sections
MORE

അമ്പട കള്ളാ... സണ്ണിക്കുട്ടാ...

HIGHLIGHTS
  • ഏറ്റവും പുതിയ നിസ്സാന്‍ ഡിസൈന്‍ ഫിലോസഫിയാണ് പുതിയ സണ്ണി
  • ഇന്ത്യയില്‍ സണ്ണിയായി വെഴ്‌സ എന്ന് അവതരിക്കുെമന്ന് അറിയിപ്പു വരാനിരിക്കുന്നു

Nissan Versa In New York AutoShow

SHARE

ന്യൂയോര്‍ക്ക് ഓട്ടോഷോയില്‍ അങ്ങനെ നടക്കുമ്പോള്‍ കിടക്കുന്നു വെഴ്‌സ. അമേരിക്കയില്‍ ഇറങ്ങുന്ന മാക്‌സിമ, അള്‍ട്ടിമ, സെന്‍ട്ര എന്നിങ്ങനെ നീളുന്ന സെഡാന്‍ നിരയിലെ അവസാന കണ്ണി. നമുക്കു പരിചയമുള്ള പേര് സണ്ണി. അമേരിക്കയില്‍ വെഴ്‌സയായി ഇറങ്ങുന്ന സണ്ണിയുടെ പുതിയ മോഡല്‍ ഇന്ത്യക്കാരുടെ കണ്ണില്‍ ഉടക്കും. നിലവിലുള്ള സണ്ണി തെല്ലു വലുപ്പവും കൊഴുപ്പുമുള്ള സൗന്ദര്യമാണെങ്കില്‍ പുതിയ മോഡല്‍ സീറോ ൈസസ് മോഡല്‍.

2020 Nissan Versa
Nissan Versa 2020 (Nissan Sunny)

ഏറ്റവും പുതിയ നിസ്സാന്‍ ഡിസൈന്‍ ഫിലോസഫിയാണ് പുതിയ സണ്ണി. ഒഴുക്കന്‍ രൂപത്തില്‍ കുറച്ച് മസ്‌കുലിന്‍ ഘടകങ്ങളും സി പില്ലറിലെ ക്രോമിയം സ്ട്രിപ്പും കാലികമായ നിസ്സാന്‍ ഗ്രില്ലും സണ്ണിയെന്ന െവഴ്‌സയ്ക്കും കിട്ടി. വലുപ്പത്തിനൊപ്പം ഒതുക്കവും ധ്വനിപ്പിക്കുന്ന രൂപം. ആധുനികം. സ്‌പോര്‍ട്ടി.

രൂപഗുണത്തിന് ഇണങ്ങുന്ന ഉള്‍വശം. അമേരിക്കയിലെ സണ്ണിയായ വെഴ്‌സയ്ക്ക് കറുപ്പ് ഉള്‍വശമാണ് ഇപ്പോഴും. ഇത് പുതിയ മോഡലിലും തുടരുന്നു. ഇന്ത്യയിലെത്തുമ്പോള്‍ മാറ്റം വന്നേക്കാം. ഏറ്റവും പുതിയ കിക്‌സിനും മറ്റും കറുപ്പ് ഉള്‍വശമാണല്ലോ. കിക്‌സിനെ അനുസ്മരിപ്പിക്കുന്ന സ്റ്റിച്ഡ് ലെതര്‍ ഡാഷ് ബോര്‍ഡ്, വലിയ ഇന്‍ഫര്‍മേഷന്‍ കണ്‍സോള്‍, പുതിയ രൂപകല്‍പനയിലുള്ള നിസ്സാന്‍ സ്റ്റീയറിങ് എന്നിവയുണ്ട്. വലിയ സീറ്റുകള്‍. പിന്നിലും എ സി വെന്റ്. വലിയ ഫാബ്രിക് സീറ്റുകള്‍.

