ADVERTISEMENT

എല്ലാ വാഹനങ്ങൾക്കും സുരക്ഷാ മാനദണ്ഡങ്ങൾ, ക്രാഷ് ടെസ്റ്റ്, ബിഎസ് 6 നിലവാരം തുടങ്ങി ഇന്ത്യൻ വാഹനലോകം സമഗ്രമാറ്റങ്ങാണ് വരും വർഷങ്ങളിൽ വരിക. അതിനു മുന്നോടിയായി നിരവധി വാഹനങ്ങളാണ് ഇന്ത്യൻ വിപണിയിലേക്ക് എത്താൻ പോകുന്നത്. നിലവിലെ പല വാഹനങ്ങളേയും നിർമാതാക്കൾക്ക് പിൻവലിക്കേണ്ടി വന്നേക്കാം. ഈ വർഷം വിപണിയിലെത്തുന്ന എസ്‌യുവികൾ ഏതൊക്കെയെന്ന് നോക്കാം.

hyunda-venue-1
Hyundai Venue

കണക്ടഡ് എസ്‌യുവി ഹ്യുണ്ടേയ് വെന്യു

കോപംക്റ്റ് എസ്‌യുവി വിഭാഗത്തിൽ മത്സരിക്കുനെത്തുന്ന ഹ്യുണ്ടേയ് വാഹനമാണ് വെന്യു. രാജ്യത്തെ ആദ്യത്തെ കണക്ടഡ് എസ്‌യുവി എന്ന പേരിലാണ് വെന്യു പുറത്തിറങ്ങുക. ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കാൻ എസ്‌യുവിയിൽ വോഡാഫോണിന്റെ ഇൻബിൽറ്റ് സിം, ശബ്ദം നിർദേശം അനുസരിച്ച് പ്രവർത്തിക്കുന്ന നിർമിത ബുദ്ധി എന്നിവയുണ്ട്. കാർലിനൊ എന്ന പേരിൽ 2016 ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച വാഹനത്തിന്റെ പ്രൊ‍ഡക്‌ഷൻ മോഡലാണ് വെന്യു. ക്രേറ്റയോട് സമാനമായ രൂപമായിരിക്കും പുതിയ എസ്‌യുവിക്ക്. 100 പിഎസ് കരുത്തുള്ള 1.4 ലീറ്റർ പെട്രോൾ, 90 പിഎസ് കരുത്തുള്ള 1.4 ലീറ്റർ ഡീസൽ എൻജിൻ, 1 ലീറ്റർ ടർബോ പെട്രോൾ എന്നീ എന്‍ജിൻ വകഭേദങ്ങളുമായിട്ടാകും വെന്യു എത്തുക. 1.4 ലീറ്റർ എൻജിനോടൊപ്പം 6 സ്പീഡ് മാനുവൽ ഗിയർബോക്സും ഒരു ലീറ്റർ എൻജിനോടൊപ്പം 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടമാറ്റിക്ക് ഗിയർ ബോക്സ് ലഭിക്കും. പത്തു ലക്ഷം രൂപയിൽ താഴെ മാത്രമായിരിക്കും വില എന്നാണ് പ്രതീക്ഷിക്കുന്നത്.

mg-hector
MG Hector

ഇന്റർനെറ്റ് കാർ, ഹെക്ടർ

ബ്രിട്ടീഷ് ഐതിഹാസിക ബ്രാൻഡായ എംജി ഇന്ത്യയിലെത്തുന്നത് ഇന്റർനെറ്റ് കാറായ ഹെക്ടറുമായി. ശബ്ദ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന ഇൻഫോടൈൻമെന്റ് സിസ്റ്റം, സംഗീതം ആസ്വദിക്കാനും മറ്റു വിനോദങ്ങൾക്കുമായി ആപ്പുകൾ, ഇന്റർനെറ്റ് കണക്ടിവിറ്റി തുടങ്ങി നിരവധി ഫീച്ചറുകളുണ്ടാകും ഇന്റർനെറ്റ് എസ്‌യുവിയിൽ. ഐ സ്മാർട് നെക്സ്റ്റ് ജെൻ എന്ന് പേരിട്ടിരിക്കുന്ന കണക്ടിവിറ്റി സിസ്റ്റം സിസ്കോ, മൈക്രോസോഫ്റ്റ്, അഡോബി, പാനാസോണിക് തുടങ്ങി ലോകത്തിലെ പ്രമുഖ ടെക് കമ്പനികളുമായി സഹകരിച്ചാണ് നിർമിച്ചിരിക്കുന്നത്. ഫീയറ്റിന്റെ 2 ലീറ്റർ മൾട്ടിജെറ്റ് ഡീസൽ എൻജിനായിരിക്കും എസ്‌യുവിയിൽ. സായിക്ക്, ജനറൽ മോട്ടോഴ്സിൽ നിന്നു സ്വന്തമാക്കിയ ഹലോൾ നിർമാണ ശാലയില്‍ നിന്നു വാഹനങ്ങൾ നിർമിച്ച് പുറത്തിറക്കാനാണ് എംജിയുടെ പദ്ധതി.

kia-sp

കിയ എസ്പി

കിയ ഇന്ത്യയുടെ ആദ്യ വാഹനമാണ് എസ്പി. ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച എസ്പി കൺസെപ്റ്റിന്റെ പ്രൊഡക്‌ഷൻ‌ മോഡൽ ഉടൻ വാഹനവിപണി കീഴടക്കാൻ എത്തും. 1.5 ലീറ്റർ ഡീസൽ, 1.6 ലീറ്റർ പെട്രോൾ എൻജിനുകളായിരിക്കും എസ്പി കൺസെപ്റ്റിൽ. ആന്ധ്രാപ്രദേശിലെ കിയയുടെ ഫാക്ടറിയിൽ നിന്നു പുറത്തിറങ്ങുന്ന ആദ്യവാഹനമായ എസ്‌പിയുടെ വില 8 ലക്ഷം മുതൽ 15 ലക്ഷം വരെയായിരിക്കും.

Tata-Buzzard
Tata Buzzard

ടാറ്റ ബസാഡ്

ജനീവ ഓട്ടോഷോയിൽ പ്രദർശിപ്പിച്ച 7 സീറ്റർ എസ്‍‌യുവി ബസാഡിന്റെ പ്രൊ‍ഡക്ഷൻ മോഡല്‍ ഈ വർഷം പുറത്തിറങ്ങും. ലാൻഡ് റോവറിന്റെ ഡി8 പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തി നിർമിച്ച ഒമേഗ പ്ലാറ്റ്ഫോമിൽ തന്നെയാകും എച്ച്7എക്സ് എന്ന കോഡു നാമത്തിൽ അറിയപ്പെടുന്ന ബസാഡ് നിർമിക്കുക. ഹാരിയറിനെക്കാൾ 62 എംഎം നീളം കൂടുതലാണ് 7 സീറ്റർ എസ്‌യുവിക്ക്. എന്നാൽ വീൽബെയ്സ് 2741 എംഎം തന്നെ. മൂന്നാം നിര സീറ്റ് ഉൾക്കൊള്ളിക്കാനായി രൂപമാറ്റങ്ങളും വാഹനത്തിന് വരുത്തിയിട്ടുണ്ട്. ഹാരിയറിലെ 2 ലീറ്റർ ക്രയോടെക്ക് എൻജിന്റെ കരുത്തു കൂടിയ വകഭേദമായിരിക്കും പുതിയ വാഹനത്തിൽ‌. 170 എച്ച്പി കരുത്തും 350 എൻഎം ടോർക്കുമുണ്ടാകും പുതിയ എസ്‌യുവിക്ക്. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടമാറ്റിക്ക് ഗിയർബോക്സുമുണ്ടാകും.

renault-duster-1
Duster

ഡസ്റ്റർ

കോംപാക്റ്റ് എസ്‌ യു വി സെഗ്‍മെന്റിലെ താരമായാണ് റെനോ ഡസ്റ്റർ ഇന്ത്യയിലെത്തിയത്. ഇന്ത്യൻ വിപണിയ്ക്ക് സുപരിചിതരല്ലായിരുന്ന റെനൊ എന്ന ഫ്രഞ്ച് കമ്പനിയെ ഈ കോംപാക്റ്റ് എസ്‌യുവി പ്രശസ്തമാക്കി. 2012 മുതൽ കാതലായ മാറ്റങ്ങളില്ലാതെ തുടരുന്ന ഡസ്റ്റർ അടിമുടി പുത്തനായാണ് ഇത്തവണ വരുന്നത്. ഈ വർഷമവസാനം വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. പുതിയ വാഹനത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും എൻജിനിൽ മാറ്റങ്ങളുണ്ടാകാൻ സാധ്യതയില്ല. ആദ്യ ഡസ്റ്ററിന് കരുത്തേകിയ 1.5 ലിറ്റർ ഡീസൽ, 1.6 ലിറ്റർ പെട്രോൾ എൻജിനുകള്‍ തന്നെയാകും പുതിയ ‍ഡസ്റ്ററിലും. വില 9 ലക്ഷം മുതല്‍ 15 ലക്ഷം വരെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com