ADVERTISEMENT

ടൂ വീലർ, ത്രീ വീലർ, ഫോർ വീലർ, ഹെവി ഗുഡ്സ്, ഹെവി പാസഞ്ചർ, ട്രാക്ടർ, ട്രെയിലർ, ജെസിബി, റോഡ് റോളർ, ക്രെയിൻ, ഫോർക് ലിഫ്റ്റ്... എന്നിവയാണ് ഷിനിയുടെ 11 ലൈസൻ‌സുകൾ

വീടു വിട്ടു പുറത്തിറങ്ങിയാൽ കുഞ്ഞുനാൾ മുതൽ ഷിനിയുടെ നോട്ടം വാഹനങ്ങളിലേക്കായിരുന്നു. ബസിൽ കയറിയാൽ മുൻപിൽ തന്നെ ഇരിക്കണം, എന്നാലല്ലെ ഡ്രൈവർ വണ്ടിയോടിക്കുന്നതു കാണാൻ പറ്റൂ. വീട്ടിലെത്തിയാലും ചിന്ത വാഹനങ്ങളെക്കുറിച്ചു തന്നെ. അങ്ങനെ വണ്ടികളെയും ഡ്രൈവിങ്ങിനെയും സ്നേഹിച്ചാണ് എറണാകുളം പറവൂർ തത്തപ്പിള്ളി വലിയപറമ്പിൽ സദാശിവന്റെയും ബേബിയുടെയും ഇളയ മകൾ ഷിനി വളർന്നത്. ചെറുപ്പത്തിലെ കുഞ്ഞുങ്ങൾക്കുണ്ടാകുന്ന ആകർഷണം എന്നു ചിന്തിച്ച മാതാപിതാക്കൾക്കു തെറ്റി, മുതിർന്നപ്പോഴും ഷിനിക്ക് വാഹനങ്ങളോടുള്ള ഭ്രമം അടങ്ങിയില്ല. ആദ്യം ഇരുചക്ര വാഹന ലൈസൻസിൽ തുടങ്ങിയതാണ്, ഇപ്പോൾ ഷിനിയുടെ പേരിൽ 11 ലൈസൻസുകൾ ആണുള്ളത്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു വനിത 11 ലൈസൻസ് സ്വന്തമാക്കിയത്. വാഹന ജീവിതത്തെക്കുറിച്ചു പറഞ്ഞു തുടങ്ങിയാൽ ഷിനിക്കു നിർത്താനാകില്ല.

‘ഞങ്ങൾ മൂന്നു പെൺ‌മക്കളായിരുന്നു, അച്ഛൻ എപ്പോഴും പറയും പെണ്ണാണെന്നു പറഞ്ഞ് എവിടെയും മാറിനിൽക്കരുത്, നമുക്കു നല്ലതെന്നു തോന്നുന്ന കാര്യങ്ങൾ ചെയ്യണം.’ ഉപദേശം ശിരസാവഹിച്ച ഷിനി 14 വയസ്സുള്ളപ്പോൾ അച്ഛന്റെ യെസ്ഡി ജാവ ബൈക്കെടുത്ത് ഓടിച്ചു. അച്ഛൻ വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. അച്ഛന്റെ പിന്നിൽ ഇരുന്ന് ബൈക്കിൽ പോകുമ്പോഴൊക്കെ എങ്ങനെയാണ് ഓടിക്കുന്നതെന്നായിരുന്നു നോട്ടം. ബൈക്ക് ഓടിക്കാനുള്ള ആഗ്രഹം കൂടിക്കൂടി വന്നതിനാലാണ് അന്ന് അങ്ങനൊരു കടുംകൈ ചെയ്തത്. ആദ്യ ഓടിക്കലിൽ തന്നെ ബൈക്ക് ഓട്ടം പാട്ടിലായി. 18 വയസ്സു തികഞ്ഞപ്പോൾ ലൈസൻസുമെടുത്തു. ആദ്യം ഓടിച്ച വാഹനം അച്ഛൻ വാങ്ങിത്തന്ന സൈക്കിളാണ്. അച്ഛൻ തന്നെയാണ് ആദ്യ ഗുരുവും. ബൈക്ക് ഓടിക്കാൻ ലൈസൻസ് എടുത്തതിനുേശഷം ട്രാക്ടർ ഓടിക്കാനാണ് ലൈസൻസ് എടുത്തത്. അതും കഴിഞ്ഞാണ് ഫോർ വീലറിന്റെയും ത്രീ വീലറിന്റെയും ലൈസൻസ് എടുത്തത്.

shini-1

നോർത്ത് പറവൂർ കരിമാളൂർ തട്ടാംപടിയിൽ താന്തോന്നിക്കൽ വീട്ടിൽ ടി.എം വിനോദിന്റെ ഭാര്യയാണ് ഷിനി. ഏഴിലും രണ്ടിലും പഠിക്കുന്ന അമൽ, വിമൽ എന്നിവരാണു മക്കൾ. കല്യാണത്തിനു മുൻപ് എനിക്ക് ടൂ വീലറിന്റെ ലൈസൻസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം വിവാഹ ശേഷം എടുത്തതാണ്. ഭർത്താവിന്റെ പൂർണ പിന്തുണയുണ്ട് ഇക്കാര്യത്തിൽ. ഒരാൾക്ക് മാക്സിമം 12 ലൈസൻസാണ് എടുക്കാവുന്നത്. ട്രില്ലർ വിത് ട്രെയിലർ ഓടിക്കാൻ ലൈസൻസ് എടുക്കണം എന്നതാണ് ഇനിയുള്ള ആഗ്രഹം. പക്ഷേ റജിസ്റ്റർ ചെയ്ത വണ്ടി കിട്ടാനില്ല. സ്വന്തമായി വാങ്ങി പഠിക്കുകയും സാധ്യമല്ല. ഏതു വണ്ടി ഓടിക്കാനാണ് ഏറ്റവും കൂടുതൽ ഇഷ്ടമെന്നു ചോദിച്ചാൽ ഉത്തരം റഡി, എല്ലാ വണ്ടിയും ഇഷ്ടമാണ്, എന്നാലും ബുള്ളറ്റ് ഓടിക്കാൻ ഇത്തിരി ഇഷ്ടം  കുടുതലുണ്ട്.

ചില ഓർമകൾ പാലക്കാട്, മലമ്പുഴ സർക്കാർ ഐടിഐയിൽ ട്രാക്ടർ മെക്കാനിക് പഠിക്കുന്ന കാലം.  വാഹനങ്ങൾ വാടകയ്ക്കു നൽകുന്ന സ്ഥലത്തെത്തി ഉടമയോട് ഒരു ദിവസത്തേക്ക് റോഡ് റോളർ വാടകയ്ക്കു വേണമെന്നു പറഞ്ഞു.  എവിടെയാണ് വർക്കെന്ന് ഉടമയുടെ മറുചോദ്യം. അൽപം പരുങ്ങലോടെ ഷിനി പറഞ്ഞു, വർക്കിനല്ല, ഓടിക്കാനാ. സംശയത്തോടെ അയാൾ ഷിനിയെ നോക്കി. ഈ പെണ്ണിന്റെ തലയ്ക്കെന്തെങ്കിലും പ്രശ്നമുണ്ടോ എന്നതായിരുന്നു നോട്ടത്തിന്റെ അർഥം എന്നു പറയുമ്പോൾ ഷിനിയുടെ മുഖത്ത് ഇപ്പോഴും ചിരിവരും. റോഡ് റോളർ ഓടിക്കാനറിയാം, ഏഴു ലൈസൻസുണ്ട് എന്നൊക്കെ പറഞ്ഞിട്ടും അയാൾ സമ്മതിച്ചില്ല. ഒടുക്കം ലൈസൻസുകൾ അദ്ദേഹത്തിന്റെ മുന്നിൽ ഹാജരാക്കേണ്ടി വന്നു. നേരത്തേ ഓടിച്ചു പരിചയമുണ്ടായിരുന്നു. ഒരു ദിവസത്തെ പരിശീലനത്തിനുശേഷം  ടെസ്റ്റിനായി മലമ്പുഴയിലെ സ്‌കൂൾ ഗ്രൗണ്ടിലെത്തി. വാഹനം ഓടിക്കാൻ തയാറെടുക്കും മുൻപ് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരും മുഖത്തോടു മുഖം നോക്കുന്നു. അവരുടെ അറിവിൽ അന്നുവരെ ഒരു സ്ത്രീയും റോഡ് റോളർ ലൈസൻസ് എടുക്കാൻ ശ്രമിച്ചിട്ടില്ല. ഷിനിയെ അവർ സംശയത്തോടെ നോക്കി. അവരെ നോക്കി പുഞ്ചിരിച്ചിട്ട് തികഞ്ഞ ആത്മവിശ്വാസത്തോടെ ഓടിച്ചു കാണിച്ചു. അങ്ങനെ റോഡ് 

റോളറിൽ ലൈസൻസ് നേടുന്ന സംസ്ഥാനത്തെ ആദ്യ വനിതയെന്ന ബഹുമതി സ്വന്തമായി. ജെസിബിയുടെയും ട്രാക്ടറിന്റെയും ട്രെയിലറിന്റെയും ലൈസൻസ് എടുക്കാൻ ചെന്നപ്പോഴും ഇത്തരം അനുഭവങ്ങൾ ധാരാളം. ലൈസൻസ് എടുക്കുന്നതിനു രണ്ടു വർഷം മുൻപാണ് റോഡ് റോളർ ഓടിക്കാൻ പഠിച്ചത്. അതും ഒരു സംഭവമാണ്.

ആരാണു ഗുരു..?എറണാകുളം കാക്കനാട് കൃഷിവകുപ്പിനു കീഴിലുള്ള കർമസേനയിലും അഗ്രോ സർവീസ് സെന്ററിലും ഡ്രൈവിങ് പരിശീലകയായി ഒരു വർഷം ജോലി ചെയ്തിരുന്നു. അവിടെ ഷിനിയുടെ അടുത്തു ഡ്രൈവിങ് പഠിക്കാനെത്തിയ ബേബിച്ചേട്ടൻ റോഡ് റോളർ ഓടിക്കുമെന്നറിഞ്ഞു. തന്നെ റോഡ് റോളർ ഓടിക്കാൻ പഠിപ്പിക്കാമോ എന്നു ശിഷ്യനോടു ചോദിച്ചു, പഠിപ്പിക്കാമെന്നു ബേബിച്ചേട്ടൻ. പിന്നെ ഒട്ടും മടിച്ചില്ല, ശിഷ്യനു ശിഷ്യപ്പെട്ടു. അങ്ങനെ ബേബിച്ചേട്ടൻ ഒരു ദിവസത്തേക്ക് റോഡ് റോളറിൽ ഷിനിയുടെ ഗുരുവായി. അന്നത്തെ ഒരു ദിവസത്തെ പരിശീലനം കൊണ്ടാണ് റോഡ് റോളറിനെ വരുതിയിലാക്കിയത്. പിന്നെ പാലക്കാട് എത്തേണ്ടി വന്നു ലൈസൻസ് എടുക്കാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com