു. ഇന്നു ഇന്ത്യന്‍ വ്യോമസേനയുടെ പ്രദര്‍ശനങ്ങളിലും മ്യൂസിയത്തിലും മാത്രമാണ് മാരുതിന്‍റെ സാന്നിദ്ധ്യമുള്ളത്.

മാരുതിന്‍റെ അനുഭവത്തില്‍ നിന്ന് ഇന്ത്യയ്ക്ക് പഠിക്കാനേറെ ഉണ്ട്. വ്യക്തമായ ആസൂത്രണില്ലായ്മയിലും, പദ്ധതിയുടെ ദിശ നിര്‍ണയിക്കുന്നതിലുള്ള പരാജയവും, ഇന്ത്യന്‍ ബ്യൂറോക്രസിയുടെ പതിവ് കടും പിടുത്തങ്ങളും എല്ലാം മാരുതിന്‍റെ പരാജയത്തിനുള്ള കാരണങ്ങളാണ്. ഇതു അക്കാലത്തെ എച്ച്എഎല്‍ മേധാവി പോലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എങ്കിലും ഇപ്പോഴും പ്രതിരോധമേഖലയില്‍ സ്വയം പര്യാപ്തത നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ പുറകോട്ട് നയിക്കുന്നതും ഇതേ പ്രശ്നങ്ങളാണെന്ന് ശ്രദ്ധയോടെ നിരീക്ഷിച്ചാല്‍ മനസ്സിലാകും, വിമാന നിര്‍മാണത്തിനായി എച്ച്എഎല്ലിനെ പിന്‍തള്ളി വീണ്ടും വിദേശ ഇറക്കുമതിക്ക് തയാറെടുക്കുന്ന പുതിയ തീരുമാനം പോലും ഇതിന് ഉദാഹരണമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com