ADVERTISEMENT

ഗീതയ്ക്കു ബൈക്കിൽ കയറാൻ പേടിയായിരുന്നു, കഴിഞ്ഞ വർഷം ഫെബ്രുവരി 14 വരെ. കുട്ടിക്കാലത്ത് അച്ഛന്റെ ബൈക്കിന്റെ പിന്നിലിരുന്നു യാത്ര ചെയ്യുമ്പോൾ സാരിത്തുമ്പ് ചക്രത്തിൽ കുടുങ്ങി അമ്മ അപകടത്തിൽപെട്ട കാഴ്ചയാണ് അരനൂറ്റാണ്ടോളം പഴക്കമുള്ള പേടിക്കു കാരണം. പിന്നീടൊരിക്കലും ബൈക്കിൽ കയറാൻ ധൈര്യമില്ലാതിരുന്ന ഗീത അറുപതാം വയസ്സിൽ ആ പേടിയൊന്നു മാറ്റിപ്പിടിച്ചു. മകൻ ഓടിച്ച 500 സിസി ബുള്ളറ്റിന്റെ പിൻസീറ്റിലിരുന്നൊരു കൂൾ ട്രിപ്പ്, മണാലി – ലേ ഹിമാലയ പാതയിലൂടെ!

റഫ്രിജറേറ്ററിനുള്ളിലെ ഐസ് മാത്രം കണ്ടിട്ടുള്ള കണ്ണുകൾ ആദ്യമായി റോത്തങ് പാസിലെ മഞ്ഞുവീഴ്ച കണ്ടു, മഞ്ഞിൽ കിടന്നുരുണ്ടു കൊതി തീർത്തു. പ്രണയദിനത്തിൽ അമ്മയെയും കൂട്ടി ഹിമാലയയാത്ര പോയ മകനെന്ന നിലയിൽ ശരത് കൃഷ്ണനെ സമൂഹമാധ്യമങ്ങൾ ആഘോഷിച്ചു. പക്ഷേ, ജീവിതസായാഹ്നത്തിൽ മകന്റെ കൈപിടിച്ച് എല്ലോറ ഗുഹ മുതൽ എവറസ്റ്റ് കൊട‍ുമുടി വരെ ചുറ്റിയ അമ്മയല്ലേ യഥാർഥത്തിൽ മരണമാസ്!

വാരാണസി ടു മണാലി

bullet-ride-1

കൈലാസ യാത്രാവിവരണ പുസ്തകങ്ങളിലൂടെ പ്രശസ്തനായ തൃശൂർ വടക്കേച്ചിറ ശ്രീരാഗത്തിൽ എം.കെ. രാമചന്ദ്രന്റെ ഭാര്യയാണ് ഗീത. കുട്ടിക്കാലത്ത് അച്ഛനൊപ്പം മോറിസ് കാറിൽ ഗുരുവായൂരിലും കൊച്ചിയിലും കോയമ്പത്തൂരിലുമൊക്കെ കറങ്ങിശീലിച്ച ഗീതയ്ക്കു യാത്രകളോടു ഭ്രമമല്ല, ഭ്രാന്ത് തന്നെയായിരുന്നു. മകൻ ശരത് ഇന്ത്യ മുഴുവൻ കറങ്ങുമ്പോഴെല്ലാം അമ്മയെ കൂടെ വിളിക്കും. വീട്ടിലെ ഉത്തരവാദിത്തങ്ങൾ വിട്ടുമാറിനിൽക്കാൻ കഴിയാതെ അമ്മ ‘നോ’ പറയും. ശരത് വല്ലാതെ നിർബന്ധിച്ച് ഒന്നുരണ്ടു പ്രാവശ്യം അജന്ത – എല്ലോറയിലേക്കും ഡൽഹിയിലേക്കും അമൃത്‌സറിലേക്കും യാത്രപോയി. അപ്പോഴും അഡ്വഞ്ചർ ട്രിപ്പുകൾ അകന്നുനിന്നു. കഴിഞ്ഞ വർഷത്തെ പ്രണയദിനത്തിൽ ഈ പതിവൊന്നു മാറ്റാൻ അമ്മയും മകനും തീരുമാനിച്ചു.

