ADVERTISEMENT
truck-in-iran-1
മത്ഥിയാസും ജൊഹാനയും ഇറാനിൽ

പ്രാണനെപ്പോലെ സ്നേഹിക്കുന്ന ബ്രൂണോയെ വിമാനത്തിൽ കയറ്റാൻ പറ്റില്ലെന്നു ചില വിമാനക്കമ്പനികൾ കട്ടായം പറഞ്ഞതോടെയാണ് ഉള്ളതെല്ലാം വിറ്റ് ഒരു ട്രക്കിൽ ജൊഹാനയും ഭർത്താവ് മത്ഥിയാസും ലോകയാത്ര തുടങ്ങിയത്. കഴിഞ്ഞ ഓഗസ്റ്റിൽ തുടങ്ങിയ യാത്ര കുമരകത്തെത്തിയത് ഫെബ്രുവരി 10 ന്. 

ബ്രൂണോ ഡാർലിങ്

truck-in-mongolia
മത്ഥിയാസും ജൊഹാനയും മംഗോളിയയിൽ

ബ്രൂണോ; ഇംഗ്ലിഷുകാരനായ നായയാണ്. മൂക്കിനാണു ഭംഗി. ഒൻപതു മാസം മുൻപു ജർമൻ സ്വദേശികളായ ജൊഹാന നീഡറിനും മത്ഥിയാസ് ഡോഫ്ലറിനുമൊപ്പം കൂടിയതാണ്. ഇരുവരുടെയും ഇഷ്ടതോഴൻ. ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ കമ്പനി നടത്തുകയായിരുന്നു മത്ഥിയാസ് മ്യൂണിക്കിൽ. ഇലക്ട്രോണിക് എൻജിനീയറാണ് ജൊഹാന. യാത്ര തുടങ്ങുന്നതിനും ഒരു വർഷം മുൻപു മനസ്സിൽ രൂപപ്പെട്ട ആശയമായിരുന്നു ലോകസഞ്ചാരം. വിമാനത്തിൽ നായയെ കൂടെക്കൂട്ടാനാകില്ലെന്നതും യാത്രകളുടെ അനുഭവം വിമാനത്തിൽ കയറിയാൽ ഉണ്ടാകില്ലെന്നതും ഇരുവരെയും മറ്റൊരു ചിന്തയിലേക്കു നയിച്ചു. ഒരു ട്രക്കിൽ ലോകം കറങ്ങാം. 

ഇവ്കോ ആസ്ട്ര എന്ന പുലിക്കുട്ടി

truck-in-tibet
മത്ഥിയാസും ജൊഹാനയും ടിബറ്റിൽ

2017 മോഡൽ ഇറ്റാലിയൻ നിർമിത ഇവ്കോ ആസ്ട്ര എച്ച്ഡി 8 ട്രക്ക് വാങ്ങി കാരവനാക്കി. കുളിമുറി, അടുക്കള, കിടപ്പുമുറി അങ്ങനെ സർവതും അതിനുള്ളിലുണ്ട്. പോരെങ്കിൽ ലോക്കൽ ഓട്ടമോടാൻ ചെറിയ ബാറ്ററി കാറും. ശബ്ദം വെളിച്ചം എന്നിവയ്ക്കു സോളർ പാനൽ ട്രക്കിനു മുകളിൽ ഘടിപ്പിച്ചു. ഓഗസ്റ്റിൽ യൂറോപ്പു കടന്ന് തുർക്കി– ഇറാൻ – ഉസ്ബക്കിസ്ഥാൻ – താജികിസ്ഥാൻ, കിർഗിസ്ഥാൻ, കസക്കിസ്ഥാൻ, സൈബീരിയ, മംഗോളിയ, ചൈന, തിബറ്റ്, നേപ്പാൾ വഴി ഇന്ത്യയിലെത്തി. വാരാണസി, ഡൽഹി ഉൾപ്പെടെ കറങ്ങി. തുടർന്ന് ഇരുവരും നേരെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്. അൽപനാൾ ഇവിടെ ചെലവഴിച്ച ശേഷം ഗോവ, രാജസ്ഥാൻ വഴി പാക്കിസ്ഥാൻ – ഇറാൻ വഴി യൂറോപ്പു കടന്ന് ജർമനിയിൽ തിരികെയെത്താനാണു പദ്ധതി. കസക്കിസ്ഥാൻ, മംഗോളിയ ഉൾപ്പെടെയുള്ള നാടുകളിൽ നല്ല റോഡില്ല പകരം എല്ലാം ഓഫ് റോഡ് ഡ്രൈവാണ്. ഇതു മുൻകൂട്ടിക്കണ്ടാണ് യാത്ര ട്രക്കിലാക്കിയതെന്ന് മത്ഥിയാസ് പറയുന്നു. ആ നീക്കം പാളിയില്ല; യാത്ര സുഗമമായി. യാത്രയെക്കുറിച്ച് ജൊഹാന ബ്ലോഗിൽ എഴുതുന്നുമുണ്ട്. 

കാശൊന്നും നോക്കിയില്ല

truck-in-china
മത്ഥിയാസും ജൊഹാനയും ചൈനയിൽ

ആകെ യാത്രയുടെ നീളം ഏതാണ്ട് 55,000 കിലോമീറ്ററാണെന്ന് മത്ഥിയാസിന്റെ കണക്കുകൂട്ടൽ. യാത്രയ്ക്കായി മാത്രം 30,000 യൂറോയിൽ അധികം വേണം. ഇന്ത്യൻ കണക്കിൽ 25 ലക്ഷത്തോളം രൂപ. ഇന്ധനത്തിനാണ് ഏറ്റവും കൂടുതൽ പണം ചെലവാക്കേണ്ടി വന്നത്. 50 ലീറ്റർ ഡീസലിൽ 100 കിലോമീറ്റർ കടക്കാം. ഇതുവരെ യാത്ര ചെയ്തതിൽ കൂടുതൽ ഇഷ്ടമായതു കേരളം തന്നെയാണെന്ന് ഇരുവരുടെയും സാക്ഷ്യപ്പെടുത്തൽ. ജർമനിയിലുള്ള ഇവരുടെ പാലാക്കാരനായ സുഹൃത്ത് മൈക്കിൾ കൂട്ടുങ്കലാണു കേരളത്തെ രുചിയിലൂടെ ഇവരെ പരിചയപ്പെടുത്തിയത്. ഇതോടെ സ്പൈസി ഭക്ഷണത്തിന്റെ ഇഷ്ടക്കാരനായി മത്ഥിയാസ്. സഞ്ചരിച്ച നാടുകളിൽ ബുദ്ധിമുട്ടേറിയത് ചൈനയായിരുന്നെന്ന് ഇവർ പറയുന്നു. നിയന്ത്രണങ്ങൾ ഏറെയുണ്ട്. ഇതിനൊപ്പം ഇറാനിലെത്തിയപ്പോൾ നായയെ വീടിനു പുറത്തിറക്കിയാൽ ശിക്ഷയുണ്ടാകുമെന്നു മുന്നറിയിപ്പും കിട്ടി ഇവർക്ക്. കുറ്റം ചെയ്താൽ ഉള്ളംകാലിൽ 20 ചൂടൻ അടിയാണു ശിക്ഷ. ഫെയ്സ്ബുക് കൂട്ടായ്മയിലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സുഹൃത്തുക്കൾ വഴിയാണ് ഇവരുടെ യാത്രകൾ. ഇനി തിരികെച്ചെന്നാൽ എന്താണു പരിപാടിയെന്നു ചോദിച്ചാൽ ഇരുവരും ചിരിക്കും.. ‘ വീട്ടിലെത്തി ഒന്നു വിശ്രമിക്കണം.. പിന്നെ അടുത്ത യാത്രയ്ക്കിറങ്ങും. എന്തായാലും കേരളത്തിൽ വീണ്ടും വരും ഉറപ്പ്... !!’  

മത്ഥിയാസ് – ജൊഹാന ടിപ്സ്

∙ യാത്രകൾ പ്ലാൻ ചെയ്യുന്നത് നല്ലതാണ്.. പക്ഷേ, സാഹചര്യത്തിനൊപ്പം പ്ലാനുകൾ മാറ്റാനും പഠിക്കണം

∙ പോകുന്ന സ്ഥലത്തെക്കുറിച്ചും റോഡ് സാഹചര്യങ്ങളെക്കുറിച്ചും പരമാവധി വിവരങ്ങൾ ശേഖരിക്കണം

∙ ഇന്റർനെറ്റിനെ മാത്രം ആശ്രയിക്കാതെ യാത്രാസംഘങ്ങളെയും ബന്ധപ്പെടണം

∙ ഫെയ്സ്ബുക്കിൽ ഒട്ടേറെ കൂട്ടായ്മകളുണ്ട് അവരുടെ സഹായം തേടാം

∙ ചില രാജ്യങ്ങളുടെ നിയമങ്ങൾ കർശനമാണ്. അതു മുൻകൂട്ടി മനസ്സിലാക്കണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com