ADVERTISEMENT

മികച്ച ആയുധങ്ങള്‍ക്കും പോര്‍വിമാനങ്ങള്‍ക്കും വേണ്ടി ലോകരാജ്യങ്ങള്‍ തന്നെ മത്സരിക്കുന്ന സാഹചര്യമാണ് ഇന്ന്. അങ്ങനെയിരിക്കെ ലോകത്തെ ഏറ്റവും മികച്ച പോര്‍വിമാനങ്ങളെ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്താണ് ഒരു യുദ്ധവിമാനത്തെ ഏറ്റവും മികച്ചതാക്കുന്നത്?. എന്തെല്ലാം ഘടകങ്ങളാണ് യുദ്ധവിമാനങ്ങളെ വിലയിരുത്തുമ്പോള്‍ കണക്കിലെടുക്കേണ്ടത്?. ആയുധവാഹക ശേഷി, വേഗം, സാങ്കേതികവിദ്യ, ഇന്ധനശേഷി, റഡാറില്‍ നിന്നു രക്ഷപ്പെടാനുള്ള കഴിവ് തുടങ്ങി പല ഘടകങ്ങള്‍ യുദ്ധവിമാനങ്ങളെ തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍ പരിഗണിക്കേണ്ടതുണ്ട്. ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്താല്‍ നിലവില്‍ ഉപയോഗത്തിലുള്ള യുദ്ധവിമാനങ്ങളില്‍ ഏറ്റവും മികച്ചതെന്ന് വിലയിരുത്താന്‍ കഴിയുന്ന 10 വിമാനങ്ങള്‍ ഇവയാണ്.

f-22-raptor

റാപ്റ്റര്‍ 22

ലോക്ക്ഹീഡ് മാര്‍ട്ടിന്‍ റാപ്റ്റര്‍ 22 ആണ് ലോകത്തെ ഏറ്റവും മികച്ച യുദ്ധവിമാനമായി കണക്കാക്കാന്‍ സാധിക്കുന്നത്. ഇതിന് പല കാരണങ്ങളുണ്ട്. ഇവയില്‍ ആദ്യത്തേതാണ് ഏതാണ്ട് പൂര്‍ണമായും അദൃശ്യമായി സഞ്ചരിക്കാനുള്ള ഇവയുടെ കഴിവ്. ലോകത്തെ ഒട്ടു മിക്ക റഡാറുകള്‍ക്കും റാപ്റ്റര്‍ 22 ന്‍റെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയാറില്ല. ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ വച്ച് ഏറ്റവും ആധുനികവും ചിലവേറിയതുമായ പോര്‍വിമാനമായാണ് റാപ്റ്റര്‍ 22 നെ കണക്കാക്കുന്നത്.

2002 ലാണ് ഇവ അമേരിക്കന്‍ സേനയുടെ ഭാഗമാകുന്നത്. ആയുധശേഖരം കൊണ്ടും കൃത്യതകൊണ്ടും ആയുധം തൊടുക്കാന്‍ കഴിയുന്ന ദൂരം കൊണ്ടും എല്ലാം ലോകത്ത് ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ വച്ച് ഏറ്റവും മികച്ച വിമാനമായാണ് റാപ്റ്റര്‍ 22 നെ കണക്കാക്കുന്നത്. 1980 കളില്‍ എഫ് 15 ന് പകരം ഒരു വിമാനം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച നിര്‍മാണമാണ് റാപ്റ്റര്‍ 22 ല്‍ എത്തി നിന്നത്. റാപ്റ്റര്‍ 22 ആണ് ഒടുവില്‍ ഈ പ്രതിസന്ധിയ്ക്ക് പരിഹാരം ഉണ്ടാക്കിയത്. നിര്‍മാണം പൂര്‍ത്തിയായി 2 പതിറ്റാണ്ടോളം പിന്നിട്ടിട്ടും ഇതുവരെ റാപ്റ്റര്‍ 22 നെ വെല്ലാന്‍ ലോകത്തെ മറ്റൊരു രാജ്യത്തിന്‍റെയും പോര്‍വിമാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.

BF-17, WDA-301, Flt 215, Major Douglas 'Rosie' Rosenstock,  AIM-120 Live Fire, STA 8, CF-8, FLT 193, David 'Doc' Nelson, Wingman, STR, 23 July 2016

ലോക്ക്ഹീഡ് മാര്‍ടിന്‍ എഫ് 35

ലോകത്തെ ഏറ്റവും വലിയ സൈനികശക്തിയാണ് അമേരിക്ക. അതുകൊണ്ട് തന്നെ യുദ്ധവിമാനങ്ങളുടെ കാര്യത്തിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ വിട്ട് കൊടുക്കാന്‍ ഈ രാജ്യം ഒരുക്കമല്ല. ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ പോര്‍വിമാനമായി കണക്കാക്കുന്നത് ലോക്ഹീഡ് മാര്‍ടിന്‍ എഫ് 35 ആണ്. എഫ് 35ന് ഒരു എന്‍ജിന്‍ മാത്രമേ ഉള്ളൂ. വെർട്ടിക്കിൾ ടേക്ക്ഓഫാണ് ഇതിന്റെ മുഖ്യ പ്രത്യേകത.

2015ല്‍ അമേരിക്കന്‍ സൈന്യത്തിന്‍റെ ഭാഗമായതാണ് ലോക്ക്ഹീഡ് മാര്‍ടിന്‍ എഫ് 35. സിറിയന്‍ യുദ്ധത്തില്‍ ഇവ ഉപയോഗിച്ചിരുന്നു. അമേരിക്കയെ കൂടാതെ ഇസ്രായേലും ജപ്പാനും ഈ വിമാനം ഉപയോഗിക്കുന്നുണ്ട്. ഇസ്രായലിന്‍റെ പക്കലുള്ള എഫ് 35 സിറിയയിലെ റഷ്യന്‍ സൈനിക ബേസുകള്‍ക്ക് സമീപത്തുള്ള ലക്ഷ്യങ്ങള്‍ വരെ ഫലപ്രദമായി ഭേദിച്ചിരുന്നു. എന്നാല്‍ ഈ ആക്രമണങ്ങള്‍ റഷ്യയുടെ ഏറ്റവും മികച്ച വിമാനങ്ങള്‍ക്കോ റഡാറുകള്‍ക്കോ മുന്‍കൂട്ടി അറിയാനായില്ല. ഇതുതന്നെയാണ് എഫ് 35 ന്‍റെ ഏറ്റവും വലിയ വിജയമായി കണക്കാക്കുന്നതും.

su-57

സുഖോയ് എസ്‌യു 57

റഷ്യന്‍ നിര്‍മ്മിത പോര്‍വിമാനങ്ങളില്‍ ഒന്നാമനാണ് എസ്‌യു 57 സുഖോയ് വിമാനങ്ങള്‍. 2018 ലാണ് ഇവ റഷ്യന്‍ വ്യോമസേനയുടെ ഭാഗമായത്. 2018 ല്‍ തന്നെ ഇവ സിറിയന്‍ യുദ്ധത്തില്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. ഈ പരീക്ഷണം വിജയമായതോടെ ഇപ്പോള്‍ നിര്‍മിച്ച 12 സുഖോയ് 57 കള്‍ക്ക് പുറമേ കൂടുതല്‍ നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് റഷ്യ. 

സുഖോയ് 35 സജീവമായി രംഗത്തുണ്ടെങ്കിലും സുഖോയ് 27, മിഗ് 29 തുടങ്ങിയ വിമാനങ്ങള്‍ കാലഹരണപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ സാങ്കേതിക വിദ്യകളും ആയുധവാഹക ശേഷിയും കൂടുതൽ വേഗതയുള്ള ഒരു വിമാനത്തിന്‍റെ നിര്‍മാണത്തിലേക്ക് റഷ്യ കടന്നത്. 200 സുഖോയ് 57 വിമാനങ്ങള്‍ കൂടി നിര്‍മിക്കാനാണ് റഷ്യ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അഞ്ചാം തലമുറ യുദ്ധവിമാനങ്ങളില്‍പെട്ടതാണ് എസ് യു 57.ആന്‍റി റേഡിയേഷന്‍ മിസൈലും, ഗൈഡഡ് ബോംബുകളും ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഈ വിമാനങ്ങള്‍ക്ക് വഹിക്കാനാകും. മറ്റ് വിമാനങ്ങളിലുള്ള എയര്‍ ടു എയര്‍, എയര്‍ ടു സര്‍ഫേസ് മിസൈലുള്‍ക്ക് പുറമെയാണിത്. 7500 കിലോ വരെ ഭാരം ചുമക്കാന്‍ കഴിയുന്ന ഈ വിമാനങ്ങള്‍ക്ക് അതുകൊണ്ട് തന്നെ വലിയ തോതിലുള്ള ആയുധശേഖരം വഹിക്കാനാകും.

chengdu-j-20

ചൈനയുടെ ചെങ്ഡു ജെ- 20

ലോകത്തെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങളിൽപെടുന്ന ഏക ഏഷ്യന്‍രാജ്യത്തിന്‍റെ വിമാനമാണ് ചെങ്ഡു ജെ- 20. അതും സമീപകാലത്ത് മാത്രം നിര്‍മിക്കപ്പെട്ട വിമാനമാണ് ചെങ്ഡു. ആയുധശേഖരണത്തിനുള്ള മത്സരത്തില്‍ പിന്നോട്ട് പോകാതാരിക്കാന്‍ ചൈന വര്‍ഷങ്ങളായി നടത്തിയ ഗവേഷണങ്ങളുടെയും പരിശ്രമത്തിന്‍റെയും ഫലം. പ്രയത്നങ്ങള്‍ വെറുതെ ആയില്ലെന്ന് തന്നെയാണ് ചെങ്ഡുവിന്‍റെ പ്രകടനങ്ങള്‍ തെളിയിക്കുന്നത്. റഷ്യയുടെയും അമേരിക്കയും അഞ്ചാം തലമുറ യുദ്ധ വിമാനങ്ങളോട് കിടപിടിയ്ക്കും ചെങ്ഡു വിമാനങ്ങള്‍.

2015ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഈ വിമാനങ്ങള്‍ 2016 ലാണ് ചൈനീസ് വ്യോമസേനയുടെ ഭാഗമായത്. വിമാനനിര്‍മ്മണത്തിന്‍റെ കാര്യങ്ങള്‍ ചൈന പരസ്യമാക്കിയെങ്കിലും വിമാനത്തിന്‍റെ സാങ്കേതിക വശത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ രാജ്യം രഹസ്യമാക്കി സൂക്ഷിച്ചിരിക്കുകയാണ്. പക്ഷേ പരീക്ഷണ പറക്കലുകളില്‍ ലോകത്തെ ഏതു മുന്തിയ യുദ്ധവിമാനത്തോടും കിടപിടിക്കുന്നവയാണ് ചെങ്ഡു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എയര്‍ ടു എയര്‍, എയര്‍ ടു സര്‍ഫേസ് മിസൈലുകളെ കൂടാതെ യന്ത്രതോക്കുകളും ഈ വിമാനത്തിന്‍റെ ഭാഗമാണ്.

fa-18-super-hornet

യുഎസ് എഫ് 18 സൂപ്പര്‍ ഹോര്‍നെറ്റ് 

അമേരിക്കന്‍ പോര്‍വിമാനശേഖരത്തിലെ കരുത്തരില്‍ ഒന്ന്. യുഎസ് നേവിയുടെ ഭാഗമായാണ് സൂപ്പര്‍ ഹോര്‍നെറ്റ് വിമാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ആകാശത്തിലുള്ള ലക്ഷ്യങ്ങളെ തകര്‍ക്കുന്ന കാര്യത്തില്‍ മിടുക്കനാണ് ഈ സൂപ്പര്‍ ഫൈറ്റര്‍ വിമാനങ്ങള്‍ക്കുള്ളത്. അമേരിക്കന്‍ നേവിയുടെ ഭാഗമായുള്ള വിമാനങ്ങളിലെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നതും സൂപ്പര്‍ ഹോര്‍നെറ്റ് വിമാനങ്ങളാണ്. അമേരിക്കയെ കൂടാതെ ഓസ്ട്രേലിയ ആണ് സൂപ്പര്‍ ഹോര്‍നെറ്റ് വിമാനങ്ങള്‍ ഉപയോഗിക്കുന്ന മറ്റൊരു രാജ്യം. 

പറക്കല്‍വേഗത്തിന്‍റെ കാര്യത്തിലും, നിറയ്ക്കാവുന്ന ഇന്ധനത്തിന്‍റെ കാര്യത്തിലും മറ്റൊരു രാജ്യത്തിന്‍റെ വിമാനവും സൂപ്പര്‍ ഹോര്‍നെറ്റിനെ കവച്ച് വയ്ക്കില്ല. മിസൈലുകള്‍ കൂടുതല്‍ നിറയ്ക്കാവുന്ന രീതിയിലാണ് ഇതിന്‍റെ ആയുധ ശേഷി രൂപകല്പന ചെയ്തിതിരിക്കുന്നത്. കൂടാതെ റഡാറുകളുടെ സിഗ്നലുകളില്‍ പെടാത്ത വിധത്തിലാണ് വിമാനത്തിന്‍റെ ബോഡിയുടെ നിര്‍മ്മാണവും.

eurofighter-typhoon

യൂറോപ്യന്‍ യൂണിയന്‍റെ ടൈഫൂണ്‍

ഒറ്റയ്ക്കു മത്സരിച്ചാല്‍ ആയുധമേഖലയില്‍ അമേരിക്കയോടും റഷ്യയോടും പിടിച്ച് നില്‍ക്കാനാകില്ലെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ മനസ്സിലാക്കിയപ്പോഴാണ് യൂറോ ഫൈറ്റര്‍ എന്ന കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്. ബ്രിട്ടണ്‍, ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍ എന്നിവരായിരുന്നു ഈ കൂട്ടായ്മയ്ക്ക് പിന്നില്‍. ഈ കൂട്ടായ്മ ഫലം കണ്ടും എന്നതിന് തെളിവാണ് ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍. അമേരിക്കന്‍ എഫ് 22 റാപ്റ്റര്‍ വിമാനങ്ങളോട് കിടപിടിയ്ക്കുന്ന ടൈഫൂണുകള്‍ പ്രകടനത്തിന്‍റെ കാര്യത്തില്‍ റഫാലിനെയും, സുഖോയിയേയും എല്ലാം കവച്ച് വയ്ക്കും. ഇന്ന് യൂറോപ്യന്‍ പ്രതിരോധ മേഖലയിലെ വ്യോമശക്തിയുടെ നാഴിക കല്ലായാണ് ടൈഫൂണ്‍ പോര്‍ വിമാനങ്ങളെ കണക്കാക്കുന്നത്.

rafale

റഫാല്‍ 

ഫ്രാന്‍സ് നിര്‍മിത അത്യാധുനിക പോര്‍വിമാനമായ റാഫേല്‍ ഇന്ത്യയില്‍ സൃഷ്ടിക്കുന്ന രാഷ്ട്രീയ വിവാദങ്ങള്‍ ചെറുതൊന്നുമല്ല. ഒരു വിമാനത്തിന് ഏതാണ്ട് 217 ദശലക്ഷം യൂറോയ്ക്കാണ് ഫ്രാന്‍സ് ഈ വിമാനം ഇന്ത്യയ്ക്ക് വില്‍ക്കാന്‍ തയാറായിരിക്കുന്നത്. ഇത്രയധികം വില കൊടുത്ത് വാങ്ങാന്‍ എന്താകും ഈ വിമാനത്തിന്‍റെ പ്രത്യേകതയെന്ന് നോക്കാം.

അമേരിക്കയുടെ എഫ് 16 വിമാനങ്ങളോട് കിടപിടിയ്ക്കുന്നവയാണ് റാഫേല്‍ വിമാനങ്ങള്‍. ആയുധശേഖരത്തിന്‍റെ കാര്യത്തിലും വേഗത്തിലും എല്ലാം മുന്‍പന്തിയില്‍. ഒരേസമയം 40 ലക്ഷ്യങ്ങള്‍ ഉന്നം വയ്ക്കാനും നാലെണ്ണം ഒരേസമയം ആക്രമിക്കാനും കഴിയുന്നവയാണ് ഈ വിമാനങ്ങള്‍. കൂടാതെ റഡാറുകളെ ഏറ്റവും സുരക്ഷിതമായ രീതിയില്‍ ഒഴിവാക്കാന്‍ കഴിയുന്ന വിധത്തിലാണ് ഇവ രൂപകൽപന ചെയ്തിരിയ്ക്കുന്നത്.

su-35

സുഖോയി എസ്‌യു 35

യുദ്ധവിമാനങ്ങളുടെ കാര്യമടുത്താല്‍ റഷ്യയും അമേരിക്കയും കഴിഞ്ഞ് മറ്റേതു രാജ്യവും കടന്നു വരാറുള്ളൂ. അതുകൊണ്ട് തന്നെ ലോകത്തെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്ത് വീണ്ടും റഷ്യയില്‍നിന്നുള്ള ഒരു വിമാനമാണ്. ഇന്ത്യക്കാരായ നമുക്ക് ഏറെ പരിചയമുള്ള ഒരു വിമാനമാകും ഇത്. ഇന്ത്യന്‍ വ്യോമസേനയുടെ കൂടി ഭാഗമായ സുഖോയ് വിമാനങ്ങള്‍. പക്ഷേ 35 എന്ന ശ്രേണിയില്‍പെട്ടവയല്ല. സുഖോയുടെ തന്നെ 27, 30 എന്നീ ശ്രേണികളില്‍ പെട്ടവയാണ് ഇന്ത്യയുടെ വ്യോമസേനയ്ക്ക് ഉള്ളത്.

35 ശ്രേണിയില്‍ പെട്ട സുഖോയ് വിമാനങ്ങള്‍ റഷ്യ നിര്‍മാണം പൂര്‍ത്തിയാക്കി വ്യോമസേനയുടെ ഭാഗമാക്കുന്നത് 2012 ലാണ്. യുദ്ധവിമാനങ്ങളിലെ തന്നെ ഏറ്റവും ആധുനികമായ നാലാം തലമുറയില്‍ പെട്ടവയാണ് സുഖോയ് 35. അതേസമയം നാലാം തലമുറയില്‍ പെട്ട ഭൂരിഭാഗം വിമാനങ്ങള്‍ക്കും വലിയ വെല്ലുവിളി ഉയര്‍ത്തുന്ന വിമാനം കൂടിയാണ് സുഖോയ് 35. 8000 കിലോ വരെ ഭാരം ചുമക്കാന്‍ കഴിയുന്ന ഈ വിമാനങ്ങള്‍ എയര്‍ ടു എയര്‍ യുദ്ധത്തില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവയാണ്.

f15

F-15 ഈഗിള്‍

അമേരിക്കയുടെ എഫ് 15 വിമാനങ്ങള്‍ പോര്‍വിമാനങ്ങള്‍ക്കിടയിലെ ചെകുത്താന്‍മാരാണ്. 30 വര്‍ഷമാണ് അമേരിക്കന്‍ വ്യോമസേനയുടെ ഭാഗമാണ് മഗ്ഡൊണാല്‍ ഡഗ്ലസ് എഫ്. 15 എന്ന ഈ വിമാനങ്ങള്‍. ഇന്നാള്‍ വരെ ഈ വിമാനത്തിന്‍റേതായി ഇറങ്ങിയ എല്ലാ വകഭേദങ്ങളും ശത്രുക്കള്‍ക്ക് പേടിസ്വപ്നമായി മാറിയിട്ടുമുണ്ട്. ചരിത്രമെടുത്താല്‍ ശീതയുദ്ധകാലത്ത് ഏറ്റവുമധികം നാശം വിതച്ച പോര്‍വിമാനമായി കണക്കാക്കുന്നതും ഈ എഫ്-15 വിമാനങ്ങളെയാണ്.

അമേരിക്ക മാത്രമല്ല ഇസ്രയേല്‍, ജപ്പാന്‍, സൗദിഅറേബ്യേ തുടങ്ങിയ രാജ്യങ്ങളും അമേരിക്കയുടെ ഈ പോര്‍വിമാനം ഉപയോഗിക്കുന്നവരാണ്. എയര്‍ ടു എയര്‍ മിസൈലുകള്‍ ഉള്‍പ്പടെയുള്ള ആയുധ ശേഖരവും ഉന്നത സാങ്കേതിക വിദ്യയും ശത്രുക്കളുടെ ആകാശ അതിര്‍ത്തിയില്‍ പോലും റഡാറുകള്‍ക്ക് പിടി കൊടുക്കാതെ സഞ്ചരിക്കാനുള്ള ശേഷിയും ഇവയ്ക്ക് കൂടുതല്‍ കരുത്ത് നല്‍കുന്നു. നിലവില്‍ 2025 വരെ ഇവ വ്യോമസേനയുടെ ഭാഗമാക്കി നിലനിര്‍ത്താണ് അമേരിക്കയുടെ ധാരണ.

mig-31

മികയോന്‍ മിഗ് 31

പോര്‍വിമാനങ്ങളുടെ പട്ടികയിലേയ്ക്കുള്ള റഷ്യയുടെ എക്കാലത്തെയും മികച്ച സംഭാവനകളില്‍ ഒന്നാണ് മിഗ് വിമാനങ്ങള്‍. ഇവയില്‍ തന്നെ മിഗ് 31 റഷ്യന്‍ വ്യമസേനയുടെ നട്ടെല്ലാണ്.  മിഗ് 31 ന്‍റെ BM എന്ന ശ്രേണിയില്‍പെട്ട വിമാനമാണ് ലോകത്തെ ഏറ്റവും മികച്ച പോര്‍വിമാനങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനത്തുള്ളത്. 2010 ല്‍ ആദ്യം നിര്‍മിച്ച ഈ വിമാനത്തിന്‍റെ ആകെ 110 പതിപ്പുകള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഉപയോഗത്തിലുണ്ടായുന്ന മിഗ് വിമാനങ്ങളില്‍ തന്നെ മാറ്റങ്ങള്‍ വരുത്തിയാണ് ഭൂരിഭാഗം മിഗ് 31 BM വിമാനങ്ങളും തയാറാക്കിയത്.

മണിക്കൂറില്‍ 3000 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന മിഗ് 31BM വിമാനങ്ങള്‍ ലോകത്തെ ഏറ്റവും വേഗമേറിയ പോര്‍വിമാനങ്ങളില്‍ ഒന്നാണ്. വേഗത മാത്രമല്ല ഉയര്‍ന്ന ആള്‍ട്ടിട്യൂഡില്‍ സഞ്ചരിക്കാനുള്ള കഴിവും, ആയുധങ്ങള്‍ ദൂരേയ്ക്ക് വിക്ഷേപിക്കാനുള്ള സാങ്കേതിക വിദ്യയും, ആക്രമണത്തിലെ കൃത്യതയും എല്ലാമാണ് മിഗ് 31BM വിമാനങ്ങളെ ലോകത്തെ ഏറ്റവും മികച്ച പോര്‍വിമാനങ്ങളില്‍ ഒന്നാക്കി മാറ്റുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com