2020 Nissan Versa
Nissan Versa 2020 (Nissan Sunny)

നിലവിലുള്ള സണ്ണിക്കൊപ്പം പിന്‍ സീറ്റ് ലെഗ് റൂമുണ്ടോ എന്നൊരു സംശയം. അളവുകള്‍ പരിശോധിക്കേണ്ടിവരും. കാഴ്ചയില്‍ തെല്ലു ലെഗ് റൂം കുറവുണ്ടെന്നു തോന്നുമെങ്കിലും കാാാര്‍ എന്ന സണ്ണി പരസ്യങ്ങള്‍ക്ക് പ്രസക്തി ഇല്ലാത്തവണ്ണം വലുപ്പക്കുറവില്ല. ഈ വിഭാഗത്തിലെ മറ്റു കാറുകളെ പിന്നിലാക്കും വിധം സ്ഥലസൗകര്യമുണ്ട്.

സി വി ടി ഓട്ടമാറ്റിക് ഗിയര്‍ ബോക്‌സ്. അമേരിക്കന്‍ പതിപ്പില്‍ 1.6 ലീറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ്. 122 എച്ച്പി കരുത്തും 155 എന്‍എം ടോര്‍ക്കും. 

ഇന്ത്യയില്‍ സണ്ണിയായി വെഴ്‌സ എന്ന് അവതരിക്കുെമന്ന് അറിയിപ്പു വരാനിരിക്കുന്നു. എന്തായാലും അധികം വൈകില്ല. ലോക വിപണികളില്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന സണ്ണി ഇറങ്ങുന്നതിനാല്‍ ഇക്കൊല്ലമോ അടുത്ത കൊല്ലമോ പുതിയ സണ്ണി വരും.

സണ്ണിയുടെ അവതാരങ്ങൾ

തുടക്കത്തിൽ നിസാന്റെ ബ‍ജറ്റ് ബ്രാൻഡായ ഡാറ്റ്സണ്ണിന്റെ ലേബലിലാണ് സണ്ണി പുറത്തിറങ്ങിയിരുന്നുത്. 1966 ലാണ് ചെറു കാറായ സണ്ണി ആദ്യമായി പുറത്തിറങ്ങുന്നത്.

ബി 10

sunny-b10
B10 (1966–1969)

ഡാറ്റ്സൺ സണ്ണി എന്ന പേരിൽ 1966 ലാണ് ജപ്പാനിൽ പുറത്തിറങ്ങുന്നത്. ഡാറ്റ്സൺ 1000 എന്ന പേരിലും അറിയപ്പെടുന്നു. രണ്ട് ഡോർ, സ്റ്റേഷൻ വാഗൺ ഫോർമാറ്റിൽ പുറത്തിറങ്ങിയിട്ടുണ്ട്. 1969ൽ ആദ്യ തലമുറ നിർമാണം അവസാനിപ്പിച്ചു.

ബി110

sunny-b110
B110 (1970–1973)

സബ്കോംപാക്റ്റ് ഗണത്തിൽ പെടുന്ന രണ്ടാം തലമുറ 1970 മുതൽ 1973 വരെ പുറത്തിറങ്ങി. ടൊയോട്ട കോറോളയെപ്പോലെ തന്നെ ജനപ്രീതിയുടെ കാര്യത്തിൽ മുന്നിലായിരുന്നു ഈ സണ്ണി. രണ്ട്, നാല് ഡോർ സെഡാൻ, മൂന്ന്, അഞ്ച് ഡോർ വാഗൺ, 2 ഡോർ കുപ്പേ എന്നി ബോഡി സ്റ്റൈലുകളിലും ഈ സണ്ണി വിപണിയിലെത്തി. ഡാറ്റ്സൺ 1200, ടാൻ ചോങ് (മലേഷ്യ), ഡാറ്റ്സൺ ഫിൻ (ഫിൻലാൻഡ്) തുടങ്ങിയ പേരുകളിലും ഈ മോഡൽ പുറത്തിറങ്ങിയിട്ടുണ്ട്.

