ADVERTISEMENT

ചോദ്യം നേരെയാകാം. ഉത്തരം നേരെയാകില്ല എന്നറിയാം. ഈ ചോദ്യം ഇപ്പോൾ ഉന്നയിക്കപ്പെടാൻ ഒരു കാരണമുണ്ട്. പ്രിയപ്പെട്ട ഒരു ചങ്ങാതിയുടെ ജീവൻ അപകടത്തിൽ പൊലിഞ്ഞു. അല്ലെങ്കിലും നാം പ്രിയപ്പെട്ടവർക്കു പറ്റുന്ന അപകടത്തിനുശേഷമേ മുൻകരുതൽ എടുക്കാറുള്ളൂ. മറ്റുള്ളവർക്കു മുന്നറിയിപ്പു നൽകാറുള്ളൂ. ഇനിയെങ്കിലും ശ്രദ്ധിക്കേണ്ടവർ ശ്രദ്ധിക്കാനാണ് ഈ കുറിപ്പ്.

ഏറ്റുമാനൂർ വച്ചൊരു ബൈക്കപടകത്തിൽ പിന്നിലിരുന്ന ഇരുപത്തിമൂന്നുവയസ്സുകാരൻ സുഹൃത്ത് മരണപ്പെട്ടു. മുന്നിൽ പോയിരുന്ന സ്കൂട്ടർ പെട്ടെന്നു ബ്രേക്ക് ചെയ്തപ്പോൾ ഈ ബൈക്കും ബ്രേക്ക് ചെയ്യുകയും നിയന്ത്രണം വിട്ട് എതിരെ വരുന്ന കാറിലിടിക്കുകയുമായിരുന്നുവെന്നു വാർത്ത. നമ്മളെല്ലാവരും വാഹനമോടിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഈ അപകടത്തിൽനിന്നു രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. ഒന്നാമത്തേത് ആദ്യത്തെ ചോദ്യം തന്നെ.

155144708

നിങ്ങൾ ഒരു വാഹനത്തിന്റെ പിന്നിൽ എത്ര അകലമിട്ടാണു വണ്ടിയോടിക്കാറ്? 

ആരുടെയൊക്കെയോ ഭാഗ്യത്തിന് അപകടം പറ്റാതെ വീട്ടിലെത്തുന്നു അതിനിടയിൽ ഈ അകലമൊക്കെ നോക്കാൻ സമയമെവിടെ എന്നാണ് ഒരു ചങ്ങാതി അഭിപ്രായപ്പെട്ടത്. എന്നാലും ചോദ്യം അവിടെയുണ്ട്. നമ്മുടെ ഡ്രൈവിങ് രീതി ഏത് അകലത്തിൽ വേണമെന്നറിയാം.

'ബംപർ ടു ബംപർ' ഡ്രൈവിങ്

ചിലർ മുന്നിലെ വാഹനത്തിന് മുത്തമിടുംപോലെ വണ്ടിയോടിക്കും. ബംപർ ടു ബംപർ എന്നുപറയാം. ഇത്തരം ഡ്രൈവിങ്ങിൽ പലപ്പോഴും കടുത്ത ബ്രേക്കിങ് ആവശ്യമായിവരും. നമ്മുടെ വാഹനത്തിനുള്ളിൽത്തന്നെ അപകടസാധ്യതയുണ്ടാകും. ഒരു കുഞ്ഞ് നമ്മുടെ വാഹനത്തിലുണ്ടെന്നിരിക്കട്ടെ, ചൈൽഡ് സീറ്റ് കണ്ടിട്ടുപോലുമില്ലാത്ത നമ്മൾ കടുത്ത ബ്രേക്കിങ്ങിൽ ആ കുഞ്ഞിത്തലയ്ക്കു പറ്റുന്ന ക്ഷതത്തെപ്പറ്റി ആലോചിക്കാറുണ്ടോ?

ഓരോ കാലാവസ്ഥയിലും ഓടിക്കൊണ്ടിരിക്കുന്ന രണ്ടു കാറുകൾ തമ്മിലുള്ള അകലം വ്യത്യാസപ്പെടുത്തേണ്ടി വരും. നല്ല മഴയുള്ള സമയം ഒന്നാലോചിക്കാം.  വാഹനം മുന്നിലെ കാറിനെ മുട്ടിയുരുമ്മി പോയാൽ മുന്നിലെ കാർ പെട്ടെന്നു ബ്രേക്കിടുമ്പോൾ പുറകിലെ വണ്ടി നിർത്താനുള്ള സമയം കിട്ടില്ല. അഥവാ ബ്രേക്കിട്ടാലും അകലം കുറവായതിനാൽ ഒരു കൂട്ടിയിടിയാകും ഫലം.

നാമെന്തിനാണ് ആ വാഹനത്തിന്റെ തൊട്ടുപിന്നിൽ തൊട്ടുതൊട്ടില്ലാ എന്ന മട്ടിൽ പാഞ്ഞത്?  വേഗം വീട്ടിലെത്താനായിരിക്കും. അല്ലെങ്കിൽ ഓഫീസിലെത്താനായിരിക്കും. എന്നാൽ ആ വാഹനത്തിൽ ഒരു പോറൽ ഏറ്റാൽ നാം ധൃതി പിടിച്ചു പാഞ്ഞതൊക്കെ വെറുതെയാകില്ലേ? സമയം ഏറെ നഷ്ടപ്പെടും. പിന്നെ ആ വാഹനത്തിന്റെ പരിക്ക് മാറ്റാനുള്ള കാശ് നൽകേണ്ടി വരും. കൂടെ മാനഹാനിയുമുണ്ടാകും. ഇതെല്ലാം ഒഴിവാക്കാനാണ് വാഹനങ്ങൾ തമ്മിൽ അകലം പാലിക്കണമെന്നു പറയുന്നത്.

∙ബംപർ ടു ബംപർ ട്രാഫിക്കിൽ ചിലപ്പോൾ വാഹനങ്ങൾ അടുത്തടുത്തു നിൽക്കേണ്ടി വരും. എന്നാൽ ഓടിത്തുടങ്ങിയാൽ കൃത്യമായ അകലം പാലിക്കണം.

∙നിങ്ങൾ സ്വാഭാവികമായ രീതിയിൽ ഡ്രൈവിങ് സീറ്റിൽ ഇരിക്കുമ്പോൾ മുന്നിലെ വാഹനത്തിന്റെ പിൻവീൽ കാണണം. അതാണ് നല്ല അകലം.  

∙സുരക്ഷിതമായ അകലത്തിൽ ആ വാഹനം നിർത്തുമോ, എങ്ങോട്ടെങ്കിലും വെട്ടിക്കുമോ എന്നൊക്കെ നന്നായി കാണാം. നമ്മുടെ വേഗം കുറയ്ക്കാം. അപകടം ഒഴിവാക്കാം.

‘ചക്രദൂരം’ പാലിക്കുക

വാഹനങ്ങൾ തമ്മിൽ പാലിക്കേണ്ട അകലത്തെപ്പറ്റി ഒട്ടേറെ സിദ്ധാന്തങ്ങളുണ്ട്. അതൊക്കെ തലയിലാക്കുന്നതിനെക്കാൾ നല്ലത് ഈ ‘ചക്രദൂരം’ പാലിക്കുകയാണ്. ഈ അകലക്കണക്ക് ഒരു നിയമമല്ല. പ്രായോഗികമായി നമുക്ക് പാലിക്കാൻ പറ്റുന്ന കുറഞ്ഞ ദൂരം എന്നാലോചിച്ചാൽ മതി. വേഗം കൂടുംതോറും അകലം കൂട്ടുകയാണുചിതം. ഇനി വേഗം കുറച്ച് പോകുമ്പോഴും, അതായത് നല്ല ഗട്ടറും മറ്റുമുള്ള റോഡുകളിൽ സഞ്ചരിക്കുമ്പോഴും അകലം കൂട്ടാം. കാരണം മുന്നിലെ വാഹനം എങ്ങനെയാണ് കുഴികൾ ഒഴിവാക്കിപോകുന്നത് എന്നു മനസ്സിലാക്കണമെങ്കിൽ കുറച്ചുദുരെനിന്നു വീക്ഷിക്കുകയാണു നല്ലത്. 

ഓ... ഇവിടെ അത്രയൊക്കെ അകലമിടാൻ പറ്റുമോ...? 

930319804

പറ്റണം. കാരണം നിങ്ങളോടിക്കുന്ന കാർ മറ്റൊരു വാഹനത്തിന്റെ പിന്നിലിടിച്ചാൽ കുറ്റം നിങ്ങൾക്കു മാത്രമാണ്. മുന്നിലെ വാഹനം പെട്ടെന്നു ബ്രേക്കിടാം. എൻജിൻ നിന്നുപോകാം. അതൊന്നും നിങ്ങൾ ചെന്നിടിക്കുന്നതിന് എക്സ്ക്യൂസസ് അല്ല. ഇത്രയും അകലമിട്ടാൽ ബ്രേക്കിങ്ങിന്റെ കടുപ്പം കുറയ്ക്കാം. അപകടം ഒഴിവാക്കാം. 

ഇനി രണ്ടാമത്തെ കാര്യം

ബൈക്കിനു പിന്നിലിരിക്കുന്നവർക്കാണു സാധാരണ പരിക്കു ഗുരുതരമാകാറ്. അലക്ഷ്യമായി മൊബൈൽ ഫോണിൽ നോക്കിയൊക്കെയാകും നാം ബൈക്കിനു പിന്നിലിരിക്കുക. ബൈക്ക് റൈഡർക്ക് മുന്നിൽ നടക്കുന്നതിന്റെ ഒരു ചിത്രം ലഭിക്കും. പെട്ടെന്നു പ്രതികരിക്കാൻ സമയവും കിട്ടും. പക്ഷേ, പിന്നിലിരിക്കുന്നവർക്ക് അത്ര വ്യക്തമായ കാഴ്ചയുണ്ടാകില്ല. അവർക്ക് എവിടെയെങ്കിലും ഒന്നു പിടിക്കാനോ അപകടത്തിൽ പെട്ടെന്നു പ്രതികരിക്കാനോ കഴിയാറില്ല. തലയിടിച്ചു വീഴുകയാണു ഫലം.

ഇതെങ്ങനെ ഒഴിവാക്കാം എന്നാണെങ്കിൽ... 

∙ബൈക്കിൽ രണ്ടാമതൊരു ഹെൽമറ്റ് കൂടി കരുതുക. ബൈക്കിനു പിന്നിൽ സുഹൃത്തിനുവേണ്ടി, അമ്മയ്ക്കുവേണ്ടി, നിങ്ങളുടെ വേണ്ടപ്പെട്ടവർക്കുവേണ്ടി ഇനിയൊരു ഹെൽമറ്റ് കരുതാം. അല്ലെങ്കിൽ പിന്നിൽ ആളെ കയറ്റാതിരിക്കാം. 

∙അവർ നിങ്ങളുടെ സുഹൃത്തുക്കളാണ്. അപകടങ്ങൾ നിങ്ങളുടെ രണ്ടുപേരുടെയും സുഹൃത്തുക്കളല്ല എന്നോർക്കുക.  

little-helmet1

ചില സംസ്ഥാനങ്ങളിൽ ബൈക്കിൽ ഇരുവരും ഹെൽമറ്റു ധരിച്ചിരിക്കണം എന്നു കർശന നിയമമുണ്ട്. 

ഹിമാലയൻ ഒഡീസി യാത്രയ്ക്കിടെ ചണ്ഡിഗഡിൽ വച്ച് ഞങ്ങൾ സിറ്റി റൈഡിനിറങ്ങി. പിന്നിലിരുന്നയാൾ ഹെൽമറ്റ് വയ്ക്കാതിരുന്നതിനു പോലീസ് പിടിച്ചു. കേരളത്തിൽ നിന്നാണ് സർ- എന്നൊരു ഒഴിവുകഴിവിന്റെ ബലത്തിലാണ് അന്നു പിഴയടക്കാതെ രക്ഷപ്പെട്ടത്. കേരളം പോലെയൊരു സംസ്ഥാനത്ത് ഇങ്ങനെയൊരു നിയമമില്ലേ എന്ന് ആ പൊലീസുകാരൻ അദ്ഭുതം കൂറിയത് ഓർക്കുന്നു. നിയമമുണ്ടെങ്കിലും നിർബന്ധമില്ല എന്നതാണ് അവസ്ഥ.

യുകെയിലെ ട്രാൻസ്പോർട്ട് റിസർച്ച് ലൈബ്രറിയും നമ്മുടെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും ചേർന്ന് തൈക്കാട് മുതൽ അടൂർ വരെയുള്ള 80 കിലോമീറ്റർ ദൂരം എംസി റോഡിൽ പുതിയൊരു പരിശോധനാരീതി കൊണ്ടുവരുന്നുണ്ട്. മാതൃകാപാത എന്നു വേണമെങ്കിൽ പറയാം. എല്ലാ വാഹനപരിശോധനകളും കർശനമാക്കുന്നതിനൊടൊപ്പം ഇരുചക്രവാഹനങ്ങളിൽ രണ്ടു ഹെൽമറ്റുകൾ നിർബന്ധമാക്കും. ഇതു കേരളം മുഴുവൻ വ്യാപിക്കണം. പിന്നിലിരിക്കുന്നവരും ഹെൽമറ്റ് ധരിക്കുന്ന അവസ്ഥയുണ്ടാണം.

ചിലർ ഇപ്പോഴും വിചാരിക്കും 'ഇതിലും വല്യ പെരുന്നാള് വന്നിട്ട് വല്യാപ്പ പള്ളീപ്പോയിട്ടില്ല' എന്നൊക്കെ. ഓർക്കുക- നോട്ടീസും നോട്ടിഫിക്കേഷനും തന്ന് ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ടല്ല അപകടങ്ങൾ വരുക. ഒരു മാസം ആശുപത്രിവാസത്തിന്റെ കാര്യം മാത്രമൊന്ന് ആലോചിക്കുക. നമ്മുടെ പ്രിയപ്പെട്ടവർ സഹിക്കുന്ന വേദന, ആശുപത്രിയിൽ നിൽക്കുന്നവരുടെ ബുദ്ധിമുട്ട്, അവരുടെ ജോലിപ്രശ്നം, എല്ലാറ്റിനുമുപരി സാമ്പത്തിക ബാധ്യത... ആ ദുരിത ലിസ്റ്റ് അപകടത്തിന്റെ ആഴമനുസരിച്ചു നീളും. അതുകൊണ്ട് കുറച്ചുമിനിറ്റുകളുടെ ലാഭത്തിനു വേണ്ടി വേഗം കൂട്ടിയും മറ്റു വാഹനങ്ങൾ തമ്മിലുള്ള അകലം കുറച്ചും വണ്ടിയോടിക്കുമ്പോൾ അതുമൂലമുണ്ടാകുന്ന വൻ സമയനഷ്ടത്തെപ്പറ്റിയൊന്ന് ആലോചിക്കുക.

റോഡ് ചക്രങ്ങൾക്ക്  ഉരയാനുള്ളതാണ്. വാഹനങ്ങളുടെ ഭാഗങ്ങൾക്കോ, വാഹനയുടമകൾക്കോ യാത്രികർക്കോ ഉരയാനുള്ളതല്ല.

വാഹനങ്ങൾ തമ്മിൽ നല്ല അകലം പാലിക്കുക. ബൈക്കോടിക്കുമ്പോൾ ഹെൽമറ്റു ധരിക്കുക. പിന്നിലിരിക്കുന്നവരെയും  ധരിപ്പിക്കുക. പ്രിയപ്പെട്ടവർക്കായി ബൈക്കിൽ ഒരു നല്ല ഹെൽമറ്റു കരുതിവയ്ക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com