മണിക്കൂറില്‍ 7200 കിലോമീറ്റർ വേഗം, ലോകത്തെ വിസ്മയിപ്പിച്ച സൂപ്പർസോണിക് വിമാനങ്ങൾ

lockheed-sr-71-blackbird
Lockheed SR-71 Blackbird
SHARE

വിമാനയാത്ര എന്നത് ഇന്നു ഏറ്റവുമധികം ഉപയോഗിക്കുന്ന യാത്രാമാര്‍ഗങ്ങളില്‍ ഒന്നായി മാറിക്കഴിഞ്ഞു. സാധാരണ യാത്രയില്‍ തുടങ്ങി ബഹിരാകാശ ദൗത്യങ്ങളില്‍ വരെ ഇന്നു വിമാനങ്ങള്‍ ഉപയോഗിക്കുന്നു. യുദ്ധവിമാനങ്ങളും നിരീക്ഷണ വിമാനങ്ങളും ബഹിരാകാശ വിമാനങ്ങളും എല്ലാം വേഗത്തിന്റെ പുതിയ പരിധികള്‍ തേടിക്കൊണ്ടിരിക്കുകയാണ്. മാക് 0.8 ( 987.84 കിലോമീറ്റർ) വേഗമുള്ള സബ്സോണിക് വിമാനങ്ങളില്‍ തുടങ്ങി മാക് 25 ( 30870 കിലോമീറ്റർ) ന് മുകളില്‍ വേഗത്തില്‍ റീ എന്‍ട്രി സ്പീഡില്‍ സഞ്ചരിക്കാന്‍ കഴിയുന്നവ വരെ ഉള്‍പ്പെട്ടവയാണ് ഇന്നത്തെ അത്യാധുനിക വിമാനങ്ങളുടെ ശ്രേണി.

നോര്‍ത്ത് അമേരിക്കന്‍ എക്സ് 15

north-american-x-15

മനുഷ്യര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ഏറ്റവും വേഗമേറിയ വിമാനം എന്നതിന്‍റെ റെക്കോര്‍ഡ് എക്സ് 15 ന്‍റെ പേരിലാണ്. മാച്ച് 6.70 വരെ  വേഗത്തില്‍ സഞ്ചരിക്കാന്‍ ഈ വിമാനത്തിന് കഴിയും. 1967 ല്‍ പൈലറ്റായിരുന്ന വില്യം ജെ പീറ്റ്  മണിക്കൂറിൽ എകദേശം 7,200 കിലോമീറ്റർ വേഗം കൈവരിക്കുകയും ചെയ്തിരുന്നു. ഇത്രയധികം വേഗത്തില്‍ സഞ്ചരിക്കേണ്ടതിനാല്‍ ഈ വിമാനത്തിന്‍റെ വാല്‍ഭാഗത്തിന് അസാധാരണമായ വലുപ്പമുണ്ടായിരുന്നു. ഇതിനാല്‍ തന്നെ 14000 മീറ്റര്‍ മുകളിലെത്തിയാല്‍ മാത്രമേ ഈ വിമാനത്തിന്‍റെ അതിന്‍റെ പരമാവധി വേഗം പുറത്തെടുക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. ഇത്ര ഉയരത്തില്‍ സഞ്ചരിക്കുന്നതിനാല്‍ പൈലറ്റിന് കൃത്രിമ ശ്വാസവും ആവശ്യമായിരുന്നു. ഇത്രയധികം വേഗത്തിലും ഉയരത്തിലും സഞ്ചരിക്കുന്നതിനാല്‍ പരമ്പരാഗത വിമാനങ്ങളിലെ പോലെ ചിറകുകള്‍ ഉപയോഗിച്ച് ഈ വിമാനത്തില്‍ ദിശ നിയന്ത്രിക്കാന്‍ സാധിച്ചിരുന്നില്ല. പകരം ചെറു റോക്കറ്റ് ബസ്റ്ററുകള്‍ ഉപയോഗിച്ചാണ് എക്സ് 15 ന്‍റെ ദിശ മാറ്റിയിരുന്നത്.

ലോക്ക് ഹെഡ് ബ്ലാക്ക് ബേര്‍ഡ് 

lockheed-sr-71-blackbird

ലോക്ക് ഹെഡ് എസ്ആര്‍ 72 വിന്‍റെ പുതുക്കിയ മാതൃകയായിരുന്നു ലോക്ക് ഹെഡ് ബ്ലാക്ക് ബേര്‍ഡുകള്‍. വേഗത്തിലും പറക്കുന്ന ഉയരത്തിന്‍റെ കാര്യത്തിലും ഇവ ലോക്ക് ഹെഡ് 72 സൃഷ്ടിച്ച റെക്കോര്‍ഡുകള്‍ മറികടന്നു. 1966 ലാണ് ഇവ അമേരിക്കന്‍ സേനയുടെ ഭാഗമാകുന്നത്. 1976ൽ മണിക്കൂറിൽ 3529.6 കിലോമീറ്റർ വേഗം കൈവരിച്ച് ലോകത്തിലെ ഏറ്റവും വേഗമുള്ള വിമാനങ്ങളിലൊന്നായി മാറി ഈസൂപ്പർസോണിക് വിമാനം. തുടര്‍ന്ന് 32 ബ്ലാക്ക് ബേര്‍ഡ് വിമാനങ്ങള്‍ നിര്‍മിക്കപ്പെട്ടു. കൃത്രിമശ്വാസം ഉപയോഗിക്കാതെ ഒരു മനുഷ്യന് പറത്താന്‍ കഴിയുന്ന ഏറ്റവും വേഗതയേറിയതും ഏറ്റവും ഉയരത്തില്‍ സഞ്ചരിക്കുന്നതുമായ വിമാനങ്ങളായിരുന്നു ബ്ലാക്ക് ബേര്‍ഡുകള്‍. ഇതുവരെ ഈ റെക്കോര്‍ഡ് മറ്റൊരു വിമാനവും തകര്‍ത്തിട്ടില്ല.

ലോക്ക് ഹെഡ് വൈഎഫ്–12

lockheed-yf-12

അമേരിക്കയുടെ നിരീക്ഷണ ജെറ്റുകളില്‍ പ്രധാനപ്പെട്ടവയാണ് ലോക്ക് ഹെഡ് എസ്ആര്‍ 72 വിമാനങ്ങള്‍. മാച്ച് 3.35 ആയിരുന്നു ഈ വിമനത്തിന്റെ പ്രോട്ടോടൈപ്പിന്റെ വേഗം. നിരീക്ഷണ വിമാനമായതിനാല്‍ 3 മിസൈലുകള്‍ മാത്രമാണ് ഈ വിമാനങ്ങളുടെ ആയുധശേഖരത്തില്‍ ഉണ്ടായിരുന്നത്. അതുവരെ നിർമിക്കപ്പെട്ടതില്‍ വച്ച് ഏറ്റവും വേഗതയേറിയ വിമാനമായിരുന്നു ലോക്ക് ഹെഡ് വിമാനങ്ങള്‍. കൂടാതെ ഏറ്റവും ഉയരത്തില്‍ പറക്കാന്‍ സാധിച്ച വിമാനങ്ങളും. കൂടാതെ ഏറ്റവുമധികം ചാരവിമാനങ്ങളെ കണ്ടെത്തിയ വിമാനമെന്ന റെക്കോര്‍ഡും ലോക്ക് ഹെഡിന് തന്നെയാണ്.

മിഗ് 25 ഫോക്സ് ബാറ്റ്

mig-25

ശീതയുദ്ധകാലത്ത് അമേരിക്കന്‍ വിമാനമായ എസ്ആര്‍ 71 നെ കണ്ടെത്തുന്നതിന് വേണ്ടി പ്രത്യേകമായി നിർമിക്കപ്പെട്ടവയാണ് മിഗ് 25 വിമാനങ്ങള്‍. അമേരിക്കന്‍ വിമാനങ്ങളെ വേഗത്തിന്റെ കാര്യത്തിൽ തോല്‍പ്പിക്കേണ്ടതിനാല്‍ മാച്ച് 3.2 (3951.36 കിലോമീറ്റർ) വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ മിഗ് 25 വിമാനങ്ങള്‍ക്ക് സാധിച്ചിരുന്നു. റഡാര്‍ സംവിധാനത്തിന്‍റെ ഭാഗമായി നിർമിക്കപ്പെട്ടതിനാല്‍ കാര്യമായ ആയുധ വാഹക ശേഷി ഈ റഷ്യന്‍ വിമാനത്തിന് ഉണ്ടായിരുന്നില്ല. നാല് എയര്‍ ടു എയര്‍ മിസൈലുകള്‍ മാത്രമാണ് ഈ വിമാനത്തില്‍ ആയുധമായി ഉണ്ടായിരുന്നത്. 1964 നും 1984 നും ഇടയ്ക്ക് ഏതാണ്ട് 1100 മിഗ് 25 വിമാനങ്ങള്‍ നിർമിക്കപ്പെട്ടു എന്നാണ് കണക്കാക്കുന്നത്. മിഗ് ശ്രേണിയില്‍ നിർമിക്കപ്പെട്ട ഏറ്റവും വേഗമേറിയ വിമാനമായിരുന്നു മിഗ് 25. ഇപ്പോഴും റഷ്യ, സിറിയ, അള്‍ജീരിയ, തുടങ്ങിയ രാജ്യങ്ങള്‍ ഈ വിമാനം ഉപയോഗിക്കുന്നുണ്ട്.

ബെൽ എക്സ്– 2 സ്റ്റാര്‍ ബസ്റ്റര്‍

bell--x-2-starbuster

വിമാന നിർമാണ ഗവേഷണങ്ങളുടെ ഭാഗമായി നിര്‍മിച്ച അമേരിക്കന്‍ വിമാനമാണ് സ്റ്റാര്‍ ബസ്റ്റര്‍ എക്സ് ടു. ഗവേഷണത്തിനായി നിർമിച്ച വിമാനമായത് കൊണ്ട് തന്നെ 1955ല്‍ ആദ്യമായി പറന്ന ഈ വിമാനം 1956ല്‍ സേവനം അവസാനിപ്പിക്കുകയും ചെയ്തു. മാച്ച് 2 വേഗത്തിന് മുകളില്‍ പറക്കുമ്പോള്‍ വിമാനങ്ങൾ എങ്ങനെ പെരുമാറുന്നു എന്നു പഠിക്കുകയായിരുന്നു സ്റ്റാര്‍ ബസ്റ്ററിന്‍റെ ദൗത്യം. അമേരിക്കന്‍ വിമാനങ്ങള്‍ മാച്ച് 3 വേഗം കൈവരിക്കുന്നതില്‍ നിര്‍ണായകമായിരുന്നു സ്റ്റാര്‍ബസ്റ്ററുകളുടെ പങ്ക്. പ്രതീക്ഷിച്ചതിലും വേഗം വിമാനം കൈവരിച്ചെങ്കിലും 1956ല്‍ പറക്കലിനിടെ ഈ വിമാനം തകര്‍ന്നു. പൈലറ്റ് കൊല്ലപ്പെടുകയും ചെയ്തു. ഇതോടെ സ്റ്റാര്‍ ബസ്റ്റര്‍ വിമാനങ്ങള്‍ ഇനി ഉപയോഗിക്കേണ്ടതില്ലെന്ന് അമേരിക്ക തീരുമാനിച്ചു.

എക്സ്ബി 70 വാള്‍ക്കയര്‍

xb-70-valkyrie

മാച്ച് 3 വേഗമുള്ള സൂപ്പര്‍ സോണിക് വിമാനങ്ങളാണ് വാള്‍ക്കയറുകള്‍. രണ്ടു ലക്ഷത്തി നാല്‍പ്പതിനായിരം കിലോ ഭാരമുള്ള ഈ വിമാനങ്ങള്‍ക്ക് ഇത്രയും വേഗം നല്‍കുന്നതിനായി ആറു എൻജിനുകളാണ് നല്‍കിയിരിക്കുന്നത്. ഇത്രയും വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിവുള്ളതിനാല്‍ തന്നെ പറക്കുമ്പോള്‍ വിമാനത്തിന്‍റെ പല ഭാഗങ്ങളിലും 330 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാവും എന്നാണ് കണക്കാക്കുന്നത്. ഇത്രയധികം വേഗം ഈ വിമാനത്തിന് നല്‍കാന്‍ രണ്ട് കാരണങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന് സോവിയറ്റ് യൂണിയന്‍റെ റഡാറുകളുടെ കണ്ണില്‍ പെടാതെ പറക്കുക. രണ്ട് വാള്‍ക്കയര്‍ വിമാനങ്ങള്‍ തന്നെ നിക്ഷേപിക്കുന്ന നൂക്ലിയര്‍ ബോംബുകളുടെ സ്ഫോടനത്തില്‍ നിന്നു അകലേക്ക് പറന്ന് രക്ഷപ്പെടുക. 6900 കിലോമീറ്റര്‍ വരെ ഇന്ധനം വീണ്ടും നിറയ്ക്കാതെ ഇവയ്ക്ക് സഞ്ചരിക്കാന്‍ കഴിയുമായിരുന്നു. അതായത് അമേരിക്കയില്‍ നിന്നു റഷ്യയില്‍ പോയി വരുന്നതിനുള്ള ദൂരം. 1964 ലാണ് ഇവ നിര്‍മിച്ചത്. ആകെ രണ്ട് വാള്‍ക്കയര്‍ വിമാനങ്ങളാണ് അമേരിക്ക നിര്‍മിച്ചത്. ഇപ്പോള്‍ ഇവ ഉപയോഗത്തിലില്ല.

മിഗ് 31 ഫോക്സ് ബാറ്റ്

mig-31

ഈ റഷ്യൻ നിര്‍മിത സൂപ്പര്‍സോണിക് വിമാനത്തിന്‍റെ വേഗം മാച്ച് 2.83 ആണ്. ആകാശത്തിലും, ഭൂനിരപ്പിനോട് ചേര്‍ന്നും സൂപ്പര്‍ സോണിക് വേഗത്തില്‍ തന്നെ പറക്കാന്‍ കഴിയും എന്നാണ് ഈ വിമാനത്തിന്‍റെ പ്രത്യേകത. ഇരട്ട എൻജിനുള്ള ആക്ടീവ് പാസ്സീവ് റഡാറുകള്‍ ഉപയോഗിക്കുന്ന ഈ വിമാനത്തിന് ഒരേ സമയം ശത്രുവിന്‍റെ കണ്ണില്‍ പെടാതെ സഞ്ചരിക്കാനും ശത്രു വിമാനത്തെ വെടി വച്ച് വീഴ്ത്താനും കഴിയും. ആകാശത്ത് നിന്നു ആകാശത്തേക്കും ഭൂമിയിലേക്കും അയക്കാന്‍ കഴിയുന്ന മിസൈലുകളും മിഷിന്‍ ഗണ്ണുമാണ് ഈ വിമാനത്തിലെ പ്രധാന ആയുധങ്ങള്‍. 1994ല്‍ ഉത്പാദനം നിര്‍ത്തിയെങ്കിലും ഇപ്പോഴും റഷ്യന്‍ വ്യോമസേനയുടെ ഭാഗമായി ഈ വിമാനങ്ങള്‍ ഉണ്ട്. കസാക്കിസ്ഥാനും ഈ വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇതുവരെ അഞ്ഞൂറ് മിഗ് ഫോക്സ് ബാറ്റ് വിമാനങ്ങള്‍ നിർമിക്കപ്പെട്ടിട്ടുണ്ട് എന്നാണ് കണക്ക്.

എഫ് 15 ഈഗിള്‍

f-15

ലോകത്ത് ഇതുവരെ നിർമിക്കപ്പെട്ടതില്‍ ഏറ്റവും വിജയകരമായ വിമാനങ്ങളില്‍ ഒന്നായാണ് എഫ്- 15 കണക്കാക്കുന്നത്. ഇപ്പോഴും അമേരിക്കന്‍ വ്യോമസേനയ്ക്കൊപ്പം ഈ വിമാനം സർവീസിലുണ്ട്. ഇരട്ട എൻജിനും 18000 കിലോ ഭാരവും ഉള്ള ഈ വിമാനം 1976 ലാണ് വ്യോമസേനയുടെ ഭാഗമായത്. 2025 വരെ അമേരിക്കന്‍ സേനയുടെ ഭാഗമായി ഈ വിമാനം തുടരും. അമേരിക്കന്‍ സേനയുടെ മാത്രമല്ല, സഖ്യകക്ഷികളായ ജപ്പാന്‍, സൗദിഅറേബ്യ, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളുടെ കയ്യിലും ഈ അമേരിക്കന്‍ നിര്‍മിത വിമാനമുണ്ട്. ഇതുവരെ ഏതാണ്ട് 1200 എഫ് 15 വിമാനങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. വിവിധ തോക്കുകളും മിസൈലുകളും വഹിക്കുന്നത് കൂടാതെ കൃത്യമായ സ്ഥലങ്ങളില്‍ ബോംബ് വര്‍ഷിക്കുന്നതിനും എഫ്- 15 ഉപയോഗിക്കാറുണ്ട്.

എഫ് അര്‍ഡ്വാര്‍ക്

f-111-aardvark

അമേരിക്കയുടെ ബോംബര്‍ വിമാനമായ എഫ് അര്‍ഡ്വാര്‍ക് ആണ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്ത്. 1998ല്‍ പറക്കല്‍ അവസാനിപ്പിച്ചിട്ടും ഈ വിമാനം ഇപ്പോഴും ലോകത്തിലെ ഏറ്റവും വേഗമേറിയ വിമാനങ്ങളില്‍ ഒന്നായി തുടരുന്നു എന്നതാണ് കൗതുകം. വേഗത്തിന്റെ കാര്യത്തിൽ മാത്രമല്ല ഭാരം ചുമക്കുന്നതിന്‍റെ കാര്യത്തിലും അധികം എതിരാളികളില്ലാത്ത വിമാനമായിരുന്നു അര്‍ഡ്വാര്‍ക്. 14300 കിലോ വരെ ബോംബുകളും ന്യൂക്ലിയര്‍ ബോബും എയര്‍ ടു എയര്‍ മിസൈലും 2000 റൗണ്ട് മിഷിന്‍ ഗണ്ണും ഈ വിമാനത്തില്‍ ഒരേസമയം ഘടിപ്പിക്കാന്‍ കഴിഞ്ഞിരുന്നു.

സുഖോയ് സു 27 ഫ്ലാങ്കര്‍

su-27

ഇന്ത്യക്കാര്‍ക്ക് ഏറെ പരിചയമുള്ള പേരാണ് സുഖോയ് വിമാനങ്ങള്‍. ഈ റഷ്യന്‍ നിര്‍മിത വിമാനങ്ങള്‍ ഇന്ത്യ ഉള്‍പ്പടെയുള്ള പല രാജ്യങ്ങളും വാങ്ങിക്കൂട്ടിയതിന് കാരണങ്ങളില്‍ ഒന്ന് അവയുടെ വേഗമാണ്. മാച്ച് സ്പീഡ് 2.35 വരെയാണ് ഈ വിമാനങ്ങളുടേത്. ഇരട്ട എൻജിനുള്ള ഈ വിമാനങ്ങള്‍ റഷ്യയുടെ പ്രശസ്തമായ ഫ്ലൈ ബൈ വയര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച ആദ്യ വിമാനം കൂടിയാണ്. അമേരിക്കയുടെ മൂന്നാം തലമുറ യുദ്ധവിമാനങ്ങളായ എഫ്- 15 ഈഗിളിന് മറുപടിയായാണ് റഷ്യ സുഖോയ് വിമാനങ്ങള്‍ നിർമിച്ചത്. സുഖോയ് 27 ന് ശേഷം 30 മുതല്‍ 37 വരെയുള്ള നമ്പറുകളിലായി അഞ്ച് പുതിയ സുഖോയ് വിമാനങ്ങള്‍ കൂടി റഷ്യ നിർമിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA