ADVERTISEMENT
grumman-b-2-Spiri-5
Grumman B-2 Spirit

സ്പിരിറ്റ് എന്ന വാക്കിന് ആത്മാവ് എന്നു കൂടി അർഥമുണ്ട്. ആത്മാവെന്നാല്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാകാത്തത്. പക്ഷേ അമേരിക്കയുടെ സ്പിരിറ്റ് ബോംബര്‍ വിമാനം നഗ്നനേത്രങ്ങള്‍ക്കു മാത്രമല്ല റഡാറുകള്‍ക്കു പോലും പിടി കൊടുക്കാത്തവയാണ്. ഈ വിമാനത്തെ തിരിച്ചറിയാന്‍ കഴിയുന്ന റഡാറുകള്‍ നിര്‍മിക്കാന്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അമേരിക്കയുടെ എതിരാളിരാജ്യങ്ങൾ ചെലവഴിച്ച പണത്തിനു കയ്യും കണക്കുമില്ല. എന്നിട്ടും ഇന്നും ശക്തിയേറിയ റഡാറുകള്‍ക്കു പോലും പിടികിട്ടാപ്പുള്ളിയായി വിലസുകയാണ് സ്പിരിറ്റ് എന്ന ഈ നോര്‍ത്തോപ് ഗ്രോപ്മാന്‍ ബി.ടു വിമാനം.

1997 ലാണ് അമേരിക്ക സ്പിരിറ്റിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കി വ്യോമസേനയുടെ ഭാഗമാക്കുന്നത്. പരമ്പരാഗത ബോംബുകള്‍ മുതല്‍ തെര്‍മോ ന്യൂക്ലിയര്‍ ബോംബുകള്‍ വരെ വഹിക്കാന്‍ കഴിയുന്ന ഈ വിമാനം ശത്രുരാജ്യങ്ങളുടെ ഒരു എയര്‍ ഡിഫന്‍സ് സിസ്റ്റത്തിനും പിടികൊടുക്കാത്ത വിധത്തില്‍ നിര്‍മിക്കപ്പെട്ടവയാണ്. ഇതിന്‍റെ നിര്‍മാണത്തിനു ശേഷം കാര്യമായ തുറന്ന യുദ്ധങ്ങള്‍ ഉണ്ടായിട്ടില്ല എങ്കിലും റഷ്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പ്രതിരോധ വകുപ്പുകളുടെ ഉറക്കം കെടുത്താന്‍ ഇവയ്ക്കു കഴിയുന്നുണ്ട്.

050413-F-1740G-001
Grumman B-2 Spirit

ഇറാഖിലും സിറിയയിലും ഉള്‍പ്പെടെ ഈ വിമാനങ്ങള്‍ പലപ്പോഴായി ഉപയോഗിച്ചിട്ടുണ്ട്. അവയുടെ വരവും പോക്കും സഖ്യരാജ്യങ്ങളുടെ പോലും റഡാറുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ ബോംബിട്ട ശേഷമേ അവർപോലും ഈ വിമാനത്തിന്‍റെ സാന്നിധ്യം മേഖലയിലുണ്ടായിരുന്നു എന്ന് തിരിച്ചറിഞ്ഞിരുന്നുള്ളൂ.

സ്പിരിറ്റിനെ പിടിക്കാന്‍ നടത്തിയ ശ്രമങ്ങള്‍

സ്പിരിറ്റിന്‍റെ സാന്നിധ്യമറിയാന്‍ ആകാവുന്ന ശ്രമങ്ങളെല്ലാം ഇതിനകം വിവിധ രാജ്യങ്ങള്‍ നടത്തിയിട്ടുണ്ട്. ലോ ഫ്രീക്വന്‍സി റഡാര്‍, അള്‍ട്രാവയലറ്റ് റഡാര്‍, ഇന്‍ഫ്രാറെഡ്, ബൈസ്റ്റാറ്റിക്, മള്‍ട്ടി സ്റ്റാറ്റിക് റഡാറുകള്‍ എന്നിവയെല്ലാം  ഇതിനകം പരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഇവയില്‍ ഇന്‍ഫ്രാറെഡ് റഡാറുകളും ലോ ഫ്രീക്വന്‍സി റഡാറുകളും നേരിയ തോതില്‍ വിജയം കണ്ടതൊഴിച്ചാല്‍ മറ്റെല്ലാം നിഷ്ഫലമായിരുന്നു. വിജയം കണ്ട റഡാറുകളുടെയും ശതമാനക്കണക്ക് പരിതാപകരമായിരുന്നു. നൂറു തവണ സ്പിരിറ്റ് കടന്നു പോയാല്‍ ഒരു തവണ കണ്ടെത്താനാകും എന്നതായിരുന്നു ഇവയുടെ വിജയശതമാനം.

സ്പിരിറ്റിന്‍റെ നിര്‍മാണം

grumman-b-2-Spiri-3
Grumman B-2 Spirit

റഡാറുകള്‍ക്ക്  മുന്നില്‍ ഏതാണ്ട് 100 ശതമാനവും അപ്രത്യക്ഷമായി സഞ്ചരിക്കാന്‍ സ്പിരിറ്റിനെ സഹായിക്കുന്നത് സ്റ്റെല്‍ത്ത് എന്ന് വിശേഷിപ്പിക്കുന്ന ഘടകമാണ്. റഡാറിനെ ഒഴിവാക്കി സഞ്ചരിക്കാന്‍ കഴിയുന്ന വിമാനങ്ങളും മിസൈലുകളും ഇന്നു പല രാജ്യങ്ങൾക്കുമുണ്ടെങ്കിലും വിജയശതമാനത്തിന്‍റെ കാര്യത്തില്‍ അവയെല്ലാം അമേരിക്കയുടെ സ്റ്റെല്‍ത്ത് വിമാനങ്ങളേക്കാള്‍ ഏറെ പിന്നിലാണ്. 1970 കളിലാണ് സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുള്ള, റഡാറുകളെ ഒഴിവാക്കാന്‍ കഴിയുന്ന മികച്ച വിമാനങ്ങൾ നിര്‍മിക്കാന്‍ അമേരിക്ക തീരുമാനിക്കുന്നത്. എന്നാല്‍ നിർമാണം പൂര്‍ത്തിയായി സ്പിരിറ്റ് പറക്കാന്‍ വീണ്ടും ഇരുപതിലേറെ വര്‍ഷം എടുത്തതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. 

റഷ്യയുമായുള്ള ശീതയുദ്ധം കൊടുമ്പിരി കൊണ്ടു നില്‍ക്കുമ്പോഴാണ് സ്റ്റെല്‍ത്ത് വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തീരുമാനത്തില്‍ അമേരിക്കന്‍ പ്രതിരോധ വിഭാഗം എത്തുന്നത്. മുന്‍പും റഡാറിനെ ഒഴിവാക്കി പറക്കാന്‍കഴിയുന്ന വിമാനങ്ങള്‍ അമേരിക്ക നിര്‍മിച്ചിരുന്നു എങ്കിലും അവ അത്ര വിജയമെന്ന് അവകാശപ്പെടാന്‍ കഴിയുന്നവ ആയിരുന്നില്ല. എന്നാല്‍ റഡാറിനെ മറികടക്കാന്‍ കഴിയുന്ന ഒരു സാങ്കേതിക വിദ്യയ്ക്ക് അമേരിക്കന്‍ പ്രതിരോധ ഗവേഷകര്‍ രൂപം നല്‍കി. സ്റ്റെല്‍ത്ത് എന്നു വിളിച്ച ഈ വിദ്യ റഡാര്‍ അയ്ക്കുന്ന സിഗ്നലുകളെ ആഗിരണം ചെയ്യാന്‍ വിമാനങ്ങളെ സഹായിക്കുന്നതാണ്. സിഗ്നലുകള്‍ ഒരു വസ്തുവില്‍ തട്ടി പ്രതിഫലിച്ച് തിരിച്ചു വരുമ്പോഴാണ് അതിനെ സംബന്ധിച്ച വിവരങ്ങള്‍ റഡാറിനു ലഭ്യമാകുന്നത്. എന്നാല്‍ ഈ സിഗ്നലുകള്‍ വിമാനം ആഗിരണം ചെയ്യുന്നതോടെ ഇവ പ്രതിഫലിക്കില്ല. ഇതു വഴി വിമാനത്തിന്‍റെ വരവ് റഡാറിനു തിരിച്ചറിയാനും കഴിയില്ല.

grumman-b-2-Spiri-2
Grumman B-2 Spirit

ഈ സാങ്കതിക വിദ്യ ഉപയോഗിച്ച് വിമാനം നിര്‍മിക്കാൻ അമേരിക്കയിലെ പ്രതിരോധ സാമഗ്രികള്‍ നിര്‍മിക്കുന്ന സ്വകാര്യ കമ്പനികളെ ക്ഷണിച്ചു. ഇവരില്‍നിന്ന് നോര്‍ത്തോപ് കമ്പനിയെയാണ് തിരഞ്ഞെടുത്തത്. 1976 ല്‍ നിര്‍മാണം ആരംഭിച്ചെങ്കിലും പ്രതിരോധ വകുപ്പിലെ ചെലവു ചുരുക്കലും മൂലം പൂര്‍ത്തീകരണം നീണ്ടുപോയി. സോവിയറ്റ് യൂണയന്‍ ദുര്‍ബലമായതോടെ കാര്യമായ എതിരാളികള്‍ ഇനിയില്ല എന്ന ബോധം വിമാന നിർമാണത്തിൽ അമേരിക്കയുടെ പ്രതിരോധവകുപ്പിന്റെ മെല്ലെപ്പോക്കിനു കാരണവുമായി. 132 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തീരുമാനം പിന്നീട് 27 ആയി ചുരുങ്ങി. 

ഏതായാലും പ്രതിസന്ധികള്‍ക്കൊടുവില്‍ 90 കളുടെ പകുതിയോടെ ബി-2 സ്പിരിറ്റ് വിമാനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി. 2 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന വിമാനങ്ങള്‍ വജ്രത്തിന്‍റെ ആകൃതിയിലാണ് നിര്‍മിച്ചത്. പരമ്പരാഗത വിമാനങ്ങളെ അപേക്ഷിച്ച് പരന്നു വീതിയേറിയ പുറം ഭാഗമാണ് ഇവയ്ക്കുണ്ടായിരുന്നത്. റഡാറുകള്‍ അയയ്ക്കുന്ന സിഗ്നലുകള്‍ പരമാവധി ഒഴിവാക്കി സഞ്ചരിക്കുക എന്നതായിരുന്നു ഈ രൂപത്തില്‍ വിമാനം നിര്‍മിക്കാനുള്ള കാരണം. പരീക്ഷണ പറക്കലില്‍ വിമാനം വന്‍ വിജയമായെന്ന് വ്യക്തമായി. അമേരിക്കന്‍ റഡാറുകളെപ്പോലും നിഷ്പ്രഭമാക്കിയായിരുന്നു സ്റ്റെല്‍ത്തിന്‍റെ പ്രകടനം.

സ്റ്റെല്‍ത്തിന്‍റെ ഭാവി

grumman-b-2-Spiri-1
Grumman B-2 Spirit

ഇത്രനാളും സ്പിരിറ്റായി ആരുടെയും കണ്ണില്‍ പെടാതെ വിലസിയെങ്കിലും സ്റ്റെല്‍ത്ത് വിമാനങ്ങളുടെ ഭാവി അത്ര സുരക്ഷിതമായിരിക്കില്ല എന്നാണ് പ്രതിരോധ വിദഗ്ധര്‍ കരുതുന്നത്. മുകളില്‍ സൂചിപ്പിച്ചതു പോലെ ലോ ഫ്രീക്വന്‍സി, ഇന്‍ഫ്രാ റെഡ് റഡാറുകളാണ് ചെറിയ തോതിലെങ്കിലും സ്റ്റെല്‍ത്ത് വിമാനങ്ങളെ ഇപ്പോള്‍ തിരിച്ചറിയുന്നത്. ഈ റഡാറുകളുടെ ശേഷിയും ഇവ അയ്ക്കുന്ന സിഗ്നലുകളുടെ കരുത്തും വർധിപ്പിക്കാൻ പല രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതിന് റഡാറുകളുടെ വലുപ്പം വര്‍ദ്ധിപ്പിക്കേണ്ടി വരും. ഈ വര്‍ദ്ധനവ് റഡാറുകളുടെ കണക്കു കൂട്ടാനുള്ള ശേഷിയെ ബാധിക്കുകയും വേഗം കുറയ്ക്കുകയും ചെയ്യും. അപ്പോള്‍ ഇതിനെ മറികടക്കാന്‍ കൂടുതല്‍ കാര്യക്ഷമതയുള്ള പ്രോസസറുകളും ഇതിനായി കൂടുതല്‍ ബജറ്റും വേണം. ഇതെല്ലാം സ്റ്റെല്‍ത്തിനെതിരായി നടക്കുന്ന ഗവേഷണങ്ങളെ പുറകോട്ടടിക്കാന്‍ പര്യാപ്തമാണ്.

പക്ഷേ സ്റ്റെല്‍ത്ത് എന്നും ഇങ്ങനെ പിടികിട്ടാപ്പുള്ളിയായി തുടരുമെന്ന് അമേരിക്കയും കരുതുന്നില്ല. സ്റ്റെല്‍ത്ത് വിമാനങ്ങളെ തിരിച്ചറിയാന്‍ ശേഷിയുള്ളതായി അമേരിക്ക കണക്കാക്കുന്നത് ഇന്‍ഫ്രാറെഡ് റഡാറുകള്‍ക്കാണ്. ശേഷി കൂടിയ ഇന്‍ഫ്രാ റെഡ് റഡാറുകള്‍ കാര്യക്ഷമമായി ഉപയോഗിച്ചാല്‍ സ്റ്റെല്‍ത്തുകളുടെ സാന്നിധ്യം തിരിച്ചറിയാനാകും എന്ന് അമേരിക്കയും സമ്മതിക്കുന്നു. അതുകൊണ്ടു തന്നെ സ്റ്റെല്‍ത്തിനെ വെല്ലുന്ന ഒരു വിമാനത്തിന്‍റെ രൂപകല്‍പനയിലാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പ്. കാരണം ഇന്നല്ലെങ്കില്‍ നാളെ സ്റ്റെല്‍ത്ത് ഏതെങ്കിലും രാജ്യത്തിന്‍റെ റഡാറിനു മുന്നില്‍ കീഴടങ്ങുമെന്ന ഉത്തമ ബോധ്യം അമേരിക്കയ്ക്കുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com