വാരാണസിയിലേക്കൊരു മൂന്നു ദിവസത്തെ യാത്ര ഒറ്റദിവസംകൊണ്ടു പ്ലാൻ ചെയ്തു. സാരി മാത്രമേ ധരിക്കൂ എന്ന വാശിയിൽ അമ്മ ഉറച്ചുനിന്നതിനാൽ ആ ശീലം മാറ്റാനൊന്നും മകൻ ശ്രമിച്ചില്ല. കൊച്ചിയിൽനിന്നു വാരാണസിയിലേക്കു വിമാനമാർഗമെത്തിയത് കഴിഞ്ഞ ഫെബ്രുവരി 14ന് രാത്രിയിൽ. രാവിലെ എഴുന്നേറ്റു ഗംഗാതീരത്തെ മംഗളാരതി കണ്ടു തൊഴുതു. ഗലികളിൽ ചുറ്റിക്കറങ്ങി. വൈകിട്ടു ഗംഗാരതി കണ്ടു. രണ്ടു ദിവസം തങ്ങിയശേഷം മടങ്ങാൻ തീരുമാനിച്ചു. വാരാണസിയിൽനിന്നു ഡൽഹിയിലേക്കു കൽക്ക എക്സ്പ്രസ് ട്രെയിനിലെത്തി അവിടെനിന്നു വിമാനമാർഗം മടങ്ങാനായിരുന്നു പദ്ധതി. കൽക്ക എക്സ്പ്രസിൽ കണ്ടുമുട്ടിയ ടിടിആർ ആവട്ടെ മലയാളിയും! ഇതേ ട്രെയിൻ ഡൽഹിയിൽനിന്നു ഷിംലയ്ക്കാണെന്നു ടിടിആർ പറഞ്ഞപ്പോൾ അമ്മയും മകനും പരസ്പരം നോക്കി കണ്ണിറുക്കി. ഇതോടെ യാത്രാലക്ഷ്യം മണാലിയായി. അവിടെയെത്തി കാറിൽ റോത്തങ് പാസിലേക്കു പോകാനായിരുന്നു പദ്ധതി. പക്ഷേ, അമ്മയെ പറഞ്ഞു സമ്മത‍ിപ്പിച്ച് യാത്ര ബുള്ളറ്റിലാക്കി. ഓഫ് സീസൺ ആയതിനാൽ കൊടുംതണുപ്പിലായിരുന്നു യാത്ര. അപ്പോഴും വേഷം സാരിയാണ്, മഞ്ഞിനെ ചെറുക്കാനുള്ള വസ്ത്രങ്ങളോടെ തന്നെ. 14,500 അടി ഉയരത്തിലെത്തിയപ്പോഴേക്കും പ്രായം 60ൽ നിന്ന് 18ലേക്ക് എത്തിയെന്നു ഗീത.

എവറസ്റ്റ്, കൈലാസം

വർഷങ്ങളായി നടുവേദനയുടെ ഉപദ്രവമുണ്ടെങ്കിലും അതു വകവയ്ക്കാതെയാണ് ഗീത ശരത്തിനൊപ്പം മണാലിക്കു പോയത്. തിരികെ എത്തിയപ്പോൾ വേദന വീണ്ടും കലശലായി. ചികിത്സ ഒരുവശത്തു നടക്കുമ്പോൾ മറുവശത്ത് അമ്മയും മകനും അടുത്ത പ്ലാനിട്ടു. ഇനി കൈലാസം. ജൂൺ ഒന്നിനു തീയതി നിശ്ചയിച്ചു. രണ്ടുമാസത്തോളം രാവിലെ 10 കിലോമീറ്റർ വീതം നടന്നു ശരീരം യാത്രയ്ക്കു സജ്ജമാക്കി. കൊച്ചിയിൽനിന്നു ഡൽഹിയിലേക്കും അവിടെനിന്നു കാഠ്മണ്ഡുവിലേക്കും വിമാനമാർഗമെത്തി. വീസ ശരിയാകാൻ ഒരു ദിവസം കാത്തു നിൽക്കേണ്ടി വന്നു. അത്രയും സമയം എന്തു ചെയ്യുമെന്ന ചിന്ത മറ്റൊരു സാധ്യത തുറന്നുവച്ചു, എവറസ്റ്റ് പർവതം കാണുക! ഒരു ടൂർപാക്കേജ് സ്ഥാപനം വഴി എവറസ്റ്റ് വിമാനയാത്രയ്ക്കു ടിക്കറ്റെടുത്തു. എവറസ്റ്റിന്റെ തൊട്ടു മുകളിലൂടെ വിമാനം മൂളിപ്പറന്നു. അതിശയകരമായ കാഴ്ചയിൽ ഗീതയുടെ കണ്ണും മനസ്സും നിറഞ്ഞു. പിറ്റേന്നു ര‍ാവിലെ 550 കിലോമീറ്റർ അകലെ കൈലാസത്തിലേക്കു യാത്ര തുടങ്ങി. 4600 അടി ഉയരത്തിൽനിന്നു 20,000 അടിയോളം ഉയരത്തിലേക്കാണ് യാത്ര. ഹെലിക്കോപ്റ്ററിൽ നേപ്പാൾഗുഞ്ചിലേക്ക് ആദ്യം. പിന്നീടു ഹിൽസയിലേക്ക്. തക്‌ലകോട്ടിൽ നിന്നു ബസിൽ യാത്ര തുടർന്നു. മാനസസരോവർ എത്തുമ്പോഴേക്കും അത്യപൂർവ കാഴ്ചകൾ ഹൃദയം നിറച്ചിരുന്നു. 52 കിലോമീറ്റർ നീളമുള്ള കൈലാസ പരിക്രമത്തിന് ഗീതയും ശരത്തും ഇറങ്ങിയെങ്കിലും ആദ്യ ഘട്ടമായ 17 കിലോമീറ്ററില്‍ ദൗത്യം അവസാനിപ്പിച്ചു. മൂക്കിൽനിന്നു രക്തമൊഴുകിയും ഓക്സിജൻ ലഭിക്കാതെയും ഗീത വലഞ്ഞു. മനസ്സു നിറഞ്ഞുതന്നെയായിരുന്നു മടക്കം. മണാലിയ‍ും കൈലാസവും നൽകിയ ഊർജത്തിൽനിന്ന് അമ്മയും മകനും പിന്നീടും യാത്ര തുടർന്നു. ഹരിദ്വാർ, ഋഷികേശ്, ബദ്രിനാഥ്, റാൻ ഓഫ് കച്ച്, ഉദയ്പുർ, ജയ്പുർ, അജ്മീർ, അമൃത്‌സർ എന്നിങ്ങനെ യാത്രകൾ നീണ്ടു. പുതുവൽസരം ഇരുവരും ആഘോഷിച്ചത് ജയ്പുരില്‍. ചൗക്കിദാനി മേളയിൽ രാജസ്ഥാൻ സ്റ്റൈലിൽ ഒരു ന്യൂ ഇയർ സെലിബ്രേഷൻ.

വേറിട്ടൊരു യാത്ര, വേരുതേടി

ഒരുവർഷം മുൻപ് അമ്മയെയും കൂട്ടി മകൻ മറ്റൊരു യാത്രപോയി, ദുബായിലേക്ക്. ബുർജ് ഖലീഫയിൽ താമസിച്ചും ഡസേർട്ട് സഫാരി ആസ്വദിച്ചും ഫെരാരി വേൾഡിലെ റോളർ കോസ്റ്റർ റൈഡിൽ കയറി ആഘോഷിച്ചും ദുബായ് ജീവിതം പൊളിച്ചു. ഇൻസ്റ്റഗ്രാമിൽ യാത്രാവിവരങ്ങൾ പോസ്റ്റ് ചെയ്തപ്പോൾ ഒരപ്രതീക്ഷിത സന്ദേശം ഇവരെ തേടിയെത്തി. 38 വർഷം മുൻപു വിവാഹജീവിതത്തിന്റെ തുടക്കകാലത്ത് ഗീതയും ഭർത്താവ് രാമചന്ദ്രനും ദുബായിൽ ഒന്നിച്ചു ജീവിച്ച ഫ്ലാറ്റിലെ അയൽവാസിയുടെ മകളാണ് ഇവരെ തിരിച്ചറിഞ്ഞു സന്ദേശമയച്ചത്. 38 വർഷം മുൻപു ജീവിച്ച ഫ്ലാറ്റ് ഒന്നുകൂടി കാണണമെന്നു ഗീതയ്ക്ക് ആഗ്രഹം. മകൻ അമ്മയെയും കൂട്ടി ഒരുവിധം സ്ഥലം കണ്ടുപിടിച്ചു. ഫ്ലാറ്റിനു മുന്നിലെത്തി ഒരു ഫോട്ടോ എടുത്തു മടങ്ങാനായിരുന്നു പദ്ധതി. എന്നാൽ, വെറുതേയൊന്നു കോളിങ് ബെൽ അടിച്ചു നോക്കിയാലോ എന്നായി ശരത്. ബെല്ലടിച്ചപ്പോൾ ഇറങ്ങിവന്നതോ കാസർകോട്ടുനിന്നുള്ള ഒരു മലയാളി കുടുംബം! ആ പകൽ മുഴുവൻ ഫ്ലാറ്റിൽ ചെലവഴിച്ചാണ് അവർ മടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com