ADVERTISEMENT

ഓരോ പ്രയാണവും ഓരോ അനുഭവമാണ്. യാത്ര മനസ്സിൽ ഊർജം നിറച്ച്, നമ്മുടെ സ്വഭാവത്തെ അടിമുടി മാറ്റുമെന്നു സാക്ഷ്യപ്പെടുത്തുകയാണ് യുവ കലക്ടർ രേണുരാജ്. വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഈ ഐഎഎസ് ഉദ്യോഗസ്ഥ ഇടുക്കി ജില്ലയിലെ ആദ്യ വനിതാ സബ്–കലക്ടർ കൂടിയാണ്. നമുക്ക് എന്താണോ ഇഷ്ടം അത് ചെയ്യുക. അത് മനസ്സിന് ഊർജം നൽകും. രേണുവിന്റെ ആ ഇഷ്ടങ്ങളിലൊന്നാണ് യാത്രകൾ...

നൃത്തം പോലെ ഡ്രൈവിങ്

വാഹനങ്ങളോട് അടുത്ത ബന്ധമില്ലെങ്കിലും ശ്രദ്ധിക്കാറുണ്ട്. എന്നാൽ സാങ്കേതികമായ കാര്യങ്ങൾ അറിയില്ല. വീട്ടിലെ കാർ മാരുതി എ–സ്റ്റാർ ആണ്. നേരത്തേ അതോടിക്കുമായിരുന്നു. ഇപ്പോൾ ഡ്രൈവ് ചെയ്യാറില്ല. ഇടയ്ക്കു ഗ്യാപ് വന്നതു കാരണം. പിന്നെ സിവിൽ സർവീസ് തിരക്കുകളുമായപ്പോൾ ഡ്രൈവിങ് തീരെ ഇല്ലാതായി. കോട്ടയം മെഡിക്കൽ കോളജിൽ എംബിബിഎസിനു പഠിക്കുമ്പോഴാണ് ഡ്രൈവിങ് പഠിച്ചത്. അന്നും ടൂവീലർ ഓടിക്കാറില്ല. അക്കാലത്തൊക്കെ മാരുതി എ–സ്റ്റാറുമായി ചെറുയാത്രകൾ നടത്തുമായിരുന്നു. എ സ്റ്റാറിൽ കൂട്ടുകാരുമായിട്ടും കുടുംബവുമൊന്നിച്ചും ഒട്ടേറെ യാത്രകൾ ചെയ്തിട്ടുണ്ട്. നൃത്തം പോലൊരു കലയാണ് ഡ്രൈവിങ്ങും. വളരെ ഫോക്കസ് വേണ്ട ആക്ടിവിറ്റിയാണ് ഡ്രൈവിങ്. ഡ്രൈവ് ചെയ്യുമ്പോൾ ശരീരവും മനസ്സും ഒരുപോലെ ഫോക്കസ് വേണം. നൃത്തം പോലെ കണ്ണും കയ്യും കാലും തലയുമൊക്കെ ഒരേസമയം പ്രവർത്തിക്കണം. എന്റെ അഭിപ്രായത്തിൽ എല്ലാവരും ഡ്രൈവിങ് പഠിച്ചിരിക്കണം. 

നമ്മുടെ ഒരാവശ്യത്തിനു വേണ്ടി മറ്റുള്ളവരുടെ സഹായത്തിനായി കാത്തിരിക്കേണ്ടല്ലോ. 

സർവീസിൽ ഡസ്റ്റർ 

സിവിൽ സർവീസിലെത്തിയപ്പോൾ ഡസ്റ്ററിലേക്കു കൂടുമാറി. ദേവികുളം സബ് കലക്ടറുടെ ഔദ്യോഗിക വാഹനമാണ് ഡസ്റ്റർ. ഏകദേശം രണ്ടു വർഷത്തോളമായി ഇതുപയോഗിക്കുന്നു. മലയോര പ്രദേശമായതിനാൽ കുന്നും മലയുമൊക്കെ താണ്ടാൻ പറ്റുന്ന കാർ വേണം. ഡസ്റ്റർ അതിനു യോജിച്ച വാഹനമാണ്.

ഇവിടത്തെ പ്രത്യേക ഭൂപ്രകൃതിയിൽ നല്ല ഗ്രൗണ്ട് ക്ലിയറൻസ് ഉള്ള എസ്‌യുവി തന്നെ വേണം. ഇതെല്ലാം ഇണങ്ങിയതാണ് ഡസ്റ്റർ. ലോങ് യാത്രകളാണു കൂടുതൽ. ഡസ്റ്റർ ഇതുവരെ മടുപ്പിച്ചിട്ടില്ല. ബാക്ക് സീറ്റ് കംഫർട്ടബിളാണ്.

പ്രണയമാണ് യാത്രകളോട് 

സഞ്ചാരിയുടെ തോഴിയാണ് രേണു രാജ്. കൊച്ചുയാത്ര പോലും തന്റെ മൂഡ് മാറ്റും. അത്രയേറെ യാത്രയെ പ്രണയിക്കുന്നു.

sub-collector-renu-raj-driving-experiences

സിവിൽ സർവീസ് ട്രെയിനിങ് കഴിഞ്ഞ ഉടനെ ഡൽഹിയിൽ മൂന്നു മാസത്തെ പോസ്റ്റിങ് ഉണ്ടായിരുന്നു. ആദിവാസി വികസന മന്ത്രാലയത്തിൽ ആയിരുന്നു ‍ജോലി ചെയ്തിരുന്നത്. ജോലിയുടെ ഭാഗമായി ഫീൽഡ് വിസിറ്റിനു വേണ്ടി മേഘാലയയിൽ പോയി. ചിറാ പുഞ്ചിയിലേക്കു പോകുന്ന റൂട്ടാണത്. രണ്ടു രണ്ടര മണിക്കൂർ കാർ യാത്രയുണ്ട്... ഗംഭീരം..! അത്രയും മനോഹരമായ സ്ഥലം. ഒരുപക്ഷേ നമ്മുടെ മൂന്നാറിനെക്കാൾ ഭംഗിയുള്ള പ്രദേശം. ഇടയ്ക്കിടെയുള്ള വെള്ളച്ചാട്ടങ്ങളും മഞ്ഞു പുതച്ച മലനിരകളും ഹൃദയം നിറയ്ക്കുന്ന കാഴ്ചകളായിരുന്നു. അവിടത്തെ ഭൂപ്രകൃതിയും ഉൾനാടൻ ഗ്രാമീണ ജീവിതവും പച്ചപ്പു നിറഞ്ഞ അന്തരീക്ഷവും ശരിക്കും പുളകം കൊള്ളിക്കും. അധികമാരും കണ്ടിരിക്കാനിടയില്ലാത്ത സ്ഥലമാണതെന്നു തോന്നി. വലിയ തിരക്കും ബഹളങ്ങളൊന്നും ഇല്ലാത്ത പ്രദേശമാണ്. തനിച്ചുള്ള ആ യാത്ര ശരിക്കും ആസ്വദിച്ചു. യാത്രകൾ നമ്മുടെ സ്വഭാവത്തെ മാറ്റിമറിക്കുമെന്ന് അറിയാമോ? ഏതു സാഹചര്യങ്ങളുമായി പെട്ടെന്ന് ഇണങ്ങിച്ചേരാനും മറ്റുള്ളവരെ വിശാലഹൃദയത്തോടെ കേൾക്കാനും യാത്രകൾ നമ്മെ സജ്ജരാക്കും. 

ഔദ്യോഗികമായും അല്ലാതെയും യാത്രകൾ ധാരാളം ചെയ്തിട്ടുണ്ട്. സിവിൽ സർവീസ് ട്രെയിനിങ്ങിന്റെ ഭാഗമായി രാജ്യം മുഴുവൻ സഞ്ചരിക്കണം. ചെറിയ ഗ്രൂപ്പായിട്ടാണു പോകുന്നത്. ആ യാത്രകളും നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു. നമ്മുടെ നാട് എത്രത്തോളം വൈവിധ്യമാർന്നതാണെന്നു മനസ്സിലാക്കിത്തരുന്ന അനുഭവങ്ങൾ. അരുണാചൽ പ്രദേശ്, നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾ, ബിഹാർ, ഒഡീഷ, ആന്ധ്രപ്രദേശ്, ആൻഡമാൻ ആൻഡ് നിക്കോബാർ ഐലൻഡ്സ് ഒക്കെ കണ്ടു. അതിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ആൻഡമാനാണ്. യാത്രയിൽ നല്ല സ്ഥലങ്ങൾ ഉണ്ടാകാം, മോശം സ്ഥലങ്ങൾ ഉണ്ടാകാം, നല്ല തണുപ്പുള്ള സ്ഥലം, കടുത്ത ചൂടുള്ള കാലാവസ്ഥ അങ്ങനെ പലതരം അവസ്ഥയിലൂടെയാകും കടന്നുപോകുക. പലതരം സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്നു സ്വയം മനസ്സിലാക്കാൻ സാധിക്കും. പന്ത്രണ്ടു പേരടങ്ങുന്ന ഗ്രൂപ്പായിട്ടാണ് ഭാരത് ദർശനു പോയത്. പലതരത്തിലുള്ളവരായിരിക്കും അംഗങ്ങൾ. എല്ലാവരുമായും ഒത്തുചേർന്ന് എങ്ങനെ മുന്നോട്ടു പോകാം എന്നതിനുള്ള പരിശീലനവും കൂടിയായിരുന്നു ആ യാത്ര.

മസൂറി ഓർമകൾ

മസൂറിയിലെ ട്രെയിനിങ് സമയത്ത് ഞങ്ങൾക്കു ഹിമാലയത്തിലേക്ക് ട്രെക്കിങ് ഉണ്ടായിരുന്നു. പത്തു പേരടങ്ങുന്ന കൊ ച്ചു കൊച്ചു സംഘങ്ങളായാണ് ട്രെക്കിങ്ങിനു യാത്ര തിരിക്കുക. ദിവസങ്ങളോളം എടുക്കും ട്രെക്കിങ് പൂർത്തിയാകാൻ. എല്ലാ കാര്യങ്ങളും സംഘാംഗങ്ങളുമായി കൂടിയാലോചിച്ചു വേണം ചെയ്യാൻ. മൈതാനങ്ങളിലോ വിജനമായ പ്രദേശങ്ങളിലോ ക്യാംപ് ചെയ്യും. കൂടാരത്തിൽ കിടന്നുറങ്ങണം. മിക്കപ്പോഴും ടോയിലറ്റ് സൗകര്യങ്ങൾ പോലും ഉണ്ടാകില്ല. ഇതെല്ലാം സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കുള്ള പരീക്ഷണങ്ങളാണ്. എത്ര കഠിനമായ സാഹചര്യങ്ങളിലും മികവോടെ പ്രവർത്തിക്കാൻ ഈ പരിശീലനങ്ങൾ സഹായിക്കും. യാത്ര കൂടാതെ ഓട്ടവും ചാട്ടവും എല്ലാം രേണുവിന് ഇഷ്ടം തന്നെ. രണ്ടു മാസം മുൻപു നടന്ന ഇടുക്കി മാരത്തണിൽ ഒന്നാമത് ഓടിയെത്തിയത് രേണുവാണ്. ദേവികുളത്തെ മഞ്ഞു പുതച്ച പുലരിയിൽ സൈക്ലിങ് ചെയ്യാനും മറക്കാറില്ല. യാത്രകളിൽനിന്നുള്ള ഊർജമാണ് ഈ യുവ കലക്ടറെ നിലപാടുകളിൽ പവർഫുൾ ആക്കുന്നത്.

ഡോ. രേണു രാജ് 

2015 ലെ സിവിൽ സർവീസ് പരീക്ഷയിൽ രണ്ടാം റാങ്ക് സ്വന്തമാക്കിയാണ് ഐഎഎസ് നേടിയത്. എറണാകുളം, തൃശൂർ ജില്ലകളിൽ സബ്– കലക്ടറായിരുന്നു. കോട്ടയം ചങ്ങനാശേരി സ്വദേശിയാണ്. ഇപ്പോൾ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ സബ്കലക്ടറായി സേവനം അനുഷ്ഠിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com