ബി 210

sunny-b210
B210 (1973–1977)

നാലാം തലമുറ സണ്ണി പുറത്തിറങ്ങുന്നത് 1973 ലാണ്. ഡാറ്റ്സണ്ണിന്റെ ഏറ്റവും ജനപ്രീയ കാറുകളിലൊന്നായി മാറിയ ഈ മോഡലിന്റെ ഉത്പാദനം 1977 ൽ അവസാനിപ്പിച്ചു.  രണ്ട് ഡോർ ഹാച്ച്ബാക്ക്, രണ്ട്, നാല് ഡോർ സെഡാൻ, മൂന്ന്, അഞ്ച് ഡോർ വാഗൺ എന്നീ ബോഡി സ്റ്റൈലുകളിലും ഈ സണ്ണി വിപണിയിലെത്തി.  

ബി 310

sunny-b310
B310 (1977–1981)

ഡാറ്റ്സണ്ണിന്റെ ലേബലിൽ പുറത്തിറങ്ങുന്ന അവസാനത്തെ സണ്ണിയാണിത്. 1977 മുതൽ 1981 വരെയായിരുന്നു ഈ മോഡലിന്റെ കാലാവധി. 

ബി 11

sunny-b11
B11 (1981–1985)

നിസാന്റെ ലേബലിൽ പുറത്തിറങ്ങുന്ന ആദ്യ സണ്ണി. 1981 ടോക്കിയോ ഓട്ടോഷോയില്‍ വെച്ചാണ് പുറത്തിറക്കിയത്. നിസാൻ സെൻട്ര എന്ന പേരിലും അറിയപ്പെടുന്നു. 1985 ൽ നിർ‌മാണം അവസാനിപ്പിച്ചു.

ബി 12

sunny-b12
B12 (1985–1990)

നിസാൻ സണ്ണിയുടെ രണ്ടാം തലമുറ വിപണിയിലെത്തുന്നത് 1985ൽ. ടോക്കിയോ ഓട്ടോഷോയില്‍ വെച്ചാണ് പുറത്തിറക്കിയത്. നിസാൻ സെൻട്ര എന്ന പേരിലും അറിയപ്പെടുന്നു. 1990 ൽ നിർ‌മാണം അവസാനിപ്പിച്ചു.

ബി 13

sunny-b13
B13 (1990–1993)

1990 ൽ പുറത്തിറക്കിയ മോഡൽ. യുറോപ്പിലും അമേരിക്കയിലും അടക്കമുള്ള വിവിധ രാജ്യങ്ങളിൽ പല പേരുകളിലാണ് ഈ വാഹനം പുറത്തിറങ്ങിത്. 1993ൽ നിർമാണം അവസാനിപ്പിച്ചു.

‌ബി 14

sunny-b14
B14 (1993–1998)

1993ൽ പുറത്തിറങ്ങിയ ഈ മോഡലിൽ 1998 വരെ വിപണിയിലുണ്ടായിരുന്നു.

ബി 15

sunny-b15
B15 (1998–2006)

നിസാൻ സണ്ണിക്ക് വലിയൊരു ഇടവേള നൽകിയത് ഈ മോഡലായിരുന്നു. 1998 ൽ പുറത്തിറങ്ങിയ ഈ സണ്ണിയുടെ നിർമാണം 2006ൽ അവസാനിപ്പിച്ചു.

നിസാൻ സണ്ണി

nissan-sunny

തലമുറകൾ തമ്മിൽ 5 വർഷത്തെ ഇടവേളയുണ്ടെങ്കിലും വേറെ പേരുകളിൽ‌ സണ്ണിയോട് സാമ്യമുള്ള വാഹനങ്ങൾ അമേരിക്കയിൽ അടക്കം നിസാൻ പുറത്തിറക്കിയിട്ടുണ്ട്. നാം ഇപ്പോൾ വിപണിയിൽ കാണുന്ന സണ്ണി പുറത്തിറങ്ങിയത് 2011 ലാണ്. അടുത്ത വർഷം പുതുതലമുറ സണ്ണി ഈ മോഡലിന് പകരക്കാരനാകുമെന്നാണ് പ്രതീക്ഷിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA