ADVERTISEMENT

വാഹനങ്ങൾ പുറന്തളളുന്ന മലിനീകരണ ഘടകങ്ങളുടെ അളവു നിയന്ത്രിക്കാനുള്ള ഏറ്റവും പുതിയ മാനദണ്ഡമാണ് ഭാരത് സ്റ്റേജ് (ബിഎസ്)– 6. നിലവിൽ ബിഎസ് 4 ചട്ടങ്ങളാണുള്ളത്. 2000 മുതലാണ് ബിഎസ് നിലവാരം ആരംഭിക്കുന്നത്. 2000ൽ ബിഎസ് 1, 2005ൽ ബിഎസ് 2, 2010ൽ ബിഎസ് 3, 2017ൽ ബിഎസ് 4 എന്നിവ നിലവിൽ വന്നു. യൂറോപ്പിലെ യൂറോ ചട്ടങ്ങൾക്ക് ഏറെക്കുറെ സമാനമാണ് ബിഎസ്. എന്നാൽ യൂറോപ്പിൽ യൂറോ 6 ചട്ടങ്ങൾ 2014ൽ തന്നെ നിലവിൽ വന്നു. മുമ്പുള്ള തീരുമാനം അനുസരിച്ച് ബിഎസ് 5 2019 ലും ബിഎസ് 6 2023 ലുമാണ് നിലവിൽ വരേണ്ടത്. എങ്കിലും രാജ്യത്തെ അന്തരീക്ഷ മലിനീകരണം അതീവഗുരുതര നിലയിലേക്കു മാറുന്നതു കണക്കിലെടുത്താണ് ബിഎസ്–4 ൽ നിന്ന് ബിഎസ്–6ലേക്ക് ഒറ്റയടിക്കു മാറാൻ തീരുമാനിച്ചത്. ഭാരത് സ്റ്റേജ് നിലവാരം അനുസരിച്ച് എൻജിൻ മാറ്റം മാത്രമല്ല വാഹനത്തിന്റെ സുരക്ഷയും വർധിക്കും.

ബിഎസ് 5 ഒഴിവാക്കുന്നത് എന്തുകൊണ്ട്?

വായു മലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ബിഎസ് 6 നിലവാരത്തിലേക്കു പോകാൻ നിർബന്ധിതമായത്. 2010-ലെ കണക്കനുസരിച്ച് പ്രതിവർഷം 6,20,000 ആളുകൾ ശ്വാസകോശ സംബന്ധ രോഗങ്ങളാലും ഹൃദ്രോഗങ്ങളാലും മരണപ്പെടുന്നു. ഈ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവുമധികം മരണത്തിനു കാരണമാകുന്നത് വായു മലിനീകരണമാണ്. കാൻസർ പോലുള്ള മാരക രോഗങ്ങൾക്കു കാരണമാകുന്ന നൈട്രജൻ ഓക്സൈഡ് യൂറോപ്പിൽ പുറത്തിറങ്ങുന്ന കാറുകളെ അപേക്ഷിച്ച് നാലര മടങ്ങ് അധികമാണ് ഇന്ത്യന്‍ കാറുകൾ പുറന്തള്ളുന്നത്. ഇതു മൂലമാണ് ബിഎസ് 4ൽ നിന്ന് മൂന്നു വർഷം കൊണ്ട് നേരേ ബിഎസ് 6 ലേക്ക് എത്തുന്നത്.

എന്താണ് ബിഎസ് 6‌

ബിഎസ് 6 നിലവാരം കൈവരിക്കണമെങ്കിൽ വാഹനം മാത്രമല്ല ഇന്ധനവും ആ നിലവാരത്തിലേക്ക് ഉയരേണ്ടതുണ്ട്. ബിഎസ് 4 ഇന്ധനവും ബിഎസ് 6 ഇന്ധനവും തമ്മിലുള്ള പ്രധാന വ്യത്യാസം അതിലെ സൾഫറിന്റെ അംശമാണ്. ബിഎസ് 4 ഇന്ധനത്തിൽ 50 പിപിഎം സർ‌ഫർ അടങ്ങിയിട്ടുണ്ടെങ്കിൽ ബിഎസ് 6ൽ അത് 10 പിപിഎം മാത്രമായി ഒതുങ്ങുന്നു. വായുമലിനീകരണത്തിൽ പ്രധാന പങ്കുള്ള മറ്റൊന്നാണ് നൈട്രജൻ ഓക്സൈഡ്. ഇതിന്റെ അളവ് ഇപ്പോഴത്തെ ഡീസൽ എൻജിനുകള്‍ പുറന്തള്ളുന്നതിനെക്കാൾ 68% കുറവായിരിക്കും ബിഎസ് 6 എൻജിനുകളിൽ. പെട്രോൾ എൻജിനുകളിലാകട്ടെ, 25% കുറയും. ബിഎസ് 6 നിലവാരത്തിൽ ഒരു വാഹനം നിർമിക്കുക എന്നാൽ അതിന്റെ ആദ്യ ഘട്ടം മുതൽ മാറ്റങ്ങൾ ആവശ്യമാണ്. ഉപയോഗിക്കുന്ന ഘടകങ്ങളും സുരക്ഷയും അടക്കം ബിഎസ് 6 നിലവാരത്തിലെത്തിക്കണം.

ഡീസൽ വാഹനങ്ങളുടെ അന്തകനോ?

അടുത്ത ഏപ്രിൽ ഒന്നുമുതൽ ബിഎസ് 4 നിലവാരമുള്ള വാഹനങ്ങള്‍ വിൽക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുള്ളതിനാൽ വാഹനവ്യവസായികൾക്കും സർക്കാരിനും ഇക്കാര്യം നീട്ടിവയ്ക്കാനാവില്ല. വാഹന നിർമാതാക്കൾക്ക് 2020 മാർച്ച് 31 വരെ ബിഎസ് 4 വാഹനങ്ങൾ വിൽക്കാനാകുമെന്നു പറയാമെങ്കിലും അതിനു വളരെ മുൻപുതന്നെ ബിഎസ് 6 വാഹനങ്ങളുടെ ഉൽപാദനം തുടങ്ങേണ്ടതുണ്ട്. ബിഎസ് 4 വാഹനങ്ങളുടെ സ്റ്റോക്ക് വിറ്റുതീർക്കുകയും വേണം. ബിഎസ് 6 നിലവാരത്തിലേക്കു മാറ്റാൻ ഡീസൽ വാഹനങ്ങളിൽ കാര്യമായ സാങ്കേതികമാറ്റം വേണ്ടിവരും. പെട്രോൾ വാഹനങ്ങളിൽ ഇത്രയധികം മാറ്റം വേണ്ടിവരുന്നില്ല. അതുകൊണ്ടുതന്നെ ഡീസൽ വാഹനങ്ങൾക്കുണ്ടാകുന്നത്ര വിലവർധന പെട്രോൾ വാഹനങ്ങൾക്കു വേണ്ടിവരില്ല.

നിലവിലെ സാഹചര്യം അനുസരിച്ച് ഡീസൽ, പെട്രോൾ വാഹനങ്ങൾ തമ്മിലുള്ള വിലയുടെ അന്തരം 2 മുതൽ 2.5 വരെ ലക്ഷം രൂപ വന്നേക്കാം എന്നാണ് കണക്കാകുന്നത്. 1500 സിസി യിൽ താഴെയുള്ള ഡീസൽ എൻജിനുകളെ ബിഎസ് 6 നിലവാരത്തിലേക്ക് എത്തിക്കുന്നത് ലാഭകരമല്ല എന്നാണ് വാഹന നിർമാതാക്കളുടെ പക്ഷം, അതുകൊണ്ടു തന്നെയാകണം മാരുതി ഡീസൽ കാറുകളുടെ നിർമാണം അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്.

കൂടുതലായും ബാധിക്കുക ചെറു കാറുകളെ

ചെറു ഡീസൽ കാറുകൾക്ക് ഏറെ വിപണന സാധ്യതയുള്ള വിപണിയെ ഒരു പക്ഷേ ബിഎസ് 6 നിലവാരം ഇല്ലാതാക്കിയേക്കാം. പ്രമുഖ വാഹന നിർമാതാക്കളെല്ലാം ചെറു ഡീസൽ കാറുകളുടെ ഉൽപാദനം അവസാനിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എന്നാൽ യൂറോപ്യൻ വിപണിയിലെ സജീവ സാന്നിധ്യമായ വാഹനങ്ങളെ ബിഎസ് 6 കാര്യമായി ബാധിക്കാനിടയില്ല (കാരണം യുറോ 6 നിലവാരമുള്ള എൻജിനുകള്‍ അവർക്കുണ്ട്).

ബിഎസ് 3ൽ നിന്ന് ബിഎസ് 4 ലേയ്ക്കുള്ള മാറ്റം എളുപ്പമായിരുന്നെങ്കിൽ ബിഎസ് 6 ലേക്കുള്ള മാറ്റം അത്ര എളുപ്പമാകില്ല. ട്രക്കുകൾ അടക്കമുള്ള വലിയ വാഹനങ്ങൾക്കും ഇരുചക്രവാഹനങ്ങൾക്കുമെല്ലാം ബിഎസ് 6 നിലവാരത്തിലേക്ക് എത്തേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com