sections
MORE

പല തവണ വീണു, എന്നിട്ടും റ്റാന തോറ്റു കൊടുത്തില്ല !

HIGHLIGHTS
  • ഏകദേശം ഇരുപത്തയ്യായിരത്തിൽ അധികം ഫോളോവേഴ്സുണ്ട് റ്റാനയ്ക്ക് ഇൻസ്റ്റഗ്രാമിൽ
  • റ്റാനയും ഗൗതമും ബിപിനും ചേർന്ന സ്റ്റണ്ട് ടീമാണ് സ്ട്രീറ്റ് ലോഡ്സ്

Tana Bike Stunting Girl

SHARE

റ്റാന ലൂസിയ ജോജി: ഇപ്പോൾ കേരളത്തിലെ യൂത്തിന്, പ്രത്യേകിച്ച് പെൺകുട്ടികൾക്കു ആ പേര് ഒരു പ്രചോദനമാണ്. വനിതാസാന്നിധ്യം തീരെയില്ലാത്ത ബൈക്ക് സ്റ്റണ്ടിങ്ങിലെ പെൺപുലിയാണ് കോട്ടയം സ്വദേശിയായ ഈ എൻജിനീയറിങ് വിദ്യാർഥിനി. വാഹനമോടിക്കാൻ പഠിച്ചപ്പോൾ ആഗ്രഹിച്ചതു ബൈക്ക് ആയിരുന്നുവെങ്കിലും കിട്ടിയത് സ്കൂട്ടറായിരുന്നു. രാജഗിരി എൻജിനീയറിങ് കോളേജിലെ സുഹൃത്തുക്കൾ ബൈക്ക് ഓടിക്കാനുള്ള താൽപര്യത്തെ മനസ്സറിഞ്ഞു പ്രോത്സാഹിപ്പിച്ചപ്പോൾ, വളരെ എളുപ്പത്തിൽ  ബൈക്കുകൾ റ്റാനയ്ക്കു കീഴടങ്ങി. താല്പര്യം മനസിലാക്കിയ വീട്ടുകാർ ബജാജ് അവഞ്ചറിലൂടെ ആ ആഗ്രഹത്തിനു പച്ചക്കൊടി വീശി. സ്റ്റണ്ടിങ് അപ്പോഴും റ്റാനയുടെ മനസ്സിലുണ്ടായിരുന്നില്ല. പിന്നീടാണ് ബൈക്കിലെ സ്ഥിരം യാത്രകൾ  റേസിങ് എന്ന മോഹത്തിലേക്കെത്തിച്ചത്. ആ മോഹത്തിനു പിന്നാലെ ചുരുങ്ങിയ നാളുകൾ വാഹനമോടിച്ചപ്പോഴേ, ‘അവളുടെ വണ്ടിക്ക് ഒരു ടയർ തന്നെ അധികം’ എന്നു കണ്ടുനിൽക്കുന്നവരെ കൊണ്ട് പറയിപ്പിച്ചു ഈ മിടുമിടുക്കി. എട്ടുമാസം കൊണ്ട് ബൈക്ക് സ്റ്റണ്ടിങ്ങിലെ തന്റെ ഗുരുവിനെത്തന്നെ അതിശയിപ്പിച്ച റ്റാന എന്ന കരാട്ടെ ബ്ലാക്ക് ബെൽറ്റുകാരിയുടെ കൂടുതൽ വിശേഷങ്ങളിലേക്ക്....

tana

ബൈക്കുകളെ സ്നേഹിക്കുന്ന പെൺകുട്ടി

മറ്റു പെൺകുട്ടികളിൽനിന്നു വ്യത്യസ്തമായി വാഹനങ്ങളോടാണ് റ്റാനയ്ക്കു പ്രിയം. ആക്ടീവയിലാണ് വാഹനമോടിക്കാൻ പഠിച്ചതെങ്കിലും ബൈക്കുകളോടായിരുന്നു എന്നും ക്രേസ്. റേസിങ് പഠിക്കണം എന്ന ആഗ്രഹം വീട്ടിൽ പറഞ്ഞപ്പോഴേ ‘നോ’യാണ് മറുപടിയായി ലഭിച്ചത്. പിന്നീടൊരിക്കൽ കോളജിലെ കൂട്ടുകാരുമായി ആഗ്രഹം പങ്കുവെച്ചപ്പോൾ അവർ ബൈക്ക് ഓടിക്കാൻ പഠിപ്പിക്കുകയായിരുന്നു. രാജഗിരിയിലെ പയ്യൻസ് ഗാങ് നൽകിയ കോൺഫിഡൻസിൽ ബൈക്ക് റൈഡിന്റെ ആദ്യപാഠങ്ങൾ അഭ്യസിച്ചു. ബൈക്കോടിക്കുന്ന വിഡിയോ അച്ഛനെ കാണിച്ചപ്പോൾ പിറ്റേദിവസം തന്നെ പിതാവ് ജോജി കൂട്ടുകാരന്റെ ബൈക്കിൽ  മകൾക്കു കൂടുതൽ പരിശീലനം നൽകി. അധികം താമസിയാതെ ഒരു  ആഴ്ചാവസാനത്തെ അവധിക്കു വീട്ടിലെത്തിയപ്പോൾ ബജാജ് അവഞ്ചറിന്റെ താക്കോലെടുത്തു നൽകി അച്ഛനും അമ്മയും റ്റാനയെ ഞെട്ടിച്ചു.

tana-1
Tana Luciya Joji

ഗൗതം എന്ന ഡീമൺ

ഇൻസ്റ്റഗ്രാമിൽ നിന്നാണ് ഗൗതം എന്ന ബൈക്ക് സ്റ്റണ്ടറെ പരിചയപ്പെടുന്നത്. ആഗ്രഹം പറഞ്ഞപ്പോൾ ഗൗതം ഓക്കേ പറഞ്ഞു. എന്നാൽ വീട്ടിൽ പറഞ്ഞപ്പോൾ പിന്തിരിപ്പിക്കാനായിരുന്നു ശ്രമം. പിന്നീട് രണ്ടുമാസത്തെ സെമസ്റ്റർ ബ്രേക്കിന് പഠിക്കാൻ അനുവാദം കിട്ടി. ആ രണ്ടു മാസ പരിശീലനം നൽകിയ ധൈര്യത്തിലാണ് ഇപ്പോഴും മുന്നോട്ടു പോകുന്നത്. 

tana-2

ബജാജ് അവഞ്ചറും യമഹ ആർ15ഉം

ഉയരക്കുറവുള്ളതു കൊണ്ട് അവഞ്ചർ തിരഞ്ഞെടുത്തു തന്നത് അച്ഛനാണ്. എന്നാൽ അവഞ്ചർ സ്റ്റണ്ടിന് പറ്റില്ല എന്ന ഗൗതമിന്റെ ഉപദേശമാണ് ആർ 15 വി2 ൽ എത്തിച്ചത്. ചെറിയ മാറ്റങ്ങൾ വരുത്തിയപ്പോൾ ബൈക്ക് ഓക്കെ. ഉയരത്തിന്റെ പ്രശ്നമുള്ളതുകൊണ്ടു തന്നെയാണ് ആർ15 ലേക്കു പോയത്. ക്രൂസ് ബൈക്കായ അവഞ്ചറിൽനിന്ന് സ്പോർട്സ് ബൈക്കായ ആർ15 വി 2ലേക്കു മാറിയപ്പോൾ ധാരാളം പ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും പരിശീലനത്തിലൂടെ അതെല്ലാം പരിഹരിച്ചു.

പഠനം, സ്റ്റണ്ട്

കാക്കനാട് രാജഗിരിയിൽ എൻജിനീയറിങ് പഠിക്കുകയാണ് ഇപ്പോൾ. പഠനത്തിന്റെ ഇടയ്ക്കുള്ള സ്റ്റണ്ടിങ്, മാതാപിതാക്കളായ ഡോ.ജോജിയും ഡോ ദീപ ജോജിയും ആദ്യം എതിർത്തിരുന്നു. ഭാവിയെപ്പറ്റി ആലോചിക്കാതെ ബൈക്കിനു പുറകേ നടക്കുകയാണ് എന്നതായിരുന്നു പരാതി. എന്നാൽ  ക്യാംപസ് ഇന്റർവ്യൂവിലൂടെ ജോലി കിട്ടിയതിനു ശേഷം ആ പരാതി മാറി. ഇപ്പോൾ എല്ലാ വീക്ക് എൻഡിലും ഫുൾ ഓൺ സ്റ്റണ്ടിങ്ങാണ്. 

ഗുരുവിനെ വെല്ലുന്ന ശിഷ്യ

പ്രഫഷനൽ ബൈക്ക് സ്റ്റണ്ടറായിരുന്നെങ്കിലും ഒരപകടത്തിനു ശേഷം ബൈക്ക് അഭ്യാസം നിർത്തിവെച്ചിരിക്കുകയായിരുന്നു ഗൗതം. ധാരാളം ആളുകളെ സ്റ്റണ്ടിങ്ങിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചിട്ടുണ്ടെങ്കിലും ഒരു പെൺകുട്ടിയെ ആദ്യമായിട്ടാണു പഠിപ്പിക്കുന്നതെന്നു ഗൗതം പറയുന്നു. ആദ്യം റ്റാനയെ ഇതിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആ കുട്ടിയുടെ ബൈക്ക് സ്റ്റണ്ടിങ്ങിനോടുള്ള പാഷൻ കണ്ട് മുന്നോട്ടുപോകുകയായിരുന്നു. ‘വളരെ പെട്ടെന്നാണ് റ്റാന ഒരോ ട്രിക്കും പഠിക്കുന്നത്, അധികം വൈകാതെ തന്നെ ഞങ്ങളെയെല്ലാം വെല്ലുന്ന തരത്തിലുള്ള അഭ്യാസങ്ങൾ റ്റാനയിൽ നിന്നും പ്രതീക്ഷിക്കാം’- ഗുരുവിനും ശിഷ്യയെ കുറിച്ച് പറയുമ്പോൾ ആവേശമധികം.

tana-3

കുടുംബത്തിനാണ് മുഴുവൻ ക്രെഡിറ്റ് 

‘ഒരു പെൺകുട്ടി ഇത്തരം അപകടം പിടിച്ച  (മറ്റുള്ളവരുടെ കണ്ണിൽ) പരിപാടിക്കു പോകുമ്പോൾ എല്ലാവരും പിന്തിരിപ്പിക്കും. എന്നാൽ എന്റെ കാര്യം നേരെ മറിച്ചായിരുന്നു. വീട്ടുകാരുടെ പിന്തുണകൊണ്ടു മാത്രമാണ് ഇത്രയെങ്കിലും പഠിക്കാൻ പറ്റിയത്. അച്ഛനും അമ്മയും തരുന്ന പിന്തുണ വലുതാണ്. എന്റെ സന്തോഷമാണ് അവർക്കെല്ലാം.’

ഇൻസ്റ്റഗ്രാമിലെ താരം

ഇൻസ്റ്റഗ്രാമിലെ താരമാണ് റ്റാന. ഏകദേശം ഇരുപത്തയ്യായിരത്തിൽ അധികം ഫോളോവേഴ്സുണ്ട് റ്റാനയ്ക്ക് ഇൻസ്റ്റഗ്രാമിൽ. tanz.0_0 പോസ്റ്റ് ചെയ്യുന്ന സ്റ്റണ്ടിങ് പടങ്ങൾക്കും വിഡിയോകൾക്കും ആയിരങ്ങളാണു ലൈക്ക് ചെയ്യുന്നത്. അവരുടെ പിന്തുണയും പ്രോത്സാഹനവും തനിക്കെപ്പോഴും പ്രചോദനമാണെന്ന് റ്റാന ചിരിയോടെ പറയുന്നു.

tana-4

സ്ട്രീറ്റ് ലോഡ്സ്

റ്റാനയും ഗൗതമും ബിപിനും ചേർന്ന സ്റ്റണ്ട് ടീമാണ് സ്ട്രീറ്റ് ലോഡ്സ്. പ്രഫഷനൽ സ്റ്റണ്ട് റേസർ ആകണമെന്ന ആഗ്രഹത്തോടെ സ്ഥാപിച്ച ഈ ടീമിലെ അവിഭാജ്യ ഘടകമാണ് റ്റാന. 

വീഴും, പക്ഷേ പിന്മാറരുത്

വീഴ്ച ഇതിൽ സർവസാധാരണമാണ്. റൈഡിങ് ഗിയറുകളെല്ലാം ഉപയോഗിച്ചാണ് സ്റ്റണ്ട് ചെയ്യുന്നത് എന്നതുകൊണ്ടുതന്നെ വീഴ്ചയിൽ കാര്യമായി ഒന്നു പറ്റില്ല. പുതിയതായി സ്റ്റണ്ടിങ്ങിലേക്കു വരുന്ന പെൺകുട്ടികളോടും റ്റാനയ്ക്ക് പറയാനുള്ളത് ഇതു തന്നെ- വീഴും, പക്ഷേ പിന്മാറരുത